Deshabhimani

നീതിനിഷേധത്തിനെതിരെ ലോകമെങ്ങും സമരങ്ങൾ പടരുമ്പോൾ

france students protest
avatar
എം വി ​ഗോവിന്ദൻ

Published on Oct 22, 2026, 01:30 AM | 4 min read

മോദി സർക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം പടരുന്ന ഘട്ടത്തിൽ അതിൽ പങ്കെടുത്ത് അറസ്‌റ്റ്‌ വരിച്ച എന്നെപ്പോലുള്ളവർക്ക് ആവേശവും പ്രതീക്ഷയും നൽകുന്ന സംഭവങ്ങളാണ് ലോകത്തെമ്പാടും നടക്കുന്നത്. വോട്ടവകാശം നിഷേധിക്കുന്ന, വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത, സാമ്രാജ്യത്വ യുദ്ധത്തെ പിന്തുണയ്‌ക്കുന്ന മോദി സർക്കാരിനെതിരെ ദിനംപ്രതി ജെൻസീകൾമുതൽ കർഷകരും തൊഴിലാളികളുംവരെ പ്രതിഷേധത്തിന്റെ ഹിമാലയം തീർക്കുമ്പോൾത്തന്നെയാണ് യൂറോപ്പിലും അമേരിക്കയിലും അവിടങ്ങളിലെ വലതുപക്ഷ–ജനവിരുദ്ധ സർക്കാരുകൾക്കെതിരെ വ്യാപക രോഷം അലയടിക്കുന്നത്. യൂറോപ്പിലെ പത്തോളം രാജ്യങ്ങളിൽ ഇതിനകം വലിയ പ്രക്ഷോഭങ്ങളുണ്ടായി. ഇ‍ൗ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രം വിപ്ലവങ്ങളുടെ നാടായ ഫ്രാൻസാണ്. വിദ്യാഭ്യാസരംഗത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്രാൻസിലെ ഹൈസ്‌കൂൾ വിദ്യാർഥികൾ സമരം ആരംഭിച്ചത്. ന്യായമായ ഈ ആവശ്യത്തെ പിന്തുണച്ച് അധ്യാപകരും ട്രേഡ് യൂണിയനുകളും യുവജന സംഘടനകളും രംഗത്തുവന്നു. ഫ്രാൻസിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ഫ്രാൻസ് ഇൻസൗമിസും കമ്യൂണിസ്റ്റ് പാർടിയും സമരത്തെ പിന്തുണച്ചതോടെ അത് ആ രാജ്യത്തെ ഇളക്കിമറിക്കുന്ന പ്രക്ഷോഭമായി വളർന്നു. ഗ്രനേഡും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് മാക്രോൺ സർക്കാർ സമരത്തെ നേരിട്ടത്. പ്രധാന നഗരങ്ങളിൽ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.


​അയൽരാജ്യമായ ബെൽജിയത്തിൽ അധ്യയന ഫീസും യുണിവേഴ്സിറ്റി രജിസ്ട്രേഷൻ ഫീസും ഉയർത്തിയതിനെതിരെയാണ് ബ്രസൽസിലും ലിജിയയിലും പ്രക്ഷോഭം. കിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ അധ്യയന ഫീസ് വർധനയാണ് പ്രക്ഷോഭ കാരണം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ മരുമകന് കായൽത്തീരവും ഒരു ദ്വീപ് തന്നെയും അഴിമതി മാർഗത്തിൽ കൈമാറാനുള്ള തീരുമാനത്തിനെതിരെ മെയ് മുതൽ തുടരുന്ന ഫ്‌ളെമിംഗോ പ്രസ്ഥാനത്തിന്റെ തുടർച്ചയായാണ് തലസ്ഥാനമായ ടിരാനയെ വിറപ്പിച്ച വിദ്യാർഥി പ്രക്ഷോഭം അരങ്ങേറിയത്. സ്‌പെയിനിലും അയൽരാജ്യമായ പോർച്ചുഗലിലും ജനങ്ങൾ തെരുവിലിറങ്ങിയത്‌ താമസിക്കാൻ ഇടം ആവശ്യപ്പെട്ടാണ്‌. ശമ്പളം മുഴുവൻ വാടക കൊടുക്കേണ്ടി വരുന്ന ഗതികേടിന് പരിഹാരം തേടിയാണ് അവർ യഥാക്രമം ഇരുരാജ്യത്തിന്റെയും തലസ്ഥാനനഗരങ്ങളായ മാഡ്രിഡിലും ലിസ്ബണിലും പ്രതിഷേധനിര ഉയർത്തിയത്. നിലവിലുള്ള വാടകക്കാരെ 2030 വരെ ഒഴിപ്പിക്കരുതെന്ന നിയമ നിർമാണവുമായി സ്‌പെയിനിലെ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്‌റ്റ്‌ പാർടി സർക്കാർ മുന്നോട്ടുവന്നപ്പോൾ യാഥാസ്ഥിതിക കക്ഷികളും തീവ്രവലതുപക്ഷവും കൈകോർത്ത് പുരോഗമനപരമായ ആ നിയമനിർമാണത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന്‌ സാഞ്ചസ് സർക്കാർ രാജിവയ്‌ക്കുകയും നവംബർ 29ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുകയാണ്.


നവംബർ 11ന് പൊതുപണിമുടക്കും സ്‌പെയിനിൽ നടക്കും. കുതിക്കുന്ന ജീവിതച്ചെലവും വർഷങ്ങളായി വർധിക്കാത്ത കൂലിയും ജനജീവിതം ദുസ്സഹമാക്കിയപ്പോഴാണ് ഇറ്റലിയിലെയും ഗ്രീസിലെയും ജർമനിയിലെയും ജനങ്ങൾ തെരുവിലിറങ്ങിയത്. ഇറ്റലിയുടെ സാമ്പത്തിക–ഫാഷൻ തലസ്ഥാനമായ മിലാനിൽ പ്രക്ഷോഭകരെ നേരിടാൻ തീവ്രവലതുപക്ഷ പ്രസിഡന്റ് ജോർജിയോ മെലോണി പട്ടാളത്തെ നിയോഗിച്ചിരിക്കുകയാണ്. ആസ്ട്രിയ, സെർബിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും വിദ്യാർഥി പ്രക്ഷോഭം നടന്നുവരികയാണ്. അമേരിക്കയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ട്രംപിനെതിരെ നടക്കുന്ന "നോ കിങ്‌സ്‌" പ്രതിഷേധത്തിൽ പതിനായിരങ്ങളാണ് അണിനിരക്കുന്നത്. ലാറ്റിനമേരിക്കയിലെ അർജന്റീനയിലും ചിലിയിലും കൊളംബിയയിലും ബൊളീവിയയിലും പ്രതിഷേധം ശക്തമാണ്. ട്രംപിന്റെ ശിങ്കിടി ഭരിക്കുന്ന കൊളംബിയയിൽ കഴിഞ്ഞ 14നും അർജന്റീനയയിൽ 15നും പണിമുടക്ക് നടന്നു.


​ജനങ്ങളുടെ ഈ വർധിച്ച രോഷം മുതലാളിത്തത്തിനെതിരെ പ്രത്യേകിച്ചും നവഉദാരവാദനയം നടപ്പാക്കുന്ന മുതലാളിത്ത സർക്കാരുകൾക്കെതിരെയാണെന്ന് കാണാം. സർക്കാരുകൾ സംരക്ഷിക്കേണ്ടത്‌ കോർപറേറ്റ് മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങളാണെന്ന്‌ നവഉദാരവാദനയത്തിന്റെ പ്രയോക്താക്കൾ പറയുന്നു. ഇതിന്റെ ഫലമായി പല രാജ്യങ്ങളും സമ്പന്നർക്കുള്ള നികുതിവെട്ടിച്ചുരുക്കുകയും വെൽത്ത്‌ ടാക്‌സ്‌, കോർപറേറ്റ് ടാക്‌സ്‌ എന്നിവ ഉൾപ്പെടെ ഉപേക്ഷിക്കുകയും ചെയ്‌തു. മാത്രമല്ല, തൊഴിലാളികൾക്കും ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിവന്ന ആനുകൂല്യങ്ങൾ പിൻവലിക്കുകയും ക്ഷേമ നടപടികൾ അപ്പാടെ ഉപേക്ഷിക്കുകയും ചെയ്തു. ധനമൂലധനശക്തികളെ സന്തോഷിപ്പിച്ച് നിർത്താനും സ്വകാര്യ മൂലധനത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ബജറ്റ് കമ്മി നികത്താനെന്ന പേരിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പൊതുനിക്ഷേപം കുറയ്‌ക്കുന്നത്‌. അതോടൊപ്പം വിലപേശലിന്‌ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയും ചെയ്തു.


അതായത്, ധനമൂലധനശക്തികൾക്ക്‌ ലാഭം കുന്നുകൂട്ടാൻ സഹായിക്കുന്ന സാമ്പത്തിക രാഷ്‌ട്രീയ നയത്തിനെതിരെയുള്ള പ്രതിഷേധമാണ് ലോകമെങ്ങും ഇപ്പോൾ ഉയരുന്നത്. അതോടൊപ്പം വർധിക്കുന്ന തൊഴിലില്ലായ്‌മയും നിർമിതബുദ്ധിയുടെ വിപുലമായ ഉപയോഗവും ഭാവിയെക്കുറിച്ച്‌ യുവജനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകളും സമരത്തിന് ഇന്ധനം പകർന്നു. ​റഷ്യക്കെതിരെ നടക്കുന്ന നാറ്റോ യുദ്ധത്തിനായി ഫ്രാൻസും ജർമനിയും ഇറ്റലിയും മറ്റും കോടിക്കണക്കിന് യൂറോ വകമാറ്റുന്നതും യൂറോപ്പിലെ പ്രതിസന്ധിക്ക് പ്രധാന കാരണമാണ്‌. ഈ യുദ്ധഫണ്ടാണ് ചെലവ്‌ ചുരുക്കൽ നയം സ്വീകരിക്കാൻ മറ്റൊരു കാരണം. മറ്റൊരുവശം കൂടിയുണ്ട്. ഇറാൻ, ഉക്രയ്ൻ യുദ്ധങ്ങൾ കാരണം പെട്രോൾ, ഗ്യാസ്, വൈദ്യുതി വിലയും കുത്തനെ കൂട്ടാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ നിർബന്ധിതമായി. ഇത് ജനജീവിതം ദുസ്സഹമാക്കി.


​അതായത് പ്രക്ഷോഭകർ ഉയർത്തുന്ന ആവശ്യങ്ങളിൽ നിഴലിച്ചു കാണുന്നത് നവഉദാരവൽക്കരണ മുതലാളിത്ത നയങ്ങൾക്കെതിരായ രോഷമാണ്. വാങ്ങൽശേഷിയിലെ കുറവും ചെലവുചുരുക്കലിന് ഊന്നൽ നൽകുന്ന ബജറ്റും കുതിച്ചുയരുന്ന ഇന്ധനവിലയും റിയൽ എസ്‌റ്റേറ്റ് മേഖലയിലെ കഴുത്തറപ്പൻ മത്സരവും ഊഹക്കച്ചവടവുമാണ് അവരെ തെരുവിലേക്ക് നയിച്ചത്. അവരുയർത്തുന്ന ആവശ്യങ്ങളിൽനിന്ന് ഇത് വ്യക്തമാകും. വിലക്കയറ്റത്തിന് അനുസരിച്ച് കൂലി വർധന, ആരോഗ്യ– വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ സർക്കാർ നിക്ഷേപം, വൈദ്യുതിയുടെയും പെട്രോളിന്റെയും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രിക്കുകയും വിലപരിധി നിർണയിക്കുകയും ചെയ്യുക, മിതമായ നിരക്കിന് വീട് ലഭ്യമാക്കുക, വാടകപരിധി നിശ്ചയിക്കുകയും അഞ്ച് വർഷത്തിനുശേഷംമാത്രം വർധന അനുവദിക്കുകയും ചെയ്യുക, ട്രേഡ് യൂണിയൻ ആവകാശങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ പ്രധാനമായും ഉയർന്നത്. അമേരിക്കൻ വിരോധവും ഈ സമരങ്ങളിൽ നിഴലിച്ചു കാണാം. അൽബേനിയയിൽ ഇത് പ്രകടമാണ്. അർജന്റീനിയയിൽ അമേരിക്കൻ ദേശീയപതാക കത്തിച്ചത് ഈ രോഷപ്രകടനത്തിന്റെ ആഴം വ്യക്തമാക്കുന്നു.


​ജനങ്ങൾ അവരുടെ നീറുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ് സമരത്തിന് ഇറങ്ങിയത്‌. ഈ ജനങ്ങളെ വർഗീയമായും വംശീയമായും ഭിന്നിപ്പിച്ച് മുതലാളിത്ത ചൂഷണം നിർബാധം തുടരുന്നതിന് വഴിയൊരുക്കാനാണ് ട്രംപ് മുതൽ മോഹൻ ഭാഗവത് വരെയുള്ള തീവ്രവലതുപക്ഷ നേതാക്കൾ തയ്യാറാകുന്നത്. ട്രംപ് പറയുന്നത് കുടിയേറ്റക്കാരാണ്, മുസ്ലിങ്ങളാണ് പ്രക്ഷോഭത്തിന് പിന്നിലുള്ളതെന്നും അതിനാൽ അതിർത്തി പൂർണമായും അടച്ച് പ്രക്ഷോഭത്തെ നിർദയം അടിച്ചമർത്തണമെന്നുമാണ്. വൈവിധ്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഭാഗമായി കുടിയേറ്റക്കാരെ, മുസ്ലിങ്ങളെ മുഖ്യധാരയിൽ കൊണ്ടുവന്നതാണ് യൂറോപ്യൻ ദുരന്തത്തിന് കാരണമെന്നാണ് ട്രംപിന്റെ ഭാഷ്യം. സ്‌കൂളുകളല്ല ഇസ്ലാമാണ് യഥാർഥ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എല്ലാവർഷവും നടത്താറുള്ള വിജയദശമി പ്രസംഗത്തിൽ പറഞ്ഞത് ഇന്ത്യയിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ആഗോള ഗൂഢാലോചനയുണ്ടെന്നാണ്. പാശ്ചാത്യനാടുകളിൽനിന്നാണ് സമരക്കൊടുങ്കാറ്റ് ഇന്ത്യയിൽ എത്തുന്നതെന്നും ‘ഭാരതത്തെ അട്ടിമറിക്കാനുള്ള’ ശക്തികളാണ് അതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് ഭരണമാറ്റം സാധ്യമല്ലെന്നും മോദിയെ പൂർണമായും പിന്തുണച്ച്‌ ഭാഗവത് കൂടിച്ചേർത്തു. അതായത് ജനങ്ങൾ ജീവിതം നിലനിർത്താനായി നടത്തുന്ന പോരാട്ടത്തെ മതവും വംശവും പറഞ്ഞ് ഭിന്നിപ്പിച്ച് കോർപറേറ്റ് മുതലാളിത്ത ചൂഷണം നിർബാധം തുടരാൻ പാതയൊരുക്കുകയാണ് ട്രംപും ഭാഗവതും മറ്റും. സമരത്തിന് പിന്നിൽ ഇടതുപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി കമ്യൂണിസ്‌റ്റുകാരെ വേട്ടയാടാനും ഇവർ ഒരുങ്ങുകയാണ്. ഈ വേളയിൽ ജനങ്ങൾക്കൊപ്പംനിന്ന് സമരപതാക ഉയർത്തിപ്പിടിക്കുകയാണ് ഓരോ മനുഷ്യസ്‌നേഹിയുടെയും കടമ. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പുരോഗമനവാദികളും ആ ദൗത്യമാണ് നിർവഹിക്കുന്നത്. ഇന്ത്യയിൽ ഞങ്ങൾ ചെയ്യുന്നതും അതുതന്നെയാണ്. ജനങ്ങൾക്കൊപ്പംനിന്ന് വിജയംവരെയും സിപിഐ എമ്മും ഇടതുപക്ഷവും പോരാടും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home