Deshabhimani

ആഗോളരാഷ്ട്രീയത്തിൽ ചൈനയുടെ സമാധാനപാത

China_US
avatar
വെബ് ഡെസ്ക്

Published on Sep 26, 2026, 01:30 AM | 4 min read

‘അമേരിക്ക-–ചൈന ബന്ധങ്ങളാണ് 21–ാംനൂറ്റാണ്ടിന്റെ വിധി നിർണയിക്കാൻ പോകുന്നത്’– ആഗോളരാഷ്ട്രീയത്തിൽ ചൈനയുടെ പ്രാധാന്യം വെളിവാക്കുന്നതാണ് അമേരിക്കൻ വിദേശ സെക്രട്ടറി മാർക്കോ റുബിയോയുടെ ഈ വാക്കുകൾ. മഹാശക്തിയായി വളരുന്ന ചൈനയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്, അമേരിക്ക സന്ദർശിക്കുന്ന ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിനൊരുക്കിയ അതിഗംഭീര സ്വീകരണവും വിമാനത്താവളത്തിൽ ട്രംപ്‌ നേരിട്ടെത്തി ഷി ജിൻപിങ്ങിനെ വരവേറ്റതും. അമേരിക്കയുടെയും ചൈനയുടെയും സംഭാവന ചേർത്താൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനമായി. അവർ ലോകത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തികശക്തികൾമാത്രമല്ല, സൈനികരംഗത്തും ശാസ്ത്ര-സാങ്കേതികരംഗത്തും ലോകത്തെ മേധാവിത്വ രാഷ്ട്രങ്ങൾകൂടിയാണ്. ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾകൂടിയാണ്, ആണവശക്തികളായ അമേരിക്കയും ചൈനയും.


ഭൂവിസ്തൃതിയിൽ ലോകത്ത് മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്തുനിൽക്കുന്ന അമേരിക്കയിലും ചൈനയിലുമായി ലോകജനസംഖ്യയുടെ 22 ശതമാനം ജനങ്ങൾ ജീവിക്കുന്നുണ്ട്. ഇവ സൂചിപ്പിക്കുന്നത്, അമേരിക്കയും ചൈനയും തമ്മിൽ എന്തെങ്കിലും സംഘർഷങ്ങൾ ഉണ്ടായാൽ അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നാണ്. അതുകൊണ്ടാണ് അമേരിക്കയുടെയും ചൈനയുടെയും ഭരണാധികാരികൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആഗോളതല ശ്രദ്ധ കൈവരുന്നത്.


11 വർഷങ്ങൾക്കുശേഷമാണ് ഷി ജിൻപിങ് വീണ്ടും അമേരിക്കയിലെത്തിയത്. ഇരുകൂട്ടർക്കും ഇടയിൽ ഒട്ടേറെ തർക്കവിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യാപാരത്തർക്കം, തായ്‌വാൻ, അപൂർവധാതുപ്രശ്‌നം, റഷ്യ-–ഉക്രയ്‌ൻ യുദ്ധത്തിൽ റഷ്യയോടും അമേരിക്ക-–ഇറാൻ യുദ്ധത്തിൽ ഇറാനോടും ചൈന പുലർത്തുന്ന അനുകൂലസമീപനം, റഷ്യയിൽനിന്നും ഇറാനിൽനിന്നും ചൈന ഇന്ധനം ഇറക്കുമതി ചെയ്യുന്ന വിഷയം, നിർമിത ബുദ്ധി വികസനം സംബന്ധിച്ച പ്രശ്നങ്ങൾ– അങ്ങനെ പരസ്പരമുള്ള പ്രശ്നങ്ങൾ നിരവധിയുള്ളപ്പോഴാണ് ചൈനയുടെ പ്രസിഡന്റ് അമേരിക്ക സന്ദർശിച്ചത്. പരസ്പരമുള്ള പ്രശ്നങ്ങൾക്കുപുറമെ ആഗോളതലത്തിലും നിരവധി വിഷയങ്ങൾ കത്തിനിൽക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ സന്ദർശനംതന്നെ പരസ്പരവിശ്വാസം വർധിപ്പിക്കുന്ന സുപ്രധാന നീക്കമാണ്.


മത്സരാധിഷ്ഠിതമായ 
പരസ്പരാശ്രിതത്വം


​അമേരിക്ക–-ചൈന ബന്ധങ്ങളെക്കുറിച്ചുള്ള പഠനത്തിൽ അന്തർദേശീയതലത്തിൽ വിദഗ്ധനായി അംഗീകരിക്കപ്പെട്ടിട്ടുള്ളയാളാണ് റയാൻ ഹാസ്. അദ്ദേഹത്തിന്റെ ‘സ്ട്രോങ്ങർ’ (Stronger) എന്ന ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്ന ആശയം അമേരിക്ക-–ചൈന ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് വിദഗ്ധരിൽനിന്ന്‌ വ്യത്യസ്തമാണ്. ജോൺ മിയർഷീമർ, ഗ്രഹാം അലീസൺ എന്നിവർ, അമേരിക്ക-–ചൈന ബന്ധം മറ്റൊരു ശീതയുദ്ധമാണെന്നും അത് ആ രാജ്യങ്ങൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടലിലേക്കുവരെ നയിച്ചേക്കാമെന്നും ചിന്തിക്കുന്നവരാണ്. അതിൽനിന്ന്‌ ഭിന്നമായി, റയാൻ ഹാസ് മുന്നോട്ടുവയ്ക്കുന്നത് ‘മത്സരാധിഷ്ഠിതമായ പരസ്പരാശ്രിതത്വം’ (Competitive Interdependence) എന്ന ആശയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അമേരിക്കയും ചൈനയും ഒരേസമയം മത്സരത്തിൽ ഏർപ്പെടുന്നവരും അതേസമയം പരസ്പരാശ്രിതത്വത്തിൽ നിൽക്കുന്നവരുമാണ്. അവരുടെ പരസ്പരബന്ധത്തിൽ ഇ‍ൗ വസ്തുതകൾ പ്രകടമാണുതാനും.


അമേരിക്ക അവരുടെ ആഗോളമേധാവിത്വം ഉറപ്പിക്കാൻ എല്ലാവിധ നിയമവിരുദ്ധമാർഗങ്ങളും അവലംബിക്കുമ്പോൾ, യുദ്ധമല്ല, ലോകത്ത് വേണ്ടത്‌ സമാധാനവും സഹകരണവും എന്നതാണ് ചൈനയുടെ നിലപാട്. അതിനാൽ, ആഗോളരാഷ്ട്രീയ കാര്യങ്ങളിൽ അമേരിക്കയും ചൈനയും തികച്ചും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, സാമ്പത്തികരംഗത്ത് ഏറ്റവുമധികം സഹകരിക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ചൈനയും. അമേരിക്കയുടെ അയൽരാജ്യങ്ങളായ മെക്‌സിക്കോയും കാനഡയും കഴിഞ്ഞാൽ, മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് ചൈന. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി 16,800 കോടി ഡോളറാണ്. അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ഡോണൾഡ് ട്രംപ് ഇറക്കുമതിത്തീരുവ ചുമത്തിയിരിക്കുന്നത്. (ഈ സന്ദർശനവേളയിൽ, അമേരിക്കയും ചൈനയും വ്യാപാരകാര്യത്തിൽ നേരത്തേ എത്തിച്ചേർന്ന ധാരണ 2027 ജനുവരി 10 വരെ നീട്ടാൻ തീരുമാനിച്ചു) അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുക എന്ന ലക്ഷ്യം നേടുകയെന്നതാണ് അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്ന അജൻഡ. അത് അമേരിക്ക എക്കാലത്തും തുടർന്നിരുന്ന ആഗോള അധീശത്വനയത്തിന്റെ തുടർച്ചയാണ്.


രണ്ടാംലോകയുദ്ധത്തിനുശേഷം ലോകത്ത് സമാധാനം നിലനിർത്താനായി രൂപീകരിച്ച ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ സെപ്തംബർ 22ന് അഭിസംബോധന ചെയ്തുകൊണ്ട്, വെനസ്വേലയിലും ഇറാനിലും അമേരിക്ക നടത്തിയ നിയമവിരുദ്ധ ആക്രമണങ്ങളെ ന്യായീകരിച്ചതിലൂടെ ട്രംപ് തെളിയിച്ചത് അമേരിക്ക ഇപ്പോഴും തുടരുന്നത് സാമ്രാജ്യത്വനയങ്ങൾതന്നെയാണ് എന്നാണ്. ആ നയങ്ങളുടെ ഭാഗമായിത്തന്നെയാണ് ചൈനയുമായുള്ള ബന്ധം സ്ഥാപിക്കാൻ 1971ൽ അമേരിക്ക മുന്നോട്ടുവന്നതും.


​അമേരിക്ക-–ചൈന ബന്ധം


​സോവിയറ്റ് യൂണിയനും ചൈനയും തമ്മിൽ പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസം ശക്തമായിനിൽക്കുന്ന ഘട്ടത്തിലാണ്, അതിൽനിന്ന്‌ രാഷ്ട്രീയനേട്ടം കൊയ്യാൻവേണ്ടി അമേരിക്ക രംഗത്തുവന്നത്. അമേരിക്ക ഉൾപ്പെടെ പാശ്ചാത്യലോകം ചൈനയെ ഏതാണ്ട് ഒറ്റപ്പെടുത്തിനിർത്തിയിരിക്കുന്ന സന്ദർഭത്തിലാണ്, അടുത്തവർഷം താൻ ചൈന സന്ദർശിക്കുമെന്ന് 1971 ജൂലൈ 15ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ പ്രഖ്യാപിക്കുന്നത്. തുടർന്നാണ് 1972 ഫെബ്രുവരി 21 മുതൽ ഒരാഴ്ച നിക്‌സൺ ചൈന സന്ദർശിക്കുന്നതും ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ അടിത്തറയായ ഷാങ്ഹായ് പ്രഖ്യാപനം അംഗീകരിക്കുന്നതും. പിന്നെയും ഏഴുവർഷംകൂടി കഴിഞ്ഞ്, 1979ലാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. ചെയർമാൻ മൗ സെ ദൊങ്ങിന്റെ കാലത്ത് ആരംഭിച്ചതും മൗവിന്റെ മരണശേഷം ദേങ് സിയാവോപിങ്ങിന്റെ സാമ്പത്തിക പരിഷ്കാരത്തോടെ ശക്തമായതുമായ അമേരിക്ക–ചെൈന ബന്ധത്തിനുപിന്നിൽ അമേരിക്കയ്ക്ക് പ്രത്യയശാസ്ത്രപരമായ രണ്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.


ഒന്ന്, ചൈനയും സോവിയറ്റ് യൂണിയനുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ഉപയോഗിച്ച്‌ സോഷ്യലിസ്റ്റ്ചേരിയെ ദുർബലപ്പെടുത്തുക. രണ്ട്, 1978ൽ ചൈന ആരംഭിച്ച സാമ്പത്തികപരിഷ്കാരങ്ങളെ സഹായിച്ചുകൊണ്ട്, ക്രമേണ ആ രാജ്യത്തെ മുതലാളിത്ത -ജനാധിപത്യ പാതയിലേക്ക് കൊണ്ടുവരിക. രണ്ടാമത്തെ നീക്കത്തെ നയിച്ചത്, അന്തർദേശീയരാഷ്ട്രീയത്തിലെ ഉദാരവാദ സിദ്ധാന്തമായിരുന്നു. രാജ്യങ്ങൾ തമ്മിൽ പരസ്-പരം നിക്ഷേപങ്ങൾ നടത്തുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്‌താൽ ലോകത്ത് സംഘർഷങ്ങൾ ഒഴിവാകും എന്നതാണ് അന്തർദേശീയരാഷ്ട്രീയത്തിലെ ഉദാരവാദസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന ആശയം. സോവിയറ്റ് യൂണിയനിൽനിന്ന്‌ അകറ്റിനിർത്തി, സാമ്പത്തികമായി സഹായിക്കുന്നതിലൂടെ ചൈനയെ മുതലാളിത്തപക്ഷത്തേക്ക് കൊണ്ടുവരിക, ചൈനയുടെ കമ്പോളത്തിൽ കടന്നുകയറുക, സാമ്പത്തികപരിഷ്-കാരങ്ങളിൽ ചൈനയെ ഉറപ്പിച്ചുനിർത്തുക എന്നിവയായിരുന്നു അമേരിക്കയുടെ ലക്ഷ്യങ്ങൾ.


അമേരിക്കയിൽനിന്നും പാശ്ചാത്യരാജ്യങ്ങളിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിച്ച ചൈന, പക്ഷേ സഞ്ചരിച്ചത് അമേരിക്ക നിശ്ചയിച്ച പാതയിലൂടെയല്ല. ചൈനയുടെ സോഷ്യലിസ്റ്റ് പാതയിലൂടെത്തന്നെയാണ്. അതുവഴി ചൈന ഇന്ന് ലോകത്തിൽ അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്ന രാഷ്ട്രീയ -സാമ്പത്തിക സൈനികശക്തിയായി മാറി.


​ലോകസമാധാനം ചൈനയുടെ ലക്ഷ്യം


​ലോകത്തെ പ്രമുഖ ശക്തിയായി മാറിയെങ്കിലും അമേരിക്കയെപ്പോലെ ആഗോളമേധാവിത്വം ഉറപ്പിക്കലല്ല ചൈനയുടെ ലക്ഷ്യം. മേധാവിത്വശ്രമങ്ങൾ ലോകത്ത് സംഘർഷംമാത്രമേ സൃഷ്ടിക്കൂ എന്നതാണ് ചൈനയുടെ വിലയിരുത്തൽ. അതിനാലാണ് സംഘർഷത്തിന്റെ പാതയിലൂടെയല്ല, സഹകരണത്തിന്റെ പാതയിലൂടെയാണ് ലോകം മുന്പോട്ടുപോകേണ്ടതെന്ന് ചൈന ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്. ആ നിലപാടിന്റെ തുടർച്ചയാണ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അമേരിക്കൻ സന്ദർശനത്തിലുടനീളം നടത്തിയ പ്രസ്താവനകൾ. അമേരിക്കയിൽ ഡോണൾഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഷി ജിൻപിങ് പറഞ്ഞത്, ‘അമേരിക്കയും ചൈനയും രണ്ടു പ്രമുഖ ശക്തികളാണ്. മനുഷ്യസമൂഹത്തെ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം രണ്ടു രാജ്യങ്ങളും ഏറ്റെടുക്കണം’ എന്നുമാണ്. ആഗോളതലത്തിൽ നിർമിത ബുദ്ധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന ആശങ്കകളെക്കുറിച്ചും ചൈനയുടെ നിലപാട് ഷി ജിൻപിങ് വ്യക്തമാക്കി. ‘ലോകനന്മയ്ക്കുവേണ്ടി നിർമിത ബുദ്ധി വികസിപ്പിക്കാനും അവയെ നിയന്ത്രിക്കാനുമുള്ള കഴിവും ഉത്തരവാദിത്വവും ഇരുരാജ്യങ്ങൾക്കുമുണ്ട്. അവയുടെ മുന്നോട്ടുള്ള നീക്കം മനുഷ്യന്റെ സമ്പൂർണനിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്താനും കഴിയണം.’


ആഗോളതലത്തിൽ അധീശത്വംപുലർത്തുന്ന അമേരിക്കയും പുതുതായി ഉയർന്നുവരുന്ന ചൈനയും തമ്മിൽ യുദ്ധമുണ്ടായേക്കാമെന്ന വാദഗതിക്കാർ ഉയർത്തുന്ന ‘തൂസിഡിഡീസ് കെണി’ (Thucydides Trap) എടുത്തുപറഞ്ഞുകൊണ്ട്, അപകടകരമായ ആ അവസ്ഥയിലേക്ക്‌ പോകാതിരിക്കാൻ അമേരിക്കയും ചൈനയും ശ്രദ്ധിക്കണമെന്നും ഷി ജിൻപിങ് അഭ്യർഥിച്ചു. ചുരുക്കത്തിൽ ആഗോളതലത്തിൽ സംഘർഷമല്ല, സമാധാനവും സഹകരണവുമാണ് കാലഘട്ടം അമേരിക്കയോടും ചൈനയോടും ആവശ്യപ്പെടുന്നതെന്ന സന്ദേശമാണ് സന്ദർശനവേളയിൽ അദ്ദേഹം ഉന്നയിച്ചത്. കുടിയേറ്റത്തിന്റെ പേരിൽ ഡോണൾഡ് ട്രംപ് മറ്റു രാജ്യങ്ങളിലുള്ളവരെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുമ്പോൾ, അമേരിക്കയിൽനിന്ന്‌ ഒരുലക്ഷം യുവാക്കളെ ചൈനയിലേക്ക് ക്ഷണിച്ചുകൊണ്ട് ഷി ജിൻപിങ് വെളിവാക്കുന്നത് ചൈനയുടെ ആഗോളസൗഹൃദ സമീപനമാണ്.


ഈ വർഷം മേയിൽ ചൈന സന്ദർശിച്ചപ്പോൾ, വന്പിച്ച വരവേൽപ്പാണ് ഡോണൾഡ് ട്രംപിനായി ചൈന ഒരുക്കിയത്. അതിനെ വെല്ലുന്നതരത്തിലുള്ള വരവേൽപ്പാണ് ഷി ജിൻപിങ്ങിന്, ട്രംപ് സജ്ജീകരിച്ചത്. 1962നുശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ ഭരണാധികാരിയെ അമേരിക്കൻ പ്രസിഡന്റ് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചത്. ചൈന തങ്ങൾക്കൊത്ത രാഷ്ട്രമാണെന്ന് 2026 മെയ് മാസത്തെ സമ്മേളനത്തിൽത്തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയും ചൈനയും മാത്രം ഉൾപ്പെടുന്ന ജി-2 സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ചും ട്രംപ് നിർദേശിച്ചിരുന്നു.


അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രങ്ങൾക്കുപോലും ലഭിക്കാത്ത വരവേൽപ്പാണ്, അമേരിക്കയുടെ ശത്രുവെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ചൈനയുടെ ഭരണാധികാരിക്ക് ലഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അമേരിക്കൻ സന്ദർശനം പ്രഖ്യാപിക്കുന്ന സുപ്രധാനങ്ങളായ ചില വസ്തുതകളുണ്ട്. ചൈന ആഗോളശക്തിയാണെന്ന് അമേരിക്ക അംഗീകരിച്ചുകഴിഞ്ഞു. ആഗോളശക്തിയായി വളർന്നെങ്കിലും ലോകത്ത് സമാധാനവും സഹകരണവും മാനവപുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് ചൈന പ്രഖ്യാപിക്കുന്നു. ചൈനയുടെ ഈ നിലപാടുകൾ അമേരിക്കയോടും ലോകസമൂഹത്തോടും പ്രഖ്യാപിക്കാനുള്ള അവസരംകൂടിയായിരുന്നു ഷി ജിൻപിങ്ങിന്റെ അമേരിക്കൻ സന്ദർശനം.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home