നമുക്കുണ്ടോ കൊമ്പ്


ഡോ. ജോൺ ബ്രിട്ടാസ്
Published on Jun 11, 2025, 12:30 AM | 4 min read
‘‘മിക്ക രാജ്യങ്ങൾക്കും സൈന്യങ്ങളുണ്ട്. എന്നാൽ, ഒരു സൈന്യത്തിന് രാജ്യമുള്ളത് ഇവിടെയാണ്’’–- പഴയ പ്രഷ്യയെക്കുറിച്ച് (ജർമൻ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു പ്രഷ്യ) ഫ്രഞ്ച് ചിന്തകൻ വാൾട്ടയർ നടത്തിയ നിരീക്ഷണമാണിത്. എന്നാൽ, ഈ പ്രയോഗം ഇപ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് പാകിസ്ഥാനെക്കുറിച്ചാണ്. ഇസ്ലാം മതാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഈ രാഷ്‌ട്രം ജനാധിപത്യമാർഗം അവലംബിച്ചിരുന്നെങ്കിലും അധികം വൈകാതെതന്നെ ഭരണസംവിധാനം പട്ടാളത്തിന്റെ പിടിയിലമരുന്നതാണ് ലോകം കണ്ടത്.
പഹൽഗാമിൽ പാകിസ്ഥാനിൽനിന്നു വന്ന ഭീകരവാദികൾ നടത്തിയ ആക്രമണം, തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യ വിദേശത്തേക്ക് നിയോഗിച്ച പ്രതിനിധി സംഘങ്ങൾ ഏകകണ്‌ഠമായി അടിവരയിട്ട കാര്യങ്ങളിലൊന്ന് പാകിസ്ഥാന്റെ ഈ സൈനിക സ്വഭാവമായിരുന്നു.
പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഏഴ് പ്രതിനിധി സംഘങ്ങൾ വിദേശ രാജ്യങ്ങളിൽ പോയി ആശയവിനിമയം പൂർത്തിയാക്കി തിരിച്ചെത്തിയ പശ്ചാത്തലത്തിൽ പുതിയ വിചിന്തനങ്ങൾക്കാണ് രാജ്യം ഇനി കാതോർക്കുന്നത്. വിവിധ മേഖലകൾ തെരഞ്ഞെടുത്ത് പര്യടനം പൂർത്തിയാക്കിയ ഈ സംഘങ്ങൾ കണ്ടതും കേട്ടതും എന്തായിരുന്നെന്ന് കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ ചില കാര്യങ്ങൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രതിനിധി സംഘങ്ങളിലൊന്നിൽ അംഗമായിരുന്ന ലേഖകൻ കരുതുന്നു.
ആഭ്യന്തര രാഷ്‌ട്രീയത്തിലെ ഗൗരവതരമായ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് പ്രതിപക്ഷം ദൗത്യത്തിന്റെ ഭാഗമായത്. ഇവിടെ പ്രസക്തമായത് ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഉദ്ദേശ്യങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു.
യഥാർഥത്തിൽ പ്രതിപക്ഷത്തെ പൂർണമായും വിശ്വാസത്തിലെടുത്ത് ഈ സംഘങ്ങളെ വിദേശത്തേക്ക് അയക്കുന്നതായിരുന്നു ഉചിതം. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാർടി എന്ന നിലയിൽ ഇതര പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായസമന്വയമുണ്ടാക്കി ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതിന് ഗവൺമെന്റിനു മുമ്പിൽ ഉപാധികൾ വയ്‌ക്കാനുള്ള അവസരവും സാധ്യതയും കോൺഗ്രസിനുണ്ടായിരുന്നു. പ്രധാനമന്ത്രി നേരിട്ട് സർവകക്ഷി യോഗം വിളിക്കുക, പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുക എന്നീ നിബന്ധനകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഈ നയതന്ത്ര നീക്കത്തിന്റെ ശോഭ വർധിക്കുമായിരുന്നു. എന്നാൽ, അത്തരത്തിലുള്ള ഏകോപനത്തിന് കോൺഗ്രസ് തയ്യാറായില്ലെന്ന് മാത്രമല്ല, ആ പാർടിയിൽ ശക്തമായ അഭിപ്രായ ഭിന്നത ഉയരുകയും ചെയ്‌തു. നേതൃത്വം അംഗീകരിച്ചാലും ഇല്ലെങ്കിലും ഗവൺമെന്റ് ദൗത്യത്തോടൊപ്പമുണ്ടാകുമെന്ന നിലപാട് രണ്ട് കോൺഗ്രസ് അംഗങ്ങൾ പരസ്യപ്പെടുത്തി. ആഭ്യന്തര രാഷ്‌ട്രീയത്തിലെ ഗൗരവതരമായ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് പ്രതിപക്ഷം ദൗത്യത്തിന്റെ ഭാഗമായത്. ഇവിടെ പ്രസക്തമായത് ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഉദ്ദേശ്യങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു.
വിദേശ ദൗത്യത്തിന്റെ ഭാഗമായ കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചെന്ന് പറഞ്ഞല്ലോ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾകൂടി കാര്യങ്ങൾ അറിയുമ്പോഴാണ് ദൗത്യം അതിന്റെ പൂർണതയിലെത്തുക. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പുർ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച സംഘത്തിലെ അംഗമായിരുന്നു ഈ ലേഖകൻ. പരമ്പരാഗത നയതന്ത്ര സമീപനങ്ങളിൽനിന്ന് വ്യത്യസ്‌തമായി വൈവിധ്യമാർന്ന തലങ്ങളിലുള്ള ചർച്ചകളാണ് ഓരോ രാജ്യത്തും നടന്നത്. മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും അതത് രാജ്യത്തെ ബുദ്ധിജീവികളും അക്കാദമിക് സമൂഹവുമെല്ലാം ഈ ആശയവിനിമയ പ്രക്രിയയിൽ പങ്കാളികളായി.
ആശ്ലേഷണങ്ങളും ആലിംഗനങ്ങളും ദൃശ്യങ്ങൾക്ക് മിഴിവ് പകർന്നപ്പോൾ അതൊക്കെയും ഇന്ത്യ ആർജിച്ച ഗാഢ സൗഹൃദങ്ങളാണെന്ന മിഥ്യാധാരണകളാണ് മാധ്യമങ്ങൾ സൃഷ്‌ടിച്ചത്. എന്നാൽ, ഈ ദൃശ്യങ്ങൾക്കപ്പുറത്താണ് ലോകരാഷ്‌ട്രങ്ങളുടെ ഭ്രമണപഥങ്ങളെന്ന തിരിച്ചറിവ് നൽകുന്ന സന്ദർശനംകൂടിയായിരുന്നു ഇത്.
2014-ൽ നരേന്ദ്ര മോദി വന്നശേഷം അവലംബിച്ച നയതന്ത്ര സമീപനങ്ങളുടെ ബാക്കിപത്രമെന്താണെന്ന് മനസ്സിലാക്കാനും ഈ സന്ദർഭം അവസരമൊരുക്കി. പ്രധാനമന്ത്രിയെമാത്രം കേന്ദ്രീകരിച്ചുള്ള ഏകമാനമായ നയതന്ത്ര സമീപനമായിരുന്നു മോദി സർക്കാർ കെട്ടിപ്പൊക്കിയിരുന്നത്. ആശ്ലേഷണങ്ങളും ആലിംഗനങ്ങളും ദൃശ്യങ്ങൾക്ക് മിഴിവ് പകർന്നപ്പോൾ അതൊക്കെയും ഇന്ത്യ ആർജിച്ച ഗാഢ സൗഹൃദങ്ങളാണെന്ന മിഥ്യാധാരണകളാണ് മാധ്യമങ്ങൾ സൃഷ്‌ടിച്ചത്. എന്നാൽ, ഈ ദൃശ്യങ്ങൾക്കപ്പുറത്താണ് ലോകരാഷ്‌ട്രങ്ങളുടെ ഭ്രമണപഥങ്ങളെന്ന തിരിച്ചറിവ് നൽകുന്ന സന്ദർശനംകൂടിയായിരുന്നു ഇത്.
ചർച്ചകളിൽ ഈ ലേഖകൻ ഉന്നിപ്പറഞ്ഞ ഒരു കാര്യം, പാകിസ്ഥാൻ ഭരണകൂടത്തെയും അവിടത്തെ ജനതയെയും വേറിട്ട് കാണണമെന്നതാണ്. പാകിസ്ഥാൻ തീവ്രവാദത്തിന് എതിരാണ് അതിന്റെ ഇരകൾകൂടിയായ അവിടത്തെ ജനങ്ങൾ. ഭീകരതയ്‌ക്ക് സ്ഥായിയായ സൗഹൃദങ്ങളോ അതിർവരമ്പുകളോ ഇല്ല. മൂന്നു പതിറ്റാണ്ടുകാലം ഭീകരവാദികളെ തങ്ങൾ തീറ്റിപ്പോറ്റിയെന്ന് പാകിസ്ഥാൻ രാജ്യരക്ഷാമന്ത്രി ക്വാജ മുഹമ്മദ് ആസിഫ്‌തന്നെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം തുറന്നുപറഞ്ഞിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല സർക്കാരിനെ തുരത്താൻ ഒസാമ ബിൻ ലാദനുമായി അമേരിക്ക കൈകോർത്തത് നമുക്കറിയാം. അതേ ബിൻ ലാദനാണ് പിന്നീട് അമേരിക്കയുടെ ഇരട്ട ടവറുകൾ തകർത്തത്.
പഹൽഗാമിലെ കൊടും ഭീകരാക്രമണത്തെ അപലപിക്കുമ്പോഴും വിദേശ രാജ്യങ്ങളിൽ ഉയരുന്ന സന്ദേഹങ്ങളും ചോദ്യങ്ങളും ഉണ്ട്. ഔന്നത്യമുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് പാകിസ്ഥാനുമായി പതിറ്റാണ്ടുകളായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സ്ഥിതി, ആണവ രാജ്യങ്ങൾ പോരടിക്കുമ്പോൾ അത് ലോകസമാധാനത്തിന് ഏൽപ്പിക്കുന്ന ക്ഷതം, ഇന്ത്യയിലെ സാമ്പത്തിക നിക്ഷേപങ്ങളുടെ ഭദ്രത, പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാറിൽ ഡോണൾഡ് ട്രംപിന്റെ പങ്ക്, ഇന്ത്യക്ക് ഈ സംഘർഷത്തിലുണ്ടായ സൈനിക നഷ്‌ടങ്ങൾ, നമ്മുടെ രാജ്യത്തെ ആഭ്യന്തര അസ്വാസ്ഥ്യങ്ങളെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രചാരണങ്ങൾ, ഇന്ത്യൻ മാധ്യമങ്ങളുടെ യുദ്ധവെറിയും വ്യാജ വാർത്തകളും എന്നിങ്ങനെ എണ്ണമറ്റ കാര്യങ്ങൾ ചർച്ചകളിൽ ഉയർന്നുവന്നു. മാധ്യമങ്ങളെപ്പറ്റി പറയുമ്പോൾ വ്യാജ വാർത്തകൾ എവിടെവരെ എത്തിയെന്ന് സൂചിപ്പിക്കുന്നതിന് നല്ല ഉദാഹരണമുണ്ട്. പാക് സൈനിക മേധാവി അസിം മുനീറിനെ അറസ്റ്റ് ചെയ്‌തെന്നും ഭരണ അട്ടിമറിയെന്നും ഒരു ഘട്ടത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അത് ട്രെൻഡിങ്ങായി. അസിം മുനീർ അവിടെ സ്വയം ഫീൽഡ് മാർഷലായി പ്രഖ്യാപിച്ചെന്നത് മറ്റൊരു കാര്യം.
ആരോഗ്യകരമായ സംഭാഷണങ്ങൾക്കിടയിലും ഈ രാജ്യങ്ങളിൽനിന്ന് ഉയർന്ന സന്ദേഹങ്ങൾ മുൻവിധിയില്ലാതെ അപഗ്രഥിക്കാൻ നമുക്ക് കഴിയേണ്ടതാണ്. ഒരു കാര്യം വ്യക്തമാണ്. നമ്മുടെ ആഖ്യാനത്തിനപ്പുറമുള്ള പ്രതീതികൾ മുറിച്ചുകടക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഭൂരിപക്ഷം ദൗത്യസംഘങ്ങൾക്കും നിർവഹിക്കാനുണ്ടായിരുന്നത്.
തന്റെ പതിനൊന്ന് വർഷത്തെ നയതന്ത്രസമീപനത്തിൽനിന്ന് മോദിയുടെ വ്യതിചലനമായി വേണം പാക് സംഘർഷത്തെതുടർന്നുള്ള ദൗത്യത്തെ കാണാൻ.
വിപുലമായ ദൗത്യസംഘങ്ങളെ നിയോഗിച്ചത് മോദി ഇറക്കിയ നയതന്ത്ര തുറുപ്പുചീട്ടായി സമർഥിക്കാൻ നമ്മുടെ മാധ്യമങ്ങൾ ശ്രമിച്ചു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഇതേക്കാൾ ശ്രദ്ധേയമായ നയതന്ത്ര നീക്കങ്ങൾക്ക് ഇന്ത്യ പതിറ്റാണ്ടുകൾക്കുമുമ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ദേശീയ രാഷ്‌ട്രീയത്തിൽ തന്റെ ഏറ്റവും ശക്തനായ എതിരാളിയായ ജയപ്രകാശ് നാരായണിനെ 1971ൽ ഇന്ദിരാഗാന്ധി വിദേശ തലസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നെന്ന് ഓർക്കണം. ബംഗ്ലാദേശ് പ്രതിസന്ധിയെ മുൻനിർത്തിയായിരുന്നു ആ ദൗത്യം. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്‌പേയി തലവനായി ഒരു പ്രതിനിധി സംഘത്തെ ജനീവയിലേക്ക് അയച്ചത് പലരുടെയും മനസ്സിലുണ്ടാകും. തന്റെ പതിനൊന്ന് വർഷത്തെ നയതന്ത്രസമീപനത്തിൽനിന്ന് മോദിയുടെ വ്യതിചലനമായി വേണം പാക് സംഘർഷത്തെതുടർന്നുള്ള ദൗത്യത്തെ കാണാൻ.
വിദേശനയത്തിലെ ലക്ഷ്യങ്ങൾ നേടുന്നതിന് ഏതൊരു രാജ്യത്തിനും മൃദു നയതന്ത്രം (soft power diplomacy) എന്നൊരു തലമുണ്ട്. നയതന്ത്രേതര സൗഹൃദ കൂട്ടായ്‌മകൾ; അക്കാദമിക് സമൂഹം, മാധ്യമങ്ങൾ എന്നീ മേഖലകളിലെ വിനിമയങ്ങൾ; സാംസ്‌കാരികമായ ഒത്തുചേരലുകൾ എന്നിങ്ങനെ അതിന്റെ തലം വിസ്‌തൃതമാണ്. മോദി പ്രധാനമന്ത്രിയായ ശേഷമാകട്ടെ ഇത്തരം ഒരു ഇടപെടലിനും അദ്ദേഹം സന്നദ്ധനായിരുന്നില്ല. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരും അവലംബിച്ചിരുന്ന രീതിയാണ് വിദേശ സന്ദർശനത്തിന് പോകുമ്പോൾ മാധ്യമങ്ങളെ കൂടെ കൊണ്ടുപോവുക എന്നത്. എന്നാൽ, ആ പരിപാടിയും മോദി അവസാനിപ്പിച്ചു. മുൻകാലങ്ങളിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ). വാഷിങ്‌ടണിൽ ഐസിസിആറിനുവേണ്ടി ഒരു കെട്ടിടം പണി തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. ഇനിയും പൂർത്തിയായിട്ടില്ല.
പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യ ഒറ്റപ്പെടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയ്ക്കുകൂടിയായിരുന്നു സർവകക്ഷി സംഘത്തിന്റെ പര്യടനം. എന്നാൽ, തന്റെ ഭരണകാലത്തെ എല്ലാ മുട്ടയും മോദി ഇട്ടുവച്ചത് അമേരിക്കയുടെ കുട്ടയിലായിരുന്നു. അമേരിക്കയാകട്ടെ, ഈ പ്രശ്‌നത്തിൽപ്പോലും ഇന്ത്യയുടെ താൽപ്പര്യത്തിന് ഭംഗംവരുന്ന രീതിയിലാണ് പ്രവർത്തിച്ചത്. പാകിസ്ഥാനുമായുള്ള വെടിനിർത്തലിന് താനാണ് മധ്യസ്ഥനായതെന്ന ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യം പോയ രാജ്യങ്ങളിലെല്ലാം ഉയർന്നുവന്നു എന്നതാണ് ശ്രദ്ധേയം. എന്നാൽ, ഇന്ത്യാ ഗവൺമെന്റിന്റെ വിശദീകരണം പൂർണമായും ഉൾക്കൊള്ളാൻ ലോക രാജ്യങ്ങൾ സന്നദ്ധമായോ എന്ന ചോദ്യമുണ്ട്. ദുർബലമായ നിഷേധത്തിനപ്പുറം എന്തുകൊണ്ട് ട്രംപിന്റെ അവകാശവാദത്തെ ശക്തിയായി തള്ളിപ്പറഞ്ഞില്ലെന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.
(അവസാനിക്കുന്നില്ല)















