ad
Deshabhimani

Articles

കോൺ​ഗ്രസ് - ആർഎസ്എസ് കൂട്ടുകെട്ട്

ഗതികേടിന്റെ കോണിച്ചുവട്ടിൽ മുസ്ലിംലീഗ്‌

BJPCongressLeague
avatar
റഷീദ്‌ ആനപ്പുറം

Published on Jul 23, 2026, 12:00 AM | 2 min read

‘തക്കസമയത്ത്‌ യുക്ത തീരുമാനം’ എന്നത്‌ ഒരുകാലത്ത്‌ മുസ്ലിംലീഗ്‌ നേതാക്കളുടെ സ്ഥിരം പ്രയോഗമായിരുന്നു. പാണക്കാട്ടുനിന്ന്‌ ഇ‍ൗ വാക്കൊന്നു കേട്ടാൽ കോൺഗ്രസ്‌ നേതാക്കൾ ഓടിയെത്തും. ഡൽഹി ടെൻത് ജനപഥിൽനിന്ന്‌ പാണക്കാട്‌ തങ്ങൾക്ക്‌ സോണിയയുടെ വിളിയെത്തും. മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ‘ന്യൂനപക്ഷങ്ങൾ അധികാരം ഉപയോഗിച്ച്‌ അനർഹമായത്‌’ കൈപ്പറ്റുന്നുവെന്നു പറഞ്ഞപ്പോൾ മുന്നണി വിടുമെന്നതടക്കം ആലോചിക്കുമെന്ന്‌ ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ പറഞ്ഞ നിമിഷം, അദ്ദേഹത്തിന്‌ സോണിയയുടെ വിളിയെത്തി. അതോടെ ആന്റണി പറഞ്ഞത്‌ വിഴുങ്ങി. യുഡിഎഫിൽ ഒരുകാലത്ത്‌ ലീഗിനുണ്ടായിരുന്ന വിലയും നിലയും എന്തായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഇതു പറഞ്ഞത്‌. പണ്ട്‌, ലീഗ്‌ ചത്ത കുതിരയെന്ന്‌ നെഹ്‌റു അധിക്ഷേപിച്ചപ്പോൾ കോഴിക്കോട്‌ കടപ്പുറത്ത്‌ ജനാരവത്തെ സാക്ഷിയാക്കി ‘ലീഗ്‌ ചത്ത കുതിരയല്ല, ഗർജിക്കുന്ന സിംഹമാണ്‌’ എന്നു മറുപടി കൊടുത്ത സി എച്ച്‌ മുഹമ്മദ്‌ കോയയുടെ പിൻഗാമികൾ ഇന്ന്‌ കോൺഗ്രസിനും മുഖ്യമന്ത്രി വി ഡി സതീശനും മുന്പിൽ മുട്ടിലിഴയുകയാണ്‌.


യുഡിഎഫ്‌ സർക്കാർ സന്പൂർണമായും കാവിപുതച്ചിരിക്കുകയാണ്‌. ലീഗിന്റെ വകുപ്പുകളിൽപ്പോലും കാവിവൽക്കരണമാണ്‌. വിദ്യാഭ്യാസമേഖലയിൽ ഇതുവരെ നടക്കാത്ത കാവിവൽക്കരണനയം വി ഡി സതീശൻ നടപ്പാക്കുന്നു. പല മേഖലയിലെയും ഇ‍ൗ ആർഎസ്‌എസ്‌–യുഡിഎഫ്‌ ഡീൽ മുസ്ലിംലീഗിന്റെകൂടി അറിവോടെയും സമ്മതത്തോടെയുമാണ്‌ നടപ്പാക്കുന്നത്‌. സത്യപ്രതിജ്ഞയ്‌ക്ക്‌ ആർഎസ്‌എസ്‌ പദ്ധതിയായ വന്ദേമാതരം സന്പൂർണമായി ആലപിച്ചതുമുതൽ ഏറ്റവും ഒടുവിൽ വഖഫ്‌ ബോർഡിൽ സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഹൈക്കോടതിയിൽ സർക്കാർ പച്ചക്കൊടി കാട്ടുന്നതിൽവരെ എത്തിയിരിക്കുന്നു ഡീൽ. ഇതിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല എന്നുമാത്രമല്ല പിഎം ശ്രീ, പിഎംഎവൈ വീടുകളിൽ മോദിയുടെ ചിത്രംപതിക്കൽ തുടങ്ങിയവയിൽ മുഖ്യകാർമികത്വം ലീഗ്‌ മന്ത്രിമാർക്കാണെന്നത്‌ അവരുടെ ഭരണത്തോടുള്ള ആർത്തി ഉറപ്പിക്കുന്നതാണ്‌. ‘കടലിൽ മുസല്ലയിട്ട്‌ നിസ്‌കരിച്ചാലും ആർഎസ്‌എസുമായി ഒരുബന്ധവുമുണ്ടാക്കില്ല’ എന്ന സി എച്ച്‌ മുഹമ്മദ്‌ കോയയുടെ വാക്കുകൾക്ക്‌ ലീഗിൽ പുല്ലുവിലയാണ്‌.


മതനിരപേക്ഷതയുടെ തുരുത്താണ്‌ കേരളം. കഴിഞ്ഞ പത്തുവർഷവും രാഷ്‌ട്രീയമായും ഭരണപരമായും നിയമപരമായും കേരളം ആർഎസ്‌എസിനെ പ്രതിരോധിച്ചു. ഉന്നതവിദ്യാഭ്യാസ മേഖല ഗവർണറെ ഉപയോഗിച്ച്‌ കാവിവൽക്കരിക്കാനുള്ള നീക്കത്തെ അത്യുജ്വലസമരത്തിലൂടെയാണ്‌ എസ്‌എഫ്‌ഐയും മറ്റ്‌ ഇടതുപക്ഷസംഘടനകളും ചെറുത്തത്‌. അക്കാലത്ത്‌ ഗവർണർ വച്ചുനീട്ടിയ എല്ലിൻകഷ്‌ണം വാങ്ങി കേരളത്തെ ഒറ്റുകൊടുക്കുകയായിരുന്നു കോൺഗ്രസും ലീഗും. അതിന്റെ തുടർച്ച ഒ‍ൗദ്യോഗികമായി ഇപ്പോൾ യുഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നു. ഒന്നുകരയാൻപോലും ശേഷിയില്ലാതെ എല്ലാത്തിനും ‘ആമീൻ’ പറയുകയാണ്‌ ലീഗ്‌. ലീഗ്‌ എവിടെവരെ പോകുമെന്ന്‌ വി ഡി സതീശന്‌ നന്നായി അറിയാം. അതുകൊണ്ടാണ്‌ ലീഗ്‌ വകുപ്പായ വിദ്യാഭ്യാസത്തിൽപ്പോലും നയപരമായ തീരുമാനം സതീശൻ എടുക്കുന്നത്‌. പിന്നീട്‌ അത്‌ ലീഗിന്‌ ഏറ്റെടുക്കേണ്ടിവരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിലെന്നു പറഞ്ഞവർ, ഇന്ന്‌ പിഎം ശ്രീയെ ന്യായീകരിക്കുകയാണ്‌. .

ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ വഖഫ്‌ ബോർഡുമായി ബന്ധപ്പെട്ട്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ നൽകിയ ഹർജിയെ സർക്കാർ ഹൈക്കോടതിയിൽ പിന്തുണച്ചത്‌. വഖഫ്‌ ബോർഡ്‌ നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിച്ച സംസ്ഥാനമാണ്‌ കേരളം. ബോർഡിൽ അമുസ്ലിം അംഗത്വമെന്ന ഭേദഗതിയാണ്‌ ഏറ്റവും അപകടം. ഇ‍ൗ ഭേദഗതി കേരളത്തിൽ നടപ്പാക്കണമെന്നാണ്‌ ബിജെപി നേതാവിന്റെ ആവശ്യം. വഖഫ്‌ ബോർഡിനെ പൂർണമായും ഗളച്ഛേദം ചെയ്യുന്ന ഹർജിയെ സംസ്ഥാന സർക്കാർ പിന്തുണച്ചിട്ടും ഒരു പ്രതിഷേധവും മുസ്ലിംലീഗിനില്ല. ലീഗ്‌ ചെന്നുപതിച്ച ചെളിക്കുണ്ടിന്റെ ആഴമാണിത് വ്യക്തമാക്കുന്നത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home