ad
Deshabhimani

Articles

അസമിലെ ജനങ്ങൾക്ക് ഭൂകമ്പങ്ങൾ അപരിചിതമല്ല

75 തികയുന്ന അസം ഭൂകമ്പവും ഹിമാലയവും

ആസം ഭൂകമ്പം
ഡോ. സി പി രാജേന്ദ്രൻ

Published on Aug 09, 2025, 10:27 PM | 3 min read

1950 ആഗസ്ത്‌ 15. സമയം വൈകുന്നേരം 7.30. അപ്പോഴാണ് ആ മേഖലയാകെ ഉലച്ച്‌ ഭൂകമ്പമുണ്ടായത്. അസമിലെ ജനങ്ങൾക്ക് ഭൂകമ്പങ്ങൾ അപരിചിതമല്ല. പക്ഷേ മുമ്പൊന്നും ഇത്ര ശക്തമായ ഭൂചലനം ഉണ്ടായിട്ടില്ല. ആറ്‌ മിനിറ്റോളം നീണ്ടുനിന്ന, 8.6 തീവ്രതയിലുണ്ടായ ഭൂചലനം വൻ നാശനഷ്ടങ്ങളാണ്‌ ഉണ്ടാക്കിയത്‌. ടിബറ്റിൽമാത്രം ഏകദേശം 4800 പേർ മരിച്ചു. ഇന്ത്യൻ ഭാഗത്ത് റെയിൽവേ ട്രാക്കുകളും പാലങ്ങളും തകർന്നു. അസം പ്രവിശ്യയിൽ 1500ൽ അധികം ആളുകൾ മരിച്ചു. ഒരു ലക്ഷത്തോളം കന്നുകാലികളെയും നഷ്ടമായി. ഭൂകമ്പത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നദികൾ അടഞ്ഞു, പുതിയ തടാകങ്ങൾ രൂപപ്പെട്ടു. ബ്രഹ്മപുത്രയുടെ ചില കൈവഴികൾ വഴിമാറി ഒഴുകി. ഭൂപ്രകൃതിപോലും മാറിപ്പോയ സംഭവമായിരുന്നു ആ ഭൂകമ്പം. ഇന്ത്യ‐ചൈന അതിർത്തിയായിരുന്നു പ്രഭവകേന്ദ്രം.


പ്ലേറ്റ് ടെക്റ്റോണിക്സ് സിദ്ധാന്തം വികസിക്കുന്നതിനുമുമ്പാണ് അസം ഭൂകമ്പം ഉണ്ടായതെങ്കിലും ഭൂകമ്പത്തിന്റെ പ്രാധാന്യം, ചാൾസ് റിക്ടർ 1958-ൽ രചിച്ച ‘എലിമെന്ററി സീസ്മോളജി' എന്ന ആദ്യകാല ആധുനിക പാഠപുസ്തകത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലുൾപ്പെടെയുള്ള സ്പന്ദമാപിനികൾ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. ഇന്ത്യ, യുറേഷ്യ, സുൻഡ എന്നീ മൂന്ന് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ ഒത്തുചേരുന്ന കിഴക്കൻ ഹിമാലയത്തിൽ സങ്കീർണമായ ഒരു ഘടന രൂപപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെക്കുറിച്ചുള്ള പല ധാരണകളും അപൂർണമാണ്‌.


അസം മേഖലയിൽ 1697-ൽ ഒരു വലിയ ഭൂകമ്പം ഉണ്ടായതായും അത് ബ്രഹ്മപുത്ര നദീതട സമതലങ്ങളെ ബാധിച്ചുവെന്നും ചരിത്രരേഖകൾ പറയുന്നു. ഇതുകൂടാതെ മറ്റ്‌ ഭൂചലനങ്ങളും ഉണ്ടായി.


പ്ലേറ്റ് ടെക്റ്റോണിക്സ്


ഭൂകമ്പങ്ങളും ഭൂമിയുടെ ആന്തരിക പ്രക്രിയകളുമായുള്ള ബന്ധവും ശാസ്ത്രജ്ഞർക്ക് വ്യക്തമായിത്തുടങ്ങിയത് അറുപതുകളുടെ അവസാനത്തോടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്കയുടെ നേതൃത്വത്തിൽ ആണവ പരീക്ഷണങ്ങൾ രേഖപ്പെടുത്താനുള്ള ആഗോള സ്പന്ദമാപിനികളുടെ ശൃംഖല സ്ഥാപിച്ചിരുന്നു. ഭൂകമ്പങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നില്ല ലക്ഷ്യം. ലോകമെമ്പാടുമുള്ള എല്ലാ ഭൂകമ്പങ്ങളും ഈ മാപിനികൾ രേഖപ്പെടുത്തികൊണ്ടിരുന്നു. ഇതുവഴി ഭൂകമ്പകേന്ദ്രങ്ങൾ അടയാളപ്പെടുത്തിയപ്പോൾ കണ്ട കാഴ്ച ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ഭൂകമ്പങ്ങൾ യഥാർഥത്തിൽ ക്രമരഹിതമല്ല, മറിച്ച് അവയ്ക്ക്‌ ഒരു പാറ്റേൺ ഉണ്ടെന്ന് അവർ കണ്ടെത്തി. പല സ്ഥലങ്ങളിലും അവ അഗ്നിപർവതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഒരു പുതിയ അറിവായിരുന്നു. പ്ലേറ്റ് ടെക്റ്റോണിക്സ് എന്ന ആശയം ഉടലെടുത്തത് അതിൽനിന്നായിരുന്നു.


കോണ്ടിനെന്റൽ ഡ്രിഫ്റ്റ്


1915-ൽ ആൽഫ്രഡ് വെഗ്നർ മുന്നോട്ടുവച്ച ‘കോണ്ടിനെന്റൽ ഡ്രിഫ്റ്റ്'(ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം) സിദ്ധാന്തം അദ്ദേഹത്തിന്റെ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും, അതു പ്ലേറ്റ് ടെക്റ്റോണിക് സിദ്ധാന്തത്തിന്റെ അടിത്തറ പാകി. ഭൂമിയുടെ പുറംതോട് അഥവാ, ഖരാവസ്ഥയിലുള്ള, 100 കിലോമീറ്റർ കട്ടിയുള്ള ലിത്തോസ്ഫിയർ സദാ ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പ്ലേറ്റ് ടെക്ടോണിക്സ് സിദ്ധാന്തം പറയുന്നത്. തൊട്ടുതാഴെയുള്ള അർധ-ദ്രാവക അവസ്ഥയിലുള്ള ആസ്തെനോസ്ഫിയറിന് മുകളിലൂടെ, ഒരു കൺവെയർ ബെൽറ്റിലൂടെ എന്നപോലെ നീങ്ങുന്ന പ്ലേറ്റുകൾ തമ്മിൽ അകലുകയും കൂട്ടിയിടിക്കുകയും പരസ്പരം തെന്നിമാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഭൂമിയുടെ മേൽ കവചമായ ലിത്തോസ്ഫിയറിന്റെ ചലനങ്ങൾ വിശദീകരിക്കുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തമാണ് പ്ലേറ്റ് ടെക്റ്റോണിക്സ്.

ഒരു വർഷം ശരാശരി 2 മുതൽ 20 മില്ലിമീറ്റർവരെ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഭൂവൽക്കപാളികൾ കൂട്ടിയിടിക്കുമ്പോൾ ഹിമാലയംപോലുള്ള പർവതങ്ങളുണ്ടാകുന്നു. അങ്ങനെ, ഇന്ത്യയും യുറേഷ്യയും തമ്മിലുണ്ടായ കൂട്ടിയിടിയിൽ ഏകദേശം 40 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ഏകദേശം 2500 കിലോമീറ്റർ നീളമുള്ള ഹിമാലയപർവതം ഒരു സജീവ പ്ലേറ്റ് അതിർത്തികൂടിയാണ്. ഇത്തരം കൂട്ടിയിടികൾ നടക്കുന്ന പ്രദേശങ്ങൾ കൂടുതൽ ഭൂകമ്പ സാധ്യതയുള്ള ഭ്രംശമേഖലകളായി മാറുന്നു. ഇന്ത്യ ഉൾപ്പെടുന്ന ഭൂവൽക്കപാളി ഇപ്പോഴും വർഷത്തിൽ ഏതാണ്ട് 20 മില്ലിമീറ്റർ വേഗത്തിൽ വടക്കുകിഴക്കൻ ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.

ഭൂവൽക്കപാളികളുടെ ചലനങ്ങൾ സ്വാഭാവികമായും പാറകളിൽ സമ്മർദം സൃഷ്ടിക്കുകയും, അവ കൈകാര്യം ചെയ്യാൻ കഴിയാതാകുമ്പോൾ ഊർജം ഭൂകമ്പങ്ങളുടെ രൂപത്തിൽ പുറത്തുവിടുകയും ചെയ്യുന്നു. ഫലകത്തിന്റെ തുടർച്ചയായ ചലനം കാരണം, ഇവ ഒറ്റത്തവണ സംഭവിക്കുന്നതല്ല എന്നത് സ്വാഭാവികം. അവ ആവർത്തിക്കുന്നു, എന്നിരുന്നാലും അടുത്ത ഭൂകമ്പം എപ്പോൾ, എവിടെ, എത്ര വലുപ്പത്തിൽ സംഭവിക്കുമെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്.


ഹിമാലയം


ഹിമാലയത്തിലും അയൽ പ്രദേശങ്ങളായ പാകിസ്ഥാൻ, ടിബറ്റ്, ബർമ എന്നിവിടങ്ങളിലും അതിശക്തമായ ഭൂകമ്പങ്ങൾ ചരിത്രാതീതകാലംമുതൽ നടക്കുന്നുണ്ട്. ഇന്ത്യയുടെ സമീപകാല ചരിത്രം പരിശോധിക്കുകയാണെങ്കിൽ, കഴിഞ്ഞ 130 വർഷങ്ങളിൽ ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നാല് വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട് (തീവ്രത 8-നുമുകളിൽ). ഷില്ലോങ് (1897), കാംഗ്ര (1905), ബിഹാർ (1934), അസം (1950) എന്നിവിടങ്ങളിലാണ് ഈ വലിയ ഭൂകമ്പങ്ങൾ ഉണ്ടായത്. ഈ ഭൂകമ്പങ്ങളെല്ലാം ആയിരക്കണക്കിന് മരണങ്ങൾക്ക്‌ കാരണമാകുകയും വലിയ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്തു. 2005-ൽ കശ്മീരിലും, 2012-ൽ നേപ്പാളിലും ഉണ്ടായ ഭൂകമ്പങ്ങൾ വൻ നാശമുണ്ടാക്കി. ഭൂകമ്പങ്ങൾ ആവർത്തിക്കപ്പെടും. സംശയമില്ല. ഹിമാലയത്തിന്റെ പലമേഖലകളും ഇന്ന് ശാന്തമാണ്. മധ്യഹിമാലയത്തിലെ ഘർവാൾ കുമവൂൻ പ്രദേശത്തെ 500ലധികം വർഷങ്ങൾ നീളുന്ന ശാന്തത വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ മുന്നോടിയായി ശാസ്ത്രജ്ഞർ കണക്കാക്കുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയും ഇപ്പോൾ ശാന്തമാണ്. ഭൂകമ്പപരമായി സജീവമായ പ്രദേശത്തെ ദീർഘ നിഷ്‌ക്രിയത്വം ഭാവിയിലെ അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടെ നടക്കുന്ന വഴിവിട്ട നിർമാണപ്രവർത്തനങ്ങൾ ആശങ്ക വർധിപ്പിക്കുന്നുമുണ്ട്‌.

(പ്രശസ്‌ത ഭൗമശാസ്‌ത്ര ഗവേഷകനും ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌

സ്റ്റഡീസ്‌ അഡ്‌ജങ്‌റ്റ്‌ പ്രൊഫസറുമാണ്‌ ലേഖകൻ)




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home