ad
Deshabhimani

Articles

ബംഗാളിൽ ബിജെപി 
വരയ്‌ക്കുന്ന വിഭജനരേഖ

ബംഗാളിൽ ബിജെപി 
വരയ്‌ക്കുന്ന വിഭജനരേഖ

MODI
avatar
എൻ എസ്‌ സജിത്‌

Published on May 06, 2026, 11:10 PM | 4 min read

‘ബംഗാളില്‍നിന്ന് ഒരു വാര്‍ത്തയുമില്ല

ബംഗാളില്‍നിന്നു മാത്രം

യാതൊന്നും അറിയുന്നില്ല.

യാതൊന്നും

ഒന്നും’


കെ ജി ശങ്കരപ്പിള്ളയുടെ പ്രശസ്‌തമായ ‘ബംഗാൾ’ എന്ന കവിത ഇങ്ങനെയാണ്‌ തുടങ്ങുന്നത്‌. അതിന്റെ ആദ്യവരി ‘ബംഗാളിൽനിന്ന്‌ നല്ല ഒരു വാർത്തയുമില്ല’ എന്നു തിരുത്തേണ്ട രാഷ്‌ട്രീയസാഹചര്യമാണ്‌. വർഗീയാതിക്രമങ്ങളുടെ ഭൂതകാലത്തിലേക്ക്‌ തിരിച്ചുനടക്കുമോയെന്ന ഭീതിയുടെ സന്ദേശങ്ങളാണ്‌ ബംഗാളിൽനിന്ന്‌ ലഭിക്കുന്നത്‌.

വിഭജനകാലത്തും അതിനുശേഷവും കലാപങ്ങൾകൊണ്ട്‌ മുറിവേറ്റ നാടാണത്‌. അഭയാർഥികളുടെ അനന്തപ്രവാഹത്തിന്‌ സാക്ഷിയായ അതിർത്തി സംസ്ഥാനം. 1947ൽ സർ സിറിൽ റാഡ്‌ക്ലിഫ്‌ എന്ന ബ്രിട്ടീഷ്‌ അഭിഭാഷകൻ അതിർത്തി നിർണയ കമീഷൻ എന്ന പദവിയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ഇന്ത്യയെയും കിഴക്കൻ പാകിസ്ഥാനെയും വിഭജിക്കാൻ ഭൂപടത്തിൽ വരച്ച പെൻസിൽ വരയിലൂടെ അന്നൊഴുകിയത്‌ ചോരപ്പുഴയായിരുന്നു. ബംഗ്ലാ സംസാരിക്കുന്ന മുസ്ലിങ്ങൾ കിഴക്കൻ പാകിസ്ഥാനിലേക്കും (ഇന്നത്തെ ബംഗ്ലാദേശ്‌) ഹിന്ദുക്കൾ പടിഞ്ഞാറൻ ബംഗാളിലേക്കും പലായനം നടത്തിയപ്പോൾ ആയിരങ്ങൾ വർഗീയാഗ്നിയിൽ പിടഞ്ഞുവീണു. സഹോദരങ്ങളെപ്പോലെ ജീവിച്ചവരുടെ ചോരയൊഴുകുന്ന മറ്റൊരു മഹാനദിയായി പത്മ ഇരുരാജ്യങ്ങളെയും പകുത്തൊഴുകി.


1947 ആഗസ്‌ത്‌ 15ന്‌ സ്വാതന്ത്ര്യം ലഭിച്ച വേളയിൽ ഡൽഹിയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാതെ ഗാന്ധിജി കഴിഞ്ഞത്‌ കൽക്കത്തയിലായിരുന്നു. പ്ലേഗ്‌ പോലെ പടർന്ന വർഗീയലഹളകളിൽ മുറിവേറ്റവർക്ക്‌ ആശ്വാസത്തിന്റെ ലേപനമായി മാറി ബാപ്പുജി. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ബേലിയഘട്ടയിലുള്ള ‘ഹൈദരി മൻസിൽ' എന്ന വീട്ടിൽ ഗാന്ധിജി പ്രാർഥനയിലും ഉപവാസത്തിലുമായിരുന്നു. വർഗീയകലാപങ്ങൾ ഏൽപ്പിച്ച മുറിവുകൾക്ക്‌ തന്റെ സാന്നിധ്യം ശമന‍ൗഷധമാകുമെന്ന്‌ വിശ്വസിച്ചായിരുന്നു രാജ്യമാകെ ആഹ്ലാദത്തിമിർപ്പിലമർന്നപ്പോഴും ഗാന്ധിജി കൽക്കത്തയിൽ തങ്ങിയത്‌.

റാഡ്‌ക്ലിഫ്‌ രേഖ അന്ന്‌ ബംഗാളിന്റെ മനസ്സുകളെയാണ്‌ ഒരു വരകൊണ്ട്‌ വിഭജിച്ചതെങ്കിൽ പിൽക്കാലത്തെ ബംഗാൾ അതിന്റെ സ്വത്വം വീണ്ടെടുത്തു. ടാഗോറിനും ക്വാസി നസ്‌റുൾ ഇസ്‌ലാമിനും ഹൃദയത്തിന്റെ ഇരുപകുതികളിലുമായി ഇടംനൽകിയ ബംഗാളികൾ രാജ്യത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ അഗ്രഗാമികളായി. ആധുനിക ഇന്ത്യൻ നവോത്ഥാനത്തിന്റെ ക്രീഡാങ്കണമായ ബംഗാളിൽ 1920കൾമുതൽ ശക്തിയാർജിച്ചുവന്ന ഇടതുപക്ഷപ്രസ്ഥാനം ആ പ്രവർത്തനങ്ങളെ മുന്നിൽനിന്ന്‌ നയിച്ചു. വർഗബോധത്താൽ കരുത്താർജിച്ച ജനത മുറിവുകളേറ്റ ഭൂതകാലത്തെ പിന്തള്ളി സമാധാനത്തിന്റെയും ശാന്തിയുടെയും പ്രഭാതത്തിലേക്ക്‌ ചുവടുവച്ചു. പിന്നീട്‌ അടിയന്തരാവസ്ഥക്കാലത്ത് സിദ്ധാർഥ ശങ്കർ റേയുടെ അർധഫാസിസ്റ്റ് വാഴ്ചയെ ചെറുത്ത് 1977ൽ ഇടതുപക്ഷം അധികാരമേറ്റ ബംഗാളിൽ ഒരു വർഗീയകലാപംപോലും ഉണ്ടായില്ല. ബാബ്‌റി മസ്‌ജിദ്‌ തകർത്ത നാളുകളിൽപ്പോലും കേരളത്തെപ്പോലെതന്നെ ബംഗാളും അനന്യമായ ശാന്തിയോടെ പുലർന്നു. ഇടതുപക്ഷഭരണത്തിൽ അസ്വാരസ്യങ്ങളുടെ ചെറുതരിപോലും ബംഗാളിലെ പ്രശാന്തതയെ ഭഞ്‌ജിച്ചില്ല.


2006ലെ തെരഞ്ഞെടുപ്പോടെയാണ്‌ ബംഗാളിന്റെ അവസ്ഥ മാറിയത്‌. ഇടതുപക്ഷത്തെ തകർക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട മഴവിൽസഖ്യത്തിൽ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും മാവോയിസ്റ്റുകളും എല്ലാമുണ്ടായിരുന്നു. ഈ ബാന്ധവം 2011ൽ അധികാരം പിടിച്ചു. 1999 മുതൽ മമതയുടെ തൃണമൂൽ കോൺഗ്രസ്‌ എൻഡിഎയുടെ ഭാഗമായിരുന്നു എന്ന വസ്‌തുത അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അവരോടൊപ്പം ചേർന്നത്‌. 1999 മുതൽ 2004 വരെയുള്ള വാജ്‌പേയി സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു മമത. ബിജെപിയുമായി അധികാരം പങ്കിടാൻ മമത ബാനർജിയെന്ന പഴയ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ ഒരു ജാള്യവുമുണ്ടായിരുന്നില്ല. വംഗജനത എക്കാലവും അകറ്റിനിർത്തിയ ബിജെപിക്ക്‌ പശ്ചിമബംഗാൾ നിയമസഭയിൽ സാന്നിധ്യം ഉണ്ടാക്കിക്കൊടുത്തത്‌ മമതയുടെ ഇ‍ൗ ബന്ധമായിരുന്നു. ബിജെപി മാന്യമായ പങ്കാളിയാണെന്നും അവർക്കൊപ്പം പ്രവർത്തിക്കാമെന്നും അധികാരം പങ്കിടാമെന്നും മമത വോട്ടർമാരോടും പ്രവർത്തകരോടും ഒരു മറയുമില്ലാതെ പറഞ്ഞു. ആ അംഗീകാരമാണ് രണ്ടുപതിറ്റാണ്ടുകളായി ബിജെപിക്ക്‌ ബംഗാളിൽ അടിത്തറയൊരുക്കാൻ സഹായമായത്‌.


ബംഗാളിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷകയാണ്‌ താനെന്ന്‌ ആവർത്തിച്ചുപറയുന്പോൾത്തന്നെ ഹിന്ദുത്വശക്തികൾക്ക്‌ ചുവടുറപ്പിക്കുന്നതിന്‌ ആവശ്യമായ എല്ലാ സാംസ്‌കാരികസന്നാഹങ്ങളും ഒരുക്കിക്കൊടുത്തിരുന്നു മമത. ദുർഗാപൂജ കമ്മിറ്റികൾക്കുള്ള ധനസഹായം 2018-ലെ 10,000 രൂപയിൽനിന്ന് 2024-ൽ 85,000 രൂപയായി വർധിപ്പിച്ച മമത സർക്കാർ 43,000-ത്തിലധികം സംഘാടകർക്കായി 365 കോടിയിലധികം രൂപ സംസ്ഥാന ഖജനാവിൽനിന്ന് ചെലവിട്ടു. ഹൂഗ്ലി നദിയിൽ ‘ഗംഗാ ആരതി' തുടങ്ങുകയും ഗംഗാസാഗർ തീർഥാടനകേന്ദ്രത്തിനായി 1500 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ഹിന്ദുസ്വത്വം ഉറപ്പിക്കാനായി മമത വിഗ്രഹങ്ങളിൽ ‘ചക്ഷുദാൻ’ നടത്തുന്നതുംമറ്റും സമൂഹമാധ്യമംവഴി സംപ്രേഷണം ചെയ്തു. സംഘപരിവാർ പദ്ധതിയായി തുടങ്ങിയ ‘ത്രിവേണി കുംഭമേള'യുടെ നടത്തിപ്പുകാരായി തൃണമൂൽ കോൺഗ്രസുകാർ മാറി.

ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാൻ താനും പരമഭക്തയാണെന്ന്‌ തെളിയിക്കാനുള്ള മമതയുടെ നെട്ടോട്ടമാണ്‌ ഒന്നരപ്പതിറ്റാണ്ടായി ബംഗാൾ കണ്ടത്‌. ബിജെപി അജൻഡയെ നോർമലൈസ്‌ ചെയ്യുക എന്ന അപകടകരമായ യുക്തിയെയാണ്‌ മമത ആശ്ലേഷിച്ചത്‌. ഇ‍ൗ സാഹചര്യങ്ങൾ സ്വാഭാവികമായും ബിജെപി മുതലെടുത്തു. ഭൂരിപക്ഷ ഹിന്ദുസമുദായാംഗങ്ങൾ ഇമിറ്റേഷൻ ഹിന്ദുത്വയേക്കാൾ നല്ലത്‌ ഒറിജിനൽ ഹിന്ദുത്വയാണെന്നു കണ്ട്‌ ബിജെപിയെ വോട്ട്‌ ചെയ്‌ത്‌ വിജയിപ്പിച്ചു.


പതിനഞ്ചുവർഷമായി ഭരണത്തെ മാഫിയവൽക്കരിച്ചത്‌ മമതയ്‌ക്കെതിരെ ശക്തമായ ജനവികാരം വളരാനിടയാക്കി. അഴിമതിയും വ്യാപകമായ അക്രമവും തൊഴിലില്ലായ്‌മയുമെല്ലാം ജനങ്ങളിൽ അമർഷം വർധിപ്പിച്ചു. വീടുണ്ടാക്കാനോ പുതുക്കിപ്പണിയാനോ തൃണമൂൽ നേതാക്കൾക്ക്‌ ഗുണ്ടാപ്പിരിവ്‌ നൽകേണ്ട സ്ഥിതിയുണ്ടായി. ഭരണമാറ്റം വേണമെന്ന ജനകീയവികാരവും ബിജെപി സൃഷ്‌ടിച്ച വർഗീയധ്രുവീകരണവും ചേർന്നപ്പോൾ മമത തകർന്നടിഞ്ഞു. ഒപ്പം എസ്‌ഐആറിന്റെ പേരിൽ 90 ലക്ഷത്തിലേറെ വോട്ടുകൾ വെട്ടിയപ്പോൾ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മാൾഡ, മുർഷിദാബാദ്‌ ജില്ലകളിൽപ്പോലും ബിജെപിക്ക്‌ പിടിമുറുക്കാനായി. 27 ശതമാനം മുസ്ലിം ജനസംഖ്യയുള്ള പശ്ചിമ ബംഗാളിൽ നിയമസഭയിലേക്ക്‌ വിജയിച്ച മുസ്ലിം നാമധാരികളുടെ എണ്ണം 42-ൽനിന്ന് 36 ആയി കുറഞ്ഞു. 90 ശതമാനത്തിലേറെ ഹിന്ദുവോട്ടർമാരുള്ള 49 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾക്ക്‌ വൻഭൂരിപക്ഷം ലഭിച്ചത്‌ ബിജെപിയുടെ വർഗീയധ്രുവീകരണത്തിന്റെ മൂർച്ചയാണ്‌ കാണിക്കുന്നത്‌.


മുർഷിദാബാദ്‌, മാൾഡ ജില്ലകളിലെ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിനും കോൺഗ്രസിനുമായി ഭിന്നിച്ചുപോയിരുന്നില്ലെങ്കിൽ ബിജെപിക്ക്‌ ഇത്രയും സീറ്റുകൾ ലഭിക്കില്ലായിരുന്നു. എന്നാൽ, പല മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാർഥികൾ 50,000 മുതൽ 70,000 വരെ വോട്ടുകൾ നേടി. ഡോംകൽ സീറ്റിൽ സിപിഐ എം സ്ഥാനാർഥി മൊസ്‌താഫിസുർ റഹ്‌മാൻ വൻവിജയം നേടിയത്‌ ഇടതുപക്ഷത്തിന്‌ ന്യൂനപക്ഷങ്ങളുടെ പിന്തുണയാർജിക്കാൻ കഴിഞ്ഞതിന്റെ തെളിവാണ്‌. മുന്പ്‌ തൃണമൂലുകാർ കൈയേറിയ പല ഓഫീസുകളും സിപിഐ എമ്മിന്‌ തിരിച്ചുപിടിക്കാനായി. ബംഗാളിൽ ശക്തമായി ഇടതുപക്ഷത്തിന്‌ തിരിച്ചുവരാൻ കഴിയുമെന്നുതന്നെയാണ്‌ ഇത്തവണത്തെ ഫലങ്ങൾ കാണിക്കുന്നത്‌.


ബംഗ്ലാദേശി ചാപ്പകുത്തി മുസ്ലിങ്ങളെ ഭീകരരും നുഴഞ്ഞുകയറ്റക്കാരുമായി ചിത്രീകരിക്കുന്നതിൽ ബിജെപി വിജയിച്ചു. ഇ‍ൗ വിദ്വേഷപ്രചാരണത്തിൽ ഹിന്ദു ജനസാമാന്യത്തെ വശംവദരാക്കാനും അവർക്കായി. 27 ശതമാനം മുസ്ലിം ജനസംഖ്യയെ അപ്രസക്തമാക്കി തെരഞ്ഞെടുപ്പ്‌ ജയിക്കാമെന്നുകൂടി ബിജെപി ബംഗാളിൽ തെളിയിച്ചു. ബംഗ്ലാദേശിൽനിന്ന്‌ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ടെങ്കിൽ അതിനെ നിർവീര്യമാക്കേണ്ടത്‌ കേന്ദ്രസർക്കാരാണ്‌. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള പരാജയത്തെ വിദ്വേഷപ്രചാരണത്തിലൂടെ മറയ്‌ക്കാൻ നരേന്ദ്ര മോദിക്കും അമിത്‌ ഷായ്‌ക്കും സാധിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ വരുന്നതോടെ ബംഗാളികളുടെ അസ്‌തിത്വം നഷ്‌ടപ്പെടുമെന്നായിരുന്നു പല തെരഞ്ഞെടുപ്പുപ്രചാരണ വേദികളിലും നരേന്ദ്ര മോദി പറഞ്ഞത്‌. ഇതേ ചീട്ട്‌ അസമിലും ഇറക്കി.


ഭസ്‌മാസുരന്‌ വരം കൊടുക്കരുതെന്ന്‌ മമതയ്‌ക്ക്‌ ബോധ്യപ്പെടാൻ വൈകിയെന്ന്‌ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. ഫലം വന്നതിനുപിന്നാലെ കൊൽക്കത്തയിലും പരിസരങ്ങളിലും ബിജെപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടങ്ങി. തൃണമൂൽ കോൺഗ്രസിന്റെ നിരവധി ഓഫീസുകൾ തകർത്തു. തൃണമൂൽ ഗുണ്ടാമാഫിയസംഘം അപ്പാടെ ബിജെപിയിലേക്ക്‌ കൂറുമാറി. മുർഷിദാബാദിൽ സിപിഐ എമ്മിനുനേരെയുള്ള ആക്രമണം തുടരുകയാണ്‌. കഴിഞ്ഞദിവസം മുർഷിദാബാദിൽ മഹാനായ ലെനിന്റെ പ്രതിമ ബിജെപി ഗുണ്ടകൾ തകർത്തു.


ബംഗാളിന്റെ സംസ്‌കൃതിയെയും നവോത്ഥാനപാരന്പര്യത്തെയും നിഷേധിക്കുന്ന ബിജെപിക്ക്‌ എല്ലാ അർഥത്തിലും ഇടംനൽകിയ മമതയെന്ന ഒറ്റുകാരിക്ക്‌ ട്രോജൻ കുതിരയോടാണ്‌ സാമ്യം. സാമുദായിക സ‍ൗഹാർദത്തിന്‌ പേരുകേട്ട ബംഗാളിനെ വർഗീയതയുടെ വിളനിലമാക്കാൻ ബിജെപിക്ക്‌ അവസരം നൽകിയ അധികാരമോഹിയായ മമതയെ ചരിത്രം കുറ്റക്കാരിയെന്നുതന്നെ വിളിക്കും.



Deshabhimani
Home