വെസ്റ്റ് ബാങ്കിലെ സെബാസ്റ്റ്യയും ലബനനിലെ കോട്ടകളും ലോക പൈതൃക പട്ടികയിൽ; എതിര്‍പ്പുമായി ഇസ്രയേൽ

ബുസാൻ: ഇസ്രായേലിന്റെ ശക്തമായ എതിർപ്പുകളും അപ്പീലുകളും തള്ളി യുനെസ്കോ വെസ്റ്റ് ബാങ്കിലെ പ്രധാന പുരാവസ്തു കേന്ദ്രമായ സെബാസ്റ്റ്യയെയും തെക്കൻ ലബനനിലെ അഞ്ച് ചരിത്രപ്രസിദ്ധമായ കോട്ടകളെയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ദക്ഷിണ കൊറിയയിലെ ബുസാനിൽ ചേർന്ന യുനെസ്കോ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് ചരിത്രപരമായ തീരുമാനം.
ഇസ്രയേൽ ഈ സ്ഥലങ്ങളിൽ ആവര്‍ത്തിച്ച് നടത്തുന്ന ആക്രമണങ്ങൾക്കും അധിനിവേശ ശ്രമങ്ങക്കും തടയിട്ട് ഈ കേന്ദ്രങ്ങളെ അതീവ അപകടസാധ്യതയുള്ള പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെബാസ്റ്റ്യ എന്ന സമാരിയ
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ നാബ്ലുസിന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നിൻപ്രദേശമായ സെബാസ്റ്റ്യ,ബൈബിളിൽ പരാമർശിക്കുന്ന പുരാതന ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമായ 'സമാരിയ'ആണെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.അയൺ ഏജ്,റോമൻ,ബൈസന്റൈൻ,ഇസ്ലാമിക് കാലഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങൾ ഇവിടെ കാണാം.
ക്രിസ്ത്യൻ-ഇസ്ലാമിക പാരമ്പര്യങ്ങൾ പ്രകാരം സ്നാപക യോഹന്നാന്റെ ഭൗതികശരീരം അടക്കം ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. 2012-ൽ പലസ്തീൻ നൽകിയ അപേക്ഷ പ്രകാരമാണ് പദവി അനുവദിച്ചു നൽകിയിരിക്കുന്നത്.
ലബനനിലെ അഞ്ച് കോട്ടകൾ
ലബനനിലെ മൗണ്ട് ആമൽ മേഖലയിലെ അഞ്ച് കോട്ടകൾക്കാണ് പൈതൃക പദവി അനുവദിച്ചത്.ക്രൂസൈഡർ,അയ്യൂബിഡ്,മംലൂക് സംസ്കാരങ്ങൾ കൂടിച്ചേർന്ന നിർമ്മാണ ശൈലിയാണ് ഈ കോട്ടകൾക്കുള്ളത്.അടുത്തിടെ ലബനനിലെ പുരാതന ഫോണീഷ്യൻ നഗരമായ ടയറിനെയും അപകടസാധ്യതയുള്ള പൈതൃക പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയിരുന്നു.
ഇസ്രായേലിന്റെ വിയോജിപ്പ്
പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ "സാംസ്കാരിക പൈതൃകത്തെ ആയുധമാക്കലാണ്"എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. തെക്കൻ ലബനനിലെ ബോഫോർട്ട് കോട്ടയെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെയും ഇസ്രായേൽ എതിർത്തു.സായുധ സംഘടനയായ ഹിസ്ബുല്ല കോട്ടയ്ക്ക് അടിയിൽ തുരങ്കങ്ങൾ നിർമ്മിച്ചും റോക്കറ്റുകൾ അയച്ചും സൈനിക താവളമാക്കി മാറ്റുകയാണെന്നും യുനെസ്കോ ഇത് അവഗണിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചു.
യുനെസ്കോയ്ക്ക് ഇസ്രായേലിനോട് വിവേചനമുണ്ടെന്ന് ആരോപിച്ച് 2019-ൽ ഇസ്രായേൽ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചിരുന്നു.










0 comments