ad
Deshabhimani

Articles

മുതലാളിത്ത രൗദ്രത

മുതലാളിത്ത രൗദ്രത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

മുതലാളിത്ത രൗദ്രത

avatar
ടി നരേന്ദ്രൻ

Published on May 07, 2026, 10:33 PM | 3 min read

മുതലാളിത്ത വ്യവസ്ഥയുടെ ആക്രമണോത്സുകത യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിലൂടെ ദിനമെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളെ വരിഞ്ഞുമുറുക്കിയും ഭൂഗർഭസ്രോതസ്സുകൾ തുരന്നെടുത്തും പ്രകൃതിയുടെ സന്തുലനമാണ് നിത്യേന അപകടപ്പെടുത്തുന്നത്‌. അന്തമില്ലാത്ത ലാഭക്കൊതിയുടെ സാക്ഷാൽക്കാരത്തിനായാണ് ഈവിധം മനുഷ്യന്റെയും പ്രകൃതിയുടെയുംമേലുള്ള വേട്ടയാടൽ. കനത്ത ചൂടും തീവ്രമഴയും ചുഴലികളും പ്രകൃതിദുരന്തങ്ങളും ഇനിയും വർധിക്കുമെന്നാണ് സൂചനകൾ. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം ആവാസവ്യവസ്ഥയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽമാത്രം 57,300 ചതുരശ്ര കിലോമീറ്റർ വനമാണ് നശിപ്പിച്ചത്.


അന്തരീക്ഷത്തിലേക്ക് കാർബൺ ഉത്സർജിക്കുന്ന കാര്യത്തിൽ സമ്പന്നരാഷ്ട്രങ്ങളുടെയും ധനിക ജനവിഭാഗങ്ങളുടെയും പങ്ക് ഭയാനകമാണ്. കാലാവസ്ഥാ വ്യതിയാനംമൂലം 2050ൽ 120 കോടി ജനങ്ങൾ അഭയാർഥികളാകുമെന്നാണ് 2020ലെ റിപ്പോർട്ട് (Ecological Threat Register 2020) പറയുന്നത്.

ഒരു ചെറു ന്യൂനപക്ഷത്തിന്റെ ആർഭാടജീവിതത്തിനും സുഖലോലുപതയ്ക്കുംവേണ്ടി നടപ്പാക്കുന്ന വികസനസമ്പ്രദായങ്ങളും പ്രകൃതിചൂഷണവും അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്.


തന്മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ദുരന്തങ്ങൾ പേറേണ്ടിവരുന്നതാകട്ടെ, മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളും അവികസിത രാജ്യങ്ങളുമാണ്. മനുഷ്യരുടെ ദാരിദ്ര്യം ഇല്ലാതാക്കാനും നിസ്വരായവരുടെ ജീവിതവരുമാനം ഉയർത്താനും വേണ്ടിയുള്ള വികസനരീതികളല്ല ലോകത്ത് നടപ്പായതെന്നു കാണാം. പ്രകൃതിയെ തൊട്ടുപോകരുതെന്ന മൗലികവാദമല്ല പരിഹാരം. സമ്പന്നരുടെ സ്വാർഥപൂരണത്തിനായുള്ള ഇടപെടൽ ഉണ്ടാകുമ്പോൾ പ്രകൃതിസന്തുലനം എന്ന പരിഗണന ലഭിക്കാത്തതാണ് പ്രശ്നം. ആഴത്തിലുള്ള പഠനം, ശരിയായ നിരീക്ഷണം, ജനപക്ഷനിലപാട് എന്നിവയാണ് പരിഹാര രീതി.


ഉത്തരവാദികൾ രക്ഷപ്പെടരുത്


തുടക്കത്തിൽ അടിമകളെയും പിന്നീട് ഭൂമിയെയും സ്വന്തമാക്കിയാണ് ചൂഷകവർഗത്തിന്റെ അരങ്ങേറ്റം. വ്യാവസായികവിപ്ലവത്തോടെയാണ് തൊഴിലാളിവർഗത്തിനുമേൽ മർദനവും ചൂഷണവും സമാരംഭിക്കുന്നത്. 1980കളിലെ നവഉദാര കാലം മുതലാളിത്തത്തിന്റെ ആർത്തിക്ക് അതിരില്ലാതാക്കി. ടെക്‌നോളജിയെ ജനോപകാരപ്രദമാക്കുന്നതിനുപകരം തങ്ങളുടെ സമ്പത്തുൽപ്പാദനം ബഹു മടങ്ങാക്കാനും ലാഭം കൊയ്യാനുമാണ് കോർപറേറ്റുകൾ തുനിഞ്ഞത്. മാത്രമല്ല, മനുഷ്യരുടെ അധ്വാനശക്തിയെ കൂടാതെ പ്രകൃതിയെയും അളവറ്റ രീതിയിൽ കടന്നാക്രമിക്കാൻ ടെക്‌നോളജിയെ ഒരു ഉപകരണമാക്കുകയും ചെയ്തു. ലേബർ കോഡും കരിനിയമങ്ങളും മുഖാന്തരം മനുഷ്യരെ അടിച്ചമർത്താനും ദ്രോഹിക്കാനും കഴിഞ്ഞേക്കും. അതിനേക്കാൾ തീക്ഷ്ണതയിൽ നടക്കുന്ന പ്രകൃതിചൂഷണത്തെ തത്സമയം ഭൂമി അനുസരിക്കുന്നതായും തോന്നാം.


എന്നാൽ, ഗുരുത്വാകർഷണനിയമം ലംഘിക്കാൻ ആർക്കും കഴിയില്ല. മഴപെയ്താൽ വെള്ളം താഴോട്ട് വീഴുമെന്നതും വായു ചൂടായാൽ അത് മുകളിലേക്ക് പോകുമെന്നതും ഒരു കോർപറേറ്റ് സ്പോൺസേർഡ് നിയമംകൊണ്ടും മാറ്റാനാകില്ല. അതിനാലാണ് മുതലാളിത്ത അത്യാർത്തിയാൽ നടക്കുന്ന പ്രകൃതിചൂഷണത്തിന്റെ പ്രത്യാഘാതമായി ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും നാനാവിധ ദുരന്തങ്ങൾക്ക് ലോകജനത വിധേയമായിക്കൊണ്ടിരിക്കുന്നത്. കൊടിയ ചൂടും അതിശൈത്യവും പ്രളയദുരിതങ്ങളും യാദൃച്ഛികമായി വന്നുഭവിക്കുന്നതല്ല. മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ നിയമാവലിപ്രകാരമാണ് ഇവയെല്ലാം സംഭവിക്കുന്നത്.


അതിനാൽത്തന്നെ പ്രസ്തുത വ്യവസ്ഥിതിക്കകത്തുനിന്നുള്ള റിപ്പയറിങ്ങിനും പരിഹാരങ്ങൾക്കും ഒരു സാധുതയുമില്ല. ഭീകരമായ അസമത്വവും ഭയാനകമായ കാലാവസ്ഥാ വ്യതിയാനവും ഒരു പരിഹാരവുമില്ലാതെ നീങ്ങുകയാണ്. ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ വൈവിധ്യമാർന്ന പകർച്ചവ്യാധികൾക്കും കാരണമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമെന്നത്‌ ഒരു വ്യവസ്ഥാവ്യതിയാനത്തിലൂടെമാത്രമേ സാധ്യമാകൂ എന്നതാണ് വസ്തുത. ‘നാളെയാവുകിലേറെ വൈകിടും’ എന്നതാണ് മറ്റൊരു യാഥാർഥ്യം.


സർവനാശം വിതയ്‌ക്കുന്ന യുദ്ധങ്ങൾ


നവ ഉദാര നയങ്ങളുടെ തീവ്രപ്രയോഗങ്ങൾകൊണ്ടും പിടിച്ചുനിൽക്കാൻ കഴിയാത്തപ്പോഴാണ് സാമ്രാജ്യത്വശക്തികൾ യുദ്ധങ്ങൾ സ്പോൺസർ ചെയ്യുന്നത്. ഇന്ത്യ–പാകിസ്ഥാൻ സംഘർഷം, റഷ്യ-–ഉക്രയ്‌ൻ, ഇറാൻ–ഇസ്രയേൽ യുദ്ധങ്ങളുമെല്ലാം ട്രംപിന്റെ കുരുട്ടുബുദ്ധി ഉൽപ്പന്നങ്ങളാണെന്ന് ഏവർക്കുമറിയാം. സാമ്രാജ്യത്വം നടത്തുന്ന യുദ്ധസ്വഭാവത്തിലും ആയുധക്കച്ചവടം കൂടാതെയുള്ള കുതന്ത്രങ്ങളുണ്ട്. അവർ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാതെ മറ്റു രാജ്യങ്ങളെക്കൊണ്ട് യുദ്ധം ചെയ്യിച്ച്, തടികേടാകാതെ നേട്ടം കൊയ്യുക എന്ന കുടിലതന്ത്രമാണ് അമേരിക്ക പയറ്റുന്നത്. തന്മൂലം മുതലാളിത്ത രാജ്യങ്ങൾക്കിടയിൽത്തന്നെ മുറുമുറുപ്പും അമേരിക്കൻ വിദ്വേഷവും ശക്തമാകുന്നുണ്ട്.


അതേസമയം, ട്രംപിന്റെ സകല നീചനിലപാടുകൾക്കും നിരുപാധിക പിന്തുണ നൽകുന്ന രാജ്യമായി ഇന്ത്യ മാറി എന്നതാണ് അപമാനം. നവ ഉദാര നയങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധതയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സമാനതയുമാണ് മുഖ്യകാരണം. അങ്ങനെയാണ് നാടിന്റെ സകലപാരമ്പര്യവും കളഞ്ഞുകുളിച്ച് ലോകത്തെ രണ്ട് ആയുധക്കച്ചവട രാഷ്ട്രങ്ങളായ അമേരിക്ക–ഇസ്രയേൽ രാജ്യങ്ങളുടെ ഇഷ്ടതോഴനായി നമ്മുടെ നാട് അധഃപതിക്കുന്നത്. നവ ഉദാര നയം 1991 മുതൽ രാജ്യത്ത് നടപ്പാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഈയൊരു ദുരന്താവസ്ഥയിലേക്ക് നാടിനെ തള്ളിവിട്ട മഹാപരാധത്തിൽനിന്ന്‌ മാറിനിൽക്കാനാകില്ല.


‘‘ഭൂമിക്ക് ജീവിക്കണമെങ്കിൽ 
മുതലാളിത്തം മരിക്കണം’’


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ജോൺ ബെല്ലാമി ഫോസ്റ്ററുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്‌. കാരണം മുതലാളിത്തം ഇപ്പോൾ ഭൂമിയുമായി യുദ്ധത്തിലാണ്. വളർച്ചനിരക്കിന് അതിരുകൾ നിശ്ചയിക്കണമെന്നതാണ് സമകാലിക പ്രതിസന്ധിക്കുള്ള പരിഹാരമായി വിദഗ്ധർ നിർദേശിക്കുന്നത്. മുതലാളിത്തത്തിൽ അത് ഒരിക്കലും സാധ്യമല്ല. കാർബൺ വിസർജനം കുറയ്ക്കില്ലെന്നുമാത്രമല്ല, അത് വീണ്ടും ഉയർത്തുകയാണ് സമ്പന്നരാഷ്ട്രങ്ങൾ ചെയ്യുന്നത്. പ്രതിരോധചെലവുകൾ വെട്ടിക്കുറയ്ക്കുന്ന പ്രതിവിധി നിർദേശിക്കുമ്പോഴാണ് പ്രാദേശിക യുദ്ധങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ട്രംപിന്റെ കാര്യപരിപാടി അരങ്ങേറുന്നത്. ടെക്‌നോളജിയുടെ വികാസം നിർമിത ബുദ്ധിയിലെത്തിയപ്പോൾ ചൂഷണം ശക്തമായി. ഫോസിൽ ഇന്ധന ഉപയോഗവും ഉയരുന്നു. കാറ്റ്, സോളാർ തുടങ്ങിയ ഊർജസ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ ചൈനയാണ് മുന്നിൽ.


എഐ മറവിൽ തൊഴിലാളികളെ അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് മറ്റൊരു സാമൂഹ്യ അസമത്വത്തിനും പാരിസ്ഥിതികപ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. മനുഷ്യന്റെ അധ്വാനംകൊണ്ടുണ്ടാക്കിയ ഉൽപ്പാദനവർധന പ്രകൃതിയുടെയും മനുഷ്യന്റെയും സുസ്ഥിരമാർന്ന നിലനിൽപ്പിന് ഉതകുംവിധമാണ് വിന്യസിക്കേണ്ടത്. അതിന് തടസ്സംനിൽക്കുന്ന മുതലാളിത്തത്തെ തളയ്‌ക്കുന്നില്ലെങ്കിൽ സർവനാശമാണ് മുമ്പിലുള്ളത്. പ്രകൃതിയുടെ പ്രധാന സവിശേഷതയാണ് മാനവികതയുടെ സംരക്ഷണം. മുതലാളിത്തം അത് അംഗീകരിക്കുന്നില്ല. മാത്രമല്ല, അധ്വാനശക്തികളുമായി അത് നിരന്തരം കലഹത്തിലാണ്. അതിനാൽ ഭൂമിയും മനുഷ്യരും തമ്മിൽ പുതിയൊരു ബന്ധം അനിവാര്യമായിരിക്കുന്നു. സുസ്ഥിരമായ വികസനത്തിന് പ്രകൃതിയെയും മനുഷ്യനെയും അടിസ്ഥാനമാക്കുന്ന സാമൂഹ്യവ്യവസ്ഥ അനിവാര്യമാണ്. കാൾ മാർക്സ് നിരീക്ഷിച്ചതുപോലെ, മാനവികതയിലൂന്നിയ പ്രകൃതിയും പ്രകൃതിയിലൂന്നിയ മാനവികതയുമാണ് ഇന്നിന്റെ ആവശ്യം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home