ഇത് വിജ്ഞാനയാത്ര

രാജേഷ് എസ് വള്ളിക്കോട്
Published on Jan 15, 2026, 10:02 PM | 3 min read
കേരളത്തിന്റെ ചരിത്രപാതകളെയും വർത്തമാനകാല നേട്ടങ്ങളെയും ഭാവിസ്വപ്‌നങ്ങളെയും വിദ്യാർഥിഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ‘ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്' വിഭാവനം ചെയ്തിരിക്കുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന കാഴ്ചപ്പാടിലൂന്നിയ പരിപാടി കേവലമൊരു മത്സരമല്ല. നാടിന്റെ അതിജീവനത്തിന്റെയും വളർച്ചയുടെയും കഥപറയുന്ന വിജ്ഞാനയാത്രയാണ്. പാഠപുസ്‌തകങ്ങളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ഇന്നത്തെ പഠനരീതി. അറിവിനെ സാമൂഹ്യയാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ചാണ് കുട്ടികൾ പഠിക്കുന്നത്. ‘നമ്മളറിയുക നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന ക്വിസിന്റെ ആപ്തവാക്യംതന്നെ നാം നേടിയെടുത്ത സാമൂഹ്യമാറ്റങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ചരിത്രപരമായ ബോധവും ആധുനിക കാഴ്ചപ്പാടും ഒത്തുചേരുന്ന ഈ പ്രവർത്തനം കുട്ടികളുടെ വിജ്ഞാനഘടനയെ നവീകരിക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കുന്നു. ഈ അറിവുത്സവത്തിനെതിരെ ഉയർന്നുവരുന്ന വിവാദങ്ങൾ കേവലം രാഷ്ട്രീയപ്രേരിതവും നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. അത്തരം കുപ്രചാരണങ്ങളെ അവഗണിച്ച് കേരളത്തിന്റെ പുരോഗതിയുടെ ചരിത്രം വിദ്യാർഥികളിലേക്ക് എത്തിക്കാൻ സ്കൂൾ, കോളേജ് തല മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ട്.
‘എന്റെ കേരളം'
മത്സരത്തിനായി നൽകിയ ‘എന്റെ കേരളം' പുസ്‌തകത്തിന് ഒരു വിജ്ഞാനകോശത്തിനു തുല്യമായ ഉള്ളടക്കമുണ്ട്. കേരളം എങ്ങനെ മാതൃകാസംസ്ഥാനമായെന്ന് ഇതിലെ ലേഖനങ്ങൾ സവിശേഷമായി വിവരിക്കുന്നു. കാർഷികപരിഷ്കാരങ്ങൾ, പൊതുവിദ്യാഭ്യാസ സംരക്ഷണം, ആരോഗ്യമേഖലയിലെ മുന്നേറ്റം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓരോ ലേഖനവും കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന്റെ ഘട്ടങ്ങളെയും അതിൽ സാധാരണ ജനങ്ങൾ വഹിച്ച പങ്കിനെയും അടിവരയിടുന്നു. ആധുനികകേരളത്തിന്റെ ശിൽപ്പികളായ നവോത്ഥാന നായകരുടെയും ഭരണാധികാരികളുടെയും ദീർഘവീക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകാൻ പുസ്തകം ഉപകരിക്കും. ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള മികച്ച പഠനസാമഗ്രിയാണിത്. വികസനത്തിന്റെ പുതിയ വഴികളും കേരളം നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച രീതിയും പുസ്‌തകം വിശദീകരിക്കുന്നു.
പുസ്‌തകത്തിലെ ലേഖനങ്ങൾ അവയുടെ കാലികപ്രസക്തികൊണ്ടും ഏറെ ശ്രദ്ധേയമാണ്.
കാലാവസ്ഥാവ്യതിയാനം നേരിടാൻ കേരളം നടപ്പാക്കുന്ന ഹരിതകേരളം മിഷൻപോലുള്ള പദ്ധതികൾ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. മാലിന്യനിർമാർജനം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഓരോ കുട്ടിയും എങ്ങനെ പങ്കാളിയാകണമെന്ന സന്ദേശം ലേഖനങ്ങൾ നൽകുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സഹായിക്കുന്നു. ആഗോളതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ട കേരള മോഡൽ വികസനത്തെക്കുറിച്ചുള്ള പഠനം വിദ്യാർഥികൾക്ക് പുതിയ ലോകവീക്ഷണം സമ്മാനിക്കുന്നു. സർക്കാരിന്റെ കരുതലും വികസനവും എങ്ങനെ താഴെത്തട്ടിലുള്ളവരിലേക്ക് എത്തുന്നുവെന്നതിന് ലൈഫ് മിഷൻപോലുള്ള പദ്ധതികൾ ഉദാഹരണമായി നൽകിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ-, സാമൂഹ്യ സാഹചര്യങ്ങളെ യുക്തിസഹമായി വിലയിരുത്താൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്.
ഡിജിറ്റൽ സാക്ഷരതയും സാങ്കേതികവിദ്യയുടെ സാമൂഹ്യപ്രയോഗവും സംബന്ധിച്ച ലേഖനങ്ങൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. കെൽട്രോൺപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ചാന്ദ്രയാൻ -3 പോലുള്ള ദേശീയദൗത്യങ്ങളിൽ പങ്കാളികളാകുന്നത് കുട്ടികൾക്ക് അഭിമാനകരമായ അറിവാണ് നൽകുന്നത്. അതിദാരിദ്ര്യം നിർമാർജനം ചെയ്യാൻ കേരളം നടത്തുന്ന ശ്രമങ്ങൾ മാനവികതയുടെ ഉന്നതമാതൃകയായി കുട്ടികൾക്കുമുന്പിൽ അവതരിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംപോലുള്ള വൻകിട പദ്ധതികൾ കേരളത്തിന്റെ ഭാവി എങ്ങനെ മാറ്റുമെന്ന് ഈ ലേഖനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം അറിവുകൾ കേവലം പരീക്ഷകൾക്കുവേണ്ടിയുള്ളതല്ല, മറിച്ച് നാടിനെ സ്‌നേഹിക്കുന്ന തലമുറയെ വാർത്തെടുക്കാനുള്ളതാണ്. ഓരോ ലേഖകനും വസ്‌തുതകളെ ആധാരമാക്കിയാണ് വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നത് ഇതിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു. വിദ്യാർഥികളുടെ ബൗദ്ധികവികാസത്തിനൊപ്പം പാഠ്യപദ്ധതിയുടെ അധികവായനയ്ക്കും ഉപകരിക്കുന്നതാണ് ഉള്ളടക്കം. പിണറായി വിജയൻ, ഡോ. തോമസ് ഐസക്, മോഹൻലാൽ, ഡോ. എസ് സോമനാഥ്, എം മുകുന്ദൻ, ഐ എം വിജയൻ, പി ഡി ടി ആചാരി, കെ ജയകുമാർ, ജേക്കബ് പുന്നൂസ്, ഡോ. ടി എൻ സീമ, ജി എസ് പ്രദീപ്, കമൽ എന്നിങ്ങനെ വ്യത്യസ്‌ത മേഖലയിലെ പ്രമുഖർ രചിച്ച 48 ലേഖനങ്ങളുടെ സമാഹാരമാണ് പുസ്‌തകം.
വൈവിധ്യം, സമഗ്രം
സ്കൂൾ, കോളേജ് തലത്തിൽ നടന്ന മത്സരം പരിശോധിച്ചാൽ അവ എത്രത്തോളം വൈവിധ്യപൂർണവും സമഗ്രവുമാണെന്ന് ബോധ്യപ്പെടും. ചോദ്യപേപ്പറുകൾ തയ്യാറാക്കിയത് സങ്കുചിതമനോഭാവത്തോടെയല്ല, മറിച്ച് കേരളത്തിന്റെ സമഗ്രവികാസത്തെ മുൻനിർത്തിയാണ്. സഹോദരൻ അയ്യപ്പൻമുതൽ ആധുനിക കാലത്തെ കലാരൂപങ്ങൾവരെ ചോദ്യങ്ങളിലുണ്ടായി. കേരളത്തിലെ ലോട്ടറി സമ്പ്രദായം, സാമൂഹ്യസുരക്ഷാ പെൻഷൻ, സമുദ്ര ബസ് സർവീസ് എന്നീ ജനപക്ഷ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ കുട്ടികളെ സമൂഹത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കും. മികച്ച ചോദ്യപേപ്പറിന് ആവശ്യമായ എല്ലാ ഘടകങ്ങളും– ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, സംസ്‌കാരം... ഇതിൽ കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി ആക്രമിക്കുന്നത് കേരളത്തിന്റെ വികസനചരിത്രത്തെത്തന്നെ തള്ളിപ്പറയുന്നതിനു തുല്യമാണ്.
നിലവിൽ ക്വിസിനെതിരെ ഉയർന്നുവരുന്ന വിവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. ചില അധ്യാപകസംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങൾ രാഷ്ട്രീയലക്ഷ്യംമാത്രം മുൻനിർത്തിയുള്ളതാണ്. കുട്ടികൾക്ക് അറിവ് പകർന്നുനൽകുന്ന പ്രവർത്തനത്തെ രാഷ്ട്രീയമായി കാണുന്നത് അവരുടെ വളർച്ചയെ തടസ്സപ്പെടുത്തും. ചോദ്യങ്ങളിൽ വിവിധ മുഖ്യമന്ത്രിമാരുടെ ഭരണകാലത്തെ നേട്ടങ്ങൾ പരാമർശിക്കുന്നത് ചരിത്രപരമായ സത്യസന്ധതയുടെ ഭാഗമാണ്. ഉദാഹരണത്തിന്, ജില്ലാ കൗൺസിലുകളെക്കുറിച്ചുള്ള ചോദ്യത്തിൽ ഇ കെ നായനാരെ പരാമർശിക്കുന്നത് വസ്‌തുതാപരമായ അറിവാണ്. ഇത്തരം ചരിത്രസത്യങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് വിജ്ഞാനവിരോധമാണ്. പൊതുവിദ്യാഭ്യാസമേഖലയെ തകർക്കാനും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നവർ ഇത്തരം വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയാണ്. എന്നാൽ, യാഥാർഥ്യം തിരിച്ചറിയുന്ന വിദ്യാർഥികളും രക്ഷിതാക്കളും വിവാദങ്ങളെ തള്ളിക്കളയുകയാണ്.
വിജ്ഞാനത്തിന്റെ
ജനാധിപത്യവൽക്കരണം
മുഖ്യമന്ത്രിയുടെ മെഗാ ക്വിസും അതിന്റെ ഭാഗമായി നൽകിയ പഠനസഹായിയും നവകേരള നിർമിതിയിലെ സുപ്രധാനമായ ചുവടുവയ്‌പുകളാണ്. രാഷ്ട്രീയത്തിനതീതമായി കേരളത്തിന്റെ വളർച്ചയെയും വികസനത്തെയുംകുറിച്ച് വലിയ അവബോധം ഈ പരിപാടിയുടെ ഒന്നാംഘട്ടം വിദ്യാർഥികളിൽ സൃഷ്ടിച്ചു. വിവാദങ്ങൾ സൃഷ്ടിക്കുന്നവർ താൽക്കാലിക ലാഭത്തിനായി കുട്ടികളുടെ അറിവിന്റെ വാതായനങ്ങൾ അടയ്ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിജ്ഞാനത്തിന്റെ ജനാധിപത്യവൽക്കരണമെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സർക്കാർ പ്രവർത്തനങ്ങളെ വിദ്യാർഥികളും അധ്യാപകസമൂഹവും ഏറ്റെടുത്തിട്ടുണ്ട്. അറിവിന് അതിരുകളില്ലെന്നും അത് പോരാട്ടങ്ങൾക്കുള്ള ആയുധമാണെന്നും തെളിയിക്കുന്നതാണ് മെഗാ ക്വിസ്. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള വിവാദങ്ങളെ വിജ്ഞാനത്തിന്റെ കരുത്തിൽ നേരിടുകയെന്നത് വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.
(എസ്-സിഇആർടിയിൽ റിസെർച്ച്
ഓഫീസറാണ് ലേഖകൻ)















