ഭാരത് രംഗ് മഹോത്സവിലേക്ക് ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

ഫെമിനിസ്റ്റ് മാനിഫെസ്റ്റോ നാടകത്തിൽ നിന്ന്
സുധി ദേവയാനി
Published on Jan 04, 2026, 12:00 AM | 3 min read
അഭിമന്യു വിനയകുമാർ രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന നാടകം ഇരുപത്തഞ്ചാമത് ഡൽഹി അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ നാടകോത്സവമാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ആതിഥ്യമേകുന്ന ഭാരത് രംഗ് മഹോത്സവ്. 95 ഇന്ത്യൻ നാടകങ്ങളും 10 വിദേശനാടകങ്ങളുമാണ് ഇക്കുറി മേളയിൽ അരങ്ങേറുക. കൂടിയാട്ടം, കഥകളി എന്നിവയുമായി ബന്ധപ്പെട്ട ഓരോ അവതരണത്തിനു പുറമേ മലയാളത്തിൽനിന്ന് ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന നാടകം മാത്രമാണ് മേളയിൽ ഉള്ളത്.
നാടക പശ്ചാത്തലം
ഫെമിനിസ്‌റ്റ് ചിന്തകയും എഴുത്തുകാരിയുമായ ചിമമൻഡ അദീച്ചിയുടെ ‘Dear Ijeawele, or A feminist Manifesto in fifteen suggestions' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അഭിമന്യുവിന്റെ സ്വതന്ത്രനാടക ആവിഷ്‌കാരമാണ് ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ'. ചരിത്ര, പുരാണ, ക്ലാസ്സിക്, ഐതിഹ്യങ്ങളിൽനിന്നും കണ്ടെടുത്ത അഞ്ചു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് രംഗകൃതി രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മലയാള എഴുത്തുകാരായ എം എൻ വിനയകുമാറിന്റെ ‘യമദൂത്', രാവുണ്ണിയുടെ ‘കുറുക്കന്റെ കോടതി' എന്നീ രചനകളിലെ കഥാപാത്രങ്ങളും കടന്നു വരുന്നു.
ആണധികാരത്തോടും നിലനിൽക്കുന്ന സംവിധാനത്തോടും കലഹിച്ചു പുറത്തു പോയവരോ ആത്മഹത്യ ചെയ്‌തവരോ അധികാരകേന്ദ്രങ്ങൾ കൊല ചെയ്തവരോ അല്ലെങ്കിൽ ക്രൂരമായി ആക്രമിക്കപ്പെട്ടവരോ ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളായ ഫൂലൻ, ഡെസ്‌ഡിമോണ, നോറ, മത്സ്യഗന്ധി, മുച്ചിലോട്ട് ഭഗവതി എന്നിവർ.
രൂപഘടന
ഉപാഖ്യാനരീതിയിൽ ആണ് ഡിസൈൻ. ഓരോ എപ്പിസോഡും പൂർണമായിരിക്കെത്തന്നെ മറ്റു കഥാസന്ദർഭങ്ങളോട് ബന്ധിക്കപ്പെട്ടിട്ടുമുണ്ട്. ഭിന്നിക്കപ്പെട്ട ആഖ്യാനവും തുറന്ന അന്ത്യവും ആണ് നാടകത്തിൽ സ്വീകരിച്ചിരിക്കുന്നത്. തന്റെ സ്വത്വം, സമത്വം, സ്വാതന്ത്ര്യം, ഉൾച്ചേർക്കൽ എന്നിവ സാധ്യമാക്കാൻ സ്ത്രീകൾ നടത്തുന്ന സംഘർഷങ്ങൾക്ക് അനുയോജ്യമായ സംവിധാന ശൈലിയാണ് അഭിമന്യു സ്വീകരിച്ചത്. നാടകം തുടങ്ങുന്നത് കാലങ്ങളെ അത്ഭുതകരമായി കൂട്ടിയിണക്കിക്കൊണ്ടാണ്. കാലവും താളവും ഗതിയും രംഗ സന്ദർഭങ്ങളോട് അനുയോജ്യമായി ചേർക്കപ്പെട്ടിരിക്കുന്നു. ഭാവി കാലത്തിന്റെ പ്രതീകമായ പെൺകുട്ടി, വർത്തമാനകാല അനുഭവങ്ങളുള്ള അവളുടെ അമ്മയിലൂടെ ഭൂതകാല സ്ത്രീ കഥാപാത്രങ്ങളിലേക്ക്, അതായത് സ്ത്രീ കഥാപാത്ര മ്യൂസിയത്തിലേക്ക്, കടക്കുകയാണ്.
അഭിമന്യു വിനയകുമാർ
കഥാഖ്യാനം
സദസ്സിലും സമാന്തരമായി അരങ്ങിലും ക്രിയകൾ ആരംഭിച്ചുകൊണ്ടാണ് ആദ്യ കഥാഖ്യാനം തുടങ്ങുന്നത്. ഫൂലന്റെ വിവാഹമാണ്. വിവാഹഘോഷത്തിന്റെ പശ്ചാത്തലത്തിൽ, കാണികൾക്കിടയിൽനിന്നും മങ്ങിയ വെളിച്ചത്തിൽ കൃത്യമായ ചുവടുവയ്‌പ്പുകളോടെ അരങ്ങിലേക്ക് എത്തുന്ന ആൺകൂട്ടം പത്ത് വയസ്സുകാരിയായ വധുവിനെ വീടിനുള്ളിൽ അകപ്പെടുത്തുന്നു. ജീർണിച്ചഴുകിയ സംഭാഷണശകലങ്ങളിലൂടെ ദാമ്പത്യം ആരംഭിക്കുന്നു.
വധു എന്ന കഥാപാത്രത്തിന്റെ മേൽ വിഴുപ്പുകളായി രംഗസാമഗ്രികൾ വന്നു വീഴുന്നു. ഭർത്താവിനാൽ ബലാത്സംഗമടക്കമുള്ള ക്രൂരകൃത്യങ്ങൾക്ക് വിധേയയായ ഫൂലൻ, അവസാനം ഭർത്താവ് അടിച്ചേൽപ്പിച്ച എല്ലാ വിഴുപ്പുകളെയും തിരിച്ചെറിഞ്ഞ് പുറത്തേക്ക് പോകുന്നതും പ്രതികാരത്തിന്റെ വഴികൾ തെരഞ്ഞെടുത്തതും കാട്ടിത്തരുന്നു.
രണ്ടാമത്തെ ആഖ്യാനത്തിൽ ഷേക്‌സ്‌പിയർ കഥാപാത്രമായ ഡെസ്‌ഡിമോണ, സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻപോലും ഇച്ഛാശക്തിയുള്ളവളാണ്. ഡെസ്ഡിമോണയുടെ ദാരുണാന്ത്യത്തിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ സംഗീതവും വെളിച്ചവും കഥാപാത്രങ്ങളുടെ ധൃതചലനങ്ങളും സമന്വയിപ്പിച്ച് സംവിധായകൻ പ്രേക്ഷകരിൽ നിരന്തരം സംഭ്രമം ജനിപ്പിക്കുന്നു. ഇബ്സെന്റെ നോറയാണ് മൂന്നാമത്തെ ആഖ്യാനത്തിൽ. ലംബമായ ഫ്രെയിമുകളാണ് ഈ ഭാഗത്ത് ഉപയോഗിച്ചത്. ഇവ ചുവരിൽ ആടുന്ന അലങ്കാര ചിത്രങ്ങളെ ഓർമിപ്പിച്ചു. വിവാഹ ജീവിതത്തിന്റെയും സ്ത്രീ-പുരുഷ ബന്ധത്തിന്റെയും സത്യസന്ധമല്ലാത്ത ഇടങ്ങളിൽ, പരമ്പരാഗത വിശ്വാസങ്ങളുടെ ഫ്രെയിമുകൾക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ട് ഇണകൾ മാത്രമാകുന്നു ഇതിലെ ഭാര്യയും ഭർത്താവും.
നാലാമത്തെ ഉപകഥ മത്സ്യഗന്ധിയുടേതാണ്. പരാശര മഹർഷിയുടെ കൈയൂക്കിനും അധികാരത്തിനും കീഴ്പ്പെട്ട് തകർന്നു പോകുന്ന മത്സ്യഗന്ധിയെ ആണ് ഈ ഭാഗത്ത് അവതരിപ്പിക്കുന്നത്. സ്വന്തം ശരീരത്തിന്റെ പരിചിതമായ ഗന്ധം അവൾക്ക് കൈമോശം വരുന്നു. സ്വത്വം തന്നെ നഷ്ടപ്പെടുന്നു. അവൾ മറ്റൊന്നായിത്തീരുന്നു.
ഫെമിനിസ്റ്റ് മാനിഫെസ്റ്റോ നാടകത്തിൽ നിന്ന്
അഞ്ചാമത്തെ ഉപകഥ മുച്ചിലോട്ട് ഭഗവതിയുടേതാണ്. തർക്കശാസ്ത്രത്തിലുള്ള തന്റെ മികവ് കൊണ്ടും, ബുദ്ധികൊണ്ടും ബ്രാഹ്മണ്യത്തെ നേരിട്ടുവെന്നതിനാൽ അപമാനിക്കപ്പെട്ട് ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടവളാണ് മുച്ചിലോട്ട് ഭഗവതി. പ്രേക്ഷകർകൂടി പങ്കെടുക്കുന്ന തരത്തിലുള്ള തിയറ്റർ സങ്കേതങ്ങളാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. കഥാപാത്രപ്രവേശം കാണികൾക്കിടയിൽ നിന്നാണ്. ഭഗവതിയുടെ അമാനുഷിക ഭാവങ്ങളല്ല, മറിച്ച് അടിച്ചമർത്തപ്പെട്ട സ്ത്രീ ജീവിതത്തിന്റെ പ്രതീകമാണ് അരങ്ങിലെത്തുന്നത്.
നാടകം രൂപപ്പെടുത്തുന്നതിൽ നാടോടിയും ക്ലാസ്സിക്കലുമായ വിവിധ കലാരൂപങ്ങൾ സംവിധായകനെ തുണച്ചിട്ടുണ്ട്. കലാമണ്ഡലത്തിലെ സ്തുത്യർഹമായ പഠനവും അതിലുമധികകാലം കോട്ടയ്ക്കൽ നന്ദകുമാരൻ നായരിൽനിന്നു ലഭിച്ച കഥകളി പരിശീലനവും നാടകത്തിലെ സൂക്ഷ്മചലനങ്ങൾ മെനഞ്ഞെടുക്കുന്നതിൽ അഭിമന്യുവിനെ സഹായിച്ചിരിക്കണം. കലാമണ്ഡലത്തിൽ നിന്ന് റാങ്കോടെയുള്ള പ്ലസ്ടു വിജയത്തിനുശേഷമാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ഈ കലാകാരൻ നാടക പഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയത്.
വിവിധ കാലങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും കഥാപാത്രങ്ങളെ അടർത്തി എടുത്തുകൊണ്ടുള്ള രംഗാവതരണത്തിന് മികച്ച സംഗീത സംവിധാനമാണ് സൂരജ്സന്തോഷ് ഒരുക്കുന്നത്. ജോസ് കോശിയാണ് വെളിച്ച നിയന്ത്രണം. നൃത്തസംവിധായകരായ കലാമണ്ഡലം ലക്ഷ്‌മി മാധുരിയും കലാമണ്ഡലം അമലുവും തായ്‌ച്‌ചി, ബാലെ, കളരി തുടങ്ങി വിവിധ നൃത്ത -ചലന രൂപങ്ങളെ മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഭാവി നാടകവേദിക്ക് കരുത്തരായ മൂന്നു സ്ത്രീ സാന്നിധ്യങ്ങളാണ് കൊറിയോഗ്രഫി നിർവഹിച്ച കലാമണ്ഡലം ലക്ഷ്‌മി മാധുരിയും, കലാമണ്ഡലം അമലുവും മുച്ചിലോട്ട് ഭഗവതിയായി രംഗത്തു വന്ന സുജ അമ്പാട്ടും.
തുടക്കം മറിമാൻ കണ്ണിയിൽ
2012ൽ അഭിമന്യുവിന്റെ ആദ്യനാടകം ‘മറിമാൻ കണ്ണി’ ഡൽഹി അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ പ്രായം 22. ഡൽഹി മേളയിൽ നാടകം അവതരിപ്പിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനായിരുന്നു. 2013ൽ ‘യമദൂത് ’ എന്ന നാടകവും ഭാരത് രംഗ് മഹോത്സവിന്റെ അരങ്ങിലെത്തി. ‘യമദൂത്’ ഇറ്റ്ഫോക്കിലും അരങ്ങേറി. ബോഡോലാന്റിൽ ട്രൈബൽ കൂട്ടായ്മയിലും സർക്കാരിന്റെ നിയന്ത്രണത്തിലും ആരംഭിച്ച അന്തർദേശീയ നാടകോത്സവത്തിന്റെ ആദ്യ എഡിഷനിൽ അഭിമന്യുവിന്റെ ‘താരം’ നാടകം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ മേളയിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ഏക നാടകമായിരുന്നു അത്. അബുദാബിയിൽ നടക്കാറുള്ള ഭരത് മുരളി നാടകോത്സവത്തിൽ കഴിഞ്ഞ ചില വർഷങ്ങളായി വിവിധ ഗൾഫ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് നാടകങ്ങൾ രൂപപ്പെടുത്താൻ അഭിമന്യുവിന് അവസരം ലഭിച്ചു. 2024ലെ ഫെസ്റ്റിവെലിൽ ഷാർജയിലെ സംഘടനയായ മാസിനുവേണ്ടിയാണ് ആദ്യം ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ അരങ്ങിലെത്തിയത്. ഷാർജയിലും അബുദാബിയിലും കേരളത്തിലെ വിവിധ അരങ്ങുകളിലായി ഈ നാടകത്തിന്റെ അഞ്ച് അവതരണങ്ങൾ നടന്നു.











0 comments