ad
Deshabhimani

ആത്മായനങ്ങളുടെ ഖസാക്കിലേക്കൊരു ദൃശ്യയാത്ര

khasakh

ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽനിന്ന്

avatar
ആര്യാ കൃഷ്ണൻ വി

Published on Feb 08, 2026, 12:01 AM | 3 min read

ആത്മായനങ്ങളുടെ ഖസാക്കിലേക്ക്, കുതിരക്കുളമ്പടികൾക്കൊപ്പം ചൂട്ടും കത്തിച്ചെത്തിയ പരേതാത്മാക്കൾക്കുപിന്നാലെ അള്ളാപിച്ചാ മൊല്ലാക്കയും നൈജാമലിയും കുപ്പുവച്ചനും അപ്പുക്കിളിയും രവിയുമെത്തുന്നു. മൂന്നുമണിക്കൂറിലധികം നേരം ഖസാക്കാക്കുന്ന വേദിയിൽ പ്രേക്ഷകരും കൂമൻ കാവിലെത്തുന്നു. മൊല്ലാക്കയെ കണ്ട് അപ്പുക്കിളിക്കൊപ്പം പഠിച്ച് ഒടുവിൽ മരണം കാത്തുകിടക്കുന്ന രവിയെ കണ്ട് മടങ്ങിയെത്തുമ്പോൾ ഏവരും ഒന്നായി പറയുന്നു, ‘സായാഹ്ന യാത്രകളുടെ അച്ഛാ.... വിട തരിക. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ വ്യത്യസ്തമായ ദൃശ്യാവിഷ്കാരത്തോടെ നാടകരൂപത്തിൽ പുനർവായിക്കുകയാണ് സംവിധായകനും അധ്യാപകനുമായ ദീപൻ ശിവരാമൻ. തെയ്യക്കാവുകളുടെ പ്രത്യേകതകൾ ഉൾക്കൊണ്ട് ദീപൻ ശിവരാമൻ ഒരുക്കിയ വിസ്മയം വേദികളിൽ 10 വർഷം പിന്നിടുകയാണ്. ആത്മായനങ്ങളുടെ ഖസാക്ക്‌ ഒരുങ്ങിയ വഴികളെപ്പറ്റി സംവിധായകൻ സംസാരിക്കുന്നു.


deepan sivaramanദീപൻ ശിവരാമൻ


രംഗഭാഷ


സാഹിത്യമെന്നത് സമാനതകളില്ലാത്ത ഭാഷയാണ്. ഓരോ കലയ്ക്കും അതിന്റേതായ ഭാഷയുണ്ട്. നാടകത്തെ പലപ്പോഴും സാഹിത്യത്തിന്റെ ഉപവിഭാഗമായാണ് കാണാറുള്ളത്. നാടകം വളരെ ശാരീരികമായ രൂപമാണ്. ഒരിടത്ത്, ഒരു പ്രത്യേക സമയത്ത് കുറച്ച്‌ മനുഷ്യർ കൂടിയിരുന്നുനടത്തുന്ന പ്രകടന കലയാണ് നാടകം. കൂട്ടം കൂടിയിരുന്ന് കാണുന്നതാണ് തിയറ്റർ കലകൾ. അവിടെ വാക്കുകൾ, സംഗീതം, ചലനങ്ങൾ ഒക്കെ ഘടകങ്ങളാണ്. ഖസാക്കിന്റെ ഇതിഹാസം സങ്കീർണമായ നോവലാണ്. എഴുത്തിന്റെ ചാരുതകൊണ്ടും ഉപയോഗിച്ച ഭാഷകൊണ്ടുമാണ് നോവൽ വ്യത്യസ്തമായത്. പറയുന്ന വിഷയം പ്രാധാന്യം അർഹിക്കുന്നുണ്ടെങ്കിലും ഒ വി വിജയന്റെ മറ്റ്‌ നോവലുകളെ അപേക്ഷിച്ച് ഖസാക്ക് വ്യത്യസ്തമാകുന്നത് ഭാഷപരമായ പ്രത്യേകതകൊണ്ടാണ്. ഭാഷയുടെ പ്രത്യേകതയോ ഭാരമോ നാടകത്തെ ബാധിക്കില്ല. ഭാഷയുടെ സാധ്യതകളല്ല ഇവിടെ പരീക്ഷിക്കുന്നത്, നോവലിൽനിന്ന് നാം കണ്ടെത്തുന്ന കുറേ നാടകീയ മുഹൂർത്തങ്ങളെയാണ്. ഒട്ടനവധി കഥാപാത്രങ്ങളും ജീവിതങ്ങളുമുള്ള ഖസാക്ക്‌ നാടകത്തിനായി വളരെ സമ്പന്നമാണ്.


khasakhഖസാക്കിന്റെ ഇതിഹാസം നാടകത്തിൽനിന്ന്


വെല്ലുവിളി തന്നെ സാധ്യത


സങ്കീർണമായ കൃതികൾ നൽകുന്ന സാധ്യത വളരെ വലുതാണ്. നേരെ കഥ പറഞ്ഞുപോകുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി സങ്കീർണതകൾവഴി ഒരുപാട് അടരുകളുള്ള കഥ സൃഷ്ടിക്കാൻ പറ്റും. ഓർമകളും യാഥാർഥ്യവും ഫാന്റസിയും മിത്തും മാജിക്കും ആചാരങ്ങളും ഒക്കെ ഇഴ ചേർന്നുകിടക്കുന്ന പരിസരമാണ് ഇഷ്ടം. ഇത്തരം കൃതികൾ നാടകത്തിലേക്ക് കൊണ്ടുവരുമ്പോൾ പറച്ചിലിന്റെ രീതി കൂടുതൽ രസകരമാകും. ഒരുപാട് ആഘോഷിക്കപ്പെട്ട സാഹിത്യകൃതിയെ നാടകത്തിലേക്ക് കൊണ്ടുവരിക എന്നത് വെല്ലുവിളിയാണ്. എന്നാൽ, ആ വെല്ലുവിളിതന്നെയാണ് സാധ്യതയും.


തെയ്യത്തിന്റെ വേദി


സംവിധായകന്റെ ചിന്ത അനുസരിച്ച് ഖസാക്ക് ഏത്‌ രീതിയിലും അവതരിപ്പിക്കാം. ഗ്രീക്ക് തിയറ്ററിനേക്കാൾ ഖസാക്കിന്റെ വേദി അടുത്തുനിൽക്കുന്നത് തെയ്യക്കാവുകളോടാണ്. തെയ്യം അവതരിപ്പിക്കുന്ന ഇടങ്ങളുടെ മാതൃകയാണ് നാടകത്തിലും. ഇരിപ്പിടത്തിൽമാത്രമാണ് മാറ്റമുള്ളത്. ഓരോ നാടകത്തിനും അതിന്റെ ദൃശ്യഭാഷയ്ക്ക് അനുസൃതമായ ഇടം ഒരുക്കണം. ഖസാക്കിൽ മണ്ണ്, വെള്ളം, തീ ഇവയൊക്കെ കേന്ദ്ര ഘടകമായി വരുന്നു. അനുഷ്ഠാനങ്ങളും മാന്ത്രികതയും നിറഞ്ഞ ശ്മശാനഭൂമിയാണ് ഖസാക്ക്. അങ്ങനെ ഒരിടത്തെ അവതരിപ്പിക്കുമ്പോൾ ഉയർത്തിക്കെട്ടിയ സ്റ്റേജിൽ ഒരുപാട് പരിമിതികളുണ്ട്. ​ഖസാക്കിന്റെ വേദി പ്രേക്ഷകനെ നാടകവുമായി കൂടുതൽ അടുപ്പിക്കാൻ കാരണമായി. തീയുടെ ചൂടും മഴയുടെ തണുപ്പും പല മണങ്ങളും പ്രേക്ഷകന് അനുഭവവേദ്യമാകും. സാഹിത്യ ഭാഷയിൽ ഇവ സങ്കൽപ്പിക്കാനേ പറ്റൂ. അത് മണക്കാനും രുചിക്കാനും സ്പർശിക്കാനും സാധിക്കണമെങ്കിൽ പ്രത്യേകമായ ഒരിടത്ത് സജ്ജീകരിക്കണം. അങ്ങനെയൊരു ക്രമീകരണം ആവശ്യമായതാണ് ഖസാക്കിന്റെ ഭൂമിക.


സ്വതന്ത്ര വായന


ഖസാക്ക് ഓരോരുത്തരും വായിക്കുന്നത് ഓരോ രീതിയിലാണ്. രവിയുടെ ആത്മസംഘർഷങ്ങൾ കേന്ദ്രമാക്കിയ നോവൽ എന്ന വായനയാണ് പലപ്പോഴും ആദ്യകാലത്ത് ഉണ്ടായിട്ടുള്ളത്. രവിയുടെ ഇതിഹാസമല്ല, ഖസാക്കിന്റെ ഇതിഹാസമാണ് വിജയൻ എഴുതിയത്. ഖസാക്ക് എന്ന വലിയ ആവാസവ്യവസ്ഥയിലെ മനുഷ്യർ, പ്രകൃതി, ജീവജാലങ്ങൾ, പരേതാത്മാക്കൾ അങ്ങനെയൊരു പരിസരത്തെക്കുറിച്ചാണ് നോവൽ. അവിടേക്ക് വരുന്ന വഴിയാത്രക്കാരനാണ് രവി. രവിയെ ഒരു വാതിൽപോലെ തുറന്ന്‌ ആ വാതിലിലൂടെ കാണുന്ന കാഴ്ചകളാണ് ഖസാക്കിന്റെ ലോകം. രവിയുടെ പ്രശ്നങ്ങളും അസ്തിത്വ ദുഃഖവും പരിഹരിക്കാൻ ഉള്ള ഇടമായല്ല വിജയൻ ഖസാക്ക് കാണിച്ചുതരുന്നത്. മറിച്ച് അതുപോലെ തന്നെയോ അതിനേക്കാളേറെയോ പ്രാധാന്യമുള്ളതാണ് അവിടത്തെ ഓരോ മനുഷ്യരുടെയും ജീവിതം. നാടകത്തിൽ എല്ലാ ജീവിതവും തുല്യമായി വന്നു.


khasakhഖസാക്കിന്റെ ഇതിഹാസം നാടകത്തിൽനിന്ന്


ചൂട്ടിൽ പിറന്ന ഖസാക്ക്


തിയറ്റർ വളരെ ജൈവികമായ ഒരു പരിസ്ഥിതിയുടെ ഭാഗമാണ്. തൃക്കരിപ്പൂരിൽനിന്ന് ഉണ്ടായ നാടകത്തിന് അവിടത്തെ മനുഷ്യരുടെ ജീവിതവുമായി ബന്ധമുണ്ട്. നാടകത്തിലെ അഭിനേതാക്കളിൽ കർഷകരും മത്സ്യത്തൊഴിലാളികളും ഡോക്ടറും അധ്യാപകരുമൊക്കെയുണ്ട്. ഈ വ്യത്യസ്തത നാടകം രൂപപ്പെടുത്തിയ സമയത്ത് ഗുണകരമായി. ഖസാക്കിലെ കഥാപാത്രങ്ങൾ ഇവരുടെ ജീവിതത്തിൽനിന്ന്‌ വളരെ അകലെ ഉള്ളവരല്ല. നാടകം രൂപപ്പെടുത്തുന്നതിൽ തൃക്കരിപ്പൂരിന് വലിയ പങ്കുണ്ട്. ഇത് അവരുടെ നാടകമാണ്. അവരുടേതായി മാറിയതുകൊണ്ടാണ് 10 വർഷമായി നാടകം ആസ്വദിച്ച് ചെയ്യുന്നത്.


മറ്റുള്ളവരെ ബോധിപ്പിക്കാനായി തിയറ്റർ ചെയ്യാൻ പറ്റില്ല. ജീവിതത്തിന്റെ ഭാഗമായി നമുക്ക് തോന്നിയെങ്കിൽ മാത്രമേ അർഥവത്തായ തിയറ്റർ ആകുകയുള്ളൂ. കെ എം കെ കലാസമിതിയാണ് നാടകം അവതരിപ്പിച്ചത്. 10 വർഷംകൊണ്ട് അഭിനേതാക്കളിൽ പലർക്കും കാര്യമായ മാറ്റങ്ങൾ ഉണ്ടായി. പലരും സിനിമകളിൽ പ്രശസ്തരായി. ഒരു നാടകം ഒരു നാടിന്റെയും അവിടത്തെ നാടകപ്രവർത്തകരുടെയും ജീവിതമായി മാറുന്നതാണ് ഖസാക്കിൽ കണ്ടത്. പാരിസ് ചന്ദ്രന്റെ (ചന്ദ്രൻ വെയാട്ടുമ്മൽ) സംഗീതം നാടകത്തിലെ നിർണായക സാന്നിധ്യമാണ്. തൃക്കരിപ്പൂരിലെ ഒരു മുത്തശ്ശി പാടിയ പാട്ടാണ് നാടകത്തിലെ താരാട്ടുപാട്ട്. തെയ്യത്തിന്റേതായ സംഗീത ഉപകരണങ്ങളും പ്രാദേശികമായ പല സംഗീതോപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഓരോ നാടിനും ഒരു ശബ്ദമുണ്ട്. ആ ശബ്ദം ഖസാക്കിലുമുണ്ട്. 6 മാസത്തോളം തൃക്കാരിപ്പൂരിൽ താമസിച്ചാണ് സംഗീതം തയ്യാറാക്കിയത്.


khasakhഖസാക്കിന്റെ ഇതിഹാസം നാടകത്തിൽനിന്ന്


നോവലല്ല


നാടകം നോവലിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ രൂപമാണ്. അനുവർത്തനമാണെങ്കിലും നാടകം ആസ്വദിക്കാൻ നോവൽ വായിക്കണമെന്ന നിർബന്ധമില്ല. നോവലിന്റെ വിവർത്തനമോ കഥപറച്ചിലോ അല്ല നാടകം. നാടകം കാണുന്ന എല്ലാവരും നോവൽ വായിച്ചവരല്ല. വായിക്കാത്തവർക്കായിരിക്കും കുറച്ചുകൂടി പ്രത്യേകമായ അനുഭവം. കാരണം അവർക്ക് നോവലിന്റെ ഭാരമോ ചിന്തയോ ഉണ്ടാകില്ല. സാഹിത്യം ഒരു അസംസ്കൃത വസ്തുവാണ്. അവിടെനിന്ന്‌ നമുക്ക് ഒരു പരിസരം നെയ്തെടുക്കാം. എന്നാൽ, ആ വസ്തു ആ പരിസരത്തിൽനിന്ന്‌ തീർത്തും വ്യത്യസ്തമാണ്. എഴുത്തിന്റെ അതേപോലുള്ള വായന അല്ല നാടകം. നോവൽ തുടങ്ങുന്ന ഇടത്തല്ല നാടകം തുടങ്ങുന്നത്. തിയറ്ററിൽ സാധ്യമാകുന്ന തരത്തിലാണ് നോവലിന്റെ അടരുകളെ നാടകമായി രൂപപ്പെടുത്തിയിട്ടുള്ളത്. ​


എന്നും ആനന്ദം


കല ഒരു ഭാരമല്ല, ആനന്ദമാണ്. തിയറ്ററിൽ കഴിവിനെ വെല്ലുവിളിച്ച് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഒരുപാട് കാര്യങ്ങൾ വിശകലനം ചെയ്യാനും പഠിക്കാനും പറ്റും. അപ്പോൾ ഉണ്ടാകുന്ന ആനന്ദം ഒരു ഭാരമല്ല, സാധ്യതയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home