വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം; അറസ്റ്റിന് പിന്നാലെ ടി ജി മോഹൻദാസിന് ജാമ്യം

തിരുവനന്തപുരം : ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസില്‍ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശവും ലൈംഗികാധിക്ഷേവും
നടത്തിയിട്ടും ആർഎസ്എസ് വക്താവിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. പിന്നാലെ സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. യൂട്യൂബിലെ പത്രിക എന്ന ചാനലിലൂടെ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിൽ പ്രതി ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത നിലനിന്നിട്ടും പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. കേരള പൊലീസിന്റെ സർക്കാരിന്റെയും അനാസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് നടപടികളിലേക്ക് കടന്നത്.
സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും സ്ത്രീകളുടെ മാനത്തെ ഹനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടും സർക്കാർ അനങ്ങിയില്ല. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ തോന്നുന്നുവെന്നും മോഹൻദാസ് പറഞ്ഞിരുന്നു. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകുകയായിരുന്നു.
ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.









0 comments