യുഡിഎഫ് സർക്കാരിന്റെ ധവളപത്രം: ഒരു നവഉദാരീകരണ ഉത്പന്നം


ആർ രാംകുമാർ
Published on Jun 04, 2026, 03:26 PM | 13 min read
പുതിയ യുഡിഎഫ് സർക്കാർ നിയമിച്ച ഒരു കമ്മിറ്റി കേരളത്തിന്റെ ധനകാര്യ സ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി. ഡി. സതീശൻ അത് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. മേശപ്പുറത്ത് വയ്ക്കുമ്പോൾ അദ്ദേഹം ഒരു പ്രസ്താവന നടത്തി. മുൻപുള്ള ധവളപത്രങ്ങളൊക്കെ "രാഷ്ട്രീയ ധവളപത്രങ്ങൾ" ആയിരുന്നു. എന്നാൽ ഇത് ഒരു രാഷ്ട്രീയമായ ധവളപത്രമല്ല. ഇത് വിദഗ്ധർ തയ്യാറാക്കിയതാണ്. വിദഗ്ധർ എഴുതിയാൽ രാഷ്ട്രീയം ഇല്ലാതാവും എന്ന് മുഖ്യമന്ത്രി കരുതിയിട്ടുണ്ടെന്ന് തോന്നുന്നു. മുൻപത്തെ ധവളപത്രങ്ങളൊക്കെ വിദഗ്ധരല്ല എഴുതിയത് എന്നും അദ്ദേഹം കരുതിയിട്ടുണ്ടെന്ന് തോന്നുന്നു. അദ്ദേഹത്തിൻറെ ഈ രണ്ട് തോന്നലും അബദ്ധമാണ് എന്ന് തുടക്കത്തിൽ തന്നെ പറയട്ടെ.
പുതിയ ധവളപത്രം ഒന്ന് ഓടിച്ച് വായിച്ചു. വളരെ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ തയ്യാറാക്കിയ ഒരു റിപ്പോർട്ട് ആണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. ചില പ്രധാനവിഷയങ്ങൾ മാത്രം ഈയവസരത്തിൽ പറയാം.
ഒന്ന്, കേരളത്തിന്റെ കഴിഞ്ഞ 10 വർഷത്തെ ധനകാര്യ മാനേജ്മെൻറ് കടന്നുപോയ ബുദ്ധിമുട്ടുകളെ കുറച്ച് ഈ ധവളപത്രത്തിന് പരിപൂർണ്ണ മൗനമാണ്.
കേരളത്തിൻറെ ധനകാര്യസ്ഥിതിയെ മാത്രമല്ല സമ്പദ്ഘടനയെ മൊത്തത്തിൽ തന്നെ പിടിച്ചുലച്ച പ്രളയം, കനത്ത കാലവർഷം എന്നിവയൊന്നും കേരളത്തിൽ സംഭവിച്ചിട്ടേയില്ല എന്ന് ധവളപത്രം വായിച്ചാൽ തോന്നിപ്പോകും. അനുബന്ധങ്ങളിൽ ഒന്നിൽ മാത്രമാണ് "പ്രളയം" എന്ന പദം തന്നെ ഒരിക്കൽ മാത്രം ഉപയോഗിക്കപ്പട്ടിട്ടുള്ളത്. ഈ ദുരന്തങ്ങളൊക്കെ കേരള സർക്കാരിന്റെ ധനകാര്യ സ്ഥിതിയെ കുറച്ചൊന്നുമല്ല പിഴിഞ്ഞത്. ദുരിതാവസ്ഥകളിൽ പെട്ട സാധാരണ മനുഷ്യരെ ചേർത്ത് പിടിക്കാനും അവർക്ക് ആശ്വാസമെത്തിക്കാനും മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിൽ കേരളം ഉണ്ടായിട്ടുണ്ട്. എന്നിട്ട് പോലും 2019-20 വർഷത്തിൽ കേരളത്തിന്റെ മൊത്തം കടഭാരം ജിഎസ്ഡിപിയുടെ 32.02% മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വർഷം കേരളത്തിന്റെ ധനകമ്മി 2.8% മാത്രമായിരുന്നു എന്നും കാണണം. മികച്ച റെക്കോർഡ്.
ഇവിടെ അല്പം രാഷ്ട്രീയം പറയണം. കേരളത്തിന്റെ കടഭാരം ജിഎസ്ഡിപിയുടെ അനുപാതമായി ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന് നിന്നത് മൂന്ന് വർഷങ്ങളിലാണ്: 2002-03, 2003-04, 2004-05. ആരാണ് അപ്പോൾ കേരളം ഭരിച്ചിരുന്നത് എന്ന് പറയേണ്ടതില്ലല്ലോ. ഈ മൂന്ന് വർഷങ്ങളിലും ജിഎസ്ഡിപി-യുടെ ഏകദേശം 40% ആയിരുന്നു കേരളത്തിന്റെ കടഭാരം -- കൃത്യമായി പറഞ്ഞാൽ 39.5%, 40.5%, 39.6%. എല്ലാ സംസ്ഥാനങ്ങൾക്കും 31%-32% മാത്രം കടഭാരം ഉണ്ടായിരുന്ന വർഷങ്ങളായിരുന്നു ഇവ. ഇത്രയും കടഭാരം പിന്നീടങ്ങോട്ട് ഒരിക്കലും കേരളത്തിൽ ഉണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് വരുമാനം വർദ്ധിപ്പിച്ച് കടഭാരം കുറച്ചു കൊണ്ട് വരികയായിരുന്നു കേരളം. അങ്ങിനെ 2011 ആയപ്പോൾ കടഭാരം ജിഎസ്ഡിപി-യുടെ 31.8% മാത്രമായി ചുരുങ്ങി. 2019-20 ആയപ്പോൾ ഇത് വലിയ മാറ്റമില്ലാതെ ജിഎസ്ഡിപി-യുടെ 32.02% ആയി നിന്നു. 2006ന് ശേഷം 2019 ആയപ്പോൾ സ്ഥിതി അതിലും മെച്ചപ്പെട്ടു എന്നർത്ഥം.
പക്ഷേ മാറ്റമുണ്ടായത് അതിനുശേഷം വന്ന കോവിഡ് വർഷങ്ങളിലാണ്. ലോകമെമ്പാടുമുള്ള ഭരണകർത്താക്കൾ കടത്തോടും കടഭാരത്തോടും ഉള്ള സൈദ്ധാന്തിക എതിർപ്പുകൾ മാറ്റിവെച്ച് കൂടുതൽ വായ്പയെടുത്ത് ജനങ്ങളുടെ ക്ഷേമത്തിനും ഭക്ഷണത്തിനും ആരോഗ്യത്തിനും തൊഴിലിനും വേണ്ടി ചെലവഴിച്ച സമയമാണ് കോവിഡ് പ്രതിസന്ധിയുടെ രണ്ട് വർഷങ്ങൾ. ഇന്ത്യയിൽ എഫ്ആർബിഎം നിയമത്തിൽ നിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങൾക്ക് 2020-21ൽ 5% ധനക്കമ്മിയും 2022-23ൽ 4% ധനകമ്മിയും ആവാം എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അങ്ങനെ കൂടുതൽ വായ്പ എടുത്തുകൊണ്ട് കേരളം അതിൻറെ ധനകമ്മി 2020-21ൽ 4.6%ഉം 2022-23ൽ 4.1%ഉം ആയി ഉയർത്തി.
ഇങ്ങനെ ഉയർത്തിയ ചെലവ് ഉപയോഗിച്ച് കൊണ്ടാണ് കേരളം ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധം പടുത്തുയർത്തിയത്. സാമ്പത്തിക ഉത്തേജനത്തിനായി ഒരു പാക്കേജ്, എല്ലാവർക്കും ഭക്ഷണ കിറ്റുകൾ, മെച്ചപ്പെട്ട പൊതുജനാരോഗ്യ സൗകര്യങ്ങൾ, ക്വാറന്റൈൻ സെൻററുകൾ, സൗജന്യ വാക്സിനുകൾ, തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപനം ഇവയെല്ലാം കേരളത്തിൽ സാധ്യമായി. ഈ രണ്ട് വർഷങ്ങളിൽ വായ്പയെടുത്ത് ജനക്ഷേമത്തിനായി പണം ചെലവഴിച്ചത് കൊണ്ടാണ് കേരളത്തിന്റെ കടഭാരം 2020-21ൽ 38.5% ആയും 2021-22ൽ 37% ആയും ഉയർന്നത്. എന്നാൽ അടുത്ത വർഷങ്ങളിൽ ഇത് കുറച്ചുകൊണ്ട് വരണമെന്ന് നിഷ്കർഷയുണ്ടായിരുന്നതിനാൽ കടവും കടഭാരവും കുറഞ്ഞു. 2025-26 ആകുമ്പോൾ ധനകമ്മി 3.16%ഉം കടഭാരം 35%ഉം ആയി കുറഞ്ഞുവെന്ന് ധവളപത്രം തന്നെ പറയുന്നു. എടുത്ത കടങ്ങൾ മെല്ലെ തിരിച്ചടച്ചു വരുമ്പോൾ കടഭാരം ഇനിയും സ്വാഭാവികമായി കുറയും. കാരണം ധനകമ്മി കുറഞ്ഞു തന്നെ നിൽക്കും. പുതിയ കടങ്ങൾ കയറി വരുന്നില്ല. അനാവശ്യ ഭയം ഈ വിഷയത്തിൽ ഉണ്ടാക്കേണ്ടതില്ല എന്ന് സാരം. നമ്മുടെ ജിഎസ്ഡിപിയുടെ വളർച്ച കുറച്ച് കൂടി ത്വരിതപ്പെടുത്തിയാൽ കടഭാരത്തിന്റെ കുറവ് കുറച്ച് കൂടി പെട്ടെന്ന് അനുഭവപ്പെടുകയും ചെയ്യും.
അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ അവരെങ്ങനെ കടഭാരം കുറച്ചു നിർത്തി "മാനേജ്" ചെയ്തു എന്ന ചോദ്യം ബാക്കി കിടക്കുന്നു. ഉത്തരം ലളിതമാണ്. ജനക്ഷേമത്തിന് വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ട കോവിഡ് വർഷങ്ങളിൽ കേരളത്തെ പോലെ മറ്റ് സംസ്ഥാനങ്ങൾ പൊതുചിലവ് വർദ്ധിപ്പിച്ചില്ല. 5% അല്ലെങ്കിൽ 4% വരെയൊക്കെ ധനക്കമ്മി ഉയർത്താമായിരുന്നുവെങ്കിലും, കൂടുതൽ വായ്പ വാങ്ങി ജനക്ഷേമത്തിനു വേണ്ടി ചിലവഴിക്കേണ്ട എന്ന തീരുമാനമെടുത്ത്, ധനകമ്മി കുറച്ചു നിർത്തി, അവർ തടി കയ്ച്ചിലാക്കി. 5% വരെ ധന കമ്മി ഉയർത്താമായിരുന്ന 2020-21ലെ ചില ധനകമ്മികൾ നോക്കൂ: ഒഡീഷ 1.8%; ഉത്തരാഖണ്ഡ് 2.3%; ഗുജറാത്ത് 2.5%; മഹാരാഷ്ട്ര 2.7%; ഉത്തർപ്രദേശ് 3.3%. ഇനി 4% വരെ ധന കമ്മി ഉയർത്താമായിരുന്ന 2021-22ലെ ചില ധന കമ്മികൾ നോക്കൂ: ഒഡീഷ 0.4%; ജാർഖണ്ഡ് 0.8%; ഗുജറാത്ത് 1.2%; ഉത്തരാഖണ്ഡ് 1.4%; ഛത്തീസ്ഗഡ് 1.5%; ഉത്തർപ്രദേശ് 2%; മഹാരാഷ്ട്ര 2.1%; ആന്ധ്രപ്രദേശ് 2.2%.
അത് മാത്രമല്ല. പല സംസ്ഥാനങ്ങളും അവർക്കുണ്ടായിരുന്ന വരുമാനം ചെലവഴിക്കാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർമിഡിയറ്റ് ട്രഷറി ബില്ലുകളിൽ സുരക്ഷിതമായി നിക്ഷേപിച്ചു വയ്ക്കുകയും ചെയ്തു. 2021 മാർച്ച് 31ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കൂടി 2.05 ലക്ഷം കോടി രൂപ ഇങ്ങനെ ട്രഷറി ബില്ലുകളിൽ നിക്ഷേപിച്ച് വച്ചിരിക്കുകയായിരുന്നു. 2022 മാർച്ച് 31നോ? 2.16 ലക്ഷം കോടി രൂപ. ഇങ്ങനെ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കാതെ അതെടുത്ത് ചെലവഴിച്ചാൽ ധനകമ്മി കൂടും എന്ന ഭയം ഉണ്ടായിരുന്നതിനാലാണ് അവരിങ്ങനെ ചെയ്തത്. അത് കൊണ്ട് എന്തുണ്ടായി? ഈ സംസ്ഥാനങ്ങൾക്കെല്ലാം പലിശ നിരക്കിന്റെ കാര്യത്തിൽ "നെഗറ്റീവ് ക്യാരി" (negative carry) വന്ന് പെട്ടു. ട്രഷറി ബില്ലുകളിലെ പലിശ നിരക്ക് ആപേക്ഷികമായി കുറവായതുകൊണ്ട് സാമ്പത്തിക നഷ്ടം സംഭവിച്ചു എന്ന് ചുരുക്കം. ഇത് കേരളത്തിനുണ്ടായില്ല. ഇതൊന്നും ധവളപത്രം അറിഞ്ഞ മട്ടില്ല.
മറ്റ് സംസ്ഥാനങ്ങളെ പോലെ കൂടുതൽ വായ്പ വാങ്ങാതെ, ജനക്ഷേമത്തിന് വേണ്ടി കഴിയുമായിരുന്ന അത്രയും ചിലവ് വർദ്ധിപ്പിക്കാതെ, ചുമരും ചാരി നിന്നിരുന്നെങ്കിൽ കേരളത്തിനും ധനകമ്മി കുറച്ചു നിർത്തി എന്ന് മേനി നടിക്കാമായിരുന്നു; മൊത്തം കടഭാരവും വർദ്ധിക്കാതെ നിർത്തി "മാനേജ്" ചെയ്യാമായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും ഭക്ഷണത്തിനുമൊന്നും നവലിബറൽ സൈദ്ധാന്തിക ഡോഗ്മകൾ തടസ്സമാവില്ല എന്ന് തീരുമാനിച്ചതിനാലാണ് കേരളത്തിൽ കഴിഞ്ഞ ചില വർഷങ്ങളിൽ കടഭാരം താൽക്കാലികമായി മാത്രം വർദ്ധിച്ചത്. അതിനെയാണ് ധവളപത്രം വില്ലനാക്കി ചിത്രീകരിക്കുന്നത്.
രണ്ട്, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വന്ന മാറ്റങ്ങളാണ് കേരളത്തിന്റെ ധനസ്ഥിതി മോശമായതിന് ഒരു പ്രധാന കാരണം എന്നത് ധവളപത്രം പറയുന്നതേയില്ല.
ഈ മാറ്റങ്ങൾ എന്ന് വെച്ചാൽ ജിഎസ്ടി കോമ്പൻസേഷൻ നിന്ന് പോയതോ റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തിയതോ മാത്രമല്ല. സംസ്ഥാന സർക്കാരുകളുമായി പങ്കിടാത്ത സെസ്സുകളുടെയും സർചാർജുകളുടെയും വർദ്ധനവ്; ആസൂത്രണ കമ്മീഷന്റെ മരണവും നീതി ആയോഗ് എന്ന ഒരു വെള്ളാനയുടെ ഉദയവും; ആസൂത്രണ കമ്മീഷന്റെ മരണത്തിന് ശേഷം ധനകാര്യ മന്ത്രാലയത്തിൽ അധികാരങ്ങൾ രാഷ്ട്രീയമായി നിക്ഷിപ്തമായത്തിന്റെ ഭാഗമായി കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര പദ്ധതികൾക്ക് കീഴിലുള്ള പണം തീരെ ലഭിക്കാത്ത വിഷയം; കേന്ദ്ര-കേന്ദ്ര ആവിഷ്കൃത പദ്ധതികൾക്ക് കീഴിൽ വന്നിട്ടുള്ള സമൂലമായ മാറ്റങ്ങൾ, അതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് മേൽ വന്നിട്ടുള്ള അധിക സാമ്പത്തിക ഭാരങ്ങൾ; കോവിഡ് കാലത്ത് പോലും കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി വേണമെങ്കിൽ അവർ ഒരു കൂട്ടം നവലിബറല്‍ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തണമെന്ന നിബന്ധനകൾ; ഇതൊക്കെ മൂലമുണ്ടായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ അസമത്വങ്ങൾ ഈ ധവളപത്രത്തിൽ ചർച്ചയ്ക്ക് വിധേയമാകുന്നതേയില്ല. ഇത് ധവളപത്രത്തിന്റെ രാഷ്ട്രീയമായി തന്നെ അടയാളപ്പെടുത്തി പോകണം.
മൂന്ന്, കേന്ദ്ര സർക്കാർ കേരളത്തിന് നൽകാൻ ബാക്കിയുള്ള പണത്തിലെ കുടിശ്ശിക എത്രയാണ്?
2026 ജനുവരി മുതൽ മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ, സംസ്ഥാനത്തിന്റെ ചിലവുകൾ നിറവേറ്റുന്നതിനായി ഏകദേശം 12,000 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ലഭ്യമായിരിക്കേണ്ടതായിരുന്നു. ഈ തുകയുടെ പകുതിയിലധികവും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ശരിയായ ന്യായീകരണമില്ലാതെ 5,944 കോടി രൂപ നിരസിക്കപ്പെട്ടു. അതേസമയം, മുൻ സാമ്പത്തിക വർഷങ്ങളിലെ കുടിശ്ശിക ഉൾപ്പെടെ (2025 സെപ്റ്റംബർ വരെ) കേന്ദ്ര പദ്ധതികൾ പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട തുക മറ്റൊരു 5,650.45 കോടി രൂപയാണ്. ഈ തടസ്സങ്ങൾ സംസ്ഥാനത്തിന്റെ ധനകാര്യത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഈ പണം കൃത്യമായി കേന്ദ്രം കേരളത്തിന് നൽകിയാൽ ഇന്നത്തെ ധനകാര്യ പ്രതിസന്ധിയുടെ ഭാരം വലിയതോതിൽ കുറഞ്ഞ് കിട്ടും. ഇതാണ് കേരളത്തിന്റെ മുൻ-ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തി കൊണ്ടിരുന്നത്. ഈ വിഷയത്തിലും ധവളപത്രത്തിന് മൗനം തന്നെ. ഇവയെങ്ങാനും ഉന്നയിച്ചാൽ ഇന്നത്തെ ഞെരുക്കത്തിന് കാരണം സംസ്ഥാന സർക്കാരല്ലെന്ന് ആരെങ്കിലും വിശ്വസിച്ച് പോയാലോ?
നാല്, ഈ ധവള പത്രത്തിൽ പ്രതീക്ഷിച്ചിരുന്ന ഒന്നാണ് കേരളം സർക്കാരിന്റെ വരുമാനത്തിന്റെ മുക്കാൽ ഭാഗവും ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവഴിക്കേണ്ടി വരുന്നത് എന്ന ആരോപണം. ഒട്ടും യാഥാർത്ഥ്യബോധമില്ലാത്ത ഒരു വിശകലനത്തിന്റെ ഭാഗമാണ് ഈ ആരോപണം. എന്താണ് വസ്തുതകൾ?
2024-25ലെ കണക്കനുസരിച്ച് ശമ്പളവും പെൻഷനും ചേർന്നാൽ കേരള സർക്കാരിൻറെ ആകെ ചെലവിന്റെ 42% മാത്രമേ വരൂ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സംരക്ഷണം, പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങിയ കേരളത്തിലെ സാമൂഹ്യമേഖലകൾ ഏറെ റവന്യൂ ചെലവ് അനിവാര്യമാക്കുന്നവയാണ്. ശമ്പളം, പെൻഷൻ, പ്രവർത്തന ചെലവുകൾ എന്നിവ ഒഴിവാക്കാൻ ആവാത്തവയാണ്. ഈ റവന്യൂ ചെലവുകളാണ് കേരളത്തിൻറെ വികസന മാതൃകയുടെ ഹൃദയം തന്നെ. ഇവ അനാവശ്യവുമല്ല, ഉൽപാദനരഹിതവുമല്ല. ഇവിടെ വീഴ്ച വന്നാൽ കേരളത്തിന്റെ ക്ഷേമഘടന തന്നെ തളർന്നുപോകും.
എന്നാൽ ധവളപത്രമാകട്ടെ ശമ്പളം, പെൻഷൻ ചെലവുകളെ "ഉത്പാദനരഹിതമായ ഉപഭോഗ"മായി മാത്രമാണ് ചുരുക്കി കാണുന്നത്. അതേസമയം, മൂലധന ചെലവുകളെ "ഉത്പാദനപരമായ നിക്ഷേപം" എന്ന നിലയിൽ ആഘോഷിക്കുകയും ചെയ്യുന്നു. ഇതാണ് ധവളപത്രത്തിന്റെ മറ്റൊരു പ്രധാന രാഷ്ട്രീയ വശം. പക്ഷേ ഇവിടെ വിട്ടു പോകുന്ന ഒരു യാഥാർത്ഥ്യം മൂലധന ചെലവുകൾ "ഭൗതിക-അടിസ്ഥാന സൗകര്യങ്ങൾ" നിർമ്മിക്കുമ്പോൾ റവന്യൂ ചെലവുകൾ "മാനവിക-അടിസ്ഥാന സൗകര്യങ്ങൾ" (human capital) നിർമ്മിക്കുന്നു എന്നതാണ്. ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്ക് ഏകദേശം 85 അധ്യാപകർ വീതമാണ് ഉള്ളത്. എന്നാൽ കേരളത്തിൽ ഇത് ഏകദേശം 350 അധ്യാപകർ വരും. കേരളത്തിലെ ഒരു സ്കൂളിൽ ശരാശരി 18 അധ്യാപകരുള്ളപ്പോൾ ഇന്ത്യയിലെ സ്‌കൂളുകളിലെ ശരാശരി 7 അധ്യാപകർ മാത്രമാണ്. തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരു സ്കൂളിൽ 7 അധ്യാപകർ വീതമാണുള്ളത്. മധ്യപ്രദേശിൽ ഒരു സ്കൂളിൽ 3 അധ്യാപകർ. കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ ഒരു സ്കൂളിൽ 4 അധ്യാപകർ. ഉത്തർപ്രദേശിൽ ഒരു സ്കൂളിൽ 5 അധ്യാപകർ. ഗുജറാത്തിൽ ഒരു സ്കൂളിൽ 6 അധ്യാപകർ. ഇന്ത്യയിലെ 7% സ്കൂളുകൾ ഏകാധ്യാപക വിദ്യാലയങ്ങളാണ് എന്നും നമ്മൾ ഓർക്കണം. ഈ സ്ഥിതിയാണോ നമുക്ക് കേരളത്തിൽ വേണ്ടത്?
അതുപോലെതന്നെ, കേരളത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജനസംഖ്യ തോതും ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്നതാണ്. സംസ്ഥാനത്തെ ഓരോ വ്യക്തിക്കും 9.2 രജിസ്റ്റേർഡ് നഴ്‌സുമാരും രജിസ്റ്റേർഡ് മിഡ്‌വൈഫുമാരും (RN&RM) ഉണ്ടെന്ന് സംസ്ഥാന നഴ്‌സസ് രജിസ്ട്രേഷൻ കൗൺസിലുകളുടെ ഡാറ്റ കാണിക്കുന്നു. ആന്ധ്രാപ്രദേശിൽ 5.2, തമിഴ്‌നാട്ടിൽ 4.5, ഹിമാചൽ പ്രദേശിൽ 3.6, ഒഡീഷയിൽ 2.0, മധ്യപ്രദേശിൽ 1.4, മഹാരാഷ്ട്രയിൽ 1.3, ഉത്തർപ്രദേശിൽ 0.5, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ 0.2 എന്നിങ്ങനെയാണ് അനുബന്ധ കണക്കുകൾ. അംഗൻവാടി ജീവനക്കാർ, ആയമാർ, ആശ തുടങ്ങിയ സ്കീം ജീവനക്കാരുടെ സംസ്ഥാന വിഹിതം, ദിവസവേതനം തുടങ്ങിയവയൊക്കെയും ഈ റവന്യൂ ചെലവുകളിൽ ഉൾപ്പെടുത്തണം.
ഇതൊക്കെയാണ് ധവളപത്രം വിമർശിക്കുന്ന ശമ്പള ചിലവുകൾ. ശമ്പളം കൊടുക്കുമ്പോൾ പെൻഷനും വേണ്ടി വരും. അധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശമാരുടെയും അങ്കണവാടി പ്രവർത്തകരുടെയും ഒക്കെ ശമ്പളം അപ്പോൾ ധൂർത്താണോ? ഈ ഘടനാപരമായ പ്രതിഭാസം മൂലമാണ് കേരളത്തിലെ സാമൂഹിക സുരക്ഷാ ചെലവുകളും പെൻഷനുകളും ഒക്കെ മൂലം വളരെ ഉയർന്ന് നിൽക്കുന്നത്. ഇവയെ വിമർശിക്കുന്ന ധവളപത്രം യഥാർത്ഥത്തിൽ വിമർശിക്കുന്നത് സംസ്ഥാനത്തിന്റെ ക്ഷേമ നേട്ടങ്ങളുടെ അടിത്തറയെ തന്നെയാണ്. ഈ ചിലവുകളൊക്കെ വെട്ടിക്കുറക്കുന്നത് കേരളത്തിന്റെ ക്ഷേമനേട്ടങ്ങളെയൊക്കെ തന്നെ തച്ചുടക്കുന്നതിന് തുല്യമാണ്. ഇവിടെയാണ് ധവളപത്രത്തിന്റെ രാഷ്ട്രീയം ഒരിക്കൽ കൂടി പുറത്തുവരുന്നത്.
അഞ്ച്, ധവളപത്രം ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണമാണ് കേരളത്തിന്റെ മൂലധന ചെലവ് ജിഎസ്ഡിപിയുടെ 1.3% മാത്രമേയുള്ളൂ എന്നത്. ഇത് ഇന്ത്യയിലെ തന്നെ താഴ്ന്ന നിരക്കുകളിലൊന്നാണത്രെ.
അല്പം ചരിത്രം ഇവിടെ പറഞ്ഞു പോകണം. 2015ൽ ആസൂത്രണ കമ്മീഷന് പകരമായി നീതി ആയോഗ് എന്ന ഒരു പുതിയ സ്ഥാപനം വന്നപ്പോൾ ഇന്ത്യയിൽ അതുവരെ നിലവിലുണ്ടായിരുന്ന പദ്ധതി-പദ്ധതിയേതര വ്യത്യാസം കേന്ദ്ര ബജറ്റുകളിൽ ഇല്ലാതായി. ബജറ്റ് ചെലവിന്റെ എല്ലാ തീരുമാനങ്ങളും തികച്ചും രാഷ്ട്രീയപരമായി കേന്ദ്ര ധനമന്ത്രാലയം തീരുമാനിക്കുന്ന സ്ഥിതി വന്നു. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അവരുടെ ആസൂത്രണ ബോർഡുകൾ പിരിച്ചുവിടുകയും സംസ്ഥാന ബജറ്റുകളിൽ പദ്ധതി-പദ്ധതിയേതര വ്യത്യാസങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. ഇതുമൂലം മൊത്തം ചിലവുകളിൽ മൂലധന ചെലവിന്റെ വിഹിതം വർദ്ധിക്കുമെന്നും റവന്യൂ ചെലവിന്റെ വിഹിതം കുറയുമെന്നും സർക്കാർ വാദിച്ചു. എന്നാൽ കേരളം ഇത് ചെയ്തില്ല. ആസൂത്രണ പ്രക്രിയ തുടരും എന്ന ഒരു രാഷ്ട്രീയ തീരുമാനം കേരളം സ്വീകരിച്ചു. ബജറ്റുകളിൽ പദ്ധതി-പദ്ധതിയേതര വ്യത്യാസങ്ങൾ നിലനിർത്തുകയും ചെയ്തു. ഇതുമൂലം മൂലധന ചെലവുകൾ ഉയരാത്ത സ്ഥിതി വരും എന്നും, റവന്യൂ ചെലവുകൾ ഉയരുന്ന സ്ഥിതി വരും എന്നും പലരും വിമർശനം ഉന്നയിക്കുകയുണ്ടായി.
എന്നാൽ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ഈ വർഷത്തെ ഒരു പഠനം ഈ വിഷയത്തിൽ നല്ല വ്യക്തത കൊണ്ടുവന്നിട്ടുണ്ട്. ആസൂത്രണ ബോർഡുകൾ പിരിച്ചുവിടുമ്പോൾ (അതായത് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടം; 2012-13 മുതൽ 2016-17 വരെ) ഇന്ത്യയിലെ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളുടെ ശരാശരി എടുത്താൽ മൊത്തം ചെലവിന്റെ 12.8% ആയിരുന്നു മൂലധന ചെലവിന്റെ വിഹിതം. എന്നാൽ 2017-18 മുതൽ 2011-22 വരെയുള്ള അടുത്ത അഞ്ചു വർഷങ്ങളിൽ ഇത് 12.8 ശതമാനത്തിൽ നിന്ന് 11.3% ആയി കുറഞ്ഞു. അതിനുശേഷമുള്ള രണ്ടു വർഷങ്ങളിൽ (2022-23, 2023-24 വർഷങ്ങൾ) ഇത് 12.2% ആയിരുന്നു. ചുരുക്കത്തിൽ സംസ്ഥാന ആസൂത്രണ ബോർഡുകൾ പിരിച്ചുവിട്ടതിനുശേഷം പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം മൂലധന ചെലവിന്റെ വിഹിതം കുറയുകയാണ് ഉണ്ടായത്; കൂടുകയല്ല.
എന്നാൽ ഇതേ പഠനം തന്നെ കേരളത്തിൻറെ വ്യത്യസ്തമായ സ്ഥിതിയും അടിവരയിട്ട് കാണിക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കേരളത്തിലെ ബജറ്റ് ചെലവിന്റെ 6.3% ആയിരുന്നു മൂലധന ചെലവിന്റെ വിഹിതം. എന്നാൽ 2017-18 മുതൽ 2011-22 വരെയുള്ള അടുത്ത അഞ്ചു വർഷങ്ങളിൽ മൂലധന ചെലവിന്റെ വിഹിതം വർദ്ധിച്ച് 7.5% ആയും അതിനുശേഷം ഉള്ള രണ്ടു വർഷങ്ങളിൽ (2022-23, 2023-24 വർഷങ്ങൾ) വീണ്ടും വർദ്ധിച്ച് 8.2% ആയും മാറി. അതായത് ആസൂത്രണ ബോർഡ് നിലനിർത്തി, പദ്ധതി-പദ്ധതിയേതര വ്യത്യാസങ്ങൾ നിലനിർത്തി ആസൂത്രണ പ്രക്രിയയെ ശക്തിപ്പെടുത്തിയ കേരളത്തിന് 2017 മുതൽ മൂലധന ചെലവുകൾ വലിയതോതിൽ വർദ്ധിപ്പിക്കാനായി. മൂലധന ചെലവിന്റെ ഈ വർദ്ധനവ് ധവളപത്രം സൗകര്യപൂർവ്വം മറച്ച് പിടിക്കുന്നു. ആസൂത്രണ പ്രക്രിയ വഴി റവന്യൂ ചെലവുകളിലെ അനാവശ്യമായ വർദ്ധനവ് നിയന്ത്രിക്കാനും അതുവഴി കൃത്യമായ ധനകാര്യ മാനേജ്മെൻറ് നടപ്പിലാക്കാനും കേരളത്തിന് കഴിഞ്ഞതാണ് ഇതിന് കാരണം. എന്നാൽ ഇതേ ആസൂത്രണ പ്രക്രിയയെ തകർക്കാനാണ് ധവളപത്രം ആവശ്യപ്പെടുന്നതും. ആസൂത്രണ ബോർഡിനെ വെറുമൊരു "തിങ്ക് ടാങ്ക്" (ചിന്താസംഘം) മാത്രമായി ചുരുക്കണം എന്നാണു ധവളപത്രം ആവശ്യപ്പെടുന്നത്. നെഹ്രുവിന്റെ ആസൂത്രണത്തെ തകർക്കാൻ "നെഹ്‌റൂവിയൻ ലെഫ്റ്റുകാർ" തന്നെ വരുന്ന മനോഹരമായ കാഴ്ച.
ഒരു പ്രശ്നം കൂടിയുണ്ട്. ധവളപത്രത്തിലെ കണക്കുകളിൽ (1.3% എന്ന കണക്കിൽ) കിഫ്ബിയുടെ മൂലധന നിക്ഷേപങ്ങൾ ഉൾപ്പെട്ടിട്ടില്ല. കാരണം, അഖിലേന്ത്യാതലത്തിലെ ബജറ്റ് കണക്കുകളിൽ സംസ്ഥാന സർക്കാർ കിഫ്ബിക്ക് നൽകുന്ന പണം റവന്യൂ ചെലവായിട്ടാണ് വർഗീകരിച്ചിരിക്കുന്നത്. ഇതും കൂടി കൂട്ടിയാൽ കേരളത്തിൽ മൂലധന ചെലവ് മേല്പറഞ്ഞ പഠനവും ധവളപത്രവും കാണിക്കുന്നതിനേക്കാൾ കൂടുതലായിട്ടുണ്ടാവും. കിഫ്ബിയെ വിമർശിക്കുന്ന തിരക്കിൽ ഇതും ധവളപത്രം കണ്ട മട്ടില്ല.
ആറ്, മുണ്ട് മുറുക്കിയുടുക്കാൻ പാകത്തിന് പൊതുമേഖലയെ ചുരുക്കി പകരം വലിയൊരു നവലിബറൽ പരിഷ്‌കാരം കൊണ്ടുവരണമെന്നാണ് ധവളപത്രം പറഞ്ഞു വെക്കുന്നത്.
ധവളപത്രം പറയുന്നത് ഒറ്റനോട്ടത്തിൽ വളരെ യുക്തിസഹമായി തോന്നാം: "പാവപ്പെട്ടവർക്ക് അവശ്യസേവനങ്ങൾ ലഭ്യമാകുകയും അവ താങ്ങാവുന്ന നിരക്കിൽ തുടരുകയും വേണം. എന്നാൽ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ പേരിൽ പ്രവർത്തനക്ഷമതക്കുറവും സാമ്പത്തിക കെടുകാര്യസ്ഥതയും മറച്ചുവെക്കരുത്. അതിനാൽ ഉൽപ്പാദനാധിഷ്ഠിത സബ്‌സിഡികളിൽ നിന്ന് ഉപഭോഗാധിഷ്ഠിത സബ്‌സിഡികളിലേക്ക് മാറണം." ഈ നിർദ്ദേശത്തിന് പിന്നിൽ ഒരു പ്രത്യേക സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അതാണ് മേല്പറഞ്ഞ നവലിബറൽ കാഴ്ചപ്പാട്. അതിലെ അടിസ്ഥാന വാദം ഇതാണ്: പൊതുമേഖലാ സ്ഥാപനങ്ങൾ ഒരു സ്വകാര്യ കമ്പനി പോലെ പ്രവർത്തിക്കണം. സാമൂഹിക ഉത്തരവാദിത്തങ്ങളുടെ പേരിൽ നിരന്തരം സർക്കാർ ധനസഹായം നൽകുന്നത് അവയുടെ കാര്യക്ഷമതയെ തകർക്കും. അതിനാൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്ന സബ്‌സിഡികൾ കുറയ്ക്കണം. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കണമെങ്കിൽ, പൊതുമേഖലാ സ്ഥാപനത്തെ സഹായിക്കുന്നതിന് പകരം പാവപ്പെട്ട ഉപഭോക്താവിനെ നേരിട്ട് സഹായിച്ചാൽ മതി.
ഇവിടെയാണ് "ഉൽപ്പാദനാധിഷ്ഠിത സബ്‌സിഡി"യും "ഉപഭോഗാധിഷ്ഠിത സബ്‌സിഡി"യും തമ്മിലുള്ള വ്യത്യാസം വരുന്നത്. ഉദാഹരണത്തിന്, കെഎസ്ആർടിസി അകലെയുള്ള ഗ്രാമങ്ങളിലേക്ക് യാത്രക്കാരില്ലെങ്കിലും ബസ് ഓടിക്കുന്നു എന്ന് കരുതുക. അതിന് നഷ്ടമുണ്ടാകും. എന്നാൽ ആ നഷ്ടം സർക്കാർ നികത്തുന്നു. കാരണം ഗതാഗതം ഒരു പൊതുസേവനമാണ്. ഇതാണ് ഉൽപ്പാദനാധിഷ്ഠിത സബ്‌സിഡി. അതായത്, സേവനം നൽകുന്ന സ്ഥാപനത്തിനാണ് സർക്കാർ സഹായം നൽകുന്നത്. അതുപോലെ, ഇടമലക്കുടിയിൽ വൈദ്യുതിയെത്തിക്കുന്നതിനോ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതിനോ വൈദ്യുതി ബോർഡ് നഷ്ടം വരുത്തുന്നുവെങ്കിൽ, സർക്കാർ ആ നഷ്ടം വഹിക്കുന്നുവെങ്കിൽ, അതും ഉൽപ്പാദനാധിഷ്ഠിത സബ്‌സിഡിയാണ്. പക്ഷെ, നവലിബറൽ സമീപനം പറയുന്നത് മറ്റൊന്നാണ്. കെഎസ്ആർടിസി ബസ് സർവീസുകളുടെ യഥാർത്ഥ ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കണം. വൈദ്യുതി ബോർഡ് വൈദ്യുതിയുടെ മുഴുവൻ ചെലവും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണം. എന്നാൽ പാവപ്പെട്ടവർക്ക് അത് താങ്ങാൻ കഴിയില്ലെങ്കിൽ അവർക്ക് നേരിട്ട് പണം നൽകാം, കൂപ്പൺ നൽകാം, അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നൽകാം. അപ്പോൾ സബ്‌സിഡി സ്ഥാപനത്തിനല്ല, ഉപഭോക്താവിനാണ് ലഭിക്കുന്നത്. ഇതാണ് ഉപഭോഗാധിഷ്ഠിത സബ്‌സിഡി.
ഇവിടെ ഒരു നിർണായക രാഷ്ട്രീയ പ്രശ്നമുണ്ട്. നവലിബറൽ ചിന്താഗതിയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം കാര്യക്ഷമതയും സാമ്പത്തിക ലാഭക്ഷമതയുമാണ്. ഈ ചിന്താഗതിയിൽ "നഷ്ടം" എന്നത് "കാര്യക്ഷമതക്കുറവ്" ആയാണ് കണക്കാക്കുന്നത്. എന്നാൽ എല്ലാ നഷ്ടവും കാര്യക്ഷമതക്കുറവിന്റെ ഫലമല്ല. ഉദാഹരണത്തിന്, ഒരു ആദിവാസി മേഖലയിലേക്ക് ബസ് ഓടിക്കുന്നത് സാമ്പത്തികമായി നഷ്ടകരമായിരിക്കാം. പക്ഷേ ആ പ്രദേശത്തെ ജനങ്ങളുടെ ഗതാഗതാവകാശം ഉറപ്പാക്കാൻ അത് അനിവാര്യമാണ്. അത്തരം നഷ്ടത്തെ കാര്യക്ഷമതക്കുറവായി കാണാൻ കഴിയില്ല. അത് ഒരു സാമൂഹിക നിക്ഷേപമാണ്. ഇതാണ് ഇടതുപക്ഷ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വെറും ബിസിനസ് സ്ഥാപനങ്ങളല്ല. അവ സാമൂഹിക ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണങ്ങളാണ്. വൈദ്യുതി, കുടിവെള്ളം, പൊതുഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ പൊതുമേഖലയുടെ സാന്നിധ്യം ലാഭം നേടാനല്ല, മറിച്ച് എല്ലാവർക്കും സേവനം ഉറപ്പാക്കാനാണ്. മാത്രമല്ല, ഉപഭോഗാധിഷ്ഠിത സബ്‌സിഡികളിലേക്ക് മാറുമ്പോൾ പൊതുസേവനങ്ങളുടെ സാർവത്രിക സ്വഭാവം ക്രമേണ ഇല്ലാതാകും. എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന സേവനങ്ങൾ പിന്നീട് "അർഹരായ" ചിലർക്കു മാത്രം സഹായം നൽകുന്ന രീതിയിലേക്ക് മാറും. അങ്ങനെ പൊതുസേവനങ്ങൾ അവകാശങ്ങളിൽ നിന്ന് സാധാരണ ക്ഷേമപദ്ധതികളായി ചുരുങ്ങും. ആദ്യം ദരിദ്രർക്കു മാത്രമായി ലക്ഷ്യമിട്ട സബ്‌സിഡികൾ പിന്നീട് കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ട അനുഭവമാണ്.
അതിനാൽ ധവളപത്രത്തിലെ ഈ "ഉപഭോഗാധിഷ്ഠിത സബ്‌സിഡി" ശുപാർശ ഒരു സാങ്കേതിക സാമ്പത്തിക പരിഷ്കാരം മാത്രമല്ല. പൊതുമേഖലയുടെ പങ്കിനെക്കുറിച്ചുള്ള ഒരു അടിസ്ഥാന രാഷ്ട്രീയ കാഴ്ചപ്പാട് അതിന്റെ പിന്നിലുണ്ട്. ഇത് സബ്‌സിഡി നൽകുന്ന രീതിയിലെ മാറ്റം മാത്രമല്ല; പൊതുമേഖലയുടെ സ്വഭാവത്തെയും സാമൂഹിക ലക്ഷ്യങ്ങളെയും പുനർനിർവചിക്കുന്ന ഒരു ആശയപരമായ മാറ്റം കൂടിയാണ്.
ഏഴ്, പ്രതീക്ഷിച്ചതു പോലെ, പൊതുമേഖല സ്ഥാപനങ്ങൾ വരുത്തുന്ന നഷ്ടങ്ങളെ കുറിച്ചുള്ള പരിവേദനവും ധവളപത്രത്തിലുണ്ട്.
അർദ്ധസത്യങ്ങൾ നിറഞ്ഞതാണ് ധവളപത്രത്തിലെ നിഗമനങ്ങൾ. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ട പത്തു വർഷങ്ങളാണ് കടന്നുപോയത് എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. ലാഭത്തിലോടുന്ന സ്ഥാപനങ്ങളുടെയും പ്രവർത്തനലാഭം നേടുന്ന സ്ഥാപനങ്ങളുടെയും എണ്ണവും വർദ്ധിച്ചു. സ്ഥാപനഭരണം, ബോർഡ്-തല സ്വയംഭരണം, സ്വതന്ത്ര വിദഗ്ധരുടെ പങ്കാളിത്തം, സാങ്കേതികവിദ്യാ-സന്നിവേശം, മോണിറ്ററിങ് എന്നിവ ശക്തിപ്പെടുത്തുക വഴി വ്യവസായ വകുപ്പിന് കീഴിലുള്ള 51 പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത വിറ്റുവരവ് 2024-25-ൽ 5,136 കോടി രൂപയായി ഉയർന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഫാക്ടറികളുടെ എണ്ണത്തിലും തൊഴിലവസര സൃഷ്ടിയിലും മൊത്ത മൂല്യവർധനയിലും (GVA) കേരളം ഇന്ന് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ്. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ പൊതുമേഖലാ ഫാക്ടറികളുടെ മൊത്തം മൂല്യവർദ്ധനവ് വർഷാവർഷം +15.2% കണ്ടു വളർന്നപ്പോൾ ഗുജറാത്തും മഹാരാഷ്ട്രയും പോലുള്ള വ്യവസായ സംസ്ഥാനങ്ങളിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. പൊതുമേഖലയ്ക്ക് അനുകൂലമായ നയപരിസരവും സർക്കാർ പിന്തുണയും കേരളത്തിന്റെ വ്യവസായ പ്രകടനത്തിന് പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്നത് വ്യക്തമാണ്. രാജ്യവ്യാപകമായി സ്വകാര്യവൽക്കരണവും പൊതുമേഖലയിലെ നിക്ഷേപക്കുറവും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് കേരളം ഈ നേട്ടങ്ങൾ നേടിയത്. ഇതൊന്നും ധവളപത്രത്തിന് വിഷയങ്ങളേയല്ല.
ഇനിയുമേറെ പറയാനുണ്ടെങ്കിലും സ്ഥലപരിമിതി മൂലം ചുരുക്കുന്നു. പൊതുവിൽ, വസ്തുനിഷ്ഠമായ വിശകലനങ്ങൾക്ക് പകരം മൊത്തം കടത്തിന്റെ കേവല കണക്കുകൾ നിർത്തിയുള്ള സ്തോഭജനകമായ വിശകലനങ്ങൾക്കും ധവളപത്രം മുതിരുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഇതുപകരിക്കുകയുള്ളൂ. കേരളത്തിന്റെ കടം എന്നത് അഞ്ച് ലക്ഷം കോടി രൂപ എന്ന് പറഞ്ഞു പോയാൽ ശരിയാവില്ല. കേന്ദ്ര സർക്കാരോ സാമ്പത്തിക ശാസ്ത്രജ്ഞരോ ഒരിക്കലും അത്തരത്തിൽ കേവലമായ രൂപാ കണക്കുകൾ ഉപയോഗിക്കാറില്ല. കാരണം, ഒരു സമ്പദ്ഘടന വളരുന്തോറും കടം എടുക്കാനുള്ള സമ്പദ്ഘടനയുടെ പ്രാപ്തി വർദ്ധിക്കും. അപ്പോൾ കടം എന്നത് സമ്പദ്ഘടനയുടെ വലിപ്പത്തിന് ആപേക്ഷികമായേ നിർവചിക്കാൻ കഴിയൂ.
ഒരു ചെറിയ ഉദാഹരണമെടുക്കാം. കേരളത്തിന്റെ 2025-26 വർഷത്തിലെ ജിഎസ്ഡിപി ഏകദേശം 14.3 ലക്ഷം കോടി രൂപയ്ക്കടുത്ത് വരും. ഇതിന്റെ ഏകദേശം 34.3% വരും കേരളത്തിന്റെ കടഭാരമായ ഏകദേശം 4.9 ലക്ഷം കോടി രൂപ (അവലംബം: ബജറ്റ് രേഖകൾ). 2028-29 ആകുമ്പോൾ കേരളത്തിന്റെ ജിഎസ്‌ഡിപി ഏകദേശം 20.4 ലക്ഷം കൂടിയായി ഉയരും; അതൊരു സ്വാഭാവികമായ വളർച്ചയാണ്. അങ്ങനെ സംഭവിച്ചാൽ 2028-29ലെ കടഭാരത്തെ ഇന്നത്തെ 34.3%-ത്തിൽ നിന്ന് 30% മാത്രമാക്കി കുറച്ചാലും കേരളത്തിന്റെ കേവലമായ പൊതുകടം ഏകദേശം 6.1 ലക്ഷം കോടി രൂപയ്ക്കടുത്ത് വരും. അതായത് ശതമാനകണക്കിലെ കടഭാരം കുറഞ്ഞാലും കേവലമായ കടം ഉയരും. പക്ഷേ സ്ഥിതി മെച്ചപ്പെട്ടു എന്നാവും സാമ്പത്തിക ശാസ്ത്രജ്ഞർ പറയുക. ചുരുക്കത്തിൽ, കേവലമായ കടഭാരത്തിന്റെ സംഖ്യകളിൽ ഒരർത്ഥവുമില്ല. ജിഎസ്ഡിപിയുടെ അനുപാതമായി വേണം കടഭാരം എത്ര എന്ന് പരിശോധിക്കാൻ. അതനുസരിച്ചാണെങ്കിൽ, കേരളത്തിന്റെ കടഭാരം സ്വാഭാവികമായി തന്നെ 2028-29 ആകുമ്പോൾ 33% ആയി ചുരുങ്ങും. കേരളത്തിന്റെ പ്രത്യേകതകൾ എടുത്ത് നോക്കുമ്പോൾ അതത്ര മോശം റെക്കോർഡുമല്ല.
ഇങ്ങിനെ കടഭാരം കുറയാൻ കാരണം ഒപ്പം ധനകമ്മിയും ചുരുങ്ങും എന്നതാണ്. ഓരോ വർഷവും ഒരു സംസ്ഥാനം എടുക്കാവുന്ന കടം എത്ര എന്ന് കൃത്യമായി കേന്ദ്രസർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. എഫ്ആർബിഎം നിയമമനുസരിച്ച് ഒരു വർഷത്തെ ധനകമ്മി 3 ശതമാനത്തിൽ കൂടാൻ പാടില്ല. അതിൽ കൂടുതൽ കടം വാങ്ങാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല. അപ്പോൾ കേരളത്തിന്റെ കടം എപ്പോഴും നിയമപരമായി നിഷ്കർഷിച്ചിട്ടുള്ള, അല്ലെങ്കിൽ ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള, ഒരു നിശ്ചിത ശതമാനത്തിന് താഴെ മാത്രമേ നിൽക്കൂ. ധനകമ്മി ഇങ്ങനെ ഒരു പരിധിക്കുള്ളിൽ നിരന്തരമായി പിടിച്ചു നിർത്തുമ്പോൾ മൊത്തം കടഭാരത്തിൽ ഉണ്ടാകുന്ന വർദ്ധനവും കുറഞ്ഞു നിൽക്കും; കാലക്രമേണ കടഭാരം കുറഞ്ഞ് വരികയും ചെയ്യും.
കടഭാരത്തെ കുറിച്ച് ആകുലപ്പെടുന്ന ധവളപത്രത്തിൽ കൂടുതൽ കടമെടുക്കാനുള്ള ഒരു നവലിബറൽ സൂത്രം കൂടി പറഞ്ഞുവെക്കുന്നുണ്ട്. ഇന്ത്യയിലെ നവലിബറലുകളുടെ ഒരു പ്രധാന വാദം നഗരസഭകളുടെയും മുനിസിപ്പാലിറ്റികളുടെയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം അവയുടെ കാര്യക്ഷമതക്കുറവല്ല, മറിച്ച് അതീവ കേന്ദ്രീകൃതമായ ധനകാര്യ ഘടനയാണെന്നാണ്. ജിഎസ്ടി നടപ്പാക്കിയതോടെ ഒക്ട്രോയ്, എൻട്രി ടാക്സ് തുടങ്ങിയ നികുതി-അധികാരങ്ങൾ നഷ്ടപ്പെട്ട നഗരസഭകൾ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഗ്രാന്റുകളെ ആശ്രയിക്കുന്ന അവസ്ഥയിലായി. അപ്പോൾ എന്താണ് പരിഹാരം? പരിഹാരമായി മുനിസിപ്പൽ ബോണ്ടുകളെ ഉയർത്തിക്കാട്ടുകയാണ് നവലിബറലുകൾ ചെയ്യുന്നത്. അത് തന്നെ ധവളപത്രത്തിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറകിലെ അപകടത്തെ ധവളപത്രം കാണുന്നുമില്ല. ബോണ്ടുകൾ നഗരസഭകളെ കടബാധ്യതയുടെ ചുഴലിയിലേക്ക് മാത്രമല്ല, ബോണ്ട് വിപണിയുടെയും ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെയും നിബന്ധനകളിലേക്കും പൂട്ടിയിടും. നഗരങ്ങളുടെ "ക്രെഡിറ്റ്വർത്തിനസ്" (ക്രെഡിറ്റ് യോഗ്യത) അളക്കുന്നത് പ്രധാനമായും തനത്-വരുമാനം എത്ര പിരിക്കുന്നു, സ്വത്ത് നികുതി (property tax) എത്ര പിരിക്കുന്നു, ഉപഭോക്തൃ ഫീസ് (user charges) എത്ര പിരിക്കുന്നു എന്നിവയുടെ അടിസ്ഥാനത്തിലായതിനാൽ, ബോണ്ടുകൾ വഴി ധനസമാഹരണം നടത്താൻ നഗരസഭകൾക്ക് ജലനിരക്ക്, ശുചിത്വ ഫീസ്, ഗതാഗത നിരക്ക് തുടങ്ങിയ ഉപഭോക്തൃ ചാർജുകൾ വർധിപ്പിക്കേണ്ട സമ്മർദം ഉണ്ടാകും. ഇതുവഴി പൊതുസേവനങ്ങൾ പൗരാവകാശങ്ങളിൽ നിന്ന് വിപണനയോഗ്യമായ ചരക്കുകളായി മാറുകയും നഗര ധനകാര്യത്തിന്റെ ഭാരം സാധാരണ ജനങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യും. യഥാർത്ഥ പരിഹാരം നഗരസഭകളെ കടവിപണിയുമായി കൂടുതൽ ബന്ധിപ്പിക്കുന്നതല്ല; മറിച്ച് നികുതി അധികാരങ്ങളും ഭരണഘടനാപരമായ വരുമാന വിഹിതങ്ങളും ഉറപ്പുനൽകുന്ന ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ ധനകാര്യ ഫെഡറലിസം സ്ഥാപിക്കലാണ്. ഇതും ധവളപത്രത്തിന്റെ അപകടങ്ങളിലൊന്നായി പരിഗണിക്കപ്പെടേണ്ടതാണ്.
പക്ഷേ ഈ സാധാരണ തത്വങ്ങൾ ഒന്നും ധവളപത്രത്തിന് പരിഗണനാ വിഷയങ്ങളാകുന്നില്ല. കടത്തിന്റെ കേവല കണക്ക് പറഞ്ഞ് ഒരു ഭയാന്തരീക്ഷം സൃഷ്ടിക്കുക, ഇവിടെ ആകെ കുഴപ്പങ്ങൾ ആണെന്ന് വരുത്തി തീർക്കുക, എന്നിട്ട് അതിന്റെ മറവിൽ ജനദ്രോഹ നടപടികൾ ശുപാർശ ചെയ്യുക. ഇതാണ് ചുരുക്കത്തിൽ ധവളപത്രം ചെയ്തു വയ്ക്കുന്നത്. കേരളത്തിന്റെ തനത് സാമൂഹ്യ സ്വഭാവങ്ങളെയും പൊതുഇടപെടലുകളെയും തകർക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് ധവളപത്രം മാറുന്നത്. അതാണ് ഈ ധവളപത്രത്തിന്റെ യഥാർത്ഥ രാഷ്ട്രീയം.














