ad
Deshabhimani

Articles

പി ടി ബി

മുൻപേ നടന്നവർ: പി ടി ഭാസ്കരപണിക്കർ

p t bhaskara panicker
avatar
ജി സാജൻ

Published on Oct 15, 2025, 11:52 AM | 5 min read

“നമ്മൾ നിൽക്കുന്ന ഈ ഗ്രാമത്തിന്റെ ജനസംഖ്യ എത്രയാണ്?” പ്രാസംഗികൻ മുൻപിലിരിക്കുന്ന കുട്ടികളോട് ചോദിക്കുന്നു. ആർക്കും ഒരു ഐഡിയയും ഇല്ല. അദ്ദേഹം വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കുകയാണ്


“ഈ പഞ്ചായത്തിൽ എത്ര പേർ ജീവിക്കുന്നുണ്ട്?

ഈ വാർഡിന്റെ പേരെന്താണ്?

ഇവിടെ എത്ര നദികളുണ്ട്, അരുവികളുണ്ട്, ഇവിടെയുള്ള കായലിന്റെ വിസ്തീർണ്ണം എത്രയാണ്? ഇവിടെ എത്ര സ്ഥലത്ത് നെല്കൃഷിയുണ്ട്?”


വളരെ നിസാരമായ ചോദ്യങ്ങളാണ്. എന്നാൽ ആ ഗ്രാമത്തിൽ ജീവിക്കുന്ന ഒരു കുട്ടിയ്ക്കും അവരുടെ ഗ്രാമത്തെക്കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ല.


സ്ഥലം വെള്ളായണി കാർഷിക കോളേജിന് സമീപമുള്ള കാക്കാമൂല എന്ന ഗ്രാമം. പ്രഭാഷകൻ പി ടി ഭാസ്കരപണിക്കർ. സന്ദർഭം കാർഷിക കോളേജിലെ ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിച്ച ഗാന്ധിജയന്തി. വർഷം 1980. പി ടി ബി എന്ന് കേൾക്കുമ്പോൾ രണ്ട് ചിത്രങ്ങളാണ് എന്റെ മുൻപിൽ വരുന്നത്. കാക്കാമൂലയിലെ ഗ്രാമത്തിലെ കുട്ടികളുമായുള്ള സംഭാഷണം കഴിഞ്ഞാൽ പിന്നീട് കാർഷിക കോളേജിലെ വിദ്യാർത്ഥികളുമായി അവരുടെ സെമിനാർ ഹാളിലുള്ള സംഭാഷണം ആണ് രണ്ടാമത്തെ പരിപാടി. അവിടെ ഇതൊന്നുമല്ല ഭാഷ. കൃത്യമായ ശാസ്ത്രവും രാഷ്ട്രീയവുമാണ്.


ഈ രണ്ട് ദൃശ്യങ്ങൾ കണ്ട ഞങ്ങൾ വിസ്മയിച്ചുനിൽക്കുകയാണ്. അപ്പോൾ തന്നെ ഞങ്ങൾക്കൊക്കെ ഇതിഹാസ സമാനമായ വലിപ്പം തോന്നിക്കുന്ന വലിയ വ്യക്തിത്വമാണ് പി ടി ബി. എപ്പോഴും വെളുത്ത ഷർട്ടും വെളുത്ത മുണ്ടുമാണ് വേഷം. കുതറിക്കുതറിയാണ് നടക്കുന്നത് എന്ന് തോന്നും.


എന്നാൽ ഈ രണ്ടു ചെറിയ സംഭാഷണങ്ങളിലൂടെ പി ടി ബി ഞങ്ങൾക്ക് തന്നത് വലിയൊരു സന്ദേശമായിരുന്നു. കാർഷിക വിദ്യാർഥികൾ എന്ന നിലയ്ക്ക് ഞങ്ങൾ ആദ്യം പഠിക്കേണ്ടത് നമ്മുടെ ഗ്രാമത്തെക്കുറിച്ചാണ്. ലോക ജനസംഖ്യയും രാജ്യത്തിന്റെ എല്ലാ കണക്കുകളും നമുക്കറിയാം. എന്നാൽ നമ്മൾ ജീവിക്കുന്ന ഗ്രാമത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ല.


ഗ്രാമത്തിന് വേണ്ട ശാസ്ത്രമെന്താണ് എന്നറിയാൻ അവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചറിയണം- പി ടി ബി പറഞ്ഞു. ഈ സന്ദേശത്തിന്റെ തുടർച്ചയായിരുന്നു പിന്നീട് പരിഷത്തും മറ്റും നേതൃത്വം നൽകിയ ഗ്രാമ ശാസ്ത്ര സമിതി. നാടിന് വേണ്ട സാങ്കേതിക വിദ്യ എന്നൊക്കെ ഞങ്ങൾ കേൾക്കുന്നത് അവിടെനിന്നാണ്.


കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ നിർണായകമായ പേരുകളിൽ ഒന്നാണ് പി ടി ബിയുടേത്. ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് ആയിരിക്കണം പി ടി ബി എന്ന് കൃഷ്ണേട്ടൻ പറയുന്നു. 1954 ലാണ് പഴയ മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലാ ബോർഡിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് മുപ്പത്തിനാലാം വയസിൽ അദ്ദേഹം ബോർഡിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.


വോട്ടെടുപ്പിലൂടെ ജനങ്ങൾ തെരഞ്ഞെടുക്കപ്പട്ട ആദ്യ കമ്യൂണിസ്റ്റ് ഭരണാധികാരി എന്ന ഖ്യാതി ഇ എം എസിനാണ്. എന്നാൽ, ഇന്നത്തെ കേരളത്തിന്റെ ആറു ജില്ലയോളം വലുപ്പമുള്ള ഒന്നായിരുന്നു മുമ്പ് മദ്രാസ് സംസ്ഥാനത്തെ 'മലബാർ ജില്ല'; ആ ജില്ലയുടെ ഭരണാധികാരിയായി, മലബാർ ഡിസ്റ്റ്രിക്ട് ബോർഡിന്റെ അവസാന ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് പി ടി ഭാസ്കരപ്പണിക്കർ ആണ്. 1957ൽ കമ്യൂണിസ്റ്റ് പാർട്ടി ജയിക്കാനുള്ള ഒരു കാരണം പി ടി ബിയുടെ മലബാർ ഭരണമികവ് കൂടിയാണെന്ന് ചരിത്രം അടയാളപ്പെടുത്തേണ്ടതാണ് എന്ന് ആർ ഗോപാലകൃഷ്ണൻ എഴുതുന്നു.


മലബാറിൽ ഇന്നുള്ള ഒട്ടേറെ പ്രൈമറി സ്കൂളുകൾ പി ടി ബി മലബാർ ഡിസ്ട്രിക്ട് ബോർഡ് ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ചതാണ്. സ്കൂളുകൾ മാത്രമല്ല സ്ക്കൂളിലേക്കുള്ള വഴിയും നാട്ടുകാരുടെ കൂട്ടായ ശ്രമത്തിൽ വെട്ടിയുണ്ടാക്കിയ കഥകൾ തന്നോട് പറഞ്ഞതോർക്കുന്നു എന്ന് കെ പി ശശികുമാർ എഴുതുന്നു.


ഇവിടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അതേവരെ പരിചിതമല്ലാത്ത സാമൂഹിക സാധ്യതകളാണ് പി ടി ബി വളർത്തിയെടുത്തത്. ബസ്സോ റോഡുകളോ ഇല്ലാത്ത അക്കാലത്ത് അദ്ദേഹം നൂറുകണക്കിന് കിലോമീറ്റർ മലബാറിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ നടന്നു. നൂറുകണക്കിന് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങി. ഒ വി വിജയന്റെ സഹോദരി ഒ വി ശാന്ത ജോലി ചെയ്ത തസ്രാക്കിലെ (പാലക്കാട് ) ഏകാദ്ധ്യാപക വിദ്യാലയം മലബാർ ബോർഡിലെ പി ടി ബി യുടെ പദ്ധതിയുടെ ഭാഗമായി ആയിരുന്നു. 'ഖസാക്കിന്റെ ഇതിഹാസത്തിന്റെ' ജന്മ പശ്ചാത്തലം. അവിടെയാണല്ലോ ഖസാക്കിലെ രവി പഠിപ്പിക്കാൻ എത്തിയത്. ഏകാധ്യാപക വിദ്യാലയങ്ങൾ മാത്രമല്ല സ്വകാര്യ മേഖലയിലും ധാരാളം സ്കൂളുകൾ തുടങ്ങാൻ അദ്ദേഹം പ്രേരിപ്പിച്ചു.


മലബാറിൽ ഇത്തരത്തിൽ പി ടി ബി ഉണ്ടാക്കിയ രാഷ്ട്രീയ പ്രവർത്തന രീതി തുടർന്ന് കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം വരാൻ ഏറെ സഹായകം ആയിട്ടുണ്ടാവണം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പി ടി ബി ഏറെക്കാലം ഒളിവിലും ജയിലിലുമായിരുന്നു.


“യൗവ്വന കാലത്ത് എന്റെ നാട്ടിൽ, പെരിഞ്ഞനം ഹൈസ്കൂളിൽ 1945 കാലത്ത് ശാസ്ത്രാധ്യാപകനായി എത്തിയ പി ടി ബി ക്രമേണ തൊഴിലാളികളുടെ, കർഷകരുടെ, നാടിന്റെയാകെ അധ്യാപകനായി രാഷ്ട്രീയ നേതാവായി ഉയരുകയായിരുന്നു” എന്ന് മനോജ് വി കൊടുങ്ങല്ലൂർ, രാധാകൃഷ്ണൻ പെരിഞ്ഞനം എന്നിവർ ഓർക്കുന്നു.


1950 ജനുവരി 26നാണ് കമ്യൂണിസ്റ്റ് പാർട്ടി നയിച്ച ജാഥയെ മതിലകത്ത് വച്ച് പൊലീസ് തടയുന്നതും ജാഥ നയിച്ച സർദാർ ഗോപാലകൃഷ്ണൻ അറസ്റ്റ് ചെയ്യപ്പെടുന്നതും. തുടർന്നുള്ള പൊലീസ് മർദനത്തിൽ സർദാർ കൊല്ലപ്പെടുന്നതും. സർദാറിന്റെ മൃതദേഹം രഹസ്യമായി പൊലീസ് മറവ് ചെയ്ത വലപ്പാട് വട്ടപരത്തി കടപ്പുറത്ത് പിറ്റേന്ന് ഉയർന്ന് പാറിയ ചെങ്കൊടിയുടെ മർമരങ്ങളുമായി ചേർത്ത് വച്ചുകൊണ്ടേ പെരിഞ്ഞനത്തിനും മണപ്പുറത്തിനും പിടിബിയെ ഓർക്കാനാകൂ.”


ഇൻസ്പെക്ടർ നമ്പ്യാർ - പിടിബിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി മർദ്ദിച്ചതിന്റെ തുടർച്ചയായാണ് 1950 ജനുവരി 26ന് സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷിയാകുന്ന പ്രകടനവും ലോക്കപ്പ് കൊലപാതാകവും സംഭവിക്കുന്നത്. രാത്രി കാലങ്ങളിൽ ഷെൽട്ടറുകളിൽ നിന്ന് ഷെൽടറുകളിലേക്ക് മാറാൻ നിർബന്ധിതമായ ഒളിവ് കാലത്തിന്റെ അനുഭവങ്ങൾ, ഓർമകൾ, നമ്പ്യാരുടെ പൊലീസിന്റെ കിരാതമർദ്ദനങ്ങളുടെ ഓർമകൾ,1950 ജനുവരിയിൽ പിടിബിയെ കളരിക്കൽ നാരായണന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് മർദിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ ദൃശ്യം പെരിഞ്ഞനത്തിന്റെ തീക്ഷ്ണമായ ഓർമകളിൽ ഒന്നാണ്.”


1957 ൽ അദ്ദേഹം മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ വിദ്യാഭ്യാസ ബില്ലിന് രൂപം കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.


പിൽക്കാലത്ത് ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന കെ കെ വിജയകുമാർ പി ടി ബിയോടൊപ്പം അഗളി പ്രദേശത്തെ ചോലനായ്ക്കന്മാരുടെ വസതികൾ കാണാൻ കാടും മലയും കടന്ന് നടന്നുപോയ കഥയോർക്കുന്നുണ്ട്. അന്ന് രാത്രി അവിടെ താമസിച്ച പി ടി ബി പറഞ്ഞ കഥകൾ കേട്ടപ്പോഴാണ് എത്ര ആത്മസമർപ്പണത്തോടെയാണ് ആ തലമുറ പ്രവർത്തിച്ചത് എന്ന് തനിക്ക് മനസിലായത് എന്നും വിജയകുമാർ പറയുന്നു.


പി ടി ബി തുടക്കം കുറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും എണ്ണിയാൽ തീരില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിൽ തുടങ്ങി ഭരണ പരിഷ്‌കാര വേദി, കാൻഫെഡ്, ഇൻഡോ സോവിയറ്റ് സൗഹൃദ സമിതി, ലെനിൻ ബാലവാടി, STEPS തുടങ്ങി സ്ഥല നാമ സമിതി വരെ വ്യത്യസ്തമായ ധാരാളം മേഖലകളിൽ ഉയർന്നുവന്ന ചെറിയ സംഘടനകൾക്ക് അദ്ദേഹം തുടക്കം കുറിയ്ക്കുകയോ നേതൃത്വം നൽകുകയോ ചെയ്തു.


“1969 മുതൽ 1971 വരെ വിശ്വവിജ്ഞാനകോശം (10 വാള്യം) എഡിറ്ററായി പ്രവർത്തിച്ചു.1971 മുതൽ 1974 വരെ ഗ്രന്ഥശാലാ സംഘം അദ്ധ്യക്ഷനായിരുന്നു. 1969 മുതൽ ഏതാണ്ട് കാൽ നൂറ്റാണ്ടോളം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു പോന്ന അദ്ദേഹം ബാലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വിജ്ഞാനകോശം എന്നീ റഫറൻസ് ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പ്രൈമറി ടീച്ചർ, പുസ്തക സമീക്ഷ എന്നീ മാസികകളുടെയും എഡിറ്ററായിരുന്നു. കാൻഫെഡ്, ഭരണപരിഷ്കാരവേദി, സ്ഥലനാമസമിതി, ഇന്തൊ-സോവിയറ്റ് സൗഹൃദസമിതി, ലെനിൻ ബാലവാടി (തിരുവനന്തപുരം), അഗളി ഗിരിജനകേന്ദ്രം എന്നിവയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ശാസ്ത്രസാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്‌ അദ്ദേഹം. സുഗതകുമാരി, പരിസ്ഥിതി പ്രവർത്തനത്തിൽ തൻ്റെ ഗുരു ആയി പി ടി ബിയെ വിശേഷിപ്പിച്ചിട്ടുണ്ട്.” - ആർ ഗോപാലകൃഷ്ണൻ എഴുതുന്നു.


പോസ്റ്റുകാർഡിൽ ചെറിയ ചെറിയ കത്തുകൾ അയച്ചു കൊണ്ടാണ് പി ടി ബി എഴുത്തുകാരെയും സന്നദ്ധ പ്രവർത്തകരെയും പ്രചോദിപ്പിച്ചിരുന്നത്. ദിവസേന ഒരോ കത്തു കിട്ടിയാൽ ആർക്കാണ് അവഗണിക്കാനാകുക.


കേരള കർഷകന്റെ എഡിറ്റോറിയൽ ബോർഡിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം. കേരള കർഷകന്റെ ആദ്യ പേജിൽ വിലാസം സഹിതം അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. നവസാക്ഷരർക്കും കുട്ടികൾക്കും വേണ്ടി അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ഇപ്പോഴും വായിക്കപ്പെടുന്നു. 'സൂര്യൻ', 'ചലനം', 'ഭൗതിക വാദം കുട്ടികൾക്ക്', 'ഭൂമിശാസ്ത്രം കുട്ടികൾക്ക്', 'സ്വാതന്ത്ര്യസമര ചരിത്രം കുട്ടികൾക്ക്' എന്നിവ അവയിൽ ഉൾപ്പെടുന്നു.


1997 ഡിസംബർ 30-ാം തിയതി പാലക്കാട്ടുവച്ച് അദ്ദേഹം അന്തരിച്ചു. പി ടി ബി യുടെ സ്മരണ നിലനിർത്തുന്ന പി ടി ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് അടയ്ക്കാ പുത്തൂരിൽ ഉണ്ട്. അവിടെ ഇന്ത്യനൂർ ഗോപിമാഷ് പി ടി ബി യുടെ പാത പിന്തുടർന്ന് പ്രവർത്തിച്ചു.


ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിന് എല്ലാവർഷവും പി ടി ബി സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ട്. 2025 ഒക്ടോബർ 15ന് പി ടി ബിയുടെ 102ാം ജന്മദിനമാണ്.


പി ടി ബി വിടപറയുമ്പോൾ ഞാൻ ഷില്ലോങ് ദൂരദർശനിലാണ്. എന്നാൽ പി ടി ബിയുടെ മകൻ സുരേഷുമായി സവിശേഷമായ സൗഹൃദം തുടരാൻ എനിക്ക് കഴിഞ്ഞു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാൽ സുരേഷുമൊപ്പം പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ സുരേഷും അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞു.


പി ടി ബിയെക്കുറിച്ച് ഞാൻ കണ്ടിട്ടുള്ള ഏക ജീവചരിത്രം എ പ്രഭാകരൻ എഴുതിയ സൗമ്യം പ്രൗഢം ദീപ്തം ആണ്. മകൻ സുരേഷ് എഴുതിയ സ്നേഹാദരങ്ങളോടെ, സ്വന്തം എന്നൊരു പുസ്തകം കൂടിയുണ്ട്. കഴിഞ്ഞ വർഷം കാവുമ്പായി ബാലകൃഷ്ണൻ പി ടി ബിയെക്കുറിച്ച്‌ എഴുതിയ സമഗ്രമായ ജീവചരിത്ര ഗ്രന്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരിച്ചു.


കേരളത്തിൽ പുതിയ സാമൂഹിക സംഘടനാ രൂപങ്ങളെക്കുറിച്ച് ആലോചിക്കുന്നവർ വിശദമായി പഠിക്കേണ്ട ഒരു ജീവിതമാണ് പി ടി ബിയുടേത്.



(ദൂരദർശൻ പ്രോഗ്രാം വിഭാഗം മേധാവിയായിരുന്നു ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home