സഫലമീ പാട്ടൊഴുക്ക്‌

poovachal
avatar
ജിഷ അഭിനയ

Published on Mar 02, 2025, 12:00 AM | 5 min read

‘ഒരു പുലർകാല മയക്കത്തിൽ

ഒരു പരിചിതരാഗം കേട്ടുണർന്നു.

മിഴിപാതി പൂട്ടിയെൻ വിരിമാറിൽ

കള്ളച്ചിരിയുമായവൾ കിടന്നു....’

അത്രമേൽ പ്രണയാർദ്രമായ വാക്കുകളാൽ ആസ്വാദകഹൃദയങ്ങളെ തൊട്ടുണർത്തിയ നാടക ഗാനരചയിതാവ്‌, പൂച്ചാക്കൽ ഷാഹുൽ. നാടകഗാന രചനയിൽ അമ്പതാണ്ട്‌ പിന്നിട്ട അദ്ദേഹം മുന്നൂറോളം നാടകങ്ങൾക്കായി ആയിരത്തിലേറെയും നാലു സിനിമയ്‌ക്കും ഗാനങ്ങൾ രചിച്ചു. നിരവധി ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതി. നോവൽ, കവിത, ചെറുകഥ, നാടകഗാനങ്ങളുടെ സമാഹാരം എന്നീ മേഖലകളിൽ പുസ്‌തകം പുറത്തിറക്കി. വിവിധ സംഗീത സംവിധായകരുമായി ചേർന്ന് പാട്ടൊരുക്കിയ സ്മരണയും അദ്ദേഹം പുസ്തകത്തിന് വിഷയമാക്കി. മികച്ച അധ്യാപകനായും സാംസ്കാരിക പ്രവർത്തകനായും നാടിനേറെ പ്രിയമുള്ളയാളായ്‌, ഇന്നും മനസ്സിൽ ചെറുപ്പത്തിന്റെ വസന്തം സൂക്ഷിക്കുന്ന പൂച്ചാക്കൽ ഷാഹുൽ ആലപ്പുഴയിലെയും കൊച്ചിയിലെയും സാംസ്കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ പറ‍ഞ്ഞാൽ

‘‘എന്നിലെന്തെങ്കിലും ചൈതന്യമുണ്ടങ്കിൽ

ധന്യരീ ഗ്രാമീണർതന്നെതാണൊക്കെയും...’’

പൂമരം നൽകിയ കാലം

നാടകഗാനരംഗത്ത്‌ മികച്ച കൂട്ട്‌ സുന്ദരൻ കല്ലായിയാണ്‌. ‘രംഗഗീതങ്ങൾ’ എന്ന ഷാഹുലിന്റെ നാടകഗാനങ്ങളുടെ സമാഹാരം സമർപ്പിച്ചതും കല്ലായിക്കാണ്, അദ്ദേഹത്തിന്റെ കൊല്ലം കാദംബരി എന്ന നാടകസമിതിക്കായും നിരവധി പാട്ടുകളൊരുക്കി. ഷാഹുലിന്റെ ഗ്രാമമായ പൂച്ചാക്കൽനിന്ന്‌ വേമ്പനാട്ടു കായലിനു കിഴക്കേ കരയിലുള്ള വൈക്കം മാളവിക എന്ന നാടക സമിതിയുടെ ഉടമയും നടനുമായ ടി കെ ജോണിനോട് നാടകത്തിന് ഒരു പാട്ടെഴുതാനാണ് യുവാവായ ഷാഹുൽ അവസരം ചോദിച്ചത്. മറ്റൊരാൾ പതിവായി എഴുതുന്നതിനാൽ അദ്ദേഹത്തിന്റെ അനുവാദം കിട്ടിയാൽ തരാമെന്നായി ജോൺ. ഒരു പാട്ടെന്തിനാ എല്ലാ പാട്ടും അയാൾക്കുതന്നെ കൊടുത്തോളൂ എന്ന് നീരസത്തോടെ ആ മുതിർന്ന പാട്ടെഴുത്തുകാരൻ പറഞ്ഞതാണ് നാടക ഗാനരചയിൽ ഷാഹുലിന് വഴിയൊരുങ്ങിയത്. അതൊരു മാസ്മരിക തുടക്കമായി. 1974ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ നാടകത്തിന്റെ സ്‌ക്രിപ്‌റ്റ്‌ വായിക്കുന്നതിനിടയിലാണ്‌ സുന്ദരൻ കല്ലായിയെന്ന സംവിധായകനെ ആദ്യമായി കാണുന്നത്‌. അഞ്ചു പാട്ടാണ് വേണ്ടിയിരുന്നത്. അടുത്ത ദിവസം വൈക്കത്ത് ബോട്ടിറങ്ങി പാട്ടുമായി മാളവികയുടെ റിഹേഴ്സൽ ക്യാമ്പിലെത്തുമ്പോഴാണ് അറിയുന്നത് സാക്ഷാൽ‌ അർജുൻ മാഷാണ് സ്വരങ്ങളാൽ ശരമെയ്യാൻ എത്തിയിരിക്കുന്നത് എന്ന്. അര നൂറ്റാണ്ടുമുമ്പുള്ള ആ സുവർണ നിമിഷത്തെ സ്വപ്നസമാനമെന്നാണ് ഇന്നും ഷാഹുൽ മനസ്സിൽ താലോലിക്കുന്നത്.

poovachalപൂച്ചാക്കൽ ഷാഹുൽ, എം കെ അർജുനൻ


സിന്ധുഗംഗ എന്ന നാടകത്തോടെയാണ്‌ തുടക്കം. പിന്നീട്‌ 75 നാടകത്തിൽ സുന്ദരൻ കല്ലായിക്കായി പാട്ടെഴുതി. 2002ൽ കൊച്ചിൻ ലേബേഴ്സിനുവേണ്ടി ‘പന്തീരായിരപ്പട’ എന്ന നാടകത്തിൽവരെ ഈ കൂട്ടായ്‌മയിലൂടെ ഗാനം പുറത്തുവന്നു. 1977ൽ കോട്ടയം നാഷണൽ തിയറ്റേഴ്‌സിനുവേണ്ടി സുന്ദരൻ കല്ലായി സംവിധാനം ചെയ്‌ത സീമന്തിനി എന്ന നാടകത്തിനുവേണ്ടി എം എസ്‌ ബാബുരാജിനൊപ്പം അഞ്ച്‌ ഗാനം ഒരുക്കി. കൊട്ടിയം സംഗം തിയറ്റേഴ്‌സിനുവേണ്ടി സുന്ദരൻ കല്ലായി സംവിധാനം ചെയ്‌ത പക്ഷിശാസ്‌ത്രം എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു. നടൻ കുമരകം രഘുനാഥ്‌ ആദ്യമായി അഭിനയിച്ച നാടകമാണിത്‌. ബാബുരാജുമായി 33 പാട്ടും അർജുനൻ മാഷുമായി 35 പാട്ടും ദക്ഷിണാമൂർത്തിയുമായി 30 പാട്ടും ഒരുക്കിയതിന്റെ ഗൃഹാതുരത പൂച്ചാക്കൽ എഴുതിയ ‘മഞ്ചലേറ്റിയ ഗീതങ്ങൾ’ എന്ന നാടക ഗാന സ്മരണയിലുണ്ട്, ടേപ്‌ റെക്കോഡറുകൾ പ്രചാരത്തിലാകുന്നതിനുമുമ്പ്‌ നാടക സംഘത്തിനൊപ്പം പാട്ടുകാരും സംഗീത ശിൽപ്പികളുമെല്ലാം സഞ്ചരിച്ച് നാടകം അവതരിപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽകൂടിയാണ്‌ ഈ കൃതി.


സിനിമയിലേക്ക്‌


നാട്ടുകാരനായ നഗരി കൃഷ്‌ണൻകുട്ടിയുടെ അഴിമുഖം എന്ന സിനിമയിൽ പാട്ടെഴുതി. കൃഷ്‌ണൻകുട്ടിയും എറണാകുളത്തെ കാർമെൻ ജോണിയും ചേർന്നാണ്‌ അഴിമുഖം സിനിമയാക്കിയത്‌. ജെ സി കുറ്റിക്കാടായിരുന്നു തിരക്കഥ. എം എസ്‌ ബാബുരാജ്‌ സംഗീത സംവിധാനം. ബാബുരാജ് തന്നെ ഈണമിട്ട് പാടിയ

‘‘അഴിമുഖം കാണികാണും പെരുമീനോ

എന്റെ കരളിലു ചാടി വീണ കരിമീനോ

തുഴമുത്തി വിരുത്തുന്ന നുണക്കുഴികൾ

പുഴയൊന്നു കടം നൽകി പറയുല്ലേ’’ എന്ന പാട്ട് ഷാഹുലിന്റെ എക്കാലത്തെയും മാസ്റ്റർ പീസാണ്.യേശുദാസിനുവേണ്ടി ചിട്ടപ്പെടുത്തിയെങ്കിലും റെക്കോഡിങ്ങിന് അദ്ദേഹത്തിന് എത്താൻ പറ്റാതിരുന്നതിനാൽ ബാബൂക്കതന്നെ പാടുകയായിരുന്നു എന്ന് ഷാഹുൽ പറയുന്നു. തുടർന്ന്‌ രണ്ട്‌ തെലുങ്ക്‌ മൊഴിമാറ്റ ചിത്രങ്ങളിൽ എട്ട്‌ ഗാനം എഴുതി. ഹോട്ടൽ കാവേരി, പിന്നെ പിന്നെ കണ്ടോളാം എന്നിവയായിരുന്നു ആ ചിത്രങ്ങൾ. യേശുദാസ്‌, അമ്പിളി, ജയചന്ദ്രൻ എന്നിവരായിരുന്നു ആലപിച്ചത്‌.


വടക്കൻ പാട്ടുകൾ സിനിമയാക്കി ആലപ്പുഴ ഉദയാ സ്റ്റുഡിയോ മലയാളത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കാലം, കുഞ്ചാക്കോയുടെ നിർദേശപ്രകാരം ശാരങ്‌ഗപാണി കണ്ണപ്പനുണ്ണിയിലെ പാട്ടിന്റെ കഥാഗതി പറഞ്ഞു. അതുപ്രകാരം പാട്ടെഴുതി. പിന്നീട്‌ ‘മലയാള കലാഭവൻ’ എന്ന നാടക സംഘത്തിനുവേണ്ടി ‘കചദേവയാനി’ എന്ന നൃത്ത നാടകത്തിനായി പാട്ടെഴുതി. നടൻ ആലുമ്മൂടൻ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്‌. പിന്നീട്‌ ഉദയയുടെ മല്ലനും മാതേവനും എന്ന ചിത്രത്തിൽ പാട്ടെഴുതി. കെ രാഘവൻ മാസ്റ്റർ ഈണമിട്ടു. എല്ലാം ഓരോ കാലഘട്ടത്തിന്റെ ഓർമകൾ.


സുഹൃത്‌വഴികൾ


ആദ്യകാലങ്ങളിൽ അമേച്വർ നാടകങ്ങൾക്കായിരുന്നു ഷാഹുൽ ഗാനങ്ങളെഴുതിയിരുന്നത്‌. എ ആർ റഹ്‌മാന്റെ അച്ഛൻ ആർ കെ ശേഖറും ഷാഹുലിന്റെ വരികൾക്ക്‌ ഈണമിട്ടു. മാത്യു അഗസ്റ്റിന്റെ സാഗരിക, കെ സി അബ്ദുൾ കരീമിന്റെ ചേർത്തല തപസ്യ എന്നീ സംഘങ്ങൾക്കായി ഗാനങ്ങളെഴുതി. 1974ൽ അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ കൊച്ചിൻ വർഗീസിന്റെ നാടകസംഘത്തിനുവേണ്ടി അഷ്ടമി എന്ന നാടകത്തിനും പാട്ടെഴുതി. തുലാം 10ന്‌ വയലാർ രാഘവ പറമ്പിൽ മുടങ്ങാതെ വിപ്ലവകവിത അവതരിപ്പിക്കുന്നു. വയലാറാണ്‌ പദസമ്പത്തിൽ സ്വാധീനിച്ച കവിയെന്ന്‌ ഷാഹുൽ കൂട്ടിച്ചേർക്കുന്നു.

കൊല്ലം കാദംബരി, കൊല്ലം യൂണിവേഴ്‌സൽ, കോട്ടയം നാഷണൽ തീയറ്റേഴ്‌സ്‌, കൊട്ടിയം സംഘം, ചേർത്തല ജൂബിലി, ചേർത്തല സാഗരിക, ചേർത്തല തപസ്യ, കൊച്ചിൻ പൗർണമി, കൊല്ലം അരീന, ആലപ്പി കൽപ്പന, മാങ്ങാട്‌ കലാതിയറ്റേഴ്‌സ്‌, എറണാകുളം രംഗവേദി തുടങ്ങിയ നിരവധി സംഘങ്ങൾക്കും പാട്ടെഴുതി. 2014ൽ ഹരിപ്പാട്‌ സുദർശനയുടെ നൃത്തനാടകമായ ‘ഉണ്ണിയാർച്ചയും ടിപ്പുസുൽത്താനും’ എന്ന നാടകത്തിനു വേണ്ടിയും സുന്ദരൻ കല്ലായി ഉദയകുമാർ അഞ്ചൽ എന്നിവർക്കൊപ്പം പാട്ടൊരുക്കി.


നാടകഗാന ചരിത്രം


സംഗീത നാടക അക്കാദമി മലയാള നാടകത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചതിന്റെ ഭാഗമായി 100 നാടകത്തിന്റെ സിഡി ഇറക്കിയിരുന്നു. ‘സീമന്തിനി’ എന്ന നാടകത്തിനുവേണ്ടി എം എസ്‌ ബാബുരാജ്‌ ഈണം നൽകിയ ഗാനം ഇതിൽ ഉൾപ്പെടുന്നു. മുപ്പതിലധികം ഗാനങ്ങൾക്ക്‌ എം എസ്‌ ബാബുരാജ്‌ ഈണമിട്ടത്‌ വലിയ ഭാഗ്യമായി ഷാഹുൽ പറയുന്നു. 1982ൽ കലാനിലയത്തിന്റെ നാറാണത്ത്‌ ഭ്രാന്തൻ എന്ന ഡ്രാമാ സ്‌കോപ്‌ നാടകം സുന്ദരൻ കല്ലായിയാണ്‌ സംവിധാനം ചെയ്‌തത്‌. ഇതിലേക്കായി എഴുതിയ പാട്ടുകൾ ചിട്ടപ്പെടുത്തിയത്‌ ദക്ഷിണാമൂർത്തിയായിരുന്നു. സംഗീത നാടക അക്കാദമിയുടെ അവാർഡ് (നാടക ഗാനരചന), ഗുരുപൂജ അവാർ‍‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

1983ൽ പുലയനാർകോട്ട എന്ന നാടകത്തിനുവേണ്ടിയും 1984ലെ ഇന്ത്യൻ ഡ്രാമാ സ്‌കോപ്‌ ട്രൂപ്പിനുവേണ്ടി സി സി ജോസ്‌ എഴുതിയ ‘സൂര്യകാലടി’ എന്ന മാന്ത്രിക നാടകത്തിനും ദക്ഷിണാ മൂർത്തി സംഗീതം ചിട്ടപ്പെടുത്തി. അർജുനനൻ മാസ്റ്ററുടെ ശിഷ്യൻ കുമരകം രാജപ്പനൊപ്പവും അമ്പതോളം നാടകങ്ങളിൽ പ്രവർത്തിച്ചു. ഉദയകുമാർ അഞ്ചൽ, ആലപ്പി ഋഷികേശുമായും ഇവരുമായൊക്കെ ഇന്നും തുടരുന്ന സംഗീതയാത്ര. സലാം കാരശേരി എഴുതിയ വിഷവിത്ത്‌ എന്ന നാടകം മട്ടാഞ്ചേരി ട്രെയ്‌നിങ്‌ സ്‌കൂളിൽ അവതരിപ്പിച്ചു. നാട്ടിൽ പൂച്ചാക്കൽ യങ്മെൻസ് ലൈബ്രറി അവതരിപ്പിച്ച ഏകാംഗ നാടകത്തിലും വേഷമിട്ടു.


അഴീക്കോടിന്റെ ശിഷ്യൻ


സുകുമാർ അഴീക്കോടുമായി അസാധാരണമായ ഗുരു–- ശിഷ്യ ബന്ധമായിരുന്നു ഷാഹുലിന്. മൂത്തകുന്നം ട്രെയ്‌നിങ്‌ കോളേജിൽ അഴീക്കോട്‌ പ്രിൻസിപ്പൽ ആയിരിക്കെ അവിടെ ബിഎഡ്‌ വിദ്യാർഥിയായിരുന്നു ഷാഹുൽ. ക്ലാസിലെ മിടുക്കൻ വിദ്യാർഥി എന്ന പേരിൽ ഷാഹുൽ അഴീക്കോടിന്‌ ഏറെ പ്രിയപ്പെട്ടവനായി. അക്കാലത്ത്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എട്ട്‌ വോട്ടിന്‌ വിദ്യാർഥി യൂണിയൻ ചെയർമാനായി ഷാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങൾക്കിപ്പുറം 1997ൽ ‘മൊഴി’ എന്ന ഷാഹുലിന്റെ ആദ്യ കവിതാ സമാഹാരം ഓടമ്പള്ളി സ്‌കൂളിലെത്തി പ്രകാശനം ചെയ്യാൻ അഴീക്കോട്‌ മാഷ്‌ വന്നതും മധുരമുള്ള ഓർമയാണ്‌. അദ്ദേഹത്തിന്റെ മരണശേഷം ആദരവോടെ എഴുതിയതാണ്‌ ‘അക്ഷരോദകം’ എന്ന കവിത.


അർജുനപ്പത്തിലേക്ക്‌


കെപിഎസ്‌സി, കാളിദാസ കലാകേന്ദ്രപോലുള്ള സംഘങ്ങളിലെ ഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്‌. അതെല്ലാം ഗ്രാമഫോൺ റെക്കോഡായി സൂക്ഷിച്ചവയായിരുന്നു. ആദ്യകാലങ്ങളിൽ നാടകഗാനങ്ങൾ റെക്കോഡ്‌ ചെയ്‌ത്‌ സൂക്ഷിക്കാൻ എല്ലാവർക്കും സംവിധാനം ഇല്ലാതെ പോയതിനാൽ പല ഗാനങ്ങളും കലാകാരന്മാർക്കൊപ്പം മൺമറഞ്ഞു. ആ ചിന്തയിലാണ്‌ അർജുനപ്പത്ത്‌ തയ്യാറാക്കിയത്‌. അർജുനൻ മാഷുമായി ചേർന്ന് ഒരുക്കിയ പൂച്ചാക്കൽ ഷാഹുലിന്റെ പത്തു നാടക ഗാനം ഉൾപ്പെടുന്ന ‘അർജുനപ്പത്ത്’ യുട്യൂബിൽ ലഭ്യമാണ്‌.


മാഷിന്റെ ശിഷ്യനും സംഗീത സംവിധായകനുമായ ഉദയകുമാർ അഞ്ചലാണ് അര നൂറ്റാണ്ടുമുമ്പ്‌ ഉപയോഗിച്ച അതേ സംഗീതോപകരണങ്ങൾകൊണ്ട് അതേ താളത്തിൽ ഗാനങ്ങൾ ഒരുക്കിയത്. ആദ്യകാല നാടകങ്ങളിൽ പാടിപ്പതിഞ്ഞ ഗാനങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്ന പതിവില്ലായിരുന്നു. ഓരോ വർഷവും പുതിയ നാടകവും പാട്ടുകളും വരുന്നതോടെ നാടകപ്രേമികളുടെ മനസ്സിൽ അവയെല്ലാം കേട്ടുമറന്ന ഈണങ്ങളായി അവശേഷിക്കും. അതുകൊണ്ടുതന്നെ ഈ ഗാനങ്ങൾ വരുംതലമുറയിലേക്ക്‌ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ്‌ ‘അർജുനപ്പത്ത്’ ഒരുക്കിയത്‌. പെൻഷൻ വരുമാനത്തിൽനിന്ന്‌ മിച്ചംപിടിച്ച രണ്ടു ലക്ഷം രൂപ ചെലവാക്കി.


ഇടക്കൊച്ചി ഫിഷറീസ്‌ സ്‌കൂളിൽ അധ്യാപക ജീവിതം ആരംഭിച്ചു. തേവർവട്ടം ഹൈസ്‌കൂളിൽ 22 വർഷം ഭാഷാധ്യാപകൻ. 35 വർഷത്തെ ജീവസ്സുറ്റ അധ്യാപന ജീവിതത്തിനുശേഷം ഓടമ്പള്ളി ഗവ. ഹൈസ്‌കൂളിൽനിന്ന്‌ ഹെഡ്‌മാസ്റ്ററായി വിരമിച്ചു. 84 വയസ്സുള്ള പൂച്ചാക്കൽ ഷാഹുൽ ചേർത്തല പൂച്ചാക്കൽ ഷാലിമാറിലാണ്‌ താമസം. ഭാര്യ റിട്ട. അധ്യാപിക മറിയംബീവി. റസൽ ഷാഹുൽ, റാഫി ഷാഹുൽ എന്നിവരാണ്‌ മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home