Deshabhimani

കാനഡ എത്രത്തോളം വഴിമാറും

canada eu
avatar
വി ബി പരമേശ്വരൻ

Published on Oct 05, 2026, 01:30 AM | 4 min read

വടക്കേ അമേരിക്ക വൻകരയുടെ ഉത്തരഭാഗത്ത്‌ ആർട്ടിക്കിനോട് ചേർന്നുകിടക്കുന്ന രാജ്യമാണ് കാനഡ. ഈ രാജ്യത്തുനിന്ന്‌ ഏകദേശം 6000 കിലോമീറ്റർ ദൂരമുണ്ട് യൂറോപ്പിലേക്ക്. യൂറോപ്പിനെ കാനഡയുമായി വേർതിരിക്കുന്നത് അറ്റ്‌ലാന്റിക്‌ മഹാസമുദ്രമാണ്. അതായത് ഭൂമിശാസ്‌ത്രപരമായി അടുത്ത പ്രദേശങ്ങളല്ല കാനഡയും യൂറോപ്പും. എന്നാൽ യൂറോപ്പിലെ 27 രാഷ്ട്ര സഖ്യമായ യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് അംഗത്വം സ്വീകരിക്കാൻ ഒരുങ്ങുകയാണ് കാനഡ. കഴിഞ്ഞ ദിവസം ഫ്രഞ്ച് നഗരമായ സ്ട്രോസ്ബർഗിൽ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യവെ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് യൂറോപ്യൻ യൂണിയന്റെ ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ചത്.


കാനഡയിലെ ഭൂരിപക്ഷം ജനങ്ങളും യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് അംഗത്വം സ്വീകരിക്കുന്നതിന് അനുകൂലമാണെന്ന് കാർണി അറിയിക്കുകയുണ്ടായി. യൂറോപ്യൻ യൂണിയൻ കരാറിൽ അസോസിയേറ്റ് മെമ്പർഷിപ്പിനെക്കുറിച്ച്‌ പറയാത്തതിനാൽ ഇതുസംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും കാനഡ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോണ്ടർ ലെയിനിന്റെ ക്ഷണം സ്വീകരിച്ചത് ഭൗമരാഷ്ട്രീയത്തിൽ ചെറുതല്ലാത്ത ഇളക്കം സൃഷ്ടിക്കുമെന്നുറപ്പ്.


​സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഏറ്റവും ഹീനമുഖമായ ട്രംപിസം കടന്നാക്രമണത്തിലും കൊള്ളയിലും അധിഷ്ഠിതമാണ്‌. യൂറോപ്പും ഇപ്പോൾ കാനഡയും ഒരുപോലെ ഇതിന്റെ ഇരകളാണ്‌. രണ്ടാം ലോക മഹായുദ്ധശേഷം അമേരിക്കൻ താൽപ്പര്യത്തിനൊപ്പം അടിയുറച്ചുനിന്നവരാണ് ഇരുകൂട്ടരും. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി7ലും നാറ്റോ സൈനിക സഖ്യത്തിലും അംഗമാണ്‌ കാനഡ. യൂറോപ്യൻ യൂണിയനിലെ പ്രമുഖ അംഗങ്ങളും ഇതു രണ്ടിലും അംഗങ്ങളാണ്.


ഇതൊന്നും പരിഗണിക്കാതെ അമേരിക്കയെമാത്രം മഹത്തരമാക്കുക (മാഗ) എന്ന ആശയവുമായി മുന്നോട്ടുപോകുന്ന അമേരിക്കയും ട്രംപും കാനഡയെയും യൂറോപ്യൻ രാജ്യങ്ങളെയും ഉയർന്ന വ്യാപാര ചുങ്കം ഏർപ്പെടുത്തി ശിക്ഷിക്കുകയാണ്. സൈനിക ബജറ്റ് ഉയർത്താൻ നിർബന്ധിക്കുകയുമാണ്. ഇതിൽ പൊറുതിമുട്ടിയ രാഷ്ട്രങ്ങൾ സ്വാഭാവികമായും അവരുടെ വഴി സ്വയം വെട്ടാൻ തുടങ്ങി. അമേരിക്കയെ ചാരിനിന്നാൽ സ്വന്തം സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ കഴിയില്ലെന്ന് വൈകിയാണെങ്കിലും ഈ രാഷ്ട്രങ്ങൾ തിരിച്ചറിയുകയാണ്. ഇതിന്റെ ഭാഗമാണ് കാനഡയുടെയും യൂറോപ്യൻ യൂണിയന്റെയും സംയുക്ത നീക്കം.


​എന്നാൽ കാനഡയും യൂറോപ്പും തമ്മിലുള്ള പുതിയ ബന്ധം ആരെയും ചിരിപ്പിക്കുന്നതാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഈ നീക്കം ഗൗരവത്തിലുള്ളതാണെങ്കിൽ ഉയർന്ന താരിഫ് യൂറോപ്പിനെതിരെ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു. കാനഡയെ അമേരിക്കയുടെ 51–ാം സംസ്ഥാനമാക്കുമെന്ന്‌ ട്രംപ്‌ മുമ്പ്‌ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് വാഷിങ്‌ടണിലെ സ്വകാര്യ ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ ട്രംപ് ആവർത്തിച്ചത് കാനഡയെ 51–ാം സംസ്ഥാനമായും ഗ്രീൻലാൻഡിനെ 52–-ാം സംസ്ഥാനമായും വെനസ്വേലയെ 53–-ാം സംസ്ഥാനമായും അമേരിക്കയോടൊപ്പം ചേർക്കുമെന്നാണ്.


ആഗസ്‌ത്‌ 27ന്‌ ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം ഒന്റാറിയോയെ ‘അമേരിക്കൻ തടാകം’ എന്ന്‌ പുനർ നാമകരണവും ചെയ്‌തു. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള അഞ്ച് തടാകങ്ങളിൽ ഒന്നാണിത്. നേരത്തേ ട്രംപ് മെക്‌സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്ന് മാറ്റിയിരുന്നു. ഒന്റാറിയോ പ്രവിശ്യയിലെ ആദിമനിവാസികൾ നൽകിയ പേരാണ് ട്രംപ് ഇപ്പോൾ മാറ്റുന്നത്. ഈ പേര്‌ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ഒന്റാറിയോ തടാകത്തോട് അതിർത്തി തീർക്കുന്ന ന്യൂയോർക്ക് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.


​ഉഭയകക്ഷി വ്യാപാരകരാർ ചർച്ച ആഗസ്ത് 21ന് പരാജയപ്പെട്ടതോടെയാണ് അമേരിക്കയും കാനഡയും തമ്മിൽ കൂടുതൽ അകലാൻ തുടങ്ങിയത്. അമേരിക്ക മുന്നോട്ടുവച്ചത് വ്യാപാരകരാർ ആയിരുന്നില്ല, കൊളോണിയൽ കീഴടങ്ങൽ കരാർ ആയിരുന്നു. കാനഡ അവരുടെ സാമ്പത്തിക പരമാധികാരവും സ്വന്തം പ്രകൃതിവിഭവങ്ങളിന്മേലുള്ള അവകാശവും വിദേശനയവും അമേരിക്കയ്‌ക്ക് അടിയറവയ്‌ക്കണമെന്ന്‌ വന്നപ്പോഴാണ് കാനഡ ചർച്ചകളിൽനിന്ന് പിന്മാറിയത്.


മെക്‌സിക്കോ കഴിഞ്ഞാൽ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ. ഉഭയകക്ഷി വ്യാപാരത്തിൽ കാനഡയ്‌ക്ക് 6000 ഡോളറിന്റെ ലാഭം ഉണ്ടെന്നതാണ് അമേരിക്കയുടെ പ്രശ്നം. നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റിന് (നാഫ്റ്റ) പകരമായി 2020ൽ രൂപംകൊണ്ട അമേരിക്ക–മെക്‌സിക്കോ–കാനഡ വ്യാപാരകരാറിന്റെ ഭാഗമായി അമേരിക്കയിൽനിന്നുള്ള 97 ശതമാനം കാർഷികോൽപ്പന്നങ്ങളും നികുതിയില്ലാതെയാണ് കാനഡയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, കാനഡയ്‌ക്കെതിരെ 50 ശതമാനം വ്യാപാര ചുങ്കം ഉണ്ട്. ഉരുക്ക്‌, ട്രക്ക്, കാർ എന്നിവയ്‌ക്ക് 50 ശതമാനം ചുങ്കംകൂടി അമേരിക്ക ഏർപ്പെടുത്തി. ഇതിനെതിരെ കാനഡ 25 ശതമാനവും 50 ശതമാനവും നികുതി തിരിച്ചും ചുമത്തി.


"ഞങ്ങൾക്ക് കാനഡയെ ആവശ്യമില്ല. കാനഡയ്‌ക്ക് ഞങ്ങളെയാണ് ആവശ്യം' എന്നാണ് ട്രംപിന്റെ വാദം. ഒരു രാഷ്ട്രമെന്ന നിലയിലുള്ള പരിഗണന വേണമെന്നാണ് കാനഡയുടെ ആവശ്യമെന്നും എന്നാൽ അവർ ഒരു രാഷ്ട്രമല്ലെന്നുമാണ് ട്രംപിന്റെ വാദം.

​വസ്തുതയുമായി ബന്ധമില്ലാത്ത പ്രസ്താവനകളാണിതൊക്കെ. കാനഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അമേരിക്കയ്‌ക്ക് കഴിയില്ല. അമേരിക്കയ്‌ക്ക് അത്യാവശ്യമായ നിർണായക ലോഹങ്ങളുടെ വൻശേഖരമാണ് കാനഡയിലുള്ളത്‌. വർഷംതോറും 4700 കോടി ഡോളറിന്റെ നിർണായക ലോഹങ്ങളാണ് കാനഡ അമേരിക്കയ്‌ക്ക് നൽകുന്നത്. അമേരിക്കയ്‌ക്ക് ആവശ്യമായ അലുമിനിയത്തിന്റെ 60 ശതമാനവും നൽകുന്നത് കാനഡയാണ്. ആധുനിക യുദ്ധവിമാനങ്ങളും സൈനിക സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കാൻ ഇ‍ൗ നിർണായക ലോഹങ്ങളും അലുമിനിയവും ആവശ്യമാണ്.


​വ്യാപാരചർച്ച പൊളിഞ്ഞതോടെ ഒന്റാറിയോ പ്രവിശ്യാ പ്രധാനമന്ത്രി ഡൗഗ് ഫോർഡ് അമേരിക്കയിലേക്കുള്ള നിക്കൽ കയറ്റുമതി നിർത്തിവയ്‌ക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജെറ്റ് വിമാന എൻജിനുകൾ, കപ്പൽ നിർമാണം എന്നിവയ്‌ക്ക് അവശ്യംവേണ്ട ലോഹമാണ് നിക്കൽ. അമേരിക്കയ്‌ക്ക്‌ ആവശ്യമായ നിക്കലിന്റെ പകുതിയും നൽകുന്നത് കാനഡയാണ്. അമേരിക്കയിൽ ഒരു നിക്കൽ ഖനി മാത്രമാണ് ഉള്ളതെന്നും അവിടെനിന്നുള്ള നിക്കൽ ശുദ്ധീകരിക്കണമെങ്കിൽ കാനഡയിലേക്ക് കൊണ്ടുപോകണമെന്നും "ഗാർഡിയൻ' പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി. മറ്റൊരു പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ, അമേരിക്കയിലേക്കുള്ള ജെർമേനിയം കയറ്റുമതി നിർത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സൈനിക ഉപകരണങ്ങളും സോളാർ പാനലുകളും ഒപ്റ്റിക് ഫൈബറും നിർമിക്കുന്നതിനും ജെർമേനിയം അത്യാവശ്യമാണ്. ചൈന ഇപ്പോൾ ജെർമേനിയം അമേരിക്കയ്‌ക്ക് നൽകാത്ത സാഹചര്യത്തിൽ ബ്രിട്ടീഷ് കൊളംബിയ കയറ്റുമതി നിർത്തിയാൽ അമേരിക്ക പ്രതിസന്ധിയിലാകും. മാത്രമല്ല അമേരിക്കയ്‌ക്ക് ആണവ റിയാക്ടറുകളും യുറേനിയവും കാനഡ നൽകുന്നുണ്ട്. അമേരിക്കയ്‌ക്ക് വേണ്ട പൊട്ടാഷിന്റെ 90 ശതമാനം നൽകുന്നതും കാനഡതന്നെ.


​അതുകൊണ്ടുതന്നെ അമേരിക്കയ്‌ക്ക് കാനഡയെ ആവശ്യമുണ്ടെന്നർഥം. കാനഡയെ തുല്യശക്തിയായി കാണുന്നതിന് പകരം സാമന്തരാജ്യമായി അമേരിക്ക കാണുന്നതാണ് അവരെ വിഷമിപ്പിക്കുന്ന പ്രധാന പ്രശ്നം. ട്രംപിന്റെ പരിഹാസത്തിന് സ്ട്രോസ്ബർഗ് പ്രസംഗത്തിൽ കാർണി മറുപടി നൽകിയതും അതുകൊണ്ടാണ്. ഏത് ഭാഷയിൽ സംസാരിക്കണമെന്ന് കാനഡയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ കാർണി, ആരുമായി അന്താരാഷ്ട്ര കരാറിലെത്തണമെന്നും എത്തേണ്ടതില്ലെന്നും ആരും ഉപദേശിക്കേണ്ടതില്ലെന്നും തുറന്നടിച്ചു. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ മധ്യശക്തികൾ യോജിച്ച് പ്രവർത്തിക്കണമെന്ന് കാർണി ആഹ്വാനം ചെയ്തിരുന്നു.


അതിന്റെ പശ്ചാത്തലത്തിലുള്ള നീക്കംകൂടിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്താം. എന്നാൽ ഇത്രയും കാലം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത പങ്കാളിയായി നിലകൊണ്ട കാനഡയുടെ പുതിയ നീക്കത്തെ അവരുമായുള്ള വിടപറച്ചിലായി വിലയിരുത്താനാകില്ല. കാനഡയുടെയും യൂറോപ്പിന്റെയും ധനമൂലധനശക്തികളുടെ താൽപ്പര്യ സംരക്ഷണത്തിനുള്ള പുതിയ പദ്ധതിയായി മാത്രമേ ഇ‍ൗ കൂട്ടുകെട്ടിനെ കാണാനാകൂ. അമേരിക്കൻ സാമ്രാജ്യത്വവുമായി കാനഡ എന്നെന്നേക്കും വിട പറയുമെന്നൊന്നും കരുതേണ്ടതില്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home