ad
Deshabhimani

മറക്കാനാകാത്ത മട്ടാഞ്ചേരി ചാപ്പ

mattancheri chappa
avatar
കെ ഗിരീഷ്‌

Published on Nov 09, 2025, 02:54 AM | 2 min read

ഞങ്ങൾ രാഷ്‌ട്രീയവും ചരിത്രവും പറഞ്ഞുകൊണ്ടേയിരിക്കുമെന്നു പറയുന്ന കലാകാരന്മാർ വല്ലാത്ത ധീരതയും പ്രതിരോധവുമാണ്‌ സൃഷ്‌ടിക്കുന്നത്‌. നാടകം എക്കാലത്തും ഇത്തരം രാഷ്‌ട്രീയം പറച്ചിലിന്റെകൂടി കലയാണ്‌. എന്നാൽ, അതിൽ രാഷ്‌ട്രീയചാഞ്ചാട്ടത്തിന്റെ കപടനിഷ്‌പക്ഷതയുടെ മധുരം ചാലിക്കാൻ പലരും വെമ്പുന്ന കാലത്താണ്‌ നന്ത്യാട്ടുകുന്നം നാടക അരങ്ങിന്റെ ‘ചാപ്പ’ അരങ്ങിലെത്തുന്നത്‌. ചാപ്പ വെറുതെ മുദ്രാവാക്യം വിളിച്ചുകൂവുന്ന നാടകമല്ല. കലയുടെ സമസ്‌ത ഘടകങ്ങളെയും സമന്വയിപ്പിച്ച്‌ എത്ര മൂർച്ചയോടെ രാഷ്‌ട്രീയം പറയാമെന്നു കാണിച്ചുതരലാണ്‌.


മട്ടാഞ്ചേരി പോർട്ട്‌ തൊഴിലാളികളുടെ സമരവും രക്തസാക്ഷിത്വവുംതന്നെയാണ്‌ വിഷയം. മട്ടാഞ്ചേരി സമരത്തിന്‌ കാരണമായ ചാപ്പ സമ്പ്രദായംതന്നെയാണ്‌ നാടകവിഷയം. കങ്കാണിമാർ എറിഞ്ഞുകൊടുക്കുന്ന ‘ചാപ്പ’ ഓരോ ദിവസവും പണിയെടുക്കുന്നതിനുള്ള അനുവാദമാണ്‌. ഈ ചാപ്പ പിടിച്ചെടുക്കുന്നതിനുവേണ്ടി പരസ്‌പരം കടിച്ചുകീറുകയും ചവിട്ടിവീഴ്‌ത്തുകയും ചെയ്യുന്ന തൊഴിലാളികൾ, ഇത്‌ ഹരമാക്കിയ തൊഴിലുടമകളും ഇടനിലക്കാരും. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി നടത്തിയ സമരത്തിന്റെ നിർണായകദിനമാണ്‌, 1953 സെപ്തംബർ 15.


അന്നാണ്‌ നിരായുധരായ തൊഴിലാളികൾക്കുനേരേ മദിരാശി പൊലീസ്‌ വെടിയുതിർത്തത്‌. രണ്ടുപേർ രക്തസാക്ഷികളാകുന്നതും. സെയ്‌തും സൈതാലിയും. ആന്റണി പൊലീസ്‌ മർദനത്തെത്തുടർന്ന്‌ അവശനായി ഒടുവിൽ മരിച്ചു. ഈ കഥ അപ്പാടെ പറയുകയല്ല നാടക അരങ്ങ്‌ ചെയ്‌തത്‌. കലയും രാഷ്‌ട്രീയവും കലാകാരന്റെ ദൈന്യജീവിതവും ചേർത്തുവച്ച രംഗഭാഷ്യമായിരുന്നു അത്‌. റിയലിസ്റ്റിക്‌ തിയറ്ററിന്റെയും അഭിനയത്തിന്റെയും സാധ്യതകളിലേക്ക്‌ ചവിട്ടുനാടകമെന്ന അസാമാന്യ ഊർജം പ്രവഹിപ്പിക്കുന്ന കലാരൂപത്തെക്കൂടി ചേർക്കുന്നതോടെ ‘ചാപ്പ’ ഒരു കരുത്തുറ്റ ദൃശ്യമായി മാറുന്നുണ്ട്‌. മേരിമാതാ ചവിട്ടുനാടകസംഘത്തിൽനിന്നാണ്‌ നാടകം ആരംഭിക്കുന്നത്‌. അവരുടെ വ്യക്തിജീവിതത്തിലെ പ്രാരബ്‌ധങ്ങൾ.


mattancheri chappa


കളികഴിഞ്ഞാൽ പറഞ്ഞ പണം ലഭിക്കാതെ മനസ്സുമടുത്ത്‌ മടങ്ങേണ്ടി വരുന്ന കൂലിപ്പണിക്കാരും മീൻപിടിത്തക്കാരും വഞ്ചിത്തൊഴിലാളികളും അടങ്ങുന്ന കലാസംഘം. വീട്ടിലുള്ളവർക്ക്‌ കഞ്ഞി കൊടുക്കാൻ നാടകംതന്നെ ഉപേക്ഷിക്കുന്നതിലേക്ക്‌ എത്തുന്നവർ. ആരൊക്കെ ഉപേക്ഷിച്ചാലും തനിക്ക്‌ ചവിട്ടാതിരിക്കാനാകില്ല എന്നുറപ്പിക്കുന്ന സംഘത്തിന്റ ആശാൻ ആന്റണി. അടുത്തവർഷം ‘ജൊവൻ ഓഫ്‌ ആർക്’ നാടകം കളിക്കാൻ സ്വന്തം മകൾ മറിയക്കുട്ടിയെത്തന്നെ നായികയായി നിശ്ചയിക്കുന്നു. ചവിട്ടുനാടകത്തിലെ ആദ്യത്തെ നടി. കഞ്ഞി കുടിക്കാൻ വകയില്ലാത്ത അവസ്ഥയിൽ ഭാര്യയുടെ വഴക്ക്‌ കേട്ട്‌ തുറമുഖത്ത്‌ ചാപ്പ എടുത്ത്‌ ചുമട്ടുജോലിക്കുപോകുന്ന ആന്റണിയുടെ മനസ്സിൽ അരി വാങ്ങണമെന്നായിരുന്നില്ല.


മറിച്ച്‌ പണമുണ്ടാക്കി അടുത്തവർഷവും നാടകമിറക്കണമെന്നായിരുന്നു. എന്നാൽ, ആന്റണി ചെന്നെത്തുന്നത്‌ ദുരിതക്കാഴ്‌ചകളുടെ, അനീതികളുടെ, വേദനകളുടെ ലോകമായ മട്ടാഞ്ചേരി പോർട്ടിലാണ്‌. വിവിധ കാരണങ്ങൾ പറഞ്ഞ്‌ തൊഴിലാളിക്ക്‌ കിട്ടുന്ന നാമമാത്ര കൂലിപോലും തട്ടിയെടുക്കുന്ന കങ്കാണിമാരുടെ ലോകം, ജീവിക്കാൻവേണ്ടി മരിക്കുന്ന തൊഴിലാളിയുടെ ലോകം. സർവവും മറന്ന്‌ യൂണിയനിൽ അണിചേരാൻ നിർബന്ധിതനാകുന്ന ആന്റണിയും മറ്റു രണ്ടുപേരും വെടിവയ്‌പിൽ മരിക്കുന്നു. ഒടുവിൽ ആശാന്റെ മരണത്തിൽ വേദനിക്കുന്ന ശിഷ്യരോടും മകളോടും ആന്റണിയുടെ ഭാര്യ മീങ്ക പറയുന്ന സംഭാഷണമാണ്‌ നാടകത്തിന്റെ ഊർജം. ‘അപ്പനേ പോയിട്ടൊള്ളൂ, അപ്പന്റെ നാടകം ഇവിടെത്തന്നെയുണ്ട്‌’ എന്നതാണത്‌.

നാടകത്തിന്‌ മരണമില്ല എന്നതിനപ്പുറം നാടകം മരിച്ചാൽ ഒരു ദേശം അസ്‌തമിക്കുമെന്ന പ്രഖ്യാപനമാണത്‌. മുദ്രാവാക്യമല്ല ചാപ്പ. അതിതീവ്രമായ വികാരസംവേദനത്തിന്റെ വർത്തമാനമാണത്‌. കാണിയുടെ ഉള്ളുലയ്‌ക്കുന്ന, പിന്നെ ഊർജമാകുന്ന രംഗാവതരണം. തൊഴിലാളികളുടെയും സാധാരണ സാമൂഹ്യപ്രവർത്തകരുടെയും സംഘമാണ്‌ നന്ത്യാട്ടുകുന്നം നാടക അരങ്ങ്‌. ഈ നാട്ടുമനുഷ്യരോടൊപ്പം ആന്റണിയായി സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ പിഎച്ച്‌ഡി ചെയ്യുന്ന രാഹുൽ ശ്രീനിവാസനും, മീങ്കയായി സ്‌കൂൾ ഓഫ്‌ ഡ്രാമയിൽനിന്ന്‌ പഠനം പൂർത്തിയാക്കിയ കല്ലു കല്യാണിയും മറിയക്കുട്ടിയായി നൃത്താധ്യാപികകൂടിയായ അനിഖ എം ഷിബുവും ചേർന്നപ്പോൾ അരങ്ങ്‌ നിറഞ്ഞു.


അയ്‌മി നാരായൺ, അജലകുമാരി, ജി അനിൽ, എൻ പി ഉണ്ണി, മുരളി നടുത്തോപ്പിൽ, സുരേഷ്‌ ചന്ദ്രൻ, കെ കെ ഇന്ദിര, ശ്രീകുമാർ അപ്പു, എ എസ്‌ ദിലീഷ്‌, വി എൻ ഉണ്ണിരാജ്‌, ബിബിൻ തോമസ്‌, കൃഷ്‌ണപ്രസാദ്‌, ജഗത്‌ സൂര്യദേവ്‌, എം പി സുധീർ, സിബി കൈതാരം, എൻ കെ വ്യാസൻ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. നാടകരചനയും സംവിധാനവും നിർവഹിച്ചത്‌ എം എസ്‌ ശിവകുമാറാണ്‌. സംഗീതം റോണാക്ക്‌, ദീപസംവിധാനം കെ വി അനൂപ്‌, ചവിട്ടുനാടകപരിശീലനം റോയ്‌ ജോർജ്‌കുട്ടി എന്നിവരും നിർവഹിച്ചു. സെറ്റ്‌ ഡിസൈൻ അമീർ അയിഷയും മേക്കപ്പ്‌ ഡാനിയുമാണ്‌ നിർവഹിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home