Deshabhimani

print edition കന്നഡയിലും കീഴാളൻ

Keezhalan kureeppuzha
avatar
സയൻസൺ

Published on Nov 08, 2026, 01:00 AM | 4 min read

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കുരീപ്പുഴ ശ്രീകുമാറിന്റെ 
‘കീഴാളൻ' എന്ന കവിതാ സമാഹാരം ‘മണ്ണിന മഞ്ച' പേരിൽ കന്നഡയിലും​


തൊഴിലെടുത്ത്‌ മുടിയുമ്പോഴും അതിന്റെ ഗുണഭോക്താവാകാനാകാതെ, ആയിരക്കണക്കിന്‌ മീൻ പിടിക്കുമ്പോഴും കിഴങ്ങ്‌ വിഴുങ്ങിത്തുലയ്ക്കാൻ മീൻകറിപോലും കിട്ടാത്തതുപോലുള്ള വിവിധ മേഖലകളിലെ തൊഴിലാളികളുടെ ദുരവസ്ഥയാണ്‌ പതിറ്റാണ്ടുകളായി ക‍ീഴാളൻ പറയുന്നത്‌. കുരീപ്പുഴ ശ്രീകുമാറിന്റെ ഇ‍ൗ തൊഴിലാളിപക്ഷ കവിതയാണ്‌ കന്നഡയിലേക്ക്‌ മൊഴിമാറ്റിയത്‌.


​മലയാള കവിതയിലെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഈണങ്ങൾക്ക് ഇനി കന്നഡയിലും ഇടം. തനിമ ചോരാതെ, സാധാരണക്കാരന്റെ പ്രാണവായുപോലെ പടർന്ന കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ ‘മണ്ണിന മഞ്ച' എന്ന പേരിൽ കന്നഡയിലേക്ക് മൊഴിമാറ്റപ്പെടുകയാണ്. 2011-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘കീഴാളൻ' പ്രശസ്ത സമാഹാരമാണ് ഡോ. സുഷമ ശങ്കർന്റെ പരിഭാഷയിലൂടെ അതിർത്തി കടന്ന് പുതിയ വായനക്കാരിലേക്ക് എത്തുന്നത്.


​​അധികാര വ്യവസ്ഥിതിക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ നിരന്തരം ശബ്ദമുയർത്തിയ കവിയാണ് കുരീപ്പുഴ ശ്രീകുമാർ. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനയും പ്രതിഷേധവും ആത്മാഭിമാനവുമാണ് കീഴാളൻ എന്ന കവിതയുടെ കാതൽ. അടിച്ചമർത്തപ്പെട്ടവരുടെ സങ്കടങ്ങളെ കേവലം അനുകമ്പയോടെയല്ല മറിച്ച് നിഷേധത്തിന്റെയും വിപ്ലവത്തിന്റെയും കനൽ പൊള്ളിച്ചകളോടെയാണ്‌ കവി അവതരിപ്പിക്കുന്നത്.


Keezhalanഡോ. സുഷമ ശങ്കർ


​മനുഷ്യപക്ഷത്തുനിൽക്കുന്ന ലളിതമായ വരികൾകൊണ്ട് വായനക്കാരെ നിരന്തരം ചിന്തിപ്പിക്കുകയും ചോദ്യംചെയ്യിക്കുകയുംചെയ്യുന്ന ആ കാവ്യവികാരവും സാമൂഹികബോധവും ഒട്ടും ചോർന്നുപോകാതെയാണ് കന്നഡയിലേക്കുള്ള ഈ പകർത്തെഴുത്ത്. സമാഹാരത്തിലെ 42 കവിതകളിൽ കീഴാളൻ എന്ന പ്രധാന കവിതയ്ക്കുപുറമെ മലയാളികൾ നെഞ്ചിലേറ്റിയ ഫാത്തിമത്തുരുത്ത്, ജെസ്സി, വിപണിവിൽപ്പനക്കാരൻ തുടങ്ങിയ പ്രശസ്ത രചനകളും പ്രമേയ തീവ്രത പുലർത്തുന്ന നഗ്നകവിതകളും ഉൾപ്പെടുന്നു. മലയാള വരികളുടെ താളവും ഈണവും കന്നഡ വായനയിലും ലഭിക്കുംവിധമാണ്‌ പരിഭാഷ ക്രമീകരിച്ചിരിക്കുന്നത്.

​

കീഴാളന്റെ പ്രസക്തി


​ജാതി- വേർതിരിവുകളും പാർശ്വവൽക്കരണവും പുതിയ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വർത്തമാനകാലത്ത് കീഴാളൻ എന്ന കവിതയ്ക്ക് രാഷ്ട്രീയമായും സാംസ്കാരികമായും വലിയ പ്രസക്തിയുണ്ട്. സമൂഹത്തിൽ നിശ്ശബ്ദരാക്കപ്പെടുന്ന അടിസ്ഥാന വർഗത്തിന്റെ അവകാശബോധത്തെയും ആത്മാഭിമാനത്തെയും തൊട്ടുണർത്താൻ ഈ രചനയ്ക്ക് കഴിഞ്ഞിട്ടുണ്ട്‌. ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെ മാനവികതയുടെയും സമത്വത്തിന്റെയും പക്ഷത്തുനിന്ന്‌ കലഹിക്കാൻ ഈ കവിത ഊർജം നൽകുന്നു.


​​കന്നഡയിലെ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിധ്യംകൊണ്ടും പരിഭാഷാ പുസ്തകം ശ്രദ്ധേയമാകുന്നു. കന്നടയിലെ മുതിർന്ന കവി ഡോ. ദൊഡ്ഡരംഗഗൗഡയുടെ ആമുഖവും എഴുത്തുകാരിയും വിവർത്തകയുമായ പ്രൊഫ. മലർവിഴിയുടെ പഠനവും പുസ്തകത്തിന്റെ മാറ്റ്‌ വർധിപ്പിക്കുന്നുണ്ട്‌. ദ്രാവിഡഭാഷാ വിവർത്തകസംഘത്തിന്റെ ദ്രാവിഡ പബ്ലിക്കേഷൻസാണ് പുസ്തക പ്രസാധനം നിർവഹിച്ചത്‌.


​അതിരുകൾ കടക്കുന്ന കവിത


​നാം പറയാൻ ആഗ്രഹിക്കുന്ന സത്യങ്ങൾ നിർഭയം വ്യക്തതയോടെ വിളിച്ചുപറയാനുള്ള കവിയുടെ ആർജവമാണ് ആ കവിതകളിലേക്ക് വീണ്ടും വീണ്ടും വലിച്ചടുപ്പിച്ചതെന്ന്‌ വിവർത്തക ഡോ. സുഷമ ശങ്കർ പറയുന്നു. അനീതിയും അസമത്വവും ജാതി-സമ്പത്ത്- അധികാര വേർതിരിവുകളും അവിടെ വെറും അക്ഷരങ്ങളായിരുന്നില്ല; സാധാരണ മനുഷ്യരുടെ ജീവിതത്തിൽ നിന്നുമുയർന്ന പൊള്ളുന്ന സത്യങ്ങളായിരുന്നു. കേരള ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവും തോറ്റംപാട്ടിന്റെ ആചാര്യനുമായ എൻ ചെല്ലപ്പൻ നായർ എന്ന കർഷകന്റെ മകൾക്ക്, മണ്ണിനോടും ഗ്രാമജീവിതത്തോടുമുള്ള സ്നേഹം രക്തത്തിൽ കലർന്നതായിരുന്നു. അതുകൊണ്ടുതന്നെ, അധ്വാനിക്കുന്ന മനുഷ്യന്റെ മാന്യതയെയും അവകാശങ്ങളെയും കുറിച്ച് സംസാരിച്ച കുരീപ്പുഴയുടെ കീഴാളൻ എന്ന കവിത സ്വന്തം അനുഭവമായി ഉയർന്നു.


​ബംഗളൂരുവിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ ഡോ. സുഷമ ശങ്കർ കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിലാണ്‌ ജനിച്ചത്‌. ബംഗളൂരുവിലെ അധ്യാപക ജോലിക്കിടെയാണ്‌ കന്നഡ പഠിച്ചെടുക്കുന്നത്‌. കന്നഡ സാഹിത്യ പരിഷത്തിന്റെ കാവ, ജാണ, രത്ന എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടി. മൈസൂർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന്‌ കന്നഡയിൽ ബിരുദാനന്തര ബിരുദവും കുപ്പം ദ്രാവിഡ സർവകലാശാലയിൽനിന്ന്‌ കന്നടയിൽ എംഫിലും നേടി. ദ്രാവിഡ ഭാഷകളിലെ ജ്ഞാനപീഠം പുരസ്‌കാരങ്ങൾ നേടിയ 19 വ്യക്തികളെയും അവരുടെ കൃതികളെയും കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് കുപ്പം സർവകലാശാല ഡോക്ടറേറ്റും ലഭിച്ചു.


​ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതോടൊപ്പം ‘തൊദൽനുടി’ എന്ന കന്നഡ മാസികയുടെ എഡിറ്ററുമാണ് ഡോ. സുഷമ. മലയാളത്തിലും കന്നഡയിലുമായി പന്ത്രണ്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സ്വരചനകളേക്കാൾ വിവർത്തന സാഹിത്യത്തോടാണ് താൽപ്പര്യം. ഒ എൻ വിയുടെ ഭൂമിക്കൊരു ചരമഗീതം, അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്നിവയാണ് പ്രധാന പരിഭാഷകൾ. കന്നഡയിൽനിന്നും തമിഴിൽനിന്നും മലയാളത്തിലേക്ക് മറ്റു പല കൃതികളും വിവർത്തനംചെയ്തിട്ടുണ്ട്. തെലുങ്ക് മഹാകവി സി നാരായണ റെഡ്ഡിയുടെ വിശ്വംബരം എന്ന മഹാകാവ്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഭാരതീയ നാരി രത്ന അവാർഡ്, ടീച്ചിങ് എക്സലൻസ് അവാർഡ്, ഒ എൻ വി കുറുപ്പ് അവാർഡ്, കുഞ്ചൻ നമ്പ്യാർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌. ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ്.


​പെറ്റമ്മയായ മലയാളത്തിലെ ശക്തമായ മനുഷ്യശബ്ദം പോറ്റമ്മയായ കന്നഡയിലെ വായനക്കാരിലേക്കും എത്തിക്കുക എന്ന വലിയ സ്വപ്നമാണ്‌ നിറവേറ്റപ്പെട്ടത്‌. നാല് വർഷത്തെ പ്രയത്നത്തിനൊടുവിലാണ് പരിഭാഷ മണ്ണിന മഞ്ച എന്ന പുസ്തകമായി പുറത്തിറങ്ങിയത്‌. കവിതയുടെ ആത്മാവും മൗനവും പ്രതിഷേധവും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. രണ്ട് ദ്രാവിഡ ഭാഷകൾ തമ്മിലുള്ള സാംസ്കാരിക പാലമായി ഈ വിവർത്തനം മാറി. സുരഭിലം ഗ്ലോബലും ബംഗളൂരു കേരള സമാജവും ചേർന്നൊരുക്കിയ വേദിയിൽവച്ച് പ്രകാശിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിന്റെയും ആലങ്കോട് ലീലാകൃഷ്ണന്റെയും സാന്നിധ്യത്തിൽ ബംഗളൂരു കേരള സമാജം പ്രസിഡന്റ് എ ഹനീഫയിൽനിന്ന് കന്നഡ കവികളായ ഡോ. മലർവിഴിയും ജ്യോതി നാഗയും പുസ്തകം ഏറ്റുവാങ്ങി. ഭാഷ അതിർവരമ്പുകൾ തീർക്കുമ്പോഴും മനുഷ്യന്റെ വേദനകൾക്കും പ്രതിഷേധങ്ങൾക്കും സ്നേഹത്തിനും ഒരേ ഭാഷയാണുള്ളത്. കന്നഡ വായനക്കാരുടെ ഹൃദയത്തിൽ മണ്ണിന്റെ മഞ്ചയിലൂടെ ക‍ീഴാളന്റെ മനുഷ്യപക്ഷശബ്ദം മുഴങ്ങിനിൽക്കും.


കീഴാളന്റെ മണ്ണ്‌ - കുര‍ീപ്പുഴ ശ്രീകുമാർ


‘‘മർത്ത്യൻ അജയ്യൻ

മർത്യാദ്ധ്വാനമജയ്യം’’

​

തിരുനല്ലൂർ കരുണാകരൻ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവിയാണ് മെയ്‌ദിനത്തെ അഭിവാദ്യം ചെയ്ത്‌ ഇങ്ങനെ എഴുതിയത്.‌ ഇ‍ൗ മണ്ണിൽ വിത്ത്‌ വിതച്ചതും വിളകൊയ്‌തതും അന്നമൊരുക്കിയതും മാളികകൾ പണിതതും തൊഴിലാളികളാണ്‌. എന്നാൽ തൊഴിലാളികൾ എന്നും ദുരിതജീവിതത്തിന്റെ ഉടമകളായിരുന്നു. അധ്വാനത്തെ വിൽക്കുന്പോഴും തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമൊന്നുമുണ്ടാക്കാൻ ഇപ്പോഴും നമ്മുടെ സാഹചര്യങ്ങൾക്കായിട്ടില്ല. ഇക്കാര്യങ്ങളാണ്‌ ക‍‍ീഴാളൻ കവിതയിലൂടെ പറയുന്നത്‌. പണിയെടുക്കുന്നവന്റെ ചോരയും നീരുമാണ് ഓരോ സൗധത്തിന്റെയും അടിത്തറ. എന്റെ നാടിന്റെ അന്നദാതാവ്, വിയർപ്പൊഴുക്കി നെല്ല് വിളയിക്കുന്നവൻ, അന്തിക്ക് പട്ടിണികിടക്കുമ്പോൾ എന്റെ നെഞ്ചുനീറുന്നുണ്ട്.


Kureepuzha


കീഴാളൻ ജീവിതാവസ്ഥയാണ്‌. സമൂഹത്തിന്റെ അനീതികൾക്കുമുന്നിൽ നിശ്ശബ്ദനായി ബലിയാടാക്കപ്പെടുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിക്കുന്ന മുഖമാണ് കീഴാളന്റേത്‌. രാപകൽ പണിയെടുക്കുന്നവന്റെ വിഹിതം ആകാശത്തെ മേലാപ്പും കിടക്കാൻ വഴിയോരങ്ങളും മാത്രമാകുന്ന ഈ ദുഃസ്ഥിതി ഏതു മനുഷ്യസ്നേഹിയെയാണ് വേദനിപ്പിക്കാത്തത്. ഭാഷകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്തുള്ള വികാരമാണിത്‌. അതുകൊണ്ടുതന്നെ ഇ‍ൗ കവിത കന്നടയിലേക്ക്‌ മൊഴിമാറ്റപ്പെടുന്പോഴും സ്വ‍ീകരിക്കപ്പെടുമെന്ന്‌ വിനയപൂർവം കരുതുന്നു.


അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുകയും അതേസമയം അവരെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തരംതാഴ്ത്തുകയും ചെയ്യുന്ന കാപട്യത്തെ ബോധ്യപ്പെടുത്താനാണ് ക‍ീഴാളൻ ശ്രമിക്കുന്നത്. ഈ അനീതികൾക്കെതിരെ പ്രതികരിക്കാൻ, കീഴാളന്റെ യഥാർഥ ചിത്രം അവരുടെ ഹൃദയങ്ങളിൽ പതിപ്പിക്കാൻ എന്റെ കവിതയ്ക്ക് കഴിഞ്ഞുവെങ്കിലെന്നാണ്‌ കന്നഡയിലേക്കുകൂടി കീഴാളൻ എത്തുന്പോൾ ഞാൻ ആഗ്രഹിച്ചുപോകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home