Deshabhimani

ജനാധിപത്യം 
അട്ടിമറിക്കപ്പെടുമ്പോൾ

സ്ഐആര്‍ നടപടിക്രമത്തിലെ അപാകം
avatar
വെബ് ഡെസ്ക്

Published on Sep 26, 2026, 01:30 AM | 4 min read

കഴിഞ്ഞവർഷം ബിഹാറിൽ എസ്‌ഐആർ (പ്രത്യേക തീവ്ര പുനഃപരിശോധന) ആരംഭിച്ചതുമുതൽ, അത് തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെമാത്രമല്ല, രാജ്യത്തെ വിശാല ജനാധിപത്യ രാഷ്ട്രീയപ്രക്രിയയെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുപ്രക്രിയയുടെ ഉള്ളടക്കത്തിനുപുറമെ, സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാണെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.


​എസ്‌ഐആർ ആരംഭിച്ചപ്പോൾ, വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി 2002-–03ൽ നടത്തിയ നടപടിയുടെ സ്വാഭാവിക ആവർത്തനംമാത്രമാണിതെന്നും അസാധാരണമായി ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം സത്യസന്ധമായിരുന്നില്ല. കാരണം 2002–-03ൽ ഉപയോഗിച്ച പരിഗണനാഘടകങ്ങളും അന്ന് പിന്തുടർന്ന കൃത്യമായ നടപടിക്രമവും ഒരിക്കലും പൊതുസമൂഹത്തിൽ വ്യക്തമാക്കപ്പെട്ടിരുന്നില്ല. വളരെ അടുത്തിടെ 2002–-03ലെ എസ്‌ഐആർ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇപ്പോൾ പിന്തുടരുന്ന സമീപനത്തെക്കുറിച്ചുള്ള മുഴുവൻ അവകാശവാദവും വസ്തുതാവിരുദ്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു.


​ആരംഭംമുതൽ വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിൽ പിന്തുടർന്നിരുന്ന രീതിക്ക് അനുസൃതമായി, 2002-–03ലെ നടപടിക്രമത്തിൽ വോട്ടർ തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ലായിരുന്നു. 2025ൽ ഇതിൽ അടിസ്ഥാനപരമായ മാറ്റംവരുത്തി. വോട്ടർമാർ സമർപ്പിക്കുന്ന അപേക്ഷാഫോമിനൊപ്പം 11 രേഖകളിൽ ഏതെങ്കിലും ആവശ്യമായതായി നിശ്ചയിച്ചു. കൂടാതെ 2002-–03നുമുമ്പുള്ള തെരഞ്ഞെടുപ്പുകളിലെ വോട്ടർപട്ടികയിൽ, അവരുടെ പേര്‌ മാതാപിതാക്കളിൽ ഒരാളുടെ പേരുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണമെന്നും വ്യവസ്ഥ ചെയ്‌തു. ഇത്തരത്തിലുള്ള മാതാപിതൃബന്ധംവഴി പേരുകൾ ബന്ധിക്കപ്പെട്ടവർക്ക് (മാപ്പ് ചെയ്തിട്ടുള്ളവർക്ക്) ഇനി അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഈ നിബന്ധന കൊണ്ടുവന്നത്.


​സമഗ്ര പുനഃപരിശോധന നടത്താൻ ആവശ്യമായ സമയപരിധിയും വളരെ കുറവായിരുന്നു. ബിജെപിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയശക്തികളുടെയും ശക്തമായ വിയോജിപ്പിനെ അവഗണിച്ച്, അഹങ്കാരപൂർവമായ അനാസ്ഥയോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോയത്. മുൻകാലങ്ങളിൽ ഇത്തരം പ്രാധാന്യമുള്ള നടപടികൾ പരിഗണിക്കുമ്പോൾ രാഷ്ട്രീയരംഗത്തെ എല്ലാ വിഭാഗങ്ങളുടെയും സമവായത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിച്ചിരുന്നുള്ളൂ. ഇതിന് കടകവിരുദ്ധമായിരുന്നു ഇപ്പോഴത്തെ സമീപനം.


​13 കോടി പൗരന്മാർക്ക് 
‘ചെറിയ അസൗകര്യം’


​ബിഹാറിലെ എസ്‌ഐആറിന്റെ ഫലംതന്നെ മുന്നറിയിപ്പിന്റെ സൂചന നൽകാൻ പര്യാപ്തമായിരുന്നു. 65 ലക്ഷം വോട്ടർമാരുടെ പേരുകളാണ് അവിടെ നീക്കംചെയ്തത്. രാജ്യത്താകമാനം ഇത് 10 കോടി പേരിലേക്കുവരെ ഉയരാമെന്ന് തെരഞ്ഞെടുപ്പ് പഠനവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കമീഷനെ പിന്തുണയ്ക്കുന്നവരും സർക്കാർ വക്താക്കളും ഈ കണക്കുകൂട്ടലിനെ പരിഹസിച്ചുതള്ളി. ഇപ്പോൾ എസ്‌ഐആർ നടന്ന സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, നാഗാലാൻഡും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകൾ കാണിക്കുന്നത് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 13 കോടി 37 ലക്ഷമായി ഉയർന്നിരിക്കുകയാണ് എന്നാണ്. ഈ പ്രക്രിയ നടന്നിട്ടില്ലാത്ത ഹിമാചൽപ്രദേശും ജമ്മു കശ്മീരും ഇതിൽ ഉൾപ്പെടുന്നില്ല.


​വളരെ അടുത്തിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തന്റെ ദീർഘകാല മൗനത്തിന് വിരാമമിട്ട് വളരെ ഹ്രസ്വമായ പരാമർശം ഇതുസംബന്ധിച്ച് നടത്തി. ചില പൗരന്മാർക്ക് ഉണ്ടായേക്കാവുന്ന ‘ചെറിയ അസൗകര്യം’ അവഗണിച്ചാലും, രാജ്യത്തുടനീളം നടത്തിയ എസ്‌ഐആർ ‘ന്യായമായ തെരഞ്ഞെടുപ്പ്’ നടത്തുന്നതിനായി വോട്ടർപട്ടിക ശുദ്ധീകരിക്കാൻ അനിവാര്യമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിരുപദ്രവകരമെന്ന് തോന്നുന്ന ആ പരാമർശം മഞ്ഞുമലയുടെ അഗ്രംമാത്രമാണെന്ന് ഇപ്പോൾ വെളിവാക്കപ്പെട്ടു.


​ഏവരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ സെപ്‌തംബർ 23ന് ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ ദിനപത്രംവഴിയാണ്‌ പുറത്തുവന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടിക്രമങ്ങളിലെ നിരവധി ക്രമക്കേടുകൾ വെളിച്ചത്തായി. തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തനം സംബന്ധിച്ച നിയമം വളരെ വ്യക്തമാണ്: മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാർക്കും കമീഷന്റെ നടപടികളിൽ തുല്യ അവകാശമാണുള്ളത്. എന്നാൽ, മറ്റു രണ്ടു കമീഷണർമാർ 14 തവണ എതിർപ്പുകൾ ഉന്നയിച്ചിട്ടും ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി മുന്നോട്ടുപോയ നടപടികളുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ കമീഷണർ വിവേക് ജോഷിക്ക് ഒരു പ്രത്യേക വിഷയത്തിൽ ആ നടപടി ‘അനധികൃതവും നിയമവിരുദ്ധവുമാണ്’ എന്ന് രേഖപ്പെടുത്തേണ്ടിവന്നു.


​എത്രതവണ എതിർപ്പ്‌ ഉന്നയിക്കപ്പെട്ടു എന്നതുമാത്രമല്ല പ്രശ്നം. പുറത്തുവന്ന വിവരങ്ങളോടുള്ള കമീഷന്റെ ഔദ്യോഗികപ്രതികരണവും വിഷയത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമാക്കുന്നു. എതിർപ്പുകളെയും അഭിപ്രായവ്യത്യാസങ്ങളെയും സാധാരണ സ്ഥാപനപരമായ അഭിപ്രായവ്യത്യാസങ്ങളായി ചിത്രീകരിച്ച് നിസ്സാരവൽക്കരിക്കാനാണ് കമീഷൻ വാർത്താക്കുറിപ്പിൽ ശ്രമിച്ചത്. ഒരു ബിജെപി വക്താവ് അതിലും ഒരുപടി മുന്നോട്ടുപോയി, ഇത് സ്ഥാപനത്തിന്റെ സജീവ ജനാധിപത്യത്തിന്‌ തെളിവാണെന്ന്‌ അവകാശപ്പെട്ടു. പുറത്തുവന്ന ഗുരുതര വിഷയങ്ങളിൽ കൂടുതൽ പരിശോധനയും ചർച്ചയും ഉണ്ടാകുന്നത്‌ തടയാനുള്ള ശ്രമം മാത്രമായിരുന്നു ധാർഷ്‌ട്യത്തോടെയുള്ള ഇ‍ൗ അവകാശവാദമെന്ന് വ്യക്തം.


​നിയമവിരുദ്ധ കേന്ദ്രീകരണം


​ബിഹാറിൽ എസ്‌ഐആറിന്‌ തുടക്കമിടുമ്പോൾ 2002–-03ലെ നടപടിക്രമങ്ങൾ പൊതുമണ്ഡലത്തിൽ പ്രസിദ്ധീകരിക്കാതിരുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. എസ്‌ഐആർ നടപടിയിലേക്ക് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തണമെങ്കിൽ, ആളുകളിൽനിന്ന് അധികവിവരങ്ങൾ ആവശ്യപ്പെടുന്നതിനായി ഫോം 6 തയ്യാറാക്കുന്ന രീതിയിൽ മാറ്റംവരുത്തേണ്ടിവരുമായിരുന്നു. നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമചട്ടക്കൂടിനുകീഴിൽ അത്തരമൊരു മാറ്റം നിയമവിരുദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരായ സന്ധുവും ജോഷിയും ഇതിനെ എതിർത്തു. എന്നാൽ, അവരുടെ എതിർപ്പ് വകവയ്ക്കാതെ ഗ്യാനേഷ് കുമാർ മുന്നോട്ടുപോയി.


​പുറത്തുവന്ന രണ്ടാമത്തെ പ്രധാന വിഷയം എസ്‌ഐആർ നടത്തിപ്പിന്റെ ഘടനയുമായി ബന്ധപ്പെട്ടതാണ്. നിയമപ്രകാരം വോട്ടർപട്ടികയിൽ പേരുകൾ ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും അധികാരമുള്ളത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് (ഇആർഒ). അടിസ്ഥാനതലത്തിൽ ഭവനസന്ദർശനം അടക്കമുള്ള പ്രവർത്തനങ്ങൾ ബൂത്തുതല ഓഫീസർമാരാണ്‌ (ബിഎൽഒ) നിർവഹിക്കുന്നത്. വിവരങ്ങൾ ശേഖരിച്ച് അന്തിമമാക്കുന്നത് ഇആർഒയാണ്. നിയമപരമായി വോട്ടർപട്ടിക പുനഃപരിശോധന നടക്കേണ്ടത് ഈ രീതിയിലാണ്.

​എന്നാൽ, അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുവെന്ന കാരണം പറഞ്ഞ് ഈ പ്രക്രിയ തെരഞ്ഞെടുപ്പ് കമീഷൻ ഐടി മേധാവിയുടെ കീഴിൽ കേന്ദ്രീകരിക്കപ്പെട്ടു. പൂർണ കമീഷന്റെ അറിവില്ലാതെ നിലവിലെ ഐടി മേധാവിയെ നീക്കംചെയ്യുകയും പുതിയ മേധാവിയായ സീമ ഖന്ന നേരിട്ട് ഗ്യാനേഷ് കുമാറിനോടുമാത്രം റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു.


​എസ്‌ഐആർ പുരോഗമിക്കുന്നതിനിടെ, അന്തിമ വോട്ടർപട്ടിക അപ്‌ലോഡ് ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പോർട്ടലിൽ ഇആർഒമാർക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന ഒട്ടേറെ അവസരങ്ങളുണ്ടായി. നിയമപ്രകാരം വികേന്ദ്രീകൃതരീതിയിൽ പ്രവർത്തിക്കേണ്ട കമീഷന്റെ മുഴുവൻ ഘടനയെയും ഇതിലൂടെ മറികടന്നു. ബിഎൽഒമാർ, ഇആർഒമാർ, ഡിഇഒമാർ, സിഇഒമാർ എന്നിവർ നിശ്ചിത ചുമതലകൾ നിർവഹിക്കുകയും കമീഷൻ മൊത്തത്തിൽ മേൽനോട്ടം വഹിക്കുന്നതുമാണ്‌ നിയമപരമായ ഘടന. ഇത് നഗ്നമായി ലംഘിക്കപ്പെട്ടു.


​രണ്ടു കമീഷണർമാരും ഈ മാറ്റത്തെ എതിർത്തു. ഐടി മേധാവിയുടെ സ്ഥലംമാറ്റവും ചുമതലകളിലെ മാറ്റവും പൂർണ കമീഷനിൽ ചർച്ച ചെയ്തിട്ടില്ലെന്നും അത് അനധികൃതമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. ഒരുവിധ ഓഡിറ്റും കൂടാതെ വോട്ടർപട്ടികയുടെ കേന്ദ്രീകൃത ഡാറ്റാബേസ് ഉണ്ടാക്കിയെന്ന്‌ രണ്ടു കമീഷണർമാരും പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത്‌ മറ്റൊരു ഗുരുതര വിഷയമാണ്‌.


​ഇതിന്റെ അർഥം, താഴെത്തട്ടിൽ നടക്കേണ്ടുന്ന നിയമപരമായ പ്രക്രിയകളെയും പ്രവർത്തനഘടനയെയും മറികടന്ന്, കേന്ദ്രീകൃതമാക്കിയ സംവിധാനത്തിന്റെ മുകളിൽ ഇരിക്കുന്നവരിൽ ചിലരുടെ ഇഷ്ടാനുസരണം പേരുകൾ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്യാൻ കഴിയുന്നതരത്തിൽ വോട്ടർപട്ടികയിൽ ഇടപെടാൻ സാധിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു എന്നാണ്.


​ഗോവയിൽ ഇത് പ്രകടമായിട്ടുണ്ട്. അതുപോലെ, ബംഗാളിൽ 16 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ അധികാരാനുമതി കൂടാതെ ഏകപക്ഷീയമായി അപ്പീലുകൾ സമർപ്പിച്ച സംഭവത്തിലും ഇത് പ്രകടമാണ്. ആ പേരുകൾ നീക്കംചെയ്യാൻ ആരാണ് അനുമതി നൽകിയതെന്ന് കമീഷനിലെ മറ്റു രണ്ട് അംഗങ്ങളും ചോദിച്ചിരുന്നു. നിശ്ശബ്ദതയാണ്‌ മറുപടി.


​നമ്മുടെ തെരഞ്ഞെടുപ്പു ജനാധിപത്യത്തിന്റെ അടിത്തറ ഭീഷണിയിലാണെന്ന്‌ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. എസ്‌ഐആർ നടപടിക്രമത്തിനിടെ രണ്ടു കമീഷണർമാർ രേഖപ്പെടുത്തിയ അഭിപ്രായവ്യത്യാസങ്ങൾ പരിഗണിക്കുമ്പോൾ, കമീഷൻ എടുത്ത തീരുമാനങ്ങൾ നിയമപരമായ അധികാരപരിധിക്ക് പുറത്തുള്ളവയാണെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ കഴിയുക. ഇത് ബിജെപി വക്താക്കൾ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സ്ഥാപനത്തിന്റെ ‘ജനാധിപത്യ സജീവത’യുടെ പ്രകടനമല്ല. എസ്‌ഐആർ ഉടൻ നിർത്തിവയ്ക്കണം. വെട്ടിയ പേരുകൾ പുനഃസ്ഥാപിക്കണം. ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കുകയും കമീഷന്റെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണം. സാർവത്രിക പ്രായപൂർത്തി വോട്ടവകാശമാണ്‌ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാന അടയാളം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home