സൗമ്യതന്ത്രജ്ഞനായ പോരാളി


വിജേഷ് ചൂടൽ
Published on Mar 18, 2026, 10:35 PM | 3 min read
‘ഞങ്ങൾ ധീരരാണെന്ന് തിരിച്ചറിയാനുള്ള ജ്ഞാനം ട്രംപിന് ഇല്ല. ഇറാൻ ശക്തമായ രാഷ്ട്രവും ദൃഢനിശ്ചയമുള്ള ജനതയുമാണ്. അയാൾ കൂടുതൽ ശക്തി പ്രയോഗിക്കുംതോറും ഇറാനിയൻ ജനത കൂടുതൽ ശക്തരാകും. ഞങ്ങളെ ആക്രമിച്ചിട്ട് വെറുതെയങ്ങ് പോകാമെന്ന് ആരും കരുതരുത്’– അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ബോംബുവർഷിക്കുന്ന തെഹ്‌റാന്റെ തെരുവിലൂടെ ജനസഹസ്രങ്ങൾക്കൊപ്പം നടന്നുനീങ്ങവേ അലി ലാരിജാനി ലോകത്തോടു പ്രഖ്യാപിച്ചു. റംസാനിലെ അവസാന വെള്ളിയാഴ്‌ച പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള ഖുദ്‌സ് റാലിയെ തടയാൻ സയണിസ്റ്റ്–സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ ഭീഷണികൾക്കായില്ല. ആ റാലിയെ മുന്നിൽനിന്നു നയിച്ച ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മേധാവിയായ ലാരിജാനിയെ മൂന്നുദിവസങ്ങൾക്കിപ്പുറം കൊന്നുതള്ളി ഇസ്രയേൽ–യുഎസ് സഖ്യം.
ഫെബ്രുവരി 28ന് ആക്രമണത്തിന്റെ ആദ്യദിവസംതന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനാണ് ലാരിജാനി. പ്രതിസന്ധിഘട്ടത്തിൽ ഇറാനെ നയിക്കുകയും പ്രത്യാക്രമണതന്ത്രങ്ങളുടെ ആസൂത്രണം നടത്തുകയും ചെയ്‌ത ലാരിജാനിയെ വധിക്കാനായത് ഇറാന് നിർണായക തിരിച്ചടിയാകുമെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും കണക്കുകൂട്ടൽ. എന്നാൽ, ഇറാൻ തിരിച്ചടി തുടരുകയാണ്.
ഇറാനിൽ സൈനിക–രാഷ്ട്രീയ അധികാരകേന്ദ്രങ്ങളിൽ ഒരുപോലെ സ്വാധീനം ചെലുത്തിയ സൗമ്യനായ ചാണക്യനായിരുന്നു അലി അർദാഷിർ ലാരിജാനി. യാഥാസ്ഥിതികത്വത്തിൽ ഉറച്ചുനിൽക്കുന്പോഴും പരിഷ്കരണവാദികളുമായുള്ള തർക്കങ്ങളിൽ മധ്യവർത്തിയായി അദ്ദേഹം സ്വയം അടയാളപ്പെടുത്തി. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇറാന്റെ സ്വാധീനം ഉറപ്പിക്കുന്നതിൽ ലാരിജാനി വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. 1958-ൽ ഇറാഖിലെ നജാഫിൽ പ്രമുഖ പുരോഹിതകുടുംബത്തിൽ ജനിച്ച ലാരിജാനി, 1979-ലെ വിപ്ലവത്തിനുശേഷം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആദ്യകാല കമാൻഡർമാരിൽ ഒരാളായിരുന്നു.
1980കളിൽ ഇറാൻ-–ഇറാഖ് യുദ്ധകാലത്ത് ബ്രിഗേഡിയർ ജനറൽ പദവിവരെ ഉയർന്നു. ഇറാന്റെ ഒൗദ്യോഗിക വാർത്താവിതരണ ശൃംഖലയുടെ തലപ്പത്തെത്തിയതോടെ (1994–2004) സ്വാധീനം വർധിപ്പിച്ചു. തുടർന്ന് 12 വർഷം (2008–2020) പാർലമെന്റ് സ്പീക്കറായ അദ്ദേഹം, വിവിധ വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചു. 2000-ന്റെ തുടക്കത്തിൽ, പാശ്ചാത്യരാജ്യങ്ങളുമായി ഇറാന്റെ മുഖ്യ ആണവ ചർച്ചക്കാരന്റെ റോൾ ലാരിജാനി ഏറ്റെടുത്തു. മാന്യനും ബുദ്ധിമാനുമായ പ്രതിനിധിയായി പ്രശംസ നേടിയ അദ്ദേഹം, സജീവമാക്കിയ ചർച്ചകളുടെ ഫലമായാണ് ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കെ 2015ൽ ഇറാനും ലോകരാജ്യങ്ങളുമായി ആണവ ഉടന്പടി ഒപ്പിട്ടത്. ട്രംപ് ആദ്യം അധികാരത്തിലെത്തിയപ്പോഴാണ് ഇൗ കരാർ ഏകപക്ഷീയമായി റദ്ദാക്കിയത്.
2004-ൽ അലി ഖമനേയിയുടെ ഉപദേഷ്ടാവായി നിയമിതനായ ലാരിജാനി ഇറാന്റെ സുരക്ഷാകാഴ്ചപ്പാട് കാലാനുസൃതമായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ചൈനയുമായുള്ള ദീർഘകാല സഹകരണ കരാറുകളുമായി ബന്ധപ്പെട്ട ചർച്ചകളിലും ലാരിജാനി ദൂതനായി. സംഘർഷത്തിനിടയിലും മോസ്കോ, ബെയ്റൂത്ത്, അബുദാബി, ഒമാൻ എന്നിവിടങ്ങളിലേക്കെല്ലാം സന്ദർശനം നടത്തി ഇറാന്റെ ഏറ്റവും പ്രമുഖ അന്താരാഷ്ട്ര പ്രതിനിധിയായി അദ്ദേഹം മാറി.
"പ്രായോഗികവാദിയായ യാഥാസ്ഥിതികൻ’ എന്നാണ് ലാരിജാനിക്ക് പൊതുവിൽ വിശേഷണം. ഇസ്ലാമിക് റിപ്പബ്ലിക്കിനോട് അചഞ്ചലമായ കൂറുപുലർത്തിയ ലാരിജാനി, പാശ്ചാത്യചേരിയുടെ ഉദ്ദേശ്യങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു. എന്നാൽ, ഭരണനിർവഹണത്തിൽ സുവ്യക്തവും പ്രായോഗികവുമായ സമീപനം സ്വീകരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഉന്നതനേതൃത്വത്തിലെ പ്രത്യയശാസ്ത്രഭിന്നതകളിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. സങ്കീർണമായ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തെ ഭരണസംവിധാനത്തിനുള്ളിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിയാക്കി മാറ്റി.
ഫെബ്രുവരി 28ന് അലി ഖമനേയിയുടെ മരണശേഷം, ഇറാനെ നയിച്ചത് ലാരിജാനിയായിരുന്നു. പരമോന്നത നേതാവിന്റെ വിയോഗം ഇറാനിൽ നേതൃശൂന്യത സൃഷ്‌ടിക്കുമെന്ന സന്ദേഹങ്ങളെ നിഷ്‌പ്രഭമാക്കിയത് അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. നാലുദിവസംകൊണ്ട് തീരുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോൾ "ഇറാൻ ഒരു നീണ്ടയുദ്ധത്തിന് തയ്യാറായിക്കഴിഞ്ഞു’ എന്നായിരുന്നു ലാരിജാനിയുടെ മറുപടി. ഇറാൻ സ്വീകരിച്ച യുദ്ധതന്ത്രം അമേരിക്കയെയും ഇസ്രയേലിനെയും വെട്ടിലാക്കുകയും ചെയ്‌തു. അമേരിക്കയെ സമ്മർദത്തിലാക്കാൻ ഇറാൻ അതിർത്തികൾക്കപ്പുറത്തേക്ക് സംഘർഷം വ്യാപിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് അടയ്ക്കണമെന്നുമുള്ള തന്ത്രപരമായ സമീപനത്തിനുപിന്നിൽ ലാരിജാനിയായിരുന്നു.
അപകടകാരിയായ ‘ബുദ്ധിജീവി-പ്പോരാളി'യായ ലാരിജാനി, ഇസ്രയേലിന്റെ ബദ്ധശത്രുവായിരുന്നു. കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുമായി ചേർന്ന് പശ്ചിമേഷ്യയിൽ ‘പ്രതിരോധ അച്ചുതണ്ട്' ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു. ഹിസ്ബുള്ളയ്ക്കും ഹമാസിനും സൈനികസഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും ഇറാന്റെ മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചു. ഇറാന്റെ വിദേശനയത്തെ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് മാറ്റി കിഴക്കൻ രാജ്യങ്ങളിലേക്ക് തിരിച്ചുവിടുന്നതിൽ ലാരിജാനി വഹിച്ച പങ്ക് വലുതാണ്. അമേരിക്കൻ ഉപരോധംമൂലം ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നപ്പോൾ ചൈനയുമായി 40,000 കോടി ഡോളറിന്റെ 25 വർഷത്തെ സഹകരണ കരാർ ഒപ്പിടുന്നതിന് ചുക്കാൻപിടിച്ചത് ലാരിജാനിയാണ്.
മതപണ്ഡിതനല്ലായിരുന്ന ലാരിജാനി, ശാസ്ത്രീയ യുക്തിയെ തന്ത്രപരമായ നയതന്ത്രവും ഇസ്ലാമിക വിപ്ലവലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കാനാണ് ശ്രമിച്ചത്. ഗണിതശാസ്ത്രത്തിലും പാശ്ചാത്യ തത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം, പ്രത്യേകിച്ച് ഇമ്മാനുവൽ കാന്റിന്റെ ചിന്തകളെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും നയതന്ത്രചർച്ചകളിലും ഈ ദാർശനികമായ ആഴം പ്രകടമായിരുന്നു. വിദേശശക്തികൾക്കെതിരെയുള്ള ഇറാന്റെ ചെറുത്തുനിൽപ്പിനെ അദ്ദേഹം ദേശീയതയുമായി കൂട്ടിക്കെട്ടി. എന്നാൽ, ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിമർശവിധേയമാണ്.















