ഗ്രാമങ്ങൾക്ക് തീപിടിക്കുമ്പോൾ

നാടകം ചാപ്പ
അരങ്ങനുഭവങ്ങളെ സാർഥകമാക്കിയ മൂന്നുദിനങ്ങൾ. 12 നാടകങ്ങൾ, അത്രമേൽ നാടകാനുഭവങ്ങൾ. വർത്തമാനവിഷയങ്ങൾ ചർച്ച ചെയ്‌തുകൊണ്ടാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന നാടകമത്സരം നിറഞ്ഞ സദസ്സിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടത്. ഗ്രാമീണ നാടകവേദിയുടെ പുത്തൻ മുഖച്ഛായ പകർന്ന ഓരോ നാടകവും ഏറെ പ്രതീക്ഷ പകരുന്നതായിരുന്നു.
എറണാകുളം നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല അവതരിപ്പിച്ച ‘ചാപ്പ’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം വട്ടിയൂർക്കാവ് സാഹിത്യപഞ്ചാനൻ ഗ്രന്ഥശാല അവതരിപ്പിച്ച ‘എക്സിറ്റ്’ മികച്ച രണ്ടാമത്തെ നാടകവും ആലപ്പുഴ നീർക്കുന്നം ജനസേവിനി ഗ്രന്ഥശാല അവതരിപ്പിച്ച ‘ചരിത്രം തീനികൾ’ മലപ്പുറം കുരുവമ്പലം സഹൃദയ വായനശാല അവതരിപ്പിച്ച ‘കത്തുകൾ’ എന്ന നാടകവും മൂന്നാംസ്ഥാനം പങ്കിട്ടു. മട്ടാഞ്ചേരി പ്രക്ഷോഭത്തെ അരങ്ങിൽ വീണ്ടുമെത്തിച്ച ‘ചാപ്പ’ നാടകം ചടുലമായ അവതരണത്താൽ ഏറെ ശ്രദ്ധനേടി.
ചാപ്പകുത്തലിനെതിരെ നടന്ന ഐതിഹാസികസമരം. ചവിട്ടുനാടകത്തിലൂടെയാണ് നാടകം കഥ പറയുന്നത്. ചവിട്ടുനാടക കലാകാരനായ ആശാന്റെയും മകൾ മറിയയുടെയും ജീവിതത്തിലൂടെ നാടകം മുന്നേറുന്നു. മകളെ ചവിട്ടുനാടകം പഠിപ്പിക്കാമെന്ന് വാക്ക് നൽകി ആശാൻ മട്ടാഞ്ചേരിയിൽ ജോലി തേടിയെത്തുന്നു. തൊഴിൽപീഡനങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ആശാനും അണിചേരുന്നു. എന്നാൽ ആ സംഘർഷത്തിനിടിയിൽ ആശാൻ കൊല്ലപ്പെടുന്നു. അതോടെ മകൾ മറിയ ചവിട്ടുനാടകവേദിയിലെത്തുകയും തൊഴിലാളിപ്രക്ഷോഭത്തിന്റെ മറ്റൊരു പോർമുഖം തുറക്കുകയും ചെയ്യുന്നിടത്താണ് നാടകാന്ത്യം. അവതരണം: കലാവേദി ഗ്രന്ഥശാല ആൻഡ് വായനശാല നന്ത്യാട്ടുകുന്നം.
രചന, സംവിധാനം എം എസ് ശിവകുമാർ. സമകാലിക ഇന്ത്യൻ രാഷ്ട്രീയം യുവതലമുറ നോക്കിക്കാണുന്നിടത്തുനിന്നാണ് ‘ചരിത്രം തീനികൾ’ നാടകം ആരംഭിക്കുന്നത്. അവതരണം ജനസേവിനി ഗ്രന്ഥശാല, നീർക്കുന്നം. നാടകരചന മധു ജി ചേർത്തല, സംവിധാനം മനോജ് റാം. ചരിത്രത്തെ അശാസ്ത്രീയവൽക്കരിക്കുകയും തുടച്ചുനീക്കുകയും ചെയ്യുമ്പോൾ നമ്മൾ എന്താണ് പഠിക്കേണ്ടതെന്ന വലിയ ചിന്തപേറുന്ന കലാലയങ്ങൾ, അമ്പരപ്പോടെ പുത്തൻ പുസ്തകത്താളുകൾ പരതുന്ന കണ്ണുകളിലേക്ക് പടർന്നുകയറുന്നത് കാവിവൽക്കരിക്കപ്പെടാൻ പോകുന്ന പുത്തൻ ഭാരത നിർമിതിയുടെ അജൻഡകളാണ്. ചരിത്രവും സ്വാതന്ത്ര്യസമരവും, നവോത്ഥാനമൂല്യങ്ങൾ തുടച്ചുനീക്കപ്പെടുന്നിടത്തേക്ക് നാടകം വിരൽചൂണ്ടുന്നു.
മതനിരപേക്ഷരാഷ്ട്രമായ ഇന്ത്യ മതരാഷ്ട്രമായി ചുരുങ്ങുമ്പോൾ വേവലാതിപ്പെടുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ നിലനിൽപ്പ് വലിയ ചോദ്യമായി ഉയരുന്നു. പോരാട്ടങ്ങൾ അവസാനിക്കുന്നത് രക്തത്തുള്ളികൾ ചിതറിയാണെന്ന് ഓർമപ്പെടുത്തിക്കൊണ്ട് നാടകം ഒരു സംവാദത്തിന് ശ്രമിക്കുന്നു. ബി ടി ആർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഐക്കൽ പാപ്പിനിശേരി അവതരിപ്പിച്ച ‘ജന്മാരി’ സമകാലിക സാമൂഹ്യ സാഹചര്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന നാടകമായിരുന്നു. നാടകരചനയും സംവിധാനവും ശിവപ്രകാശ് ബി ടി ആറാണ് നിർവഹിച്ചത്.
തെയ്യക്കോലങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം മുന്നേറുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്നതിന് തമ്പുരാക്കന്മാരാൽ ചെറു ജന്മാവകാശം നേടിയവർ. ഇവർ ഒരു നാടിന്റെ അവകാശിയും നടത്തിപ്പ് അധികാരികളുമാണ്. സ്വയം ഉരുകിത്തീരുകയാണെന്ന് അറിഞ്ഞിട്ടും ഭക്തൻമാരെ പ്രസാദിപ്പിക്കാൻ മണിക്കൂറുകളോളം നാഡീഞരമ്പുകൾ വരിഞ്ഞുമുറുക്കി സ്വയം ഇല്ലാതാകുന്ന കനലാടികൾ. അവർ പറയുകയാണ് ആ ജീവിതകഥ.
കോഴിക്കോട് പബ്ലിക് ലൈബ്രറി അവതരിപ്പിച്ച നാടകമാണ് മാറ്‌ബലി. 19–ാംനൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന അതിക്രൂരമായ അനാചാരമാണ് മാറ്‌ബലി. ജാതീയമായ അടിച്ചമർത്തലുകളുടെയും അന്ധവിശ്വാസങ്ങളുടെയും വലിയ ഉദാഹരണമാണ് ചരിത്രരേഖകളിൽ അധികം രേഖപ്പെടുത്താത്ത ‘മാറ്‌ബലി’ എന്ന ദുരാചാരം. നാടകരചന എം കെ രവിവർമ. സംവിധാനം വിജയൻ വി നായർ. വർഷങ്ങൾക്കുമുന്പ് നാട് വിട്ടുപോയ അച്ഛനെ തേടിയുള്ള സഹോദരങ്ങളുടെ കഥയാണ് ‘എക്‌സിറ്റ് ’ നാടകം പറയുന്നത്. ലളിതമായ അരങ്ങനുഭവത്താൽ സദസ്സിനെ വിസ്‌മയിപ്പിച്ച നാടകം. ആദിവാസി ഡ്രൈവറുടെ സഹായത്തോടെ പഴയ കാറിലാണ് അവരുടെ സഞ്ചാരം.
യാത്രക്കിടെ അവർ പഴയ ജീവിതത്തെക്കുറിച്ച് പറഞ്ഞ് തർക്കിക്കുകയും സമരസപ്പെടുകയും ചെയ്യുന്നു. ഒടുവിൽ അവർ തങ്ങൾക്കിടയിൽനിന്ന് നഷ്‌ടമായ സ്‌നേഹത്തിന്റെ വില തിരിച്ചറിയുന്നു. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലും വട്ടിയൂർക്കാവ് സാഹിത്യപഞ്ചാനനൻ ലൈബ്രറിയും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. രചന ശ്യാംകൃഷ്‌ണ. സംവിധാനം എം കെ സുജിത്. വിശാലമായ കടലിൽ പണ്ടെങ്ങോ പൂർവികർക്ക് നഷ്ടപ്പെട്ടുപോയ നിധി തേടിയുള്ള കപ്പൽയാത്രയാണ് ‘ഗതി’ നാടകം. രചന പ്രശോഭ് ബാലൻ. സംവിധാനം, റഫീഖ് മണിയങ്ങാനം. കപ്പിത്താനുമാത്രം അറിയാവുന്ന നിധി, യാത്ര എങ്ങോട്ടെന്നോ എന്തിനെന്നോ അറിയാത്ത സഹസഞ്ചാരികൾ, ഏകാധിപതിയായ കപ്പിത്താൻ യാത്രയ്ക്കിടെ തന്റെ വർഗസ്വഭാവം വീണ്ടെടുക്കുന്നു. ഒന്നും അറിയാതെ അനുസരിക്കേണ്ടിവരുന്ന സഹപ്രവർത്തകർ. സമകാലിക ഫാസിസ്റ്റ് വ്യവസ്ഥയെയും അധികാരികളെയും ഹാസ്യസംഭാഷണങ്ങളിലൂടെ കൃത്യമായി വരച്ചുകാട്ടുകയാണ് നാടകം.
ഓളങ്ങളും തിരമാലകളും ഉണ്ടെങ്കിലും നീലാകാശംപോലെ അനന്തമായി കിടക്കുന്ന കടലിൽ എവിടെയാണ് യാത്ര അവസാനിക്കുക എന്നറിയാതെ പാവം സഹസഞ്ചാരികൾ. ഇതെല്ലാം ആധുനിക മനുഷ്യന്റെ ചിന്താധാരയുടെ ചില ഉദാഹരണങ്ങളായും കപ്പലിൽ പരിണമിക്കുന്നു.. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതികൾ, പഴയ കാലത്തേക്കുള്ള തിരിച്ചുപോക്ക് നാടകം വരച്ചുകാട്ടുന്നു. അവതരണം: ബേവൂരി സൗഹൃദ വായനശാല, കാസർകോട്. ‘ഒരു ഗ്രന്ഥവും കുറെ എലികളും’ നാടകം കാണികൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ഏരൂർ പി കെ ശ്രീനിവാസൻ ലൈബ്രറി അവതരിപ്പിച്ച നാടകം സംവിധാനം ചെയ്‌തത് അഭിലാഷ് പരവൂർ. രചന: പ്രദീപ് കണ്ണങ്കോട്.
ഒരു ലൈബ്രറിയിലെ പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽനിന്ന് സംസാരിക്കുന്ന കഥാപാത്രങ്ങളും ഒരുകൂട്ടം എലികളുമാണ് അരങ്ങിലെത്തുന്നത്. പുസ്‌തകങ്ങൾക്കൊപ്പം ഭരണഘടനയും കരണ്ടുതിന്നുന്ന എലികൾ. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും വായനയെ ചേർത്തുപിടിക്കേണ്ടതിന്റെയും ആവശ്യകത മുൻനിർത്തിയാണ് നാടകം മുന്നേറുന്നത്. ഗ്രാമീണമേഖലയിലെ പഴയ പ്രൊഫഷണൽ നാടക തിയറ്റർ ‘രംഗഭൂമി തിയറ്റേഴ്‌സ്’ അമച്വർ നാടകം കളിക്കാൻ സംവിധായകനെ കണ്ടെത്തുന്നതാണ് ‘വാഗൺ ട്രാജഡിയിലേക്കൊരു യാത്ര’ എന്ന നാടകം. പഴയ പ്രൊഫഷണൽ നാടകക്കാരെക്കൊണ്ട് പുതിയ രീതിയിലുള്ള നാടകപരിശീലനങ്ങൾ പഠിപ്പിച്ച് വാഗൺട്രാജഡി എന്താണെന്നന്വേഷിച്ച് അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു.
വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഇതുപോലുള്ള ട്രാജഡികൾ വരാനിരിക്കുന്നതേയുള്ളൂ എന്ന സൂചനയോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. സിദ്ധാർഥ് ആർ രചനയും സംവിധാനവും നിർവഹിച്ചു. പാലക്കാട് ശേഖരീപുരം ഗ്രന്ഥശാലയാണ് നാടകാവതരണം.
കുടിയൊഴിപ്പിക്കലിന്റെ കഥയുമായാണ് ‘അവസാനത്തെ മണ്ണ്’ നാടകം അരങ്ങിലെത്തിയത്. അയ്യായിരം കോടി മുടക്കി പ്രതിമ സ്ഥാപിക്കാൻ കോളനിയിലെത്തുന്പോൾ അവിടെനിന്ന് ഇറങ്ങേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ. തിരിച്ചറിയൽ കാർഡുപോലും ഇല്ലാതെ ജീവിക്കുന്ന അവർ അത്രമേൽ സ്‌നേഹത്തോടെ കഴിഞ്ഞുകൊണ്ടിരിക്കെയാണ് ഇൗ ദുരന്തം അവർക്കിടയിലേക്ക് കടന്നുവരുന്നത്. മൂലങ്കാവ് നാഷണൽ ലൈബ്രറി അവതരിപ്പിച്ച നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അശോക് ബത്തേരിയാണ്.
തകർന്ന സ്വപ്‌നങ്ങളുമായി ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് ‘സ്വപ്‌നവേട്ട’ പറയുന്നത്. തെയ്യം കലാകാരനായ അച്ഛന്റെയും വിവാഹജീവിതം സ്വപ്‌നംകണ്ട് കഴിയുന്ന മകളുടെയും വ്യഥകൾ നാടകം പങ്കിടുന്നു. രചന എ ശാന്തകുമാർ. സംവിധാനം ശശിധരൻ നടുവിൽ. അവതരണം: സത്യൻ സ്‌മാരക വായനശാല. ചിറ്റിശേരി.
സഹൃദയ വായനശാല കുരുവമ്പലം അവതരിപ്പിച്ച ‘കത്തുകൾ’ ഏറെ ജനശ്രദ്ധ നേടി. രചന: എം പി രാജേഷ്. സംവിധാനം: ജിഷ്ണു. കത്തുകളാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദൂരദേശത്തേക്ക് ജോലിക്കു പോയവരുടെയും പട്ടാളക്കാരുടെയും കാമുകിയുടെയും വീട്ടമ്മയുടെയുമെല്ലാം കത്തുകൾ വായിച്ചുകൊണ്ടാണ് നാടകം തുടങ്ങുന്നത്. കത്തുകളുടെ വൈകാരികതലങ്ങളെ അവതരിപ്പിച്ച് തുടങ്ങുന്ന നാടകം സാവധാനം ഒരു കോളനിയിലേക്കെത്തുന്ന രജിസ്ട്രേഡ് കത്തിലെത്തുന്നു. മേൽവിലാസക്കാരൻ ഒപ്പിട്ടാൽമാത്രം തുറക്കുന്ന രജിസ്ട്രേഡ് കത്ത് ഒരു കഥാപാത്രമായിട്ടുതന്നെയാണ് എത്തുന്നത്.
ഹൈറേഞ്ചിലെ കന്നിമണ്ണ് കണ്ടുമോഹിച്ച് മലകയറിയ പൗലോസ്–മേരി ദമ്പതികളുടെ കഥയായിരുന്നു ‘മരണക്കൊക്ക’. ഒന്നിനുപുറകേ ഒന്നെന്നവണ്ണം വന്നുകൊണ്ടിരുന്ന ദുരന്തങ്ങളായിരുന്നു അവരുടെ ജീവിതം. രചന: കാഞ്ചിയാർ രാജൻ. സംവിധാനം: ജോസ് വെട്ടിക്കുഴ. അവതരണം: ബോധി ഗ്രന്ഥശാല, കാഞ്ചിയാർ.











0 comments