കോൺഗ്രസ് തുന്നിയ ബിജെപി വിജയം


എൻ എസ് സജിത്
Published on Nov 14, 2025, 10:56 PM | 2 min read
ദക്ഷിണാഫ്രിക്കയിൽ കേസ് വാദിക്കാൻ പോയ ഗുജറാത്തി ബാരിസ്റ്റർ മോഹൻദാസ് കരംചന്ദ് 1915ലാണ് തിരിച്ചെത്തിയത്. ബാരിസ്റ്റർ മോഹൻദാസ് ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ അമരക്കാരനായ മഹാത്മാഗാന്ധിയിലേക്കുള്ള വളർച്ചയിൽ ബിഹാറിനുള്ള പങ്ക് 1917ലെ ചന്പാരൻ സത്യഗ്രഹത്തിന്റെ ചരിത്രപാഠങ്ങളിലുണ്ട്. നീലം കർഷകർ നേരിടുന്ന മനുഷ്യത്വവിരുദ്ധമായ ചൂഷണത്തിനെതിരെയുള്ള മഹത്തായ പ്രക്ഷോഭം. അഹിംസയുടെ പ്രവാചകനായ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യ സത്യഗ്രഹം. മോഹൻദാസിനെ ഗാന്ധിജിയാക്കിയ ഇൗ നാടിന് എക്കാലവും അമിതാധികാരത്തിനും ചൂഷണത്തിനും എതിരെ പടനയിച്ച ചരിത്രമുണ്ട്.
ലോക്‌നായക് ജയപ്രകാശ് നാരായണിനെയും ബാബു ജഗ്‌ജീവൻ റാമിനെയുംപോലുള്ള സ്വാതന്ത്ര്യസമരസേനാനികൾക്ക് ജന്മം നൽകിയ ബിഹാറിന് അടിയന്തരാവസ്ഥക്കാലത്തെ ധീരമായ ചെറുത്തുനിൽപ്പിന്റെ ഉജ്വല ചരിത്രംകൂടിയുണ്ട്. അഖിലേന്ത്യ കിസാൻസഭ സ്ഥാപകൻ സ്വാമി സഹജാനന്ദ സരസ്വതിയുടെ കർമഭൂമിയും ബിഹാറായിരുന്നു. 1970കളിൽ ജെ പിയുടെ നേതൃത്വത്തിൽ ഇന്ത്യയാകെ ആഞ്ഞടിച്ച കൊടുങ്കാറ്റിന് കൂടൊരുക്കിയ മണ്ണ്. ബാബ്‌റി മസ്‌ജിദ് തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമെങ്ങും രക്തമൊഴുക്കി എൽ കെ അദ്വാനി നടത്തിയ രഥയാത്രയെന്ന വർഗീയ യാഗാശ്വത്തെ 1990 ഒക്‌ടോബർ 23ന് തടഞ്ഞതും ഇന്നാട്ടിൽത്തന്നെ.

സോഷ്യലിസ്റ്റ് ചിന്തയുടെ ഇൗറ്റില്ലമെന്ന് അഭിമാനംകൊണ്ട ഇൗ നാട്ടിലെ ജനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾക്ക് തിരിച്ചടിയായ ഒരു ജനവിധി നൽകിയത്. രാഷ്‌ട്രീയനേട്ടം കൊയ്യാൻ ഇന്ത്യയെ വർഗീയമായി വിഭജിക്കുകയെന്ന തന്ത്രം പയറ്റുന്ന ബിജെപിക്ക് രാജ്യമാകെ തങ്ങളുടെ അജൻഡ ശക്തമായി നടപ്പാക്കാൻ ഇൗ വിജയം കാരണമാകും. നവ ലിബറൽ നയങ്ങളുടെയും വർഗീയതയുടെയും വിഷസംയുക്തംകൊണ്ട് രാജ്യത്തെ തൊഴിലാളികൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള നീക്കങ്ങൾ ശക്തമാക്കാൻ സംഘപരിവാറിന് ഇൗ വിജയം കൂടുതൽ ഉൗർജമേകും.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്‌ട്രീയധാരയുടെ പ്രതിനിധിയായ നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർടിയായ ജെഡിയുവുംതന്നെയാണ് വർഷങ്ങളായി ബിജെപിക്ക് ചുവടുറപ്പിക്കാൻ അവസരമൊരുക്കിയത്. തുല്യ എണ്ണം സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിച്ചതെങ്കിലും കൂടുതൽ സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തൽക്കാലം നിതീഷിന്റെ മുഖ്യമന്ത്രിസ്ഥാനത്തിന് ഹാനി തട്ടില്ല. ജെഡിയുവിന്റെകൂടി പിന്തുണയോടെയാണ് കേന്ദ്രത്തിലെ എൻഡിഎ ഭരണം എന്നതുകൊണ്ടുമാത്രം ചില സൗജന്യം ബിജെപി അനുവദിച്ചുനൽകും. എന്നാൽ, ജെഡിയുവിന്റെ സാമാജികരെ അടർത്തി നിതീഷിനെ അട്ടിമറിച്ച് മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ആയാസമുള്ളതല്ല. ബിഹാറിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ബിജെപിക്കാരൻ മുഖ്യമന്ത്രിയായിട്ടില്ല.

ബിഹാർപോലൊരു സംസ്ഥാനത്ത് മതനിരപേക്ഷ കക്ഷികൾക്കുണ്ടായ ഇൗ തിരിച്ചടിയിൽ കോൺഗ്രസിന് ചെറുതല്ലാത്ത പങ്കുണ്ട്. 61 സീറ്റുകൾ ബലംപിടിച്ച് വാങ്ങി രണ്ട് സീറ്റിൽമാത്രം ജയിക്കാനേ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. രാഹുൽ ഗാന്ധി അതിഥിതാരം മാത്രമായി. ഘടകകക്ഷികൾ പരസ്‌പരം മത്സരിച്ചാലും ഒന്നും സംഭവിക്കാനില്ലെന്നാണ് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. വോട്ട് അധികാർ യാത്രയിലൂടെ നേടിയ മേൽക്കൈ പ്രചാരണത്തിൽ നിലനിർത്താൻ സാധിച്ചില്ല. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സിപിഐക്കെതിരെ സ്ഥാനാർഥികളെ നിർത്തി മത്സരിച്ചത് കോൺഗ്രസിന്റെ വൻചതികളിൽ ഒന്നുമാത്രം. കോൺഗ്രസിന്റെ അധികാരാർത്തി ഒന്നുകൊണ്ടുമാത്രം മഹാസഖ്യം പരാജയപ്പെട്ട ബച്ച്‌വാഡ മണ്ഡലത്തിലെ കണക്ക് ഒന്നുനോക്കാം. സിപിഐക്ക് സ്വാധീനമുള്ള ഇൗ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി. ബിജെപിയിലെ സുരേന്ദർ മേത്ത 15,841 വോട്ടിന് ജയിച്ചു. 1,00,341 വോട്ടാണ് മേത്ത നേടിയത്. എന്നാൽ, കോൺഗ്രസിലെയും സിപിഐയിലെയും സ്ഥാനാർഥികളുടെ വോട്ട് ചേർത്താൽ 10,6090. കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ വൻ ഭൂരിപക്ഷത്തിന് സിപിഐ ജയിക്കുമായിരുന്നു. ഇങ്ങനെ നാലു മണ്ഡലങ്ങളിലാണ് കോൺഗ്രസ് സിപിഐക്കെതിരെ മത്സരിച്ചത്.
തെരഞ്ഞെടുപ്പിനായി വലിയ തയ്യാറെടുപ്പുകൾ ബിജെപിയും ജെഡിയുവും ഘടകകക്ഷികളും നേരത്തേതന്നെ നടത്തിയപ്പോൾ മഹാസഖ്യത്തിലെ പ്രധാന പാർടികളായ ആർജെഡിയും കോൺഗ്രസും കാഴ്‌ചക്കാരായി. മുഖ്യമന്ത്രി റോസ്‌ഗാർ യോജന വാസ്‌തവത്തിൽ പണംകൊടുത്ത് വോട്ട് വാങ്ങാനുള്ള മറമാത്രമായിരുന്നു. ഇൗ പദ്ധതിയുടെ പേരിൽ പതിനായിരം രൂപവീതമാണ് 1.1 കോടി സ്‌ത്രീകളുടെ അക്കൗണ്ടിലിട്ടത്. ഇത് സ്ഥിരമായ സാമൂഹ്യസുരക്ഷാ പദ്ധതിയല്ല. വോട്ടുമാത്രം ലക്ഷ്യമിട്ടുള്ള ഒറ്റത്തവണ സഹായം മാത്രമാണ്.
സോഷ്യൽ എൻജിനിയറിങ്ങിലൂടെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കിയപ്പോൾ മഹാസഖ്യത്തിലെ പ്രമുഖ കക്ഷികൾക്ക് ഐക്യം നിലനിർത്താനായില്ല.















