ചായക്കട എന്ന പേര് പോലും അവർ ഭയന്നു: നാടകോത്സവത്തിൽ സംവിധായകൻ്റെ വെളിപ്പെടുത്തൽ

itfolk drama
വെബ് ഡെസ്ക്

Published on Feb 28, 2025, 07:13 PM | 2 min read

തൃശൂർ: അസമിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളെക്കുറിച്ചുള്ള ‘ചായ്‌ ഗരം’ നാടകത്തിന്‌ ആദ്യം നൽകിയ പേര്‌ ‘ടീ സ്റ്റാൾ’ എന്നായിരുന്നു. എന്നാൽ സംഘപരിവാർ സംഘടനകൾ നാടകത്തിന്റെ പേര്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് നാടകത്തെ ഭീഷണിയുടെ കീഴിൽ തടഞ്ഞു. അവസാനം പേര് മാറ്റിയും രംഗവേദിയിൽ എത്തേണ്ടി വന്നു എന്ന് അസമീസ്‌ നാടക പ്രവർത്തകൻ സാഹിദുൽ ഹഖ്.


മോദിയ്‌ക്കും സർക്കാരിനുമെതിരെ എന്തോ ചെയ്യാൻ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ അവർ വന്നത്‌. കേരള ഇൻ്റർ നാഷണൽ തിയറ്റർ ഫെസ്റ്റിവലിൽ ആറാം ദിവസവും ചായ് ഗരം നിറഞ്ഞ സദസിൽ ആണ് പ്രദർശിപ്പിച്ചത്. ടീ ട്രൈബ്സ് എന്ന് മുദ്രകുത്തപ്പെട്ട തൊഴിലാളികൾ അന്നും ഇന്നും നേരിടുന്ന ചൂഷണങ്ങളുടെ രംഗ ആഖ്യാനമാണ്.


itfolk


ഒരുപാട്‌ ബുദ്ധിമുട്ടുകളുണ്ടായി. നാടകവുമായി മുന്നോട്ട്‌ പോകാൻ പേര്‌ മാറ്റേണ്ടി വന്നു. അധികാരികൾക്കും അവരുടെ അനുയായികൾക്കും ഇഷ്ടമില്ല എന്നതിനാൽ അവസരങ്ങളും കിട്ടുന്നില്ല. ‘മഹീന്ദ്ര എക്‌സലൻസ് ഇൻ തിയറ്റർ അവാർഡ്‌’കിട്ടി. എന്നാൽ നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ രണ്ട്‌ തവണ അപേക്ഷിച്ചിട്ടും ഞങ്ങൾക്ക്‌ നാടകം അവതരിപ്പിക്കാൻ അവസരം കിട്ടിയില്ല. കൈയിൽ നിന്ന്‌ പണമെടുത്താണ്‌ നാടകം ചെയ്യുന്നത്‌. കേരള സർക്കാർ ഞങ്ങൾക്ക് അവസരമൊരുക്കി.


ആവർത്തിച്ചുള്ള ഷോകളും പതിവ് ഷോകളും നിലനിൽപ്പിന്‌ ആവശ്യമാണ്‌. അർഹിക്കുന്ന അവസരങ്ങൾ കിട്ടാത്തതിനാൽ സാമ്പത്തികമായി കഷ്ടതയിലായിരുന്നു. ഞങ്ങൾ നിയമം ലംഘനങ്ങളൊന്നും നടത്തിയിട്ടില്ല, നാടകം കളിക്കുകയാണ്‌ ചെയ്യുന്നത്‌. എന്ത്‌ സംഭവിച്ചാലും പിൻമാറില്ല, നാടകവുമായി മുന്നോട്ട്‌ പോകുക തന്നെ ചെയ്യും. അസമിൽ നിറയെ തേയിലത്തോട്ടങ്ങളാണ്‌. അവരുടെ ജീവിതം കണ്ടാണ്‌ വളർന്നത്‌. വളരെ ഭംഗിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായാണ്‌ തോട്ടങ്ങളെ കാണിക്കുന്നത്‌. കടകളിലെത്തുമ്പോൾ തേയിലയ്‌ക്ക്‌ വലിയ വിലയാണ്‌. പക്ഷെ പണിയെടുക്കുന്നവർക്ക്‌ തുച്ഛമായ കൂലിയാണ്‌ കിട്ടുന്നത്‌. ഇപ്പോഴും ദിവസവും 130ഒക്കെയാണ്‌ കൂലി. അസം വാലി ടീ രുചികരം ആവാം. പക്ഷെ അതിനായി തടം ഒരുക്കുന്നവർ വരെയുള്ള തൊഴിലാളികൾ ഇന്നും സ്വാതന്ത്ര്യം കാത്തിരിക്കയാണ്.


drama


നാടകക്കാരൻ എന്ന നിലയിൽ ഇതിനെക്കുറിച്ച്‌ സംസാരിക്കേണ്ടത്‌ എന്റെ ഉത്തരവാദിത്വമാണ്‌. അസമിൽ നാടക സംഘങ്ങളുണ്ട്‌. പക്ഷെ പുതിയ പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നടക്കുന്നില്ല. സാംസ്‌കാരിക മേഖലയ്‌ക്ക്‌ യാതൊരുവിധ സർക്കാർ സഹായവുമില്ല. അതേസമയം അവർ ചില ‘മാജിക്‌’ കാണിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ രണ്ട്‌ ദിവസംമുമ്പ്‌ ഒമ്പതിനായിരം പേരെ അണിനിരത്തി ലോക റെക്കോർഡ്‌ നേടാനായി തേയിലത്തൊഴിലാളികളുടെ നൃത്തമായ ‘ജുമുറ’യുടെ അവതരണം നടത്തി. ഇങ്ങനെയുള്ളവയല്ലാതെ കലയ്‌ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സാഹിദുൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home