വിസ്‌മയങ്ങളുടെ സിംഫണിക്കുട്ടി

അതുല്യ ഉണ്ണി [email protected]
Published on Apr 19, 2026, 02:06 AM | 2 min read
പതിനൊന്ന് വയസ്സെന്നത് കളിചിരികളുടെയും ബാല്യകൗതുകങ്ങളുടെയും പ്രായമാണ്. എന്നാൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള തുറമുഖ നഗരമായ സിയാറ്റിലിലെ മഞ്ഞുവീണ നിരത്തുകളിൽനിന്ന് സിംഫണി ഓർക്കസ്ട്രയുടെ ആദരണീയമായ വേദിയിലേക്ക് വയലിൻ തന്ത്രികളിലൂടെ ഒരു കൊച്ചുമിടുക്കി നടന്നുകയറി. അവൾക്കിത് സ്വപ്നസാക്ഷാൽക്കാരത്തിന്റെ കാലമാണ്. വിരൽത്തുമ്പിൽ സംഗീതവും പാദങ്ങളിൽ ചിലങ്കയുമായി കലയുടെയും അധ്വാനത്തിന്റെയും പുതിയൊരധ്യായം രചിക്കുകയാണ് അലീന അന്ന സ്ക്രോൺസ്കി എന്ന അമ്മിണിക്കുട്ടി.
അമേരിക്കൻ പൗരനായ മൈക്കിൾ സ്ക്രോൺസ്കിയുടെയും ഇടുക്കി സ്വദേശിനി ഷൈനിയുടെയും മകളായ അലീന ലോകത്തിന്റെ ഏതൊരു കോണിലിരുന്നും സ്വന്തം വേരുകളെ പ്രണയിക്കാമെന്ന് തെളിയിക്കുന്നു. ഫിഡാൽഗോ സിംഫണി ഓർക്കസ്ട്രയിലെ ‘ക്ലാസ് എ' ആർട്ടിസ്റ്റ് എന്ന ഗൗരവമേറിയ പദവിയിലൂടെ പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത തീർക്കുമ്പോഴുേം ഭരതനാട്യത്തിലൂടെയും മോഹിനിയാട്ടത്തിലൂടെയും ഭാരതീയ കലാലാവണ്യം അവൾ നെഞ്ചേറ്റുന്നു. അതിരുകളില്ലാത്ത അധ്വാനവും അസാമാന്യമായ ലക്ഷ്യബോധവും ഒരു പതിനൊന്നുകാരിയിൽ എങ്ങനെ സമ്മേളിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ കൊച്ചു കലാകാരിയുടെ ജീവിതം.
സംസ്കാരങ്ങളുടെ സംഗമം
രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങൾ, രണ്ട് വിഭിന്ന സംസ്‌കാരങ്ങൾ. ഇവയുടെ സംഗമമാണ് അലീനയുടെ ജീവിതം. ഒരേസമയം പാശ്ചാത്യ സംഗീതവും ഭാരതീയ നൃത്തവും ഒരുപോലെ കൊണ്ടുപോകുമ്പോൾ രണ്ട് ലോകങ്ങളല്ല, രണ്ട് പാരമ്പര്യങ്ങളാണ് പ്രകടമാകുന്നത്. അച്ഛൻ മൈക്കിളിൽനിന്നും മുത്തശ്ശൻ കെ എ തോമസിൽ (കുഞ്ഞുണ്ണി മാഷ്) നിന്നും പകർന്നുകിട്ടിയ പൈതൃകംകൂടിയാണ് അവ. മുത്തശ്ശനിലൂടെ രക്തത്തിൽ പകർന്നു കിട്ടിയ സംഗീതത്തിന്റെ ഗാംഭീര്യം അലീനയുടെ വയലിൻ തന്ത്രികളിൽ സിംഫണിയായി മുഴങ്ങുന്നു. ഒപ്പം ഭരതനാട്യത്തിലെ ഓരോ മുദ്രയും ഹിന്ദുസ്ഥാനിയിലെ ഓരോ രാഗവും ചേരുമ്പോൾ നൃത്തവും സംഗീതവും അലീനയ്‌ക്ക് ഒരുപോലെ പ്രിയപ്പെട്ടതാകുന്നു.
വയലിനും ആത്മബന്ധവും
രണ്ടാം വയസ്സിലാണ് വയലിനോടുള്ള അഭിരുചി തിരിച്ചറിയുന്നത്. അഞ്ചാം വയസ്സിൽ പഠനത്തിനായി ചേർത്തു. മാർഗരറ്റ് എന്ന അധ്യാപികയ്‌ക്കുകീഴിൽ സ്‌കോട്ടിഷ് –ഐറിഷ് സംഗീത ശൈലിയായ ‘സെലെറ്റിക് ’അഞ്ചു വർഷത്തോളം അഭ്യസിച്ചു. വിവിധ വേദികളിൽ സംഗീതത്തിന്റെ വസന്തം തീർത്തു. ഒരു സംഗീത പരിപാടിക്കിടെ അലീനയുടെ വയലിൻ വായന ശ്രദ്ധിച്ച സംഗീത കോഓർഡിനേറ്ററുടെ കണ്ണുകൾ ആ കൊച്ചു മിടുക്കിയിൽ ഉടക്കി. അവളുടെ പ്രകടനത്തിലെ കൃത്യതയും ആത്മവിശ്വാസവും കണ്ട അദ്ദേഹം നൽകിയത് പ്രശസ്തമായ ഫിഡാൽഗോ സിംഫണി ഓർക്കസ്ട്രയുടെ ഓഡീഷനിലേക്കുള്ള ക്ഷണമായിരുന്നു. ആ കടുപ്പമേറിയ ഓഡീഷനിൽ, ഭയലേശമന്യേ അലീന തന്റെ വയലിൻ മീട്ടി. ഫലം വന്നപ്പോൾ സിയാറ്റിൽ ഒന്നടങ്കം അത്ഭുതപ്പെട്ടു. പരീക്ഷിച്ചറിഞ്ഞ പ്രഗത്ഭർക്കിടയിൽ ആ പതിനൊന്നുകാരിയും അഭിമാനത്തോടെ ഇടംപിടിച്ചു.
ക്ലാസ് എ ആർട്ടിസ്റ്റ്
സിംഫണി ഓർക്കസ്ട്രയിലെ ‘ക്ലാസ് എ' ആർട്ടിസ്റ്റ് പദവി വലിയൊരു ഉത്തരവാദിത്വമാണ്. മുതിർന്ന കലാകാരന്മാർപോലും ഏറെ ജാഗ്രതയോടെ സമീപിക്കുന്ന സ്ഥാനം അലീനയ്‌ക്ക് ലളിതമാണ്. മുന്നിലെത്തുന്ന സങ്കീർണമായ സംഗീത പാഠങ്ങൾപോലും നേരത്തെ പരിചയമുള്ള ഒരു ഈണംപോലെ അനായാസം അവൾ വായിക്കുന്നു. വയലിൻ എടുക്കുന്നു, വായിക്കുന്നു, മടങ്ങുന്നു—ഇത്രയുമാണ് അലീനയ്ക്ക് സംഗീതം. എന്നാൽ, ആ വേഗത്തിനുപിന്നിൽ കഴിഞ്ഞ അഞ്ചുവർഷത്തെ വലിയൊരു കഠിനാധ്വാനമുണ്ട്. മുടങ്ങാത്ത പരിശീലനവും അധ്യാപകരുടെ ശിക്ഷണവും അലീനയുടെ അച്ചടക്കവുമാണ് അവളെ ഇത്രമേൽ വേഗത്തിൽ വളർത്തിയത്. പ്രഗത്ഭരായ കലാകാരന്മാർക്കൊപ്പം വലിയ വേദികളിൽ വയലിൻ മീട്ടുമ്പോഴും ഇനിയും വയലിനെ പഠിക്കാനും അറിയാനുമുള്ള ശ്രമത്തിലാണ്.
സംഗീതത്തിലെ വൈവിധ്യം
രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് അലീനയുശട സംഗീത ലോകം. ഹിന്ദുസ്ഥാനി വോക്കലും വെസ്റ്റേൺ വോക്കലും ഒരുപോലെ അഭ്യസിക്കുന്നു. സംഗീത അധ്യാപകനായ ശ്യാം മോഹന്റെ ശിക്ഷണത്തിൽ ശാസ്‌ത്രീയ സംഗീതത്തിന്റെ ആഴങ്ങൾ തേടുമ്പോഴും അധ്യാപികയായ കാരോളിനുകീഴിൽ പാശ്ചാത്യ സംഗീതത്തിന്റെ സൂക്ഷ്‌മാംശങ്ങൾ പഠിക്കുമ്പോഴും അലീന ആസ്വദിക്കുന്നത് സംഗീതത്തിന്റെ വൈവിധ്യമാണ്. ഭാഷാപരമായ അതിർവരമ്പുകൾക്കപ്പുറം സംഗീതം ഒന്നാണെന്ന് തിരിച്ചറിയുന്നു.
അച്ചടക്കവും കലയും
ദിവസവും വയലിൻ പരിശീലനം. ഒപ്പം പഠനം, സംഗീതം, നൃത്തം, കായികം, കൃഷി. ദിവസം തുടങ്ങുന്നതുതന്നെ കൃത്യമായ പ്ലാനിങ്ങിലൂടെ. സ്‌കോളർഷിപ് വിദ്യാർഥിനിയായതിനാൽ രണ്ടു മണിക്കൂർ പഠനം. ശേഷം വോക്കൽ പ്രാക്‌ടീസ്, വയലിൻ, നൃത്ത ക്ലാസുകൾ. ഓരോ കലയും അലീനയ്‌ക്ക് പുതിയ ഉൗർജം സമ്മാനിക്കുന്നു. വെറുമൊരു വിനോദത്തിനപ്പുറം അച്ചടക്കത്തോടുള്ള പരിശീലനം. അതിലൂടെ ചെറുപ്രായത്തിൽ നേടിയത് ഏറെയും. യുഎസ് നേവി ഓഫീസറാകണമെന്നാണ് അലീനയുടെ ആഗ്രഹം.















