Deshabhimani

Articles

എസ്‌ഐആർ

കേരളത്തിൽ കുതന്ത്രം വേറെ

gyanesh
avatar
എം വി നികേഷ്‌ കുമാർ

Published on Oct 03, 2026, 01:30 AM | 4 min read

ഇന്ത്യൻ റിപ്പബ്ലിക്കിലെ ഭരണഘടനാ സ്ഥാപനങ്ങളാകെ അപകടത്തിലാണ്. സുപ്രീംകോടതി നോക്കുകുത്തിയായപ്പോഴാണ്‌ 13 കോടിയിൽപ്പരം വോട്ട്‌ വെട്ടാൻ ഗ്യാനേഷ് കുമാറിന് സാധിച്ചത്. പരിശോധനകളില്ലാതെ വോട്ടർമാരെ നീക്കുന്നു. വീണ്ടും അപേക്ഷിക്കുമ്പോൾ ഭാരിച്ച നിബന്ധനകൾ ഏർപ്പെടുത്തുന്നു. ഇതൊക്കെ ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുന്നതിൽ സുപ്രീംകോടതിയിൽ കാലതാമസമുണ്ടായി. എസ്ഐആർ എന്ന നിയമവിരുദ്ധ ഏർപ്പാടുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതിയിലുണ്ടായ കാലതാമസം ഗ്യാനേഷിനെ സഹായിച്ചു. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന ഭരണഘടനാപരമായ ഉറപ്പിനെ ഇത് പരാജയപ്പെടുത്തി.


ഇന്ത്യൻ എക്സ്പ്രസ് തുറന്നുകാട്ടിയത്


സെപ്തംബർ 23ന് ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ പുറത്തുവിട്ട വാർത്ത ആശങ്കയല്ല, വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. രാജ്യത്ത്‌ ചിലപ്പോഴെങ്കിലും സ്വതന്ത്ര മാധ്യമപ്രവർത്തനം ഉണ്ടാകുന്നു. ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌’ മുംബൈ റസിഡന്റ് എഡിറ്റർ റിതിക ചോപ്ര ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള മോദി–ഷാ–ഗ്യാനേഷ് ത്രയത്തിന്റെ ദുർഗ്രഹനീക്കങ്ങളെയാണ് കൈയോടെ പിടികൂടിയത്. തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്രമല്ലെന്ന് നേരത്തേ നമുക്കറിയാം. തെരഞ്ഞെടുപ്പ് നടക്കുന്നത് തട്ടിപ്പിലൂടെയാണെന്ന് വന്നാൽ അധികാരത്തിൽ എത്തുന്ന സർക്കാരുകൾക്കും വിശ്വാസ്യത ഇല്ലാതാകും. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.


എല്ലായിടത്തും ഒരേ കുതന്ത്രമല്ല


വോട്ടർ പട്ടികയിലും മെഷീനിലും ക്രമക്കേട് നടക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് കേരളം, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ വരാത്തത്? അവിടെയും ബിജെപിക്ക് ക്രമക്കേട് നടത്തി ജയിച്ചുകൂടേ എന്നാണ്‌ ബിജെപി ചോദിക്കാറുള്ളത്‌. ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌’ വെളിപ്പെടുത്തൽ നടത്തിയ ദിവസം ‘ഇന്ത്യ ടുഡേ’ ചാനലിൽ രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിന് കപിൽ സിബൽ ഇതിനുള്ള മറുപടി നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരേതരത്തിലുള്ള കുതന്ത്രമല്ല ബിജെപി പ്രയോഗിക്കുക. അവർ മണ്ടന്മാരല്ല. തമിഴ്നാട്ടിലോ കേരളത്തിലോ നേരിട്ട് ബിജെപിയെ അധികാരത്തിലെത്തിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. പിന്നെ എന്തുചെയ്യും?


 1) ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ തുടർന്നും ജയിക്കാനുള്ള വോട്ടർ പട്ടിക തയ്യാറാക്കും. ഈ സംസ്ഥാനങ്ങളിൽ പ്രതീതിനിർമാണത്തിന്‌ സ്ത്രീകൾക്ക് പെൻഷൻ അടക്കമുള്ള പദ്ധതികൾ നടപ്പാക്കും. അതുകൊണ്ടാണ് ജയിച്ചതെന്ന് മുഖ്യധാരാ മാധ്യമങ്ങൾ കൊട്ടിപ്പാടും. അവിടെ ഉപയോഗിച്ച മെഷീനുകൾ "പെട്ടെന്ന് ഉപയോഗശൂന്യമായി' എന്ന പേരിൽ മാറ്റും.


 2) ബിജെപി അധികാരത്തിൽ ഇല്ലാത്ത എന്നാൽ പ്രധാന പ്രതിപക്ഷമായ സംസ്ഥാനങ്ങളിൽ വൻതോതിൽ പണം മുടക്കിയും സമൂഹമാധ്യമങ്ങളുടെ അൽഗോരിതം നിയന്ത്രിച്ചും മറ്റൊരു തരത്തിൽ പ്രതീതിനിർമാണം നടത്തും. എസ്ഐആർ ഉപയോഗിച്ച് മൂന്നിലൊന്ന് വോട്ടർമാരെവരെ വെട്ടിനിരത്തിയാണ് പ്രധാന പ്രതിപക്ഷമായിരുന്ന സംസ്ഥാനങ്ങളിൽ ബിജെപി ജയിക്കുന്നത്.


 3) കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് വളരാൻ ആവശ്യമായ രാഷ്ട്രീയ ആവാസവ്യവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുക. തികച്ചും വർഗീയനിലപാട് എടുക്കുന്ന മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്ന യുഡിഎഫ് ഭരണത്തിൽ എത്തുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് ആർഎസ്എസ് കരുതുന്നത് സ്വാഭാവികം. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കൈമെയ് മറന്ന സഹായം ആർഎസ്എസിൽനിന്ന് കിട്ടിയിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ടല്ലോ? പിഎം ശ്രീ, വഖഫ്, പിഎംഎവൈ, മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ, വൈസ് ചാൻസലർമാർ, സെനറ്റ്–സിൻഡിക്കറ്റ് അംഗങ്ങൾ, ലേബർ കോഡ്, അദാനിയുടെ ഓഹരി ഇടപാടുകളിലെ മൗനം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഇങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി വന്നത്‌ നോക്കുമ്പോൾ, യുഡിഎഫ്–ബിജെപി ഡീൽ വ്യക്തം. 10 വർഷത്തിനുശേഷം സൗഹൃദമുള്ള സർക്കാർ വന്നുവെന്ന സുരേഷ് ഗോപിയുടെയും കണ്ണന്താനത്തിന്റെയും സ്ഥിരീകരണവും. കേരളത്തിൽ എസ്ഐആർ പ്രക്രിയ പ്രവർത്തിച്ചത് യുഡിഎഫിനുവേണ്ടിയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷനിൽ ഇരുന്ന്‌ എസ്ഐആർ നടപ്പാക്കിയ മൂന്നു പ്രമുഖർ മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പുകളിലുമാണ്‌ ഇപ്പോൾ. അതിൽ രത്തൻ കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായി.


 കേരളത്തിൽ നടന്നത് എന്താണ്?


സംസ്ഥാനത്തെ തെരഞ്ഞെടുപ്പുപ്രക്രിയയിൽ എസ്ഐആർ ഗുരുതര അസ്ഥിരത സൃഷ്ടിച്ചുവെന്ന വാദം ശരിവയ്ക്കുന്നതാണ്‌ കരട്, -അന്തിമ വോട്ടർ പട്ടികകൾ തമ്മിലുള്ള അസ്വാഭാവികവ്യത്യാസം. വോട്ടർ പട്ടികയിൽ വ്യാപകമായി വ്യാജവോട്ടുകൾ തിരുകിക്കയറ്റിയെന്ന (വോട്ടർ റോൾ സ്റ്റഫിങ്‌) സംശയത്തിന്‌ ആക്കംകൂട്ടുന്നതാണ്‌ സ്ഥിരതയാർന്ന ജനസംഖ്യ വളർച്ചനിരക്കുള്ള കേരളത്തിൽ കേവലം എട്ട് ആഴ്‌ചയ്ക്കകം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ ഭീമമായ വർധന. 2025 ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണ്‌ ഉണ്ടായിരുന്നത്. എന്നാൽ, 2026 ഫെബ്രുവരി 21-ൽ അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോഴേക്കും ഇത് 2,69,53,644 ആയി ഉയർന്നു. രണ്ടുമാസത്തിനുള്ളിൽ 15,11,292 വോട്ടർമാരുടെ (ആറുശതമാനം) വർധനയാണ്‌ രേഖപ്പെടുത്തിയത്. 2026 മാർച്ചോടെ ഈ സംഖ്യ വീണ്ടും ഉയർന്ന് 2,71,42,952 എന്ന നിലയിലെത്തി.


 ബൂത്ത് ലെവൽ ഓഫീസർമാർക്കോ രാഷ്ട്രീയപാർടി പ്രതിനിധികൾക്കോ ഫീൽഡുതല പരിശോധനയ്ക്ക് മതിയായ സമയം നൽകാതെ, കേന്ദ്രീകൃത പ്ലാറ്റ്‌ഫോംവഴി നടത്തിയ കൂട്ടിച്ചേർക്കലുകളാണ് ഈ അസ്വാഭാവികവളർച്ചയ്ക്ക് കാരണമായത്. ഫോം 6 വഴി, അർഹരായ പുതിയ എൻറോൾമെന്റുകൾ തടസ്സപ്പെടുത്താനും അനർഹരെ ഉൾപ്പെടുത്താനും ഈ സംവിധാനം ഉപയോഗിച്ചു.  


അർഹരായ വോട്ടർമാരെ സംഘടിതമായി പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണം ഉയർന്നുവന്നതാണ്. പ്രോസസ് ചെയ്ത 44,46,107 അപേക്ഷകളിൽ 24,30,478 എണ്ണവും (54 ശതമാനത്തിൽ അധികം) വോട്ട് ഒഴിവാക്കാനുള്ള ഫോം 7 അപേക്ഷകളായിരുന്നു. ക്രമീകരിക്കാൻ കഴിയാത്ത എന്യൂമറേഷൻ ഫോമുകൾ ബാക്ക്-എൻഡ്‌ വഴി ഫോം 7 സമർപ്പിച്ച് റദ്ദാക്കുകയായിരുന്നു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നേരിട്ട് പരിശോധന നടത്തുന്നതിനുപകരം, സോഫ്റ്റ്‌വെയർ സ്‌ക്രിപ്റ്റുകൾവഴി 24 ലക്ഷത്തോളം വോട്ടുകൾ വെട്ടിമാറ്റിയത് അർഹരായ പൗരന്മാർക്ക് നീതിയും അപ്പീൽ നൽകാനുള്ള അവസരവും നിഷേധിച്ചു.


 വ്യാജ വിലാസങ്ങളും ക്രമക്കേടുകളും


കേന്ദ്രീകൃത സംവിധാനങ്ങൾ പ്രാദേശിക ഫീൽഡ് പരിശോധനകളെ എങ്ങനെ കാറ്റിൽപ്പറത്തിയെന്ന്‌ തെളിയിക്കുന്നതാണ് വിവിധ മണ്ഡലങ്ങളിലെ കണക്കുകൾ. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ ഒറ്റയടിക്ക് പതിനേഴായിരത്തിലധികം വോട്ടുകളുടെ വർധനയാണ്‌ ഉണ്ടായത്. ഇവിടത്തെ പോളിങ്‌ സ്റ്റേഷൻ 117-ൽ 224 വോട്ടർമാരെ വാണിജ്യ സ്ഥാപനങ്ങളുടെ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തത്. കൂടാതെ "പിലാവിന്റെ കീഴിൽ' എന്ന വ്യാജ വീട്ടുപേരിൽ, 16 വ്യത്യസ്ത മാതാപിതാക്കളുടെ പേരുകൾ കാണിച്ച് 16 വ്യാജ വോട്ടർമാരെ ചേർത്തു. ഇതിനെതിരെ സിപിഐ എം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സമാനമായി പേരാവൂരിൽ ആരും താമസിക്കാത്ത വീടുകളുടെ വിലാസങ്ങളിൽ സമീപപ്രദേശങ്ങളിലെ വോട്ടർമാരുടെ പേരുകൾ കണ്ടെത്തി. ഈ നിലയിൽ കേരളത്തിലാകെ വോട്ട് വെട്ടലും കേന്ദ്രീകൃതമായ ശ്രമത്തിലൂടെ അനർഹരെ ചേർക്കലും നടന്നു.


 ഉദ്യോഗസ്ഥരുടെ കൈകെട്ടിയ ഐടി സംവിധാനം


 തളിപ്പറമ്പിൽ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകൾ കൊച്ചിയിൽവച്ച് സിപിഐ എം നേരിട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നു. വ്യാജമായി ചേർത്ത വോട്ടുകൾ തിരുത്താൻ കലക്ടർമാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ശ്രമിച്ചപ്പോൾ, കേന്ദ്രീകൃത സംവിധാനത്തിലെ സോഫ്‌റ്റ്‌വെയർ അതിന് അവസാനംവരെ തടസ്സം നിന്നു. വോട്ടർ പട്ടികയിലെ ഈ മാറ്റങ്ങൾക്കുപിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജിത് ദീപ്കെ നിരീക്ഷിക്കുന്നതുപോലെ, ‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാർടികളും ഇടതുപക്ഷവും ശക്തിപ്രാപിക്കുന്നത് ബിജെപി തിരിച്ചറിഞ്ഞു.’


കപിൽ സിബൽ കൂട്ടിച്ചേർക്കുന്നത് ഇങ്ങനെയാണ്.‘കഴിഞ്ഞ 10 മാസത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കണം. ഈ കാലയളവിലെ തെരഞ്ഞെടുപ്പുകൾ നിയമവിരുദ്ധമാണ്.’


രാജി മാത്രം മതിയോ?


എസ്ഐആർ നിർത്തിവച്ചാലോ ഗ്യാനേഷ് കുമാർ രാജിവച്ചാലോ തീരുന്ന പ്രശ്നമല്ല ഇത്. ജനാധിപത്യം അട്ടിമറിക്കുന്നതിന് ഗൂഢശ്രമം നടന്നിട്ടുണ്ട്. വലിയ ചോദ്യം, തെരഞ്ഞെടുപ്പുപ്രക്രിയയോടുള്ള ജനങ്ങളുടെ വിശ്വാസം എങ്ങനെ വീണ്ടെടുക്കും എന്നതാണ്. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതെതന്നെ തെരഞ്ഞെടുപ്പ് കമീഷന് പുറത്തുവിടാൻ കഴിയുന്ന ഒട്ടേറെ വിവരങ്ങളുണ്ട്. അവ സുതാര്യമായി പ്രസിദ്ധീകരിച്ചാൽമാത്രമേ ഗ്യാനേഷ് കുമാറിനുശേഷമുള്ള തെരഞ്ഞെടുപ്പ് കമീഷന് വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയൂ.


 എന്തൊക്കെയാണവ?


 ● എസ്‌ഐആർ നടപ്പാക്കിയതിന്റെ മുഴുവൻ ഘട്ടങ്ങളും ഫോമുകൾ കൈകാര്യം ചെയ്ത സമയക്രമവും വ്യക്തമാക്കുന്ന, തീയതിയും സമയവും രേഖപ്പെടുത്തിയ സൂക്ഷ്മമായ പ്രതിദിന ഇടപാട് ലോഗുകൾ.


 ● ആകെ വോട്ടർമാരുടെ എണ്ണം, വിതരണംചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം, മാപ്പിങ് വിവരങ്ങൾ, തിരികെ ലഭിക്കാത്ത ഫോമുകൾ, ഹാജരില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ തുടങ്ങിയ വിഭാഗങ്ങളായി വേർതിരിച്ച കണക്കുകൾ കൂടാതെ ശേഖരിക്കാൻ കഴിയാതിരുന്ന ഫോമുകളുടെ വിശദാംശങ്ങൾ.


 ● എസ്‌ഐആറിനുശേഷമുള്ള ഓരോ ചേർക്കലും ഒഴിവാക്കലും തിരുത്തലും നടപടി പിൻവലിക്കലും വ്യക്തമാക്കുന്ന, തീയതിയും സമയവും രേഖപ്പെടുത്തിയ സൂക്ഷ്‌മമായ പ്രതിദിന ഇടപാട് ലോഗുകൾ.


 ● ഫോം 6, 6A, 7, 8 എന്നിവ സംബന്ധിച്ച പോളിങ് സ്റ്റേഷൻതലത്തിലുള്ള വിവരങ്ങൾ, ഓരോ ഫോമും ലഭിച്ചതിന്റെയും അംഗീകരിച്ചതിന്റെയും കൃത്യമായ തീയതിയും സമയവും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home