ad
Deshabhimani

Articles

മോദിഫൈഡ്‌ ഫെമിനിസം

മോദിഫൈഡ്‌ ഫെമിനിസം

modi.jpg
avatar
എൻ എസ്‌ സജിത്‌

Published on Apr 20, 2026, 09:35 PM | 3 min read

ഭൂമിയിൽ പല പുണ്യപ്രവൃത്തികളും ചെയ്യാൻ, തന്നെ ദൈവം തെരഞ്ഞെടുത്ത്‌ അയച്ചതാണെന്ന്‌ ആത്മാർഥമായി വിശ്വസിക്കുകയും അത്‌ പരസ്യമായി വിളിച്ചുപറയുകയും ചെയ്‌ത ഒരാളേ ഉള്ളൂ ഇ‍ൗ രാജ്യത്ത്‌, അത്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌. വർഗീയധ്രുവീകരണം സൃഷ്‌ടിച്ച്‌ അധികാരത്തിലെത്തുകയും അതേ ആയുധംവീശി അധികാരത്തിൽ തുടരുകയും ചെയ്യുന്പോൾ ലഭിക്കുന്ന അസാധാരണമായ പിന്തുണ ഒരാളെ ഭാവനാലോകത്തേക്കും ഭ്രമകൽപ്പനകളിലേക്കും നയിക്കുമെന്നത്‌ സ്വാഭാവികം. താൻതന്നെയാണ്‌ ദൈവമെന്നു പറഞ്ഞില്ലല്ലോ എന്ന്‌ ഇന്ത്യക്കാർക്ക്‌ സമാശ്വസിക്കാം. 2023 സെപ്‌തംബർ 19നാണ്‌ താൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനാണെന്ന്‌ മോദി പറഞ്ഞത്‌. ഇതൊന്നും താൻ ചെയ്യുന്നതല്ലെന്നും തന്നെ തെരഞ്ഞെടുത്ത്‌ വിട്ട ദൈവം എല്ലാം ചെയ്യിക്കുന്നതാണെന്നുമുള്ള വിനയം.


രണ്ടരവർഷം കഴിയുമ്പോൾ അനുചരവൃന്ദങ്ങൾ പറയുന്നത്‌ മോദിയേക്കാൾ വലിയ ‘ഫെമിനിസ്റ്റ്‌’ ഇ‍ൗ മഹാഭാരതത്തിൽ ഇല്ലെന്നാണ്‌. ‘വർത്തമാനകാല ഇന്ത്യയിലെ ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ മോദിയല്ലാതെ മറ്റാരുമല്ല’ എന്ന്‌ പ്രഖ്യാപിച്ചുകളഞ്ഞു ലോക്‌സഭാംഗവും ബോളിവുഡ്‌ താരവുമായ കങ്കണ റണ‍ൗത്ത്‌. ‘ദിൽവാലെ ദുൽഹനിയ ലേ ജായേഗി’ എന്ന സിനിമയിലെ ജാ സിമ്രാൻ, ജീ ലേ അപ്‌നി സിന്ദഗീ (സിമ്രാൻ പോകൂ, നിന്റെ ജീവിതം ജീവിക്കൂ) എന്ന ഡയലോഗ്‌ ഓർമിപ്പിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. വനിതാസംവരണം മറയാക്കി ലോക്‌സഭാ മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള 131–ാം ഭരണഘടനാ ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നുകൊണ്ട്‌ പരാജയപ്പെടുത്തിയതോടെയാണ്‌ പൊടുന്നനെ മോദി ഇന്ത്യൻ ഫെമിനിസത്തിന്റെ ഏകഛത്രാധിപതി എന്ന പദവിയിലേക്ക്‌ ഉയർത്തപ്പെട്ടത്‌. താൻ ആത്മാർഥമായി വനിതാസംവരണം നടപ്പാക്കാൻ ശ്രമിച്ചു, പ്രതിപക്ഷം അത്‌ തടഞ്ഞു, ഇന്ത്യയിലെ അമ്മ പെങ്ങന്മാരുടെ ശാപം പ്രതിപക്ഷത്തിനുമേൽ ഇടിത്തീയായി പതിക്കും. ഇങ്ങനെയായിരുന്നു ദൂരദർശൻ–ആകാശവാണി മാർഗത്തിലൂടെ മോദി ചൊരിഞ്ഞ ശാപവചനങ്ങൾ.


മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെയാണ് 2002ലെ ഗുജറാത്ത്‌ വംശഹത്യ. അയോധ്യയിൽനിന്ന്‌ മടങ്ങുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്‌ ഗോധ്‌രയിൽ തീയിട്ട സംഭവത്തിനുശേഷം മോദി അഹമ്മദാബാദ്‌ ദൂരദർശനിലൂടെയും സംസ്ഥാന ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ്‌ സംവിധാനങ്ങളിലൂടെയും രോഷാകുലനായി ഇങ്ങനെ പറഞ്ഞു: "ഇത്തരത്തിലുള്ള ഒരു സംഭവവും അനുവദിക്കില്ലെന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു. കുറ്റവാളികൾക്ക് അവർ ചെയ്‌ത പാപത്തിന് ഉചിതമായ ശിക്ഷ നൽകും. ഇതുമാത്രമല്ല, ഇനി ഇത്തരമൊരു നീചമായ കുറ്റകൃത്യം ചെയ്യുമെന്ന് സ്വപ്‌നത്തിൽപ്പോലും ആരും ചിന്തിക്കാത്തവിധമുള്ളതായിരിക്കും ആ ശിക്ഷ.’ അതിനുശേഷം നിയമസഭയിൽ പറഞ്ഞു: "ഇത്തരത്തിലുള്ള ഒരു സംഭവവും അനുവദിക്കില്ലെന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു. കുറ്റവാളികൾക്ക് അവർ ചെയ്‌ത പാപത്തിന് ഉചിതമായ ശിക്ഷ നൽകും. ഇതുമാത്രമല്ല, ഇനി ഇത്തരമൊരു നീചമായ കുറ്റകൃത്യം ചെയ്യുമെന്ന് സ്വപ്‌നത്തിൽപ്പോലും ആരും ചിന്തിക്കാത്തവിധമുള്ളതായിരിക്കും ആ ശിക്ഷ.’ പതിനായിരക്കണക്കിന്‌ സംഘപരിവാർ ക്രിമിനലുകളെ അഴിഞ്ഞാടാൻ പ്രചോദിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. 1947 ലെ വിഭജനകാലത്തിനും 1984 ലെ ഡൽഹി കൂട്ടക്കൊലയ്‌ക്കുംശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ നരവേട്ടയിൽ മൂവായിരത്തിലേറെ മുസ്ലിങ്ങൾക്ക്‌ ജീവൻ നഷ്‌ടമായി.


തന്റെ ഭർത്താവിനെയും അയൽവാസികളായ 68 പേരെയും അഹമ്മദാബാദിലെ ചമൻപുരയിലെ ഗുൽബർഗ സൊസൈറ്റിയിലെ ഫ്ലാറ്റിലിട്ട്‌ വെട്ടിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്‌ത സംഭവത്തിൽ മോദിക്കെതിരെ ദ‍‍ീർഘമായ നിയമപോരാട്ടം നടത്തിയ സാക്കിയ ജാഫ്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ‘ഫെമിനിസ്റ്റ്‌ മോദി’യെക്കുറിച്ച്‌ എന്തായിരിക്കും പറയുക? 2002 ഫെബ്രുവരി 28ന്‌ കോൺഗ്രസ്‌ നേതാവും മുൻ ലോക്‌സഭാംഗവുമായ എഹ്‌സാൻ ജാഫ്രി കൊല്ലപ്പെടുംമുന്പ്‌ എത്രയോ വട്ടം മോദിയെ വിളിച്ചു, രക്ഷിക്കണമെന്ന്‌ കേണപേക്ഷിച്ചു. മോദി ഒന്നിടപെട്ടിരുന്നുവെങ്കിൽ തന്റെ ഭർത്താവടക്കം 69 പേർ കൊല്ലപ്പെടില്ലായിരുന്നു എന്ന്‌ മരിക്കുംവരെ വിശ്വസിച്ചിരുന്നു സാക്കിയ എന്ന വയോധിക. 2002 മാർച്ച്‌ ഒന്നിന്‌ വഡോദരയിലെ ഹനുമാൻ ടേക്‌രിയിലെ ബെസ്റ്റ്‌ ബേക്കറിയിൽ കുടുംബാംഗങ്ങളായ 11 പേർ കൊലക്കത്തിക്കിരയാകുന്നത്‌ കണ്ടുനിൽക്കേണ്ടിവന്ന സഹീറ ഷെയ്‌ഖ്‌, കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കുഞ്ഞുങ്ങളടക്കം 14 പേർ കൊല്ലപ്പെടുന്നത്‌ കണ്ടുനിൽക്കേണ്ടിവന്ന ബിൽക്കീസ്‌ ബാനു... ഇവർക്കൊക്കെ മോദിക്ക്‌ നൽകുന്ന കീർത്തിചക്രങ്ങളുടെ പൊരുളറിയാം.


2005-ൽ ഗുജറാത്ത്-–രാജസ്ഥാൻ അതിർത്തിക്കുസമീപം ഏറ്റുമുട്ടൽ കൊലയ്‌ക്കിരയായ സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ്‌, ക‍ൗസർബി ദന്പതികളെ ‘ഫെമിനിസ്റ്റ്‌ മോദി’ സ‍ൗകര്യപൂർവം മറന്നിട്ടുണ്ടാകുമെങ്കിലും രാഷ്‌ട്രീയവിദ്യാർഥികൾ മറക്കില്ല. അമിത്‌ ഷാ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രിയായിരിക്കെയാണ്‌ ഗുജറാത്ത്‌ പൊലീസിലെ ഉന്നതർ ഇ‍ൗ ഓപ്പറേഷൻ നടത്തിയത്‌. ക‍ൗസർബിയെ വലിച്ചിഴച്ച്‌ കാട്ടിൽ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്‌തശേഷമാണ്‌ വെടിവച്ചുകൊന്നത്‌. ഇൻസ്പെക്ടർ ജനറൽ ഡി ജി വൻസാരയടക്കം ഇ‍ൗ കേസിൽ ജയിലിലായി. 2013ൽ ബംഗളൂരുവിലെ ഒരു വനിതാ ആർക്കിടെക്‌ടിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ അന്നത്തെ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ രണ്ട്‌ ഐപിഎസ്‌ ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു. സ്‌നൂപ്‌ഗേറ്റ്‌ എന്ന പേരിൽ അറിയപ്പെട്ട ഇ‍ൗ വിവാദത്തിന്റെ ഭാഗമായി ചോർന്ന ഓഡിയോ ക്ലിപ്പുകളിൽ ‘സാഹേബ്’ എന്നു പരാമർശിക്കുന്നത്‌ ഇതേ ‘ഫെമിനിസ്റ്റ്‌’ മോദിയെ ആയിരുന്നു.


ബിജെപി നേതാവ്‌ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച്‌ രാജ്യത്തെ ഏറ്റവും പ്രഗല്‌ഭരായ വനിതാ ഗുസ്‌തി താരങ്ങൾ ഡൽഹിയിൽ സമരം നടത്തിയപ്പോൾ ഋഷിതുല്യമായ മ‍ൗനംപാലിച്ചു ഫെമിനിസ്റ്റ്‌ മോദി. ഇറാനിലെ മിനാബിൽ 165 പെൺകുട്ടികൾ കൊല്ലപ്പെട്ടപ്പോഴോ പലസ്‌തീനിൽ പെൺകുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴോ മിണ്ടിയില്ല. ഏറ്റവും ഒടുവിൽ എപ്‌സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ട്‌ ആരോപണവിധേയനായ ഹർദീപ്‌ സിങ്‌ പുരിയെ ഇപ്പോഴും മന്ത്രിസ്ഥാനത്ത്‌ തുടരാൻ അനുവദിക്കുകയാണ്‌ മോദി. ഏതായാലും മോദി ഉത്തമനായ ഫെമിനിസ്റ്റാണെന്ന്‌ അദ്ദേഹത്തെക്കുറിച്ച്‌ പുസ്‌തകമെഴുതിയ പ്രൊഫ. മധു പൂർണിമ കിശ്വർ പറയുമോ? അവർ ഇ‍ൗയി‍ടെ എക്‌സിൽ കുറിച്ചത്‌ വായിച്ചവരാരും അങ്ങനെ വിശ്വസിക്കില്ല.


ഇന്ത്യൻ ഫെമിനിസത്തിന്റെ ഏകരക്ഷകനും യശോദ ബെൻ എന്ന ഗുജറാത്തി വനിതയുടെ ഭർത്താവുമായ മോദി, ഇന്ത്യൻ സ്‌ത്രീകളോട്‌ ചെയ്‌ത കാര്യങ്ങൾ വിശദീകരിക്കാൻ കുറെ താളുകൾ വേണ്ടിവരും. 1968ൽ മോദിയെ വിവാഹം ചെയ്‌തെങ്കിലും ഭർത്താവുമായി അകന്ന്‌ ലളിതജീവിതം നയിക്കുകയാണ്‌ യശോദ ബെൻ. 2014നുമുന്പുള്ള തെരഞ്ഞെടുപ്പ്‌ സത്യവാങ്‌മൂലങ്ങളിലൊന്നും തനിക്കൊരു ഭാര്യയുണ്ടെന്നും യശോദ ബെൻ എന്നാണ്‌ അവരുടെ പേരെന്നും മോദി പരാമർശിച്ചിരുന്നില്ല. ഇത്‌ വാർത്തയായപ്പോഴാണ്‌ മോദി തുടർന്നുള്ള സത്യവാങ്‌മൂലത്തിൽ വിവാഹക്കാര്യം പരാമർശിച്ചത്‌. ലളിതജീവിതമാണ്‌ നയിക്കുന്നതെങ്കിലും തന്റെ ഭർത്താവിന്‌ പ്രധാനമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന സ‍ൗകര്യങ്ങൾ എന്തെല്ലാമാണെന്നും എന്തെല്ലാം സുരക്ഷയാണ്‌ സർക്കാർ ഒരുക്കുന്നതെന്നും വിവരാവകാശനിയമംവഴി അന്വേഷിച്ചിരുന്നു യശോദ ബെൻ. മോദി പരിഗണിക്കാത്തതിലും സാമ്പത്തികമായി സഹായിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു ഇങ്ങനെ ഒരു നീക്കം.





Deshabhimani
Home