Articles

chile presidential election

ചിലി ആർക്കൊപ്പം

chile presidential election

ഹോസെ അന്റോണിയോ കാസ്റ്റ് / ജെനറ്റ് ജാര

avatar
വി ബി പരമേശ്വരൻ

Published on Nov 18, 2025, 03:02 AM | 3 min read

ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ഞായറാഴ്ച നടന്ന ആദ്യഘട്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ "യൂണിറ്റി ഫോർ ചിലി’ എന്ന ഇടതുപക്ഷ പുരോഗമനസഖ്യത്തിന്റെ സ്ഥാനാർഥിയും കമ്യൂണിസ്റ്റ് പാർടി അംഗവുമായ ജെനറ്റ് ജാര 26.85 ശതമാനം വോട്ട് നേടി മുന്നിലെത്തി. തീവ്ര വലതുപക്ഷ റിപ്പബ്ലിക്കൻ പാർടി നേതാവ് ഹോസെ അന്റോണിയോ കാസ്റ്റ് 23.93 ശതമാനം വോട്ട് നേടി രണ്ടാമതെത്തി. ആദ്യറൗണ്ടിൽ എട്ട് സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടിനുമുകളിൽ ലഭിക്കാത്തതിനാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ജാരയും രണ്ടാമതെത്തിയ കാസ്റ്റും തമ്മിൽ ഡിസംബർ 14ന് രണ്ടാംഘട്ടമത്സരം നടക്കും. കൂടുതൽ വോട്ട്‌ നേടുന്നയാൾ അടുത്ത നാലുവർഷത്തേക്ക് ചിലിയുടെ പ്രസിഡന്റാകും. 2012നുശേഷം ഈ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടവകാശം നിർബന്ധമാക്കിയിരുന്നു. വോട്ട് ചെയ്യാത്തവർ 100 ഡോളർ പിഴയടയ്ക്കണമെന്നാണ് നിയമം. ഇതിന്റെ ഫലമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 47 ശതമാനമായിരുന്ന വോട്ടിങ് ശതമാനം ഇക്കുറി ഇരട്ടിയോളമായി.


ഒന്നാംറൗണ്ടിൽ 1.26 വോട്ട് നേടി ആറാംസ്ഥാനത്ത് എത്തിയ ഹാരോൾഡ് മയ്നെ നിക്കോളസും കാസ്റ്റിനെ പിന്തുണയ്‌ക്കാനാണ് സാധ്യത. അതായത് 51 ശതമാനത്തിന്റെ പിന്തുണയാണ് കാസ്റ്റ് ഉറപ്പാക്കിയിട്ടുള്ളത്


രണ്ടാംറൗണ്ട് മത്സരം ജെനറ്റ് ജാരയെ സംബന്ധിച്ച് കടുത്തതായിരിക്കും. ആറ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ചേർന്നുള്ള "യൂണിറ്റി ഫോർ ചിലി’യുടെ പൊതുസ്ഥാനാർഥിയാണ് ജാര. എന്നാൽ, വലതുപക്ഷ പാർടികൾ പ്രത്യേകമായാണ് മത്സരിച്ചത്. രണ്ടാംറൗണ്ടിൽ ആ വോട്ടുകൾ കാസ്റ്റിന് ലഭിക്കുന്നപക്ഷം ചിലി വീണ്ടും പിനോഷെയുടെ ഏകാധിപത്യഭരണത്തിനുസമാനമായ സ്ഥിതിയിലേക്ക് തിരിച്ചുപോകും. നാസി പാർടിയിൽ അംഗമായ മൈക്കിൾസ് കാൻഡ് ഷിൻഡാലേയുടെ മകനാണ് കാസ്റ്റ്. കാസ്റ്റിന്റെ സഹോദരൻ പിനോഷെ സർക്കാരിൽ മന്ത്രിയുമായിരുന്നു. 1950കളിൽ ചിലിയിൽ കുടിയേറിയ കുടുംബത്തിൽപ്പെട്ടയാളായിട്ടും കുടിയേറ്റവിരുദ്ധത പ്രധാന മുദ്രാവാക്യമായി ഉയർത്തുകയാണ് കാസ്റ്റ്. ട്രംപിനെ അനുകരിച്ച്, ചിലിയുടെ വടക്കൻ അതിർത്തിയിൽ കൊളംബിയ, പെറു ഭാഗങ്ങളിൽ കുടിയേറ്റം തടയാൻ വേലികെട്ടുമെന്നും ഗർഭഛിദ്രവും സ്വവർഗവിവാഹവും വർധിച്ചുവരുന്ന ആക്രമണങ്ങളും കർശനമായി തടയുമെന്നും പറഞ്ഞാണ് അന്പത്തൊന്പതുകാരനായ കാസ്റ്റ് മത്സരരംഗത്തുള്ളത്. ഇതേ നയങ്ങളെ ഏറിയോ കുറഞ്ഞോ അംഗീകരിക്കുന്ന നാഷണൽ ലിബറേഷൻ പാർടി നേതാവും പാർലമെന്റ്‌ അംഗവും യൂട്യൂബറുമായ ജോഹന്നസ് കൈസർ 13.94 ശതമാനം വോട്ട് നേടി നാലാംസ്ഥാനത്തും ഇൻഡിപെൻഡന്റ്‌ ഡെമോക്രാറ്റിക് യൂണിയൻ നേതാവും സെബാസ്റ്റ്യൻ പിനേര സർക്കാരിൽ തൊഴിൽമന്ത്രിയുമായ "പ്രതിവിപ്ലവത്തിന്റെ നായിക’ ഏവ്ലിൻ മാതായി 12.46 ശതമാനം വോട്ട് നേടി അഞ്ചാംസ്ഥാനത്തുമെത്തി. ഈ രണ്ടുപേരും രണ്ടാംറൗണ്ടിൽ കാസ്റ്റിനെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാംറൗണ്ടിൽ 1.26 വോട്ട് നേടി ആറാംസ്ഥാനത്ത് എത്തിയ ഹാരോൾഡ് മയ്നെ നിക്കോളസും കാസ്റ്റിനെ പിന്തുണയ്‌ക്കാനാണ് സാധ്യത. അതായത് 51 ശതമാനത്തിന്റെ പിന്തുണയാണ് കാസ്റ്റ് ഉറപ്പാക്കിയിട്ടുള്ളത്.


ബൊളീവിയയിൽ 20 വർഷത്തെ ഇടവേളയ്‌ക്കുശേഷം വലതുപക്ഷം കഴിഞ്ഞമാസമാണ് ഭരണത്തിലെത്തിയത്. അടുത്തവർഷം പെറുവിലും കൊളംബിയയിലും തെരഞ്ഞെടുപ്പാണ്. അവിടെയും ഇടതുപക്ഷം കടുത്ത മത്സരമാണ് നേരിടുന്നത്


19.71 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ സാമ്പത്തികവിദഗ്ധനും പാർടി ഓഫ് പീപ്പിൾ നേതാവുമായ ഫ്രാങ്കോ പരിസി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്യൂണിസ്റ്റ് പാർടിക്ക്‌ നൽകാനുള്ള സാധ്യത വിദൂരമാണ്. അതായത് കാസ്റ്റിന് 70 ശതമാനം വോട്ടർമാരുടെ പിന്തുണ രണ്ടാംറൗണ്ടിൽ ഇതനുസരിച്ച് ലഭിക്കും. അങ്ങനെവന്നാൽ ചിലി ചെറിയ ഇടവേളയ്‌ക്കുശേഷം വീണ്ടും വലതുപക്ഷത്തേക്ക് ചായും. ബൊളീവിയയിൽ 20 വർഷത്തെ ഇടവേളയ്‌ക്കുശേഷം വലതുപക്ഷം കഴിഞ്ഞമാസമാണ് ഭരണത്തിലെത്തിയത്. അടുത്തവർഷം പെറുവിലും കൊളംബിയയിലും തെരഞ്ഞെടുപ്പാണ്. അവിടെയും ഇടതുപക്ഷം കടുത്ത മത്സരമാണ് നേരിടുന്നത്.

​തെരഞ്ഞെടുപ്പിൽ കണക്കുകൾ പലതും പിഴച്ചേക്കാം. കഴിഞ്ഞതവണ കാസ്റ്റിനെ ഒമ്പതുശതമാനം വോട്ടിന് തോൽപ്പിച്ചാണ് ഇടതുപക്ഷ പുരോഗമന സഖ്യത്തിലെ ഗബ്രിയേൽ ബോറിക് പ്രസിഡന്റായത്.


കുടിയേറ്റവിരുദ്ധതയും വർധിച്ചുവരുന്ന അക്രമസംഭവങ്ങളും പെരുപ്പിച്ചുകാട്ടി ജനങ്ങളിൽ ഭീതിപടർത്തി വിജയിക്കാനാണ് കാസ്റ്റും കൂട്ടരും ശ്രമിക്കുന്നത്. അമേരിക്ക രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്ന വെനസ്വേലയിൽനിന്ന് വർധിച്ച തോതിൽ എത്തുന്ന കുടിയേറ്റക്കാരെ മുന്നിൽ നിർത്തി കമ്യൂണിസ്റ്റ് വിരോധം പടർത്താനാണ് വലതുപക്ഷം ശ്രമിക്കുന്നത്. വെനസ്വേലയിൽ ബോധപൂർവം അസ്ഥിരത സൃഷ്ടിച്ച് അത് ചിലിയിൽ ഇടതുപക്ഷത്തെ തകർക്കാനാണ് അമേരിക്കയും വലതുപക്ഷവും ഉപയോഗിക്കുന്നത്. ലാറ്റിനമേരിക്കയെ നിയന്ത്രിക്കാനുള്ള ഈ അമേരിക്കൻ അജൻഡ തുറന്നുകാട്ടുന്നതിനൊപ്പം രാഷ്ട്രീയസംവാദം ജനകീയവിഷയങ്ങളിലേക്ക് തിരിച്ചുവിടാനാണ് കമ്യൂണിസ്റ്റ് പാർടിയും "യൂണിറ്റി ഫോർ ചിലി’യും ശ്രമിക്കുന്നത്.


പതിനായിരക്കണക്കിനുപേരെ കൊന്നുതള്ളിയ കിരാതഭരണത്തിന്റെ ഓർമ ചിലിയെ ഇന്നും വേട്ടയാടുന്നുണ്ട്. പ്രതികൂലസാഹചര്യങ്ങൾ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മുറിച്ചുകടക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് ഇടതുപക്ഷ പുരോഗമനസഖ്യം നടത്തുന്നത്


ഗബ്രിയേൽ ബോറിക് ഗവൺമെന്റിൽ തൊഴിൽ സാമൂഹ്യസുരക്ഷാമന്ത്രിയായ ജാര, പ്രധാനമായും ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികളാണ് മുന്നോട്ടുവയ്‌ക്കുന്നത്. ആഴ്ചയിലെ തൊഴിൽ മണിക്കൂർ 45ൽനിന്ന്‌ 40 ആക്കി കുറയ്‌ക്കുമെന്നും (ഘട്ടംഘട്ടമായി ഇത് നടപ്പാക്കുന്ന നിയമം പാസാക്കി) മിനിമം വേതനം വർധിപ്പിക്കുമെന്നും എല്ലാവർക്കും വീട് ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കംകുറിക്കുമെന്നും ലിഥിയം ഖനനം വർധിപ്പിച്ച് സാമൂഹ്യസുരക്ഷാ പദ്ധതികൾക്കുള്ള പണം കണ്ടെത്തുമെന്നും അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷാസംവിധാനം ശക്തമാക്കുമെന്നും ജാര പറയുന്നു. കാസ്റ്റ് അധികാരത്തിൽ വന്നാൽ അത് പിനോഷെ ഭരണത്തിന്റെ തുടർച്ചയാകുമെന്ന് ഇടതുപക്ഷം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.


പതിനായിരക്കണക്കിനുപേരെ കൊന്നുതള്ളിയ കിരാതഭരണത്തിന്റെ ഓർമ ചിലിയെ ഇന്നും വേട്ടയാടുന്നുണ്ട്. പ്രതികൂലസാഹചര്യങ്ങൾ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മുറിച്ചുകടക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് ഇടതുപക്ഷ പുരോഗമനസഖ്യം നടത്തുന്നത്. അത് വിജയിച്ചാൽ ചിലിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാർടി അംഗം പ്രസിഡന്റാകും.



deshabhimani section

Dont Miss it

Recommended for you

Home