ad
Deshabhimani

Articles

വന്ദേമാതരത്തിന്റെ 150–ാം വാർഷികം

ഒറ്റുകാരുടെ ചിരി

vande mataram controversy
avatar
എൻ എസ്‌ സജിത്‌

Published on Dec 15, 2025, 10:35 PM | 2 min read

​വന്ദേമാതരത്തിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ച്‌ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ മധുരയിൽനിന്നുള്ള സിപിഐ എം അംഗവും തമിഴിലെ മുൻനിര എഴുത്തുകാരനുമായ സു വെങ്കടേശൻ ഇങ്ങനെ പറഞ്ഞു. ‘‘വന്ദേമാതരം തീർച്ചയായും നമ്മുടെ സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിച്ച മുദ്രാവാക്യമാണ്‌, തർക്കമില്ല. വന്ദേമാതരത്തെ പോലെതന്നെ പ്രാധാന്യമർഹിക്കുന്ന മുദ്രാവാക്യങ്ങളാണ്‌ ജയ്‌ഹിന്ദും ഇൻക്വിലാബ്‌ സിന്ദാബാദും. ഇവ മൂന്നും ഒരുപോലെ ഏറ്റുവിളിച്ചവരാണ്‌ ദേശീയ സ്വാതന്ത്ര്യസമര യോദ്ധാക്കൾ.


ഇനിയൊന്നു ചോദിക്കട്ടെ, ഇതിൽ ഏതു മുദ്രാവാക്യമാണ്‌ നിങ്ങളുടെ പൂർവികർ ഏറ്റുവിളിച്ചത്‌. ഇ‍ൗ മുദ്രാവാക്യങ്ങളെല്ലാം ആർക്കെതിരെയായിരുന്നോ അവരെ പിന്തുണച്ചവരാണ്‌ നിങ്ങൾ.’’ ​ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവർ ഇപ്പോഴെന്തിന്‌ വന്ദേമാതരത്തിന്റെ 150–ാം വാർഷികം ആഘോഷിക്കാൻ മുൻകൈയെടുക്കണം? എന്തിന്‌ പാർലമെന്റിന്റെ ഇരുസഭകളിലും അതേക്കുറിച്ച്‌ ചർച്ച സംഘടിപ്പിക്കണം? ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന്‌ വ്യക്തമായ കാരണങ്ങളുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും ചരിത്രവക്രീകരണം എന്ന പതിവ്‌ ആയുധം തന്നെയാണ്‌ വന്ദേമാതരത്തെ വീണ്ടും ചർച്ചയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ഉപയോഗിക്കുന്നത്‌. 1937 ഒക്ടോബർ 30ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയും പിന്നീട്‌ ഭരണഘടനാ നിർമാണ സമിതിയും തീർപ്പാക്കിയ വിഷയത്തിൽ എന്തിനാണ്‌ ഇപ്പോൾ വീണ്ടുമൊരു സംവാദം? ​


വന്ദേമാതരം രചിച്ച ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദ്‌മഠ്‌ നോവലിന്റെ ചരിത്രപശ്‌ചാത്തലം ബംഗാളിലെ ക്ഷാമകാലമാണ്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ മൂന്നു കോടി മനുഷ്യർ പുഴുക്കളെപ്പോലെയാണ്‌ പട്ടിണികൊണ്ട്‌ മരിച്ചുവീണത്‌. ബ്രിട്ടീഷ്‌ പിന്തുണയുള്ള നവാബിന്റെ ഭരണത്തിൽ വിളനാശമുണ്ടായപ്പോഴും ബ്രിട്ടീഷ്‌ ഭരണാധികാരികൾ കർഷകരെ ക്രൂരമായി ചൂഷണം ചെയ്‌തതോടെ ക്ഷാമം ഒരു വെള്ളിടിപോലെ ബംഗാളിനുമേൽ പതിച്ചു. ക്ഷാമത്തിനെതിരെ ഹിന്ദു സന്യാസികളും മുസ്ലിം ഫക്കീറുകളും ഒരുമിച്ച് പ്രക്ഷോഭരംഗത്ത്‌ വന്നെങ്കിലും ബ്രിട്ടീഷ്‌ സൈന്യവും നവാബിന്റെ സൈന്യവും ചേർന്ന്‌ അവരെ നേരിട്ടു. 1770–1800 കാലത്തെ സന്യാസി– ഫക്കീർ കലാപം എന്ന പേരിൽ ഇ‍ൗ ചെറുത്തുനിൽപ്പ്‌ ചരിത്രപുസ്‌തകങ്ങളിലുണ്ട്‌. എന്നാൽ ഇ‍ൗ പശ്‌ചാത്തലത്തെക്കുറിച്ച്‌ രചിച്ച ആനന്ദ്‌മഠിൽ നോവലിസ്‌റ്റ്‌ ഇ‍ൗ ക്ഷാമത്തിന്റെ പൂർണ ഉത്തരവാദിത്വം മുസൽമാനായ നവാബിനുമേൽ കെട്ടിവയ്‌ക്കുന്നു. ബ്രിട്ടീഷ്‌ ചൂഷണത്തെക്കുറിച്ച്‌ മ‍ൗനം പാലിക്കുന്നു. ഫക്കീർ കലാപങ്ങളെ നോവലിസ്റ്റ്‌ തമസ്‌കരിക്കുകയും ചെയ്യുന്നു. 1870ൽ ബങ്കിംചന്ദ്ര ചാറ്റർജി ഇ‍ൗ ഗീതത്തിലെ ചില വരികൾ എഴുതിയെങ്കിലും അത്‌ പ്രസിദ്ധീകരിച്ചിരുന്നില്ല. ദശകങ്ങൾക്കുശേഷം ഇ‍ൗ ഗീതം പൂർണമാക്കി 1881 ൽ ആനന്ദ്‌മഠ്‌ നോവലിലാണ്‌ പ്രസിദ്ധീകരിച്ചത്‌.


ഉയർന്നജാതിക്കാരായ സന്യാസിമാർ മുസ്ലിങ്ങളെ കൊല്ലാനും പള്ളികൾ തകർക്കാനും മുസ്ലിം സ്‌ത്രീകളെ തടവിലാക്കാനും മരിച്ചവരുടെ മുഖത്ത്‌ ചവിട്ടാനും ഹിന്ദുക്കളെ പ്രേരിപ്പിക്കുന്നതടക്കമുള്ള വിവരണങ്ങൾ നോവലിലുണ്ട്‌. വന്ദേമാതരത്തിന്റെ ആദ്യഭാഗങ്ങളിൽ നാടിനെ മനോഹരമായി വർണിക്കുന്നുണ്ടെങ്കിലും തുടർന്നുള്ള ശ്ലോകങ്ങളിൽ വാളുകളുടെ കിലുക്കവും പത്തുകൈകളിലും മാരകായുധങ്ങളുമായി ശത്രുവിനെ കൊല്ലുന്ന ദേവിയുടെ പരുഷമായ യുദ്ധാഹ്വാനവും നിറയുന്നുണ്ട്‌. ദുർഗയായും ലക്ഷ്‌മിയായും സരസ്വതിയായും നാടിനെ വർണിക്കുന്ന ഇ‍ൗ ഗീതം പൂർണമായി ആലപിക്കുന്നത്‌ എല്ലാ മതസ്ഥരും ഒരുപോലെ പങ്കാളികളായ സ്വാതന്ത്ര്യസമരത്തെ ദുർബലമാക്കുമെന്ന്‌ കണ്ടാണ്‌ ഗാന്ധിയും നെഹ്‌റുവും ടാഗോറും പട്ടേലും രാജേന്ദ്രപ്രസാദും നേതാജിയുമടങ്ങുന്ന കോൺഗ്രസ്‌ നേതൃത്വം ആദ്യത്തെ ശ്ലോകങ്ങൾ മാത്രം മതിയെന്ന തീരുമാനത്തിലെത്തിയത്‌. അതിന്റെ ചുവടുപിടിച്ചു തന്നെയാണ്‌ ഭരണഘടനാ നിർമാണ സമിതിയുടെ ശരിയായ തീരുമാനവും. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ഹിന്ദു മഹാസഭയുടെയും ആർഎസ്‌എസിന്റെയും പിൻഗാമികൾ ഇന്ത്യ ഭരിക്കുന്പോൾ ഇ‍ൗ വിഷയം വീണ്ടും പൊടിതട്ടിയെടുക്കുന്നതിനു പിന്നിലെ ലക്ഷ്യം മതധ്രുവീകരണമല്ലാതെ മറ്റൊന്നുമല്ല. അതിന്‌ പാർലമെന്റിനെ വേദിയാക്കുന്നു എന്നതാണ്‌ മറ്റൊരു ഗ‍ൗരവപൂർവമായ കാര്യം.



Deshabhimani
Home