Deshabhimani

print edition ഭൂട്ടാനി: സ്‌നേഹത്തിന്റെ രംഗഭാഷ

bhutane drama
avatar
ഷിബു എ പി

Published on Nov 08, 2026, 01:00 AM | 1 min read

നാടകത്തെ എങ്ങനെ പുനർസൃഷ്ടിക്കാമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് മുരളീകൃഷ്ണ സംവിധാനം ചെയ്‌ത ‘ഭൂട്ടാനി’. സ്നേഹമാണഖിലസാരമൂഴിയിൽ എന്നു പറഞ്ഞുവച്ച കവിഹൃദയം ഒപ്പിയെടുത്ത് ഒരു രംഗഭാഷ ചമയ്ക്കുകയായിരുന്നു ഭൂട്ടാനിയിലൂടെ. സ്നേഹത്തിന്റെ എത്രയെത്ര ആഖ്യാനങ്ങളാണ് ഭൂട്ടാനി പറയുന്നത്. ജെൻ സീ തലമുറയുടെ നന്മതിന്മപോലും ഒട്ടും ക്ലീഷേയല്ലാതെ നാടകം പറയുന്നു.


​നാടകം തുടങ്ങുന്നതുതന്നെ ഹേമന്ത്‌കുമാറിന്റെ സുന്ദരശബ്ദത്തിൽ. അകമ്പടിയായി അനിൽ മാളയുടെ ഭൂട്ടാനി സംഗീതവും. താളത്തിൽ ഓടിത്തുടങ്ങിയ ഭൂട്ടാനി എയർവേസ് ചാർളിയുടെ വരവോടെ പറപറക്കാൻ തുടങ്ങി. രൂപവും വേഷവും ഒരു നടനെ എത്രത്തോളം ഉയർത്തും എന്നതിന്റെ നേർസാക്ഷ്യമായിരുന്നു രമേശ്‌ ഐയ്യരുടെ ചാർളി എന്ന കഥാപാത്രം. പ്രകടനവും ശരാശരിക്കും മുകളിലായിരുന്നു. ഒരുവേള പ്രേക്ഷകനെ പുകമൂടിയ ഡൽഹിയിലെത്തിച്ച് ശ്വാസം മുട്ടിപ്പിച്ചതുമാത്രം മതി ഒരു സംവിധായകൻ ആ നാടകത്തെ എത്ര കണ്ട് സ്വാധീനിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാൻ.


​മികച്ച ആർട്ടിസ്റ്റുകളുടെ സംഗമമാണ് ഭൂട്ടാനിയെങ്കിലും ഈയൊരു ആസ്വാദനം എഴുതാൻ പ്രേരിപ്പിച്ച നാരായണേട്ടൻ എന്ന കഥാപാത്രത്തെ പ്രത്യേകം പരാമർശിക്കാതെ ഒരിക്കലും ഈ കുറിപ്പ് പൂർണമാകില്ല. നാരായണേട്ടന് ജീവൻ കൊടുത്ത ഉണ്ണി മഠത്തിൽ, സ്നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായ നാരായണേട്ടനിൽനിന്ന്‌ എങ്ങനെയാണ് നിമിഷങ്ങളുടെമാത്രം വ്യത്യാസത്തിൽ ഭാഷകൊണ്ടും ഭാഷ്യംകൊണ്ടും കാർക്കശ്യക്കാരനായ സിഖ് കോർപറേറ്റായി മാറിയത്. അമ്മയോട് എല്ലാം ഏറ്റുപറഞ്ഞ് സ്വയം ഉരുകുമ്പോൾ എന്തുകൊണ്ടാണ് പ്രേക്ഷകനും ശ്വാസംമുട്ടിപ്പോകുന്നത്. അത്തരം നടനവൈഭവത്തെയല്ലേ സിദ്ധി എന്നൊക്കെ വിശേഷിപ്പിക്കുന്നത്.


​നാം കണ്ടും പരിചയിച്ചും വന്ന രംഗപടം എന്ന സങ്കൽപ്പത്തെ ഉടച്ചുവാർത്ത് അതിന്റെ അതിരുകൾക്കപ്പുറം പുതിയൊരു രംഗാനുഭവം സൃഷ്ടിക്കുകയാണ് ഭൂട്ടാനി. വേദിയിൽ രംഗങ്ങൾ ഒന്നിനുപിന്നാലെ വരികയായിരുന്നില്ല. അവ ഒഴുകുകയായിരുന്നു. ഒരു പഴയ ഫ്രെയിമിൽ തൂക്കിയിട്ടിരുന്ന നാടകത്തെ താഴെയിറക്കി അതിന്റെ അതിരുകൾ മായ്ച്ച് പ്രേക്ഷകന്റെ കണ്ണിനും കാതിനും മനസ്സിനും ഒരേസമയം അനുഭവിക്കാവുന്നതിലേക്ക് മാറ്റിയിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home