ad
Deshabhimani

വാക്കുകൾക്കും നിറങ്ങൾക്കും അപ്പുറം; അശ്വതി അരവിന്ദാക്ഷന്റെ ഇൻസ്റ്റലേഷൻ ശ്രദ്ധ നേടുന്നു

Installation
വെബ് ഡെസ്ക്

Published on Aug 10, 2026, 04:49 PM | 2 min read

വാക്കുകളേക്കാൾ ആഴത്തിൽ സംസാരിക്കാൻ ചിലപ്പോൾ നിശ്ശബ്ദതയ്ക്ക് ആകും. വാക്കുകൾക്കും അപ്പുറം അനുഭവങ്ങളുടെ സാന്ദ്രതയും ആത്മഗതങ്ങളും നിറഞ്ഞ ശക്തമായൊരു സാന്നിധ്യമാണ് മൗനമെന്ന് ഓർമ്മിപ്പിക്കുന്നതാണ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ ’നിശ്ശബ്ദം - ടെക്സ്ചേഴ്സ് ഓഫ് സൈലൻസ്’ എന്ന ഇൻസ്റ്റലേഷൻ പ്രദർശനം.


എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. അശ്വതി അരവിന്ദാക്ഷൻ ഒരുക്കിയിരിക്കുന്ന ഈ കലാസഞ്ചാരം കാഴ്ചക്കാരുമായി വേറിട്ടൊരു സംവേദനം സാധ്യമാക്കുന്നു. തീർത്തും വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഈ പ്രദർശനത്തിന്റെ പ്രമേയം പിറവിയെടുക്കുന്നത്. തുടക്കത്തിൽ ആത്മ നിയന്ത്രണമായി അനുഭവപ്പെട്ട മൗനം, പിന്നീട് ആഴമുള്ള ചിന്തയിലേക്കും സമാധാനത്തിലേക്കും വഴിതുറന്നു. ഇതേ സന്ദർഭത്തിൽ തന്നെ തത്ത്വചിന്ത, സാഹിത്യം, ജെൻഡർ പൊളിറ്റിക്സ്, ഭാഷ, സ്ത്രീജിവിതം എന്നീ വിഷയങ്ങളിൽ നടത്തിയ വ്യത്യസ്ത വായനകളും അന്വേഷണങ്ങളും (നി) ശബ്ദം എന്ന ആശയത്തെ ആഴത്തിൽ അനുഭവിപ്പിച്ചു എന്ന് അശ്വതി അരവിന്ദാക്ഷൻ പറയുന്നു.


പൂർണ്ണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കിയ 20 മിക്സ്ഡ് മീഡിയ ഇൻസ്റ്റലേഷനുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഓരോ വസ്തുവിന്റെയും ഘടനയും രൂപവും സ്ത്രീജീവിതങ്ങളുടെ ആത്മഗതങ്ങളോട് സംവദിക്കുന്നവയാണ്.


ഈ പ്രദർശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് കാണികളിൽ സൃഷ്ടിക്കുന്ന സജീവ പങ്കാളിത്തമാണ്. പ്രദർശനം കാണാൻ ഗാലറിയിലെത്തുന്ന ഏതൊരാൾക്കും തങ്ങളുടെ ഉള്ളിൽ പേറുന്ന നിശ്ശബ്ദതയെ– അത് അടിച്ചേൽപ്പിക്കപ്പെട്ടതോ സ്വയം സ്വീകരിച്ചതോ ആകട്ടെ– ഓർത്തുനോക്കാനും, അവിടെ ഒരുക്കിയിരിക്കുന്ന നൂലിഴകളിൽ ഒരു കെട്ടിട്ടുകൊണ്ട് അതിനെ പങ്കുവെയ്ക്കാനും അവസരമുണ്ട്.


പ്രദർശനത്തിലെ സൃഷ്ടികൾക്കൊടുവിൽ ഈ നൂലിഴകളിൽ ഓരോരുത്തർക്കും കെട്ടുകൾ ഇടാം. ഒടുവിൽ ഈ കെട്ടുകൾ ഒന്നുചേരുമ്പോൾ, വാക്കുകൾക്കപ്പുറമുള്ള മനുഷ്യാനുഭവങ്ങളുടെ വലിയൊരു സഞ്ചയവും സാക്ഷ്യമായി ഇതും ഒരു കലാസൃഷ്ടിയായി പരിണമിക്കും.’ അശ്വതി പറയുന്നു.


‘വ്യക്തിപരമായ മുറിവുകളിൽ നിന്ന് ആരംഭിച്ച് പൊതുവായ സമൂഹത്തിന്റെയും സ്ത്രീജീവിതത്തിന്റെയും അനുഭവ തലങ്ങളിലേക്ക് പടർന്നുപന്തലിക്കുന്നവയാണ് ഈ കലാസൃഷ്ടികളെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത സാംസ്കാരിക വകുപ്പുമന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.


തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവകലാശാലയുടെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വതി, ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി. നിലവിൽ തിരുവനന്തപുരം നീറമൺകര എൻഎസ്എസ് വനിതാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home