അമേരിക്കയുടെ കിതപ്പും ബഹുധ്രുവ ലോകക്രമവും


കെ ചന്ദ്രൻപിള്ള
Published on May 25, 2026, 12:00 AM | 3 min read
അമേരിക്കയും ഇസ്രയേലും ഇറാനെതിരായി നടത്തിയ ഏകപക്ഷീയ ആക്രമണം 85 നാൾ പിന്നിട്ടു. മൂന്നാം ലോക ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കാവുന്ന സംഘർഷത്തിന്റെ ഇന്നത്തെ സ്ഥിതി ഗൗരവകരമാണ്. യുദ്ധം നിർത്താനായി പലവിധ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ധാരണയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ട്രംപിനെതിരായി അതിശക്തമായ ധ്രുവീകരണം നടന്നുവരികയാണ്. അമേരിക്കയുടെ യുദ്ധനയങ്ങളെ എന്നും പിന്തുണച്ചിരുന്ന നിയോ കൺസർവേറ്റീവ്സിന്റെ നിലപാട് മാറുകയാണ്. അമേരിക്കൻ രാഷ്ട്രീയത്തിലെ ശക്തമായൊരു വലതുപക്ഷ ചിന്താധാരയാണ് നിയോ -കൺസർവേറ്റീവ്സ്. ലോകരാഷ്ട്രീയത്തിൽ അമേരിക്കയുടെ സൈനിക, സാമ്പത്തിക, രാഷ്ട്രീയ ആധിപത്യം ശക്തിപ്പെടുത്തണമെന്നും ആവശ്യമായാൽ മറ്റ് രാജ്യങ്ങളിൽ ഇടപെടലുകൾ നടത്തണമെന്നും അവർ വിശ്വസിക്കുന്നു. ഇവരുടെ നിലപാട് മാറ്റത്തിന്റെ അടിസ്ഥാനം അമേരിക്കയ്ക്ക് ഇതുവരെ ഇറാനെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനുമായ ബെൻ നോർട്ടൻ ഇത് തുറന്നെഴുതി.
1979 മുതൽ കടുപ്പിച്ച സാമ്പത്തിക ഉപരോധം, താങ്ങാനാകാത്ത രാഷ്ട്രീയ സമ്മർദം, സൈനിക ഭീഷണി, അണുശക്തി വികസനം അനുവദിക്കാത്ത നിലപാട് എന്നിവയ്ക്കിടയിലും ഇറാൻ ലോകത്തെ അത്ഭുതപ്പെടുത്തി പ്രതിരോധം തീർത്തു. ഇതിനിടയിൽ ഇറാൻ മിസൈൽശേഷി വർധിപ്പിക്കുകയും പശ്ചിമേഷ്യയിലെ രാഷ്ട്രീയസ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കെതിരായി ഇറാൻ നടത്തിയ പ്രത്യാക്രമണം വലിയ രാഷ്ട്രീയ സന്ദേശമായി. അമേരിക്കൻ വിജയത്തിനായി ആഘോഷപൂർവം അച്ചുനിരത്തിയിരുന്ന മാധ്യമങ്ങൾ ഇപ്പോൾ യുദ്ധത്തിന് സംഭവിക്കുന്ന തന്ത്രപരമായ പരാജയത്തെക്കുറിച്ചാണ് എഴുതുന്നത്. അമേരിക്കൻ ജനാഭിപ്രായ സർവേകളിലും യുദ്ധവിരുദ്ധ മനോഭാവം വൻതോതിൽ വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളിൽ ഇനി അമേരിക്ക ഇടപെടരുതെന്നാണ് വലിയൊരു വിഭാഗം ജനങ്ങളുടെ നിലപാട്.
ഈ പ്രക്രിയയിൽ ചൈനയും റഷ്യയും ആഗോളതലത്തിൽ സാമ്പത്തിക-, രാഷ്ട്രീയ രംഗങ്ങളിൽ കൂടുതൽ ശക്തരാകുകയാണ്. അമേരിക്കയുടെ പരാജയം സൈനികതലത്തിൽ മാത്രമല്ല, രാഷ്ട്രീയമായും ആശയപരമായുംകൂടിയാണ്. ഉപരോധങ്ങളിലൂടെ ഒരു രാജ്യത്തെ പൂർണമായി മുട്ടുകുത്തിക്കാമെന്ന അമേരിക്കൻ തന്ത്രം ഇവിടെ പരാജയപ്പെട്ടു. ഉപരോധങ്ങളെ അതിജീവിച്ച് സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിൽ ഇറാൻ വലിയ തോതിൽ വിജയിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ശക്തരായ വക്താക്കളായിരുന്നവർക്ക് ഇന്നത്തെ പ്രതിസന്ധി പരിഭ്രാന്തിയുണ്ടാക്കുകയാണ്. ഇത് ചരിത്രത്തിന്റെ വൈരുധ്യമാണ്. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഇറാനെതിരെ മനുഷ്യാവകാശലംഘനം, അണുശക്തി വികസനം, സൈനികശേഷിയിലെ മുന്നേറ്റം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരോധം തീർത്തത്. ഇറാന്റെ പ്രതിരോധം അമേരിക്കൻ ആധിപത്യത്തിനെതിരായ ആഗോള സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ സുപ്രധാനമായി ലോകം കാണുന്നു.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള മൂന്നര പതിറ്റാണ്ട് അമേരിക്കൻ ആധിപത്യത്തിന്റെ കാലമായിരുന്നു. ചരിത്രകാരനായ ഫ്രാൻസിസ് ഫുക്കായാമ "ചരിത്രം അവസാനിച്ചു’ എന്ന ആശയം ഉയർത്തിക്കൊണ്ട് പുസ്തകം എഴുതി. അമേരിക്കയും പാശ്ചാത്യശക്തികളും ലോകത്തെ ഏകധ്രുവ വ്യവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. ഈ കാലമാണ് ആഗോളവൽക്കരണ സാമ്പത്തികനയങ്ങളുടെ ഉത്ഭവത്തിനും വികാസത്തിനും സാക്ഷ്യംവഹിച്ചത്. ആഗോളവൽക്കരണത്തിന്റെ ഭാഗമായി അമേരിക്കൻ കോർപറേറ്റുകൾ കുറഞ്ഞ ചെലവിലുള്ള ഉൽപ്പാദന കേന്ദ്രങ്ങൾ തേടി ചൈനയിലേക്ക് നീങ്ങിയപ്പോൾ, അതേ പ്രക്രിയ ചൈനയെ ലോകത്തിന്റെ പ്രധാന സാമ്പത്തിക- സാങ്കേതിക ശക്തിയായി വളർത്തി. ഇന്ന് മാനുഫാക്ചറിങ്, 5ജി, എഐ, ഹരിത സാങ്കേതികവിദ്യ, സെമികണ്ടക്ടർ മേഖലകൾ എന്നിവയിൽ ചൈന അമേരിക്കയ്ക്ക് വെല്ലുവിളിയായി മാറി. "അമേരിക്ക ഫസ്റ്റ്’ നയവും താരിഫ് യുദ്ധവും സാങ്കേതികവിദ്യാ നിയന്ത്രണങ്ങളും ഈ പ്രതിസന്ധിയുടെ പ്രകടനങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ട്രംപിന്റെ ചൈന സന്ദർശനം സാധാരണ നയതന്ത്ര സംഭവമല്ല; അമേരിക്കയുടെ പഴയ ആധിപത്യം സംരക്ഷിക്കാനുള്ള രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണ്.
തയ്വാൻ പ്രശ്നവും സെമികണ്ടക്ടർ, ചിപ് നിർമാണം, അപൂർവ ധാതുക്കൾ എന്നിവയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടവും ഈ മത്സരത്തെ കൂടുതൽ രൂക്ഷമാക്കുന്നു. എന്നാൽ, അതിനൊപ്പം ബ്രിക്സ് രാജ്യങ്ങളുടെ വളർച്ച, ഡോളർ ആധിപത്യത്തിലെ വിള്ളൽ, പ്രാദേശിക കറൻസികളിലെ വ്യാപാരത്തിന്റെ വ്യാപനം, "ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ രാഷ്ട്രീയ സ്വയംപ്രഖ്യാപനം’ എന്നിവ പുതിയ അന്താരാഷ്ട്ര സമവാക്യങ്ങളുടെ ഉദയത്തെയാണ് സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും ഇതേ യാഥാർഥ്യമാണ് വ്യക്തമാക്കുന്നത്. ഗൾഫ് മേഖലയിലെ യുദ്ധാവസ്ഥ ആഗോള ഊർജവിപണിയെയും ഭക്ഷ്യസുരക്ഷയെയും ഗുരുതരമായി ബാധിച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷംമൂലം ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, രാസവളം, രാസവള നിർമാണ അസംസ്കൃതവസ്തുക്കൾ എന്നിവയുടെ വിതരണം തടസ്സപ്പെട്ടതോടെ ലോകമെമ്പാടും ഇന്ധനവിലയും രാസവള വിലയും ഉയർന്നു. അതിന്റെ ആഘാതം ഇന്ത്യയിലും കേരളത്തിലും വ്യക്തമാണ്. ഇന്ധന വിലവർധന, രാസവള ക്ഷാമം, ഭക്ഷ്യവിലക്കയറ്റം, കയറ്റുമതി പ്രതിസന്ധി എന്നിവ സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. ലോകം ഇന്ന് നിർണായക വഴിത്തിരിവിലാണ്. അമേരിക്കൻ ഏകാധിപത്യ ലോകക്രമത്തിന്റെ അടിത്തറയിൽ വിള്ളലുകൾ രൂപപ്പെടുമ്പോൾ സഹവർത്തിത്വം, സഹകരണം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹുധ്രുവ ലോകക്രമം പകരമായി ഉദയംകൊള്ളുന്ന കാഴ്ചയാണ് നാം കാണുന്നത്. മാനവരാശിയുടെ ഭാവി രാഷ്ട്രീയ ഉള്ളടക്കവും ദിശയും ആ വഴിക്കായിരിക്കും, തീർച്ച.













