ad
Deshabhimani

Articles

ALL INDIA STRIKE FEBRUARY 12

പോർമുഖം തുറക്കാം

ALL INDIA STRIKE FEBRUARY 12
avatar
എം എ ബേബി

Published on Feb 08, 2026, 11:00 PM | 3 min read

ഇന്ത്യയിലെ തൊഴിലാളിവർഗം വീണ്ടും ചെറുത്തുനിൽപ്പിന്റെ കാഹളം മുഴക്കിയിരിക്കുന്നു. ഫെബ്രുവരി 12ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി രാജ്യവ്യാപകമായ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 2014ൽ ബിജെപി അധികാരത്തിലേറിയ ശേഷമുള്ള എട്ടാമത്തെ പ്രധാന പണിമുടക്ക്. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യും കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ട്. ഇത് വെറുമൊരു പ്രതിഷേധ ദിനമായിരിക്കില്ല, മറിച്ച് ആർഎസ്എസ് നയിക്കുന്ന ഭരണകൂടത്തിന്റെ കൊള്ളയടിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരായ അധ്വാനിക്കുന്ന ജനങ്ങളുടെ വമ്പിച്ച മുന്നേറ്റമായിരിക്കും. ഈ പണിമുടക്കാഹ്വാനത്തെ സിപിഐ എം സജീവമായിത്തന്നെ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരാഹ്വാനം രാജ്യമൊട്ടുക്ക് എല്ലാ ഫാക്‌ടറികളിലും വയലുകളിലും ഓഫീസുകളിലും മാറ്റൊലിയായി മുഴങ്ങാൻ സാഹചര്യം ഒരുക്കേണ്ടത് ഓരോ പാർടി അംഗത്തിന്റെയും ഓരോ അനുഭാവിയുടെയും ചുമതലയാണ്.


പ്രക്ഷോഭത്തിന്റെ സാഹചര്യം

ഇന്ത്യൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ജീവനോപാധികൾക്കുമേലുള്ള അഭൂതപൂർവമായ കടന്നാക്രമണങ്ങൾക്കാണ് രാജ്യം സാക്ഷിയാകുന്നത്. പരിഷ്കരണങ്ങൾ എന്ന മുഖംമൂടിയിട്ടാണ് മോദി സർക്കാർ അവരുടെ നവലിബറൽ അജൻഡ തീവ്രമായി നടപ്പാക്കുന്നത്. അവർ നടപ്പിലാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് (അനായാസം ബിസിനസ് ചെയ്യൽ) എന്നത് വാസ്തവത്തിൽ കോർപറേറ്റുകളുടെ നേതൃത്വത്തിലുള്ള അനായാസമായ ചൂഷണംചെയ്യൽ ആണ്. തൊഴിലാളികൾ നൂറ്റാണ്ടോളം കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങളെ കുഴിച്ചുമൂടാനാണ് നാല് തൊഴിൽ നിയമങ്ങൾ അടിച്ചേൽപ്പിച്ച്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയിലെ തൊഴിൽശക്തിയെ അപകടകരവും അരക്ഷിതവുമായ തൊഴിലാളികളുടെ കൂട്ടമാക്കി മാറ്റാൻ വേണ്ടിയാണ് ഈ ശ്രമം. സംഘടിക്കാനും കൂട്ടായി വിലപേശാനും തൊഴിൽ സമയം എട്ട് മണിക്കൂർ ആക്കാനുമുള്ള അവകാശങ്ങൾ ഇതോടെ ഇല്ലാതാകും. ഇൻഷുറൻസ്, ബാങ്കിങ്, ഊർജം, ഗതാഗതം എന്നീ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ചുരുക്കം ചില ക്രോണി കാപിറ്റലിസ്റ്റുകളുടെ കൈകളിൽ എത്തിക്കാൻ വേണ്ടിയാണ് ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ ഉപയോഗിക്കുന്നത്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ അടിത്തറ തകർക്കാനുള്ള ആസൂത്രിത ശ്രമമാണിത്. ​തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കുന്നതിനായി വർഗീയ- കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് സ്വത്വരാഷ്ട്രീയത്തിന്റെ വിഷം പരത്തുകയാണ്. തൊഴിലാളി വർഗം ഭിന്നിച്ചുനിന്നാൽ നമ്മുടെ ദേശീയ വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് ഒരു വെല്ലുവിളിയും ഉണ്ടാകില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു.


​സിപിഐ എമ്മും സമരവും

​ സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക എന്നത് വെറുമൊരു ഐക്യദാർഢ്യത്തിന്റെ പ്രകടനമല്ല. അത് വിപ്ലവകരമായ കടമയുടെ സ്വാഭാവിക ഭാഗമാണ്. ജനകീയ ജനാധിപത്യ വിപ്ലവത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ മുതലാളിത്തത്തിനെതിരായ തൊഴിലാളിവർഗ സമരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.


Thirupparankundram Case


കേഡർമാർ എന്ന നിലയ്ക്ക്, ഫെബ്രുവരി 12ലെ പണിമുടക്ക് തൊഴിൽ നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ഒരു പ്രതിഷേധ നടപടിയാണെന്ന് നാം മനസ്സിലാക്കണം. അങ്ങനെ പഴയ തൊഴിൽ നിയമങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിലവിലെ പണപ്പെരുപ്പത്തിന്റെ സമ്മർദങ്ങളെ പ്രതിഫലിപ്പിക്കുന്ന ന്യായമായ മിനിമം വേതനം ഉറപ്പാക്കുന്നതിനും കഴിയും. സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു ശ്രമമാണിത്. ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ 90 ശതമാനവും ഉൾക്കൊള്ളുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാർവത്രിക പെൻഷനും ആരോഗ്യരക്ഷയും ഉറപ്പാക്കാനുള്ള ശ്രമമാണിത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയതിന്റെ പശ്ചാത്തലത്തിൽ, തൊഴിലില്ലായ്മയെ ചെറുക്കുന്നതിനുള്ള ഒരു പോരാട്ടമാണിത്. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്നതിനൊപ്പം അർഥപൂർണമായ വിധം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ സർവീസിലെ ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങളും ഞങ്ങൾ ഉന്നയിക്കുന്നു. മോദി സർക്കാർ അവതരിപ്പിച്ച വിത്തുബില്ലും വൈദ്യുതി (ഭേദഗതി) ബില്ലും കൃഷി, ഗാർഹിക, ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കളിലും പൊതു വൈദ്യുതി മേഖലയിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നിരിക്കെ കർഷകരുടെയും ചെറുകിട ബിസിനസുകാരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് ഈ പണിമുടക്ക്.


അങ്ങേയറ്റം അപകട സാധ്യതയുള്ളതും തന്ത്രപരമായ പ്രാധാന്യമുള്ളതുമായ ആണവോർജ ഉൽപ്പാദന മേഖലയിൽ സ്വകാര്യ വിദേശ കമ്പനികൾക്ക് പ്രവേശനം നൽകിയപ്പോൾ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും അനുവദിച്ചിരുന്നു. സ്വകാര്യവൽക്കരണത്തിന്റെ ഈ ഉന്മാദാവസ്ഥയ്ക്ക് തടയിടാനാണ് ഈ സമരം. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനുകൂടിയാണ്. ഇതെല്ലാം മനസ്സിൽ വച്ച്‌, കേന്ദ്ര ട്രേഡ് യൂണിയനുകൾ നൽകുന്ന ആഹ്വാനത്തെ സിപിഐ എം ശക്തമായി പിന്തുണയ്ക്കുന്നു. പണിമുടക്ക് ദിവസം സമരത്തെ പിന്തുണച്ച് പാർടി കേഡർമാരെ വൻതോതിൽ അണിനിരത്തുന്നതും അതുകൊണ്ടാണ്.


strike


ഫാക്‌ടറികളിലെയും ഓഫീസുകളിലെയും നിശ്ശബ്ദത കൊണ്ടല്ല സമരവിജയത്തെ അളക്കേണ്ടത്; തെരുവുകളിലും വയലുകളിലും ഉയരുന്ന ഗർജന സമാനമായ മുദ്രാവാക്യം കൊണ്ടാകണം. സംസ്ഥാന കമ്മിറ്റികൾ മുതൽ ലോക്കൽ, ബ്രാഞ്ച് തലം വരെയുള്ള എല്ലാ പാർടി യൂണിറ്റുകളും വമ്പിച്ച ജനസമ്പർക്ക പരിപാടികളിൽ മുഴുകേണ്ടതുണ്ട്. ഫാക്ടറി കവാടങ്ങളിലും നിർമാണ സൈറ്റുകളിലും ഐടി പാർക്കുകളിലും കാർഷിക കേന്ദ്രങ്ങളിലും ഉള്ള തൊഴിലാളികളുടെ അടുത്തെത്തി സാധാരണക്കാരുടെ അടുക്കളയെയും ഭാവിയെയും സംരക്ഷിക്കുന്നതിനാണ് ഈ പണിമുടക്ക് എന്ന് വിശദീകരിക്കണം. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രരുടെ എല്ലാ വീടുകളും നാം സന്ദർശിക്കണം. കർഷകത്തൊഴിലാളികളും തൊഴിലാളികളും കർഷകരും ഒരുമിച്ചുനിന്നാൽ ശക്തമായ സിംഹാസനങ്ങൾ വിറയ്ക്കും. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ആവശ്യങ്ങൾ നമ്മുടെ പ്രചാരണത്തിൽ ഉൾപ്പെടുത്തി രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തണം. ഈ പണിമുടക്ക് വർഗ ഐക്യത്തിന് ഊന്നൽ നൽകാനുള്ള അവസരമാണ്.


വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ല, അവയ്ക്കെതിരെ ചെറുത്തുനിൽപ്പിനുമില്ല മതഭേദം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വാചാടോപങ്ങൾ ഉപയോഗിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കണം. ഒപ്പം വർഗീയതയുടെ കെണികൾ തുറന്നുകാട്ടുകയും വേണം. ഓരോ പാർടി അംഗവും സമരഭൂമിയിലുണ്ടാകണം. പണിമുടക്ക് അതത് മേഖലകളിൽ പൂർണ വിജയമാണെന്ന് ഉറപ്പാക്കണം. ജനങ്ങളെ പൂർണമായി അണിനിരത്തുന്നു എന്നതാകണം പണിമുടക്ക് ദിവസത്തിന്റെ സവിശേഷത.


....


വിജയത്തിലേക്ക് 
മുന്നേറുക

​ നമ്മെ ക്ഷീണിപ്പിക്കാൻ കഴിയുമെന്നാണ് ഭരണവർഗങ്ങൾ വിശ്വസിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താൻ കഴിയുമെന്ന് അവർ കരുതുന്നു. എന്നാൽ അവർക്ക് തെറ്റി. തൊഴിലാളിവർഗം മുന്നേറാൻ തീരുമാനിച്ചാൽ മാറ്റത്തിന്റെ ആ വേലിയേറ്റത്തെ പിടിച്ചുകെട്ടാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നതിന് ചരിത്രം തന്നെ സാക്ഷി. ജനങ്ങൾ പൊരുതി നേടിയ അവകാശങ്ങൾ കോർപറേറ്റുകളുടെ ലാഭത്തിനായി അടിയറ വയ്ക്കില്ലെന്ന പ്രഖ്യാപനമായിരിക്കും ഫെബ്രുവരി 12ന്റെ പണിമുടക്ക്. ഈ രാജ്യത്തിന്റെ സമ്പത്ത് അത് ഉൽപ്പാദിപ്പിക്കുന്നവർക്കുള്ളതാണ്. കൊള്ളയടിക്കുന്നവർക്കുള്ളതല്ല. അവസരത്തിനൊത്ത് നമുക്ക് ഉയരാം. രാജ്യത്തിന്റെ എല്ലാ കോണുകളിലും ചെങ്കൊടി പാറട്ടെ. ചൂഷണത്തിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ശക്തികൾക്കെതിരായ കവചമായി തൊഴിലാളിവർഗത്തിന്റെ ഐക്യം മാറട്ടെ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home