ad
Deshabhimani

Articles

ഇന്ന്‌ ആനി മസ്‌ക്രീന്റെ 
സ്‌മൃതിദിനം

റേഷനരി കവിതയിൽ വരുമ്പോൾ

ani mascarene
avatar
ജി സാജൻ

Published on Jul 18, 2025, 11:23 PM | 2 min read


1950കളുടെ തുടക്കത്തിൽ ഇന്ത്യൻ പാർലമെന്റിൽനിന്നുള്ള ഒരു അപൂർവരംഗമാണ്. ആനി മസ്‌ക്രീൻ തന്റെ കൈവശമുള്ള ഒരു പൊതി ലോക്‌സഭാ സ്‌പീക്കർ മാവ്‌ലങ്കറുടെ മേശപ്പുറത്ത് വയ്ക്കുന്നു. “പൊന്നിനേക്കാൾ വിലയുള്ള യുറേനിയം വിളയുന്ന പൊന്നുതമ്പുരാന്റെ വഞ്ചിഭൂമിയിൽനിന്ന്”. ഇതെന്താണ് ലോക്‌സഭാംഗം കൊണ്ടുവന്നിരിക്കുന്നത് എന്നറിയാൻ മറ്റംഗങ്ങൾ കൗതുകത്തോടെ എഴുന്നേറ്റ് നിൽക്കുന്നു. ഈ സംഭവം ഒരു കവിതയാക്കി അവതരിപ്പിക്കുന്നുണ്ട് അക്കാലത്ത് മലങ്കാടൻ എന്ന പേരിൽ കവിതയെഴുതിയിരുന്ന ചെറുകാട്. കവിതയിൽനിന്നുള്ള രംഗവർണന കേട്ടോളൂ.


“ശ്രീകണ്ഠനും പുന്നൂസും അപ്പൊതിയിലേക്കുറ്റുനോക്കി ..

എ കെ ജിയും എഴുന്നേറ്റു പെരുവിരലൂന്നി നിന്നു

നോക്കി; കേളപ്പേട്ടൻ വേഗം കണ്ണട വച്ചു ..

സുന്ദരയ്യ തെലുങ്കാന മറന്നുപോയ്‌... സുചേതയും

നിർന്നിമേഷാക്ഷിയായ് നിന്നു നിശ്ചലയായി

ദാമോദര മേനവനും കദർവേഷ്ടി തോളത്തിട്ട് സാമോദമോടെഴുന്നേറ്റു പകച്ചുനിന്നു

സീതിയില്ലാത്തതുകൊണ്ട്, പോക്കർ സാഹേബെഴുന്നേറ്റു

പാതിയോളം നിന്നു .. ചാക്കോ ചാരിയിരുന്നു ..


അങ്ങനെ അക്കാലത്ത് കേരളത്തിൽനിന്നുള്ള പ്രമുഖരെല്ലാം എണീറ്റ് നിന്ന് ഈ പൊതിയെന്താണെന്ന് അത്ഭുതത്തോടെ നോക്കുന്നത് കവി വിശദമായി വർണിക്കുന്നു. ഇതെന്താണെന്ന് അൽപ്പം ദേഷ്യത്തോടെയാണ് മാവ്‌ലങ്കർ ചോദിച്ചത്. ഇതാണ് കേരളത്തിൽ കിട്ടുന്ന റേഷനരി, ആനി മസ്‌ക്രീൻ മറുപടി നൽകി. ഇതഴിക്കുമ്പോഴേക്കും സഭയിൽ ഒരു ചീഞ്ഞ മണം പരന്നു. സ്പീക്കറും അംഗങ്ങളും ഒരുമിച്ച് മൂക്കുപൊത്തുന്നു. എന്നാൽ, മണവും മണലുമല്ലാതെ അതിൽ ഒരൊറ്റ അരിമണിയില്ല. ധാരാളം പുഴുക്കൾ ഉണ്ടുതാനും.

അതിൽ ഒരു പുഴു കാറ്റിൽ പറന്നുപൊങ്ങി. “അൺപാർലമെന്ററി” രോഷാൽ ആക്ഷേപിച്ചു മാവ്‌ലങ്കർ.


അപ്പോൾ ആനി മസ്‌ക്രീൻ പറഞ്ഞു


“തെല്ലബദ്ധം പറ്റിപ്പോയി

പുഴുക്കൾ തൻ ഗതിവേഗം

നല്ലപോലെ അളന്നില്ല.. കണക്കുതെറ്റി

നോക്കി നോക്കൂ ചാക്കോച്ചന്റെ

മൂക്കത്തതാ ജോണച്ചന്റെ

ഊക്കുകൂടും പുഴുവൊന്നു

ചെന്നിരിക്കുന്നു..”


പുഴുവിന്റെ ഗതിവേഗം കൃത്യമായി അളക്കാൻ കഴിയാത്തതിൽ സഭാധ്യക്ഷൻ മാപ്പ് നൽകണമെന്ന് പറഞ്ഞാണ് ആനി മസ്‌ക്രീൻ മറുപടി അവസാനിപ്പിച്ചത്.


മൂക്ക് തട്ടിക്കുടയുന്നു

തിരു കൊച്ചി എംപിയായ

ചാക്കോ, പാർലിമെന്റിലൊരു

ചിരി മുഴങ്ങി..


എന്നാണ് കവിത അവസാനിക്കുന്നത്. മലങ്കാടന്റെ മേത്താപ്പ് എന്ന കവിതാസമാഹാരത്തിലാണ് ഞാൻ ഈ കവിത കാണുന്നത്. 1954ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അന്ന് ഒരു ക ആണ് വില കാണിച്ചിരിക്കുന്നത്. പ്രസാധകർ മംഗളോദയം. ആ കാലഘട്ടത്തെക്കുറിച്ചും രാഷ്ട്രീയവും സാഹിത്യവുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഈ കവിതയിൽനിന്ന് ചിലതെല്ലാം പഠിക്കാൻ പറ്റും. പുതിയ തലമുറയ്ക്ക് താരതമ്യേന ഈ രണ്ടു പേരുകളും അപരിചിതമാകണം. ചെറുകാട് ഒളിവിലായിരുന്ന കാലത്താകണം മലങ്കാടൻ എന്ന പേരിൽ കവിതകൾ എഴുതിയിരുന്നത്. എന്നാൽ, ചെറുകാടിന്റെ മുത്തശ്ശി അടക്കമുള്ള നോവലുകളും ആത്മകഥയും ഇപ്പോഴും വായനക്കാർക്ക് പ്രിയപ്പെട്ടതാണ്.


ആനി മസ്‌ക്രീന്റെ പ്രതിമ തിരുവനന്തപുരത്ത് വഴുതക്കാടുണ്ട്. അതിലൂടെ കടന്നുപോകുന്ന എത്രപേർ ഈ വ്യക്തിയെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുണ്ടാകും എന്നും അറിയില്ല. ആനി മസ്‌ക്രീൻ സ്വാതന്ത്ര്യസമര പോരാളിയും തിരു– കൊച്ചി മന്ത്രിസഭയിലെ അംഗവും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു. 1902ൽ ഒരു ലത്തീൻ കത്തോലിക്ക കുടുംബത്തിലാണ് ആനി ജനിച്ചത്. നിയമപഠനം കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുമ്പോൾ ആ രംഗത്തുള്ള മൂന്ന് വനിതകളിൽ ഒരാളായിരുന്നു ആനി. പിന്നീട് അക്കാമ്മ ചെറിയാനുമൊപ്പം രാഷ്ട്രീയത്തിൽ സജീവമായപ്പോഴും ആ രംഗത്ത് ഏറെ സ്ത്രീകൾ ഉണ്ടായിരുന്നില്ല. 1963 ജൂലെെ 19 നാണ് അവർ അന്തരിച്ചത്.


1938ൽ സി പിയുടെ ഏകാധിപത്യഭരണത്തെ വിമർശിച്ചതിനും 1947ൽ അമേരിക്കൻ മോഡലിനെ വിമർശിച്ചതിനും പുന്നപ്ര വയലാറിൽ 7000 പേർ മരിച്ചെന്ന് പ്രസ്താവിച്ചതിനും വീണ്ടും തടവിലായി. മാപ്പപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ പൂർണമായും തടവ് ശിക്ഷ ഏറ്റുവാങ്ങി. ഇന്ത്യയുടെ ഭരണഘടന നിർമാണസഭയിൽ 15 വനിതകളാണ് അംഗങ്ങളായുണ്ടായിരുന്നത്. അതിൽ ദാക്ഷായണി വേലായുധനൊപ്പം കേരളത്തിൽനിന്ന്‌ ഉണ്ടായിരുന്ന മൂന്ന് വനിതാ അംഗങ്ങളിൽ ഒരാളായിരുന്നു ആനി മസ്ക്രീൻ. താരതമ്യേന അപ്രസിദ്ധമായ ഈ കവിത ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്നു. (ദൂരദർശൻ തിരുവനന്തപുരം കേന്ദ്രം മുൻ പ്രോഗ്രാം മേധാവിയാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home