ad
Deshabhimani

Articles

കേരളം ലോകത്തിനുതന്നെ മാതൃകയായ ഇടം

തലയെടുപ്പോടെ തിളങ്ങട്ടെ കേരളം

rohini.j

നടി രോഹിണി

സുപ്രിയ സുധാകർ

Published on Mar 26, 2026, 11:22 PM | 2 min read

 കേരളത്തിൽ 10 വർഷമായി തുടരുകയാണ്‌ 
എൽഡിഎഫ്‌ ഭരണം. തുടർഭരണത്തിന്റെ അനിവാര്യത എന്താണ്‌


■ കേരളം രാജ്യത്തിന്‌ മാത്രമല്ല, ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന ഇടമാണ്‌. പ്രകൃതിദുരന്തങ്ങളിൽ വിറങ്ങലിച്ചുനിന്ന ജനതയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളും പുനരധിവാസവും ലോകം കണ്ടതാണ്‌. ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിയ ഒട്ടേറെ പദ്ധതികൾ. അതിന്‌ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ്‌ സർക്കാരിനെയും അത്യാദരവോടെയാണ്‌ ലോകം വീക്ഷിക്കുന്നത്‌. തമിഴ്‌നാട്‌ സർക്കാരും കേരളത്തിന്റെ വികസനക്കാഴ്‌ചപ്പാടുകളെയും ജനക്ഷേമ പ്രവർത്തനങ്ങളെയും താൽപ്പര്യത്തോടെയാണ്‌ കാണുന്നത്‌. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ ഏറെ പ്രശംസനീയം. അദാനിയുടെയും അംബാനിയുടെയും സൃഹൃത്തുക്കളുടെ കൈകളിലേക്ക്‌ ഇ‍ൗ നാടിന്റെ അധികാരമെത്തിയാൽ എന്ത്‌ സംഭവിക്കുമെന്ന്‌ സങ്കൽപ്പിക്കാനാകില്ല. അത്‌ ഒരിക്കലും സമ്മതിക്കരുത്‌.


 കേരളത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമം കൊണ്ടുപിടിച്ച്‌ നടപ്പാക്കുകയാണ്‌ കേന്ദ്രം


■ ​ജനക്ഷേമ പ്രവർത്തനങ്ങൾ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ സംസ്ഥാനത്തിന്‌ അർഹമായ ഫണ്ടുകൾപോലും തരാതെ പിടിച്ചുവയ്‌ക്കുന്നത്‌. എല്ലാ സംസ്ഥാനങ്ങളും അവരുടെ കൈപ്പിടിയിൽ ഒതുക്കുകയെന്ന അജൻഡയുമായാണ്‌ ബിജെപി–ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രസർക്കാർ നീങ്ങുന്നത്‌. ദക്ഷിണേന്ത്യയിൽ മാത്രമാണ്‌ അവർക്ക്‌ പിടിമുറുക്കാൻ സാധിക്കാത്തത്‌. നമുക്ക്‌ ലഭിച്ച വിദ്യാഭ്യാസത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. അതുപോലെതന്നെ നമ്മളിൽ അടിത്തറ പാകിയ പുരോഗമന ആശയങ്ങളും ചിന്തകളും. ഇത്‌ ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല. പതിറ്റാണ്ടുകളായി ആളുകളോട്‌ സംവദിച്ചാണ്‌ പുരോഗമനത്തിന്റെ പാതയിലേക്ക്‌ എത്തിയത്‌. കേരളത്തിൽ ശ്രീനാരായണഗുരുവും തമിഴ്‌നാട്ടിൽ ഭാരതിയാർ, പെരിയാർ തുടങ്ങിയവർ വഴികാട്ടിയ പുരോഗമന ആശയങ്ങളിലൂടെയാണ്‌ നമ്മൾ മുന്നേറിയത്‌. പുരോഗമന ആശയങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം അവകാശങ്ങൾക്കായി പോരാടാനും പ്രാപ്‌തരാക്കി. ഇതിന്റെയെല്ലാം ഫലമായാണ്‌ കേരളം തലയെടുപ്പോടെ നിൽക്കുന്നത്‌.


 സാഹിത്യ സാംസ്‌കാരിക മേഖലയിലേക്കുള്ള ആർഎസ്‌എസ്‌–ബിജെപി കൈകടത്തലുകൾ​


■ സാഹിത്യമേഖലകളിൽ അവാർഡ്‌ നൽകുന്നതിൽ ഉൾപ്പെടെ ആർഎസ്‌എസ്‌–ബിജെപി അജൻഡകൾ കാണാം. അവരെ പിന്തുണയ്‌ക്കുന്നവർക്ക്‌ വലിയ സ്ഥാനമാനങ്ങൾ നൽകുന്നു. പലരെയും റിട്ടയർമെന്റ്‌ കാലത്ത്‌ ഗവർണറായി നിയമിക്കുന്നു. അവരുടെ അജൻഡയാണിത്‌. തമിൾ സെൽവന്‌ സാഹിത്യ അക്കാദമി അവാർഡ്‌ പ്രഖ്യാപിച്ചിട്ട്‌ മൂന്നുമാസം കഴിഞ്ഞു. ഇതുവരെ അത്‌ സമ്മാനിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ മുൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ തമിൾ സെൽവന്‌ അവാർഡ്‌ നൽകുന്നത്‌ കേന്ദ്രസർക്കാർ തടഞ്ഞിരിക്കുകയാണ്‌. അവാർഡ്‌ നൽകുന്നത്‌ നിശ്‌ചയിച്ചത്‌ സാഹിത്യ അക്കാദമി അവാർഡ്‌ കമ്മിറ്റിയാണ്‌. സാഹിത്യ അക്കാദമി അവാർഡ്‌ തീരുമാനിക്കുന്നതിനു മുന്പ്‌ കേന്ദ്രസർക്കാരിന്റെ അനുമതി തേടണമെന്നാണ്‌ പുതിയ രീതി. കലാ–സാംസ്‌കാരിക മേഖലയിലേക്കുള്ള കടന്നുകയറ്റം അത്യന്തം അപകടകരമാണ്‌.

​ ‘കേരള സ്‌റ്റോറി’ സിനിമ– അത്തരമൊരു 
തെറ്റായ ആഖ്യാനമല്ലേ


■ ​കേരള സ്‌റ്റോറി മൊത്തം കള്ളമാണ്‌. സിനിമയിലൂടെ കുറേ കള്ളങ്ങൾ പറഞ്ഞാൽ വിശ്വസിക്കുമെന്നാണ്‌ അവർ കരുതുന്നത്‌. ജനങ്ങൾക്ക്‌ തെറ്റേത്‌ ശരിയേതെന്ന്‌ തിരിച്ചറിവുണ്ട്‌. കേരള സ്‌റ്റോറി പത്തല്ല നൂറ്‌ വന്നാലും ജനങ്ങൾക്കറിയാം വസ്‌തുത. ഇത്തരം കള്ളപ്രചാരണങ്ങൾക്കെതിരെ കേരളം വിധിയെഴുതും.


​ ബിജെപി–ആർഎസ്‌എസ്‌ കടന്നുകയറ്റം 
എങ്ങനെ ചെറുക്കും


■ ​ദക്ഷിണേന്ത്യയിൽ വേരൂന്നാൻ അവർ എന്തൊക്കെയോ ചെയ്യുന്നുണ്ട്‌. അതിനെതിരെ നമ്മൾ നിരന്തരം ശബ്‌ദം ഉയർത്തണം. കമ്യൂണിസ്‌റ്റുകാരാണ്‌ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഒപ്പം നിൽക്കുന്നത്‌. ഓട്ടോ ഡ്രൈവർമാർ, പഴക്കച്ചവടക്കാർ എന്നിവരെല്ലാം പ്രശ്‌നം വരുന്പോൾ ഓടിച്ചെല്ലുന്നത്‌ സഖാക്കളുടെ അടുത്താണ്‌.

എന്നെ ഞാനാക്കിയത്‌ മലയാള സിനിമയാണ്‌. സ്‌ത്രീയെന്ന നിലയിൽ എന്റെ ചുറ്റിലും ഒരുപാട്‌ അസമത്വങ്ങൾ നിലനിന്നിരുന്നു. ഞാൻ അസമത്വത്തിനെതിരെ ശബ്‌ദം ഉയർത്തി. അപ്പോൾ എനിക്ക്‌ മനസ്സിലായി ഞാൻ കമ്യൂണിസമാണ്‌ സംസാരിക്കുന്നതെന്ന്‌. അങ്ങനെയാണ്‌ ഇടതുപക്ഷ സഹയാത്രികയായത്‌. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നത്‌ ഇടതുപക്ഷം മാത്രമാണ്‌.



Deshabhimani
Home