സർക്കാർ ചെലവുചുരുക്കലും വിദ്യാർഥിസമരങ്ങളും


വി ബി പരമേശ്വരൻ
Published on Oct 20, 2026, 12:00 AM | 4 min read
ഒരു മാസമായി ഫ്രാൻസിലെ ഹൈസ്കൂൾ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്. സെപ്തംബർ മൂന്നാം വാരത്തിൽ പാരീസിന്റെ വടക്ക്, തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സെന്റ് ഡെന്നീസിലെ സ്കൂളിലാണ് പ്രക്ഷോഭത്തിന് തുടക്കമായത്. തസ്തികകളിൽ മതിയായ നിയമനം ആവശ്യപ്പെട്ട് അധ്യാപകർ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സെന്റ് ഡെന്നീസിലെ കുട്ടികൾ ക്ലാസ് ബഹിഷ്കരിച്ചത്. തുടർന്ന് പാരീസിലും ലിയോണിലും ലെൻസിലും 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളുകളുടെ പ്രവേശന കവാടങ്ങൾ വിദ്യാർഥികൾ കൂട്ടമായി ഉപരോധിച്ചു. സർക്കാർ ഫണ്ട് ലഭിക്കുന്ന 3700 സ്കൂളുകളിൽ 400 എണ്ണം വിദ്യാർഥി സമരം കാരണം അടയ്ക്കേണ്ടി വന്നതായി വിദ്യാഭ്യാസ മന്ത്രി എഡ്വാർഡ് ജെഫ്രി തന്നെ സമ്മതിച്ചു.
പലയിടത്തും വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി. വലതുപക്ഷ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിർദേശപ്രകാരം അതിക്രൂരമായാണ് പൊലീസ് സമരത്തെ നേരിട്ടത്. വടക്കൻ ഫ്രാൻസിലെ ലെൻസിൽ പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിൽ ഒരു പതിനഞ്ചുകാരന്റെ ഇടത്തെ കൈ പൂർണമായും അറ്റുപോയി. ടൂർസ് നഗരത്തിലെ പതിനാറുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പട്ടു. നാല് വിദ്യാർഥികൾക്കാണ് അംഗവൈകല്യം സംഭവിച്ചത്. ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. ലൈംഗികാതിക്രമവും വംശീയാധിക്ഷേപവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മൃഗങ്ങളോടെന്നപോലെയാണ് പൊലീസ് പെരുമാറിയതെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. മനുഷ്യാവകാശങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ഫ്രാൻസിലാണ് ഈ അമിതാധികാര പ്രയോഗം ഉണ്ടായത്. ആംനസ്റ്റി ഇന്റർനാഷണൽപോലുള്ള സംഘടനകൾ മാക്രോൺ സർക്കാരിന്റെ പൊലീസ് വേട്ടയെ അപലപിച്ചു. ഫ്രഞ്ച് അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത് യുദ്ധത്തിൽ സംഭവിക്കുന്നതിന് സമാനമായ പരിക്കാണ് വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നതെന്നാണ്. ഇതിനകം 7000 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമരം വ്യാപിച്ചതോടെ അധ്യാപകരും രക്ഷിതാക്കളും ട്രേഡ് യൂണിയനുകളും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ഇതിനകം രാജ്യത്തെ 1000 ഇടങ്ങളിൽ സമരത്തെ അനുകൂലിച്ച് പ്രകടനം നടന്നു. പത്ത് ലക്ഷത്തിലധികം പേർ ഇതിൽ പങ്കെടുത്തു. ഒക്ടോബർ 13ന് രാജ്യമെമ്പാടും നടന്ന യുവജനങ്ങളുടെ ഐക്യദാർഢ്യ പ്രകടനത്തിൽ മാത്രം അഞ്ച് ലക്ഷത്തോളം പേർ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018 ൽ ഫ്രാൻസിനെ വിറപ്പിച്ച മഞ്ഞ കുപ്പായക്കാരും ഒക്ടോബർ 17 ന് വിദ്യാർഥി സമരത്തെ പിന്തുണച്ച് രംഗത്തിറങ്ങിയതോടെ ഫ്രാൻസിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി. എട്ട് ലക്ഷം പേരാണ് ഒക്ടോബർ 17ന്റെ പ്രകടനത്തിൽ പങ്കെടുത്തത്. മാഴ്സലെയിലും ലിമോഗസിലും ടൗൺഹാളുകൾ തകർക്കപ്പെട്ടു. ആയിരം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1968ൽ നടന്ന ഐതിഹാസിക വിദ്യാർഥി പ്രക്ഷോഭത്തോടാണ് ഇപ്പോഴത്തെ സമരത്തെ മാധ്യമങ്ങൾ തുലനം ചെയ്യുന്നത്.
പഠിപ്പിക്കാൻ അധ്യാപകരില്ല
എന്തുകൊണ്ടാണ് ഫ്രഞ്ച് വിദ്യാർഥികൾ സമര പതാകയേന്തിയത്? സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതാണ് പ്രധാന വിഷയം. ചില വിഷയങ്ങൾ പഠിപ്പിക്കാൻ മാസങ്ങളായി ആരുമില്ലാത്ത അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് ജീർണിച്ച ക്ലാസ്മുറികൾ. ആവശ്യത്തിന് കസേരകളോ ഡെസ്കോ ഇല്ല. പല കുട്ടികളും ഇരിക്കാൻ കസേരകളില്ലാത്തതിനാൽ നിന്നാണ് പഠിക്കുന്നത്. ക്ലാസിൽ പഠനം നടക്കുമ്പോൾ ചോർച്ച തടയാൻ ബക്കറ്റ് വയ്ക്കേണ്ട അവസ്ഥപോലും ഉള്ളതായി കുട്ടികൾ സമൂഹമാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചു. പല ക്ലാസുകളും എലികളുടെയും പാറ്റകളുടെയും താവളങ്ങളാണ്. വിള്ളൽ വീണ ചുവരുകളും മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ ശുചിമുറികളും സമൂഹമാധ്യമങ്ങൾ വഴി ലോകം കണ്ടു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യൂറോപ്പിലെങ്ങും താപനില 40 ഡിഗ്രി സെൽഷ്യസിലും കൂടിയതോടെ അസൗകര്യങ്ങൾ ഏറെയുള്ള ക്ലാസ് മുറികളിൽ പഠനം അസഹനീയമായി.
ജനസംഖ്യ കുറയുന്നതിന്റെ പേരിലാണ് സർക്കാർ അധ്യാപകരെയും ക്ലാസ്മുറികളുടെ എണ്ണവും കുറയ്ക്കാൻ ആരംഭിച്ചത്. ഇതിന്റെ ഫലമായി ഒരു ക്ലാസിൽ 26 കുട്ടികൾ എന്ന ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോ-–ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി ) മാനദണ്ഡം ഫ്രാൻസിൽ ലംഘിക്കപ്പെട്ടു. ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 29 ആയി ഉയർത്തി. ഫലത്തിൽ ശരാശരി 36 കുട്ടികൾവരെയായി ഉയർന്നു. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയാണ് കുട്ടികളുടെ എണ്ണം വർധിപ്പിച്ചത്. സമ്പന്നർ താമസിക്കുന്ന പ്രദേശങ്ങളിലെ സർക്കാർ സ്കൂളിലെ സ്ഥിതി മെച്ചമാണെങ്കിലും തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സെന്റ് ഡെന്നീസ് പോലുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലെ സ്ഥിതി ശോചനീയമാണ്. ഈ അസമത്വവും ചർച്ചയായി. ഇതിനിടയിലാണ് നൂതന സംരംഭമെന്ന നിലയിൽ യൂണിവേഴ്സിറ്റി പ്രവേശനത്തിന് പുതിയൊരു കംപ്യൂട്ടർ ആപ്ലിക്കേഷൻ മാക്രോൺ സർക്കാർ ഏർപ്പെടുത്തുന്നത്. പാർക്കേഴ്സപ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ സംവിധാനത്തിൽ അയക്കുന്ന അപേക്ഷകൾ സ്വീകരിച്ചോ ഇല്ലയോ എന്നുപോലും അറിയാൻ കഴിയുന്നില്ല. പാവങ്ങൾ ഇതിലും തഴയപ്പെടുന്നുവെന്ന ആരോപണം ഉയർന്നു. ഉയർന്ന തൊഴിലില്ലായ്മയും നിർമിതബുദ്ധിയുടെ വളർച്ചയോടെ തൊഴിൽ അവസരങ്ങൾ വീണ്ടും കുറയുമെന്ന ഭയവും വിദ്യാർഥികളെ ആശങ്കയിലാഴ്ത്തി. 15നും 17വയസ്സിനും ഇടയിലുള്ള 66 ശതമാനം വിദ്യാർഥികളും സ്വന്തം ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരാണെന്ന പഠനവും പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ തെരുവിലിറങ്ങുന്നത്.
മാക്രോണിന്റെ തലതിരിഞ്ഞ നയങ്ങൾ
അതേസമയം, ഫ്രാൻസിലെ വിദ്യാഭ്യാസ മേഖലയുടെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണം മാക്രോൺ സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾ തന്നെയാണ്. റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ ഉക്രയ്നെ സഹായിക്കാൻ നികുതിപ്പണത്തിന്റെ വലിയ ഭാഗമാണ് നീക്കിവയ്ക്കപ്പെടുന്നത്. ഒപ്പം സമ്പന്നർക്ക് നികുതിയിളവും നൽകി. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലയ്ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കിയാണ് ഈ പണം കണ്ടെത്തിയത്. അതായത് സർക്കാരിന്റെ നവ ഉദാരവൽക്കരണ നയവും യുദ്ധനയവുമാണ് യഥാർഥ വില്ലൻ. മാക്രോൺ രണ്ടാമതും അധികാരമേറിയശേഷം വന്ന അഞ്ച് മന്ത്രിസഭകളും ചെലവുചുരുക്കൽ ബജറ്റാണ് അവതരിപ്പിച്ചത്. പുതിയ ബജറ്റിൽ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലീക്കോർണു ശുപാർശചെയ്തത് വിദ്യാഭ്യാസ മേഖലയിൽ 5400 കോടി യൂറോ വെട്ടിച്ചുരുക്കാനാണ്. 1588 അധ്യാപക തസ്തിക കുറയ്ക്കാനും അദ്ദേഹം ശുപാർശ ചെയ്തു. ശക്തമായ എതിർപ്പ് വരുമെന്നതിനാൽ ഭരണഘടനയിലെ 49.3 എന്ന വകുപ്പ് ഉപയോഗിച്ച്, പാർലമെന്റിനെ മറികടന്ന് ഇത്തരം ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണ് മാക്രോൺ സർക്കാർ. 1980ന് മുമ്പ് നിർമിച്ചവയാണ് ഭൂരിപക്ഷം സർക്കാർ സ്കൂളുകളും. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനും അധ്യാപകരൈ നിയമിക്കാനും കഴിയാത്തത് ഈ ചെലവ് ചുരുക്കൽ ബജറ്റ് കാരണമാണ്. സ്വാഭാവികമായും സർക്കാരിനെതിരെ ജനരോഷം ഉയർന്നു. വിദ്യാർഥികൾ ആക്രമണം കാട്ടുകയാണെന്ന സർക്കാരിന്റെയും "ന്യൂയോർക്ക് ടൈംസ്’ പോലുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും ആഖ്യാനത്തെ തള്ളി ഫ്രഞ്ച് ജനത സമരത്തെ പിന്തുണയ്ക്കാനും ഇതാണ് കാരണം.
ഏപ്രിലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ സമരം വലതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തീവ്രവലതുപക്ഷ നാഷണൽ റാലി നേതാവ് മരിയ ലെ പെൻ സമരത്തിനെതിരെ രംഗത്തുവന്നത് ഈ സാഹചര്യത്തിലാണ്. സമരത്തിന്റെ ഭാഗമായി സ്കൂളുകൾക്കുണ്ടായ നഷ്ടം രക്ഷിതാക്കൾ നികത്തണമെന്നും കലാപവിരുദ്ധ നിയമം കൂടുതൽ കർക്കശമാക്കി സമരത്തെ അടിച്ചമർത്തണമെന്നുമാണ് മാക്രോണിനെപോലെ ലെ പെന്നും വാദിക്കുന്നത്. എന്നാൽ ഫ്രാൻസിലെ ഏറ്റവും വലിയ ഇടതുപക്ഷ സ്വഭാവമുള്ള ഫ്രാൻസ് ഇൻ സൗമിസ് നേതാവ് മെലൻ ഷോണും കമ്യൂണിസ്റ്റ് പാർടി ഓഫ് ഫ്രാൻസും സമരത്തെ പിന്തുണയ്ക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുന്നോട്ടു നയിക്കുന്ന "ഈ സാമൂഹ്യ പ്രസ്ഥാനത്തിന്റെ സഹായത്താൽ അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മെലൻഷോൻ വിജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ജക്കോബിൻ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർഥികളുടെ പ്രക്ഷോഭത്തെ ആർക്കും അവഗണിക്കാൻ കഴിയില്ലെന്ന് ഗാർഡിയൻ പത്രവും റിപ്പോർട്ട് ചെയ്തു.
യൂറോപ്പിൽ സമരം പടരുന്നു
ഫ്രാൻസിലെ സമരം അതിവേഗം അയൽരാജ്യങ്ങളിലേക്കും പടരുകയാണ്. കിഴക്കൻ ബെൽജിയത്തിലെ ലിയേജ് നഗരത്തിലെ ഫ്രഞ്ച് വിദ്യാർഥികളാണ് ആദ്യം സമരരംഗത്ത് എത്തിയത്. വർധിച്ച വിദ്യാഭ്യാസ ചെലവും പഠനോപകരണങ്ങളുടെ ദൗർബല്യവുമാണ് ഇവരെ സമരത്തിലേക്ക് നയിച്ചത്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഫണ്ട് വേണമെന്ന് ആവശ്യപ്പെട്ട് ജർമനിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സമരത്തിലാണ്. നിർബന്ധിത സൈനിക സേവനത്തെയും ഇവർ എതിർക്കുന്നു. ആസ്ട്രിയയിൽ സർവകലാശാലാ വിദ്യാഭ്യാസവിഹിതത്തിൽ അടുത്ത മൂന്ന് വർഷത്തേക്ക് 100 കോടി യൂറോ കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം. കിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണമെന്നും ഡിഗ്രിക്ക് ശേഷമുള്ള വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 13ന് വിദ്യാർഥികൾ തലസ്ഥാനമായ ടിരാനയിൽ വൻ പ്രതിഷേധ മാർച്ച് നടത്തി. പലയിടത്തും വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടി. ഏറ്റവും അവസാനമായി, തീവ്രവലതുപക്ഷം ഭരിക്കുന്ന ഇറ്റലിയിലും വിദ്യാർഥികളും അധ്യാപകരും പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ അവഗണിച്ച് 1300 കോടി ഡോളർ യുദ്ധ ഫണ്ട് അനുവദിച്ചതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. താമസിക്കാൻ ഒരിടത്തിനുവേണ്ടി സ്പെയിനിലും പൊതുമേഖലയെ സംരക്ഷിക്കാൻ അയർലൻഡിലും നടക്കുന്ന സമരങ്ങളും വിളിച്ചോതുന്നത് മുതലാളിത്തത്തിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ്.













