print edition ജയിലറകൾ ഭേദിച്ച കവി

ചില കവിതകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. ചിലത് കാലത്തിന്റെ നെഞ്ചിൽ കോറിയിട്ട പ്രതിഷേധത്തിന്റെ അടയാളങ്ങളാണ്. അധികാരത്തിന്റെ ഇരുട്ടിൽ മനുഷ്യന്റെ വേദനയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദമുയർത്തിയ അത്തരം കവിതകളുടെ സ്രഷ്ടാവായിരുന്നു എം കൃഷ്ണൻകുട്ടി. കവിത എഴുതിയതിന്റെ പേരിൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ട അദ്ദേഹത്തിന്റെ അറസ്റ്റിന് നവംബർ 21ന് 50 വർഷം. 13ന് പതിമൂന്നാം ചരമവാർഷികം കഴിഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ആ അറസ്റ്റും കവിതയും ഉയർത്തിയ രാഷ്ട്രീയപ്രശ്നങ്ങൾ മാഞ്ഞുപോയിട്ടില്ല.
1976 നവംബർ 21. ചന്തിരൂർ ഗവ. സ്കൂളിൽ ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണൻകുട്ടി. മഫ്തിയിലെത്തിയ രണ്ട് പൊലീസുകാർ വിളിച്ചിറക്കി അറസ്റ്റ് ചെയ്തു. 25 വയസ്സുപോലും പിന്നിട്ടിട്ടില്ലാത്ത അധ്യാപകൻ. കുറ്റം ഭരണകൂടത്തിനെതിരെ കവിതയെഴുതി എന്നതായിരുന്നു. 1975ൽ രചിച്ച ‘ആത്മഗാഥ’ എന്ന കവിതയാണ് അറസ്റ്റിനാധാരം. വി എസ് അച്യുതാനന്ദൻ പത്രാധിപരായിരുന്ന ‘കർഷകത്തൊഴിലാളി’ മാസികയിലാണ് കവിത പ്രസിദ്ധീകരിച്ചത്.
‘പൂവുകളെന്തിന് പുലരികളെന്തിന്
പുഷ്പാഭരണവിഭൂഷിത
മോഹന സന്ധ്യകളെന്തിന്...
അമ്മേ, നിന്റെ കരിച്ചട്ടികളിൽ
കണ്ണീരുപ്പു കലങ്ങും നേരം...'
എന്ന വരികളിൽ വിശക്കുന്ന മനുഷ്യരുടെ ജീവിതവും ഭരണകൂടത്തിന്റെ ആഘോഷങ്ങൾക്കുമുന്നിലുള്ള അവരുടെ നിസ്സഹായതയുമായിരുന്നു കവി വരച്ചിട്ടത്. ജനതയുടെ കണ്ണീരിനുമേൽ അധികാരത്തിന്റെ ആഘോഷങ്ങൾ പണിയുന്ന വ്യവസ്ഥിതിക്കെതിരായ തുറന്ന ചോദ്യമായിരുന്നു ആ കവിത.
‘വന്ദേമാതരം' എന്ന മറ്റൊരു കവിതയും ഭരണകൂടത്തിന്റെ അമർഷത്തിന് കാരണമായി. ‘ഇരുപത് കഴുതകൾ കെട്ടിവലിക്കുന്ന പെരുമന്ത്' എന്ന പ്രയോഗം ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കെതിരായ പരിഹാസമായി വ്യാഖ്യാനിക്കപ്പെട്ടു. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. കൃഷ്ണൻകുട്ടി ഒന്നാംപ്രതി. മാസികയുടെ പത്രാധിപരായിരുന്ന വി എസ്, കർഷക തൊഴിലാളി യൂണിയൻ നേതാവ് പി കെ കുഞ്ഞച്ചൻ, പ്രസിന്റെ ഉടമ പുന്നപ്രയിലെ വാസുദേവൻ എന്നിവരും കൂട്ടുപ്രതികളായി.
ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരാക്കിയ കവിയെ സബ് ജയിലിലടച്ചു. ആ അറസ്റ്റ് ഒരു കുടുംബത്തിന്റെ ജീവിതത്തിലും വലിയ ആഘാതമായി. മൂന്നുവയസ്സുള്ള മൂത്തമകളും മൂന്നുമാസംമാത്രം പ്രായമുള്ള ഇളയകുഞ്ഞും വീട്ടിലുണ്ടായിരുന്നു. അധ്യാപികയായ ഭാര്യ രാധാമണിക്ക് സഹപ്രവർത്തകനായ കുട്ടിമൂസയുടെ കൈവശം കൊടുത്തയച്ച കുറിപ്പിൽ കൃഷ്ണൻകുട്ടി എഴുതിയിരുന്നത് രണ്ടു കാര്യങ്ങൾമാത്രം: മക്കളെ നന്നായി നോക്കണം, ധൈര്യമായിരിക്കണം. ജീവിതത്തിന്റെ ഈ പ്രതിസന്ധിയിലും കുടുംബത്തിന്റെ കരുത്തായി രാധാമണി നിലകൊണ്ടു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ‘ഓർമയിൽനിന്ന്' എന്ന കവിതയിൽ അദ്ദേഹം കുറിച്ചു:
‘കുറ്റങ്ങൾ ചെയ്യുവോർ സിംഹാസനങ്ങളിൽ
കുത്തിയിരിക്കുമീ ദുർഭഗ വേളയിൽ
തൻ തലതാഴ്ത്തി നടപ്പതിലും എനി-
ക്കന്തസ്സാണല്ലോ ജയിലിലെ ജീവിതം.'
അധികാരത്തിന്റെ സിംഹാസനങ്ങളേക്കാൾ അഭിമാനകരമാണ് അനീതിക്കെതിരെ നിലകൊണ്ടതിന്റെ പേരിലുള്ള തടവുജീവിതമെന്ന പ്രഖ്യാപനമായിരുന്നു അത്. ‘റിപ്പബ്ലിക്കിന്റെ കുഞ്ഞ്' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയ ഈ കവിത കൃഷ്ണൻകുട്ടിയുടെ രാഷ്ട്രീയബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും സാക്ഷ്യമാണ്.
1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചിട്ടും കൃഷ്ണൻകുട്ടിക്ക് മോചനം ലഭിച്ചില്ല. അദ്ദേഹം ജയിലിൽ നിരാഹാരസമരം തുടങ്ങി. നാലാംദിവസമാണ് മോചന ഉത്തരവുണ്ടായത്. വി എസ് സബ് ജയിലിലെത്തി നാരങ്ങാനീര് നൽകിയാണ് നിരാഹാരം അവസാനിപ്പിച്ചത്.
വേട്ടയ്ക്കൊരുമകൻ, റിപ്പബ്ലിക്കിന്റെ കുഞ്ഞ്, നഗരത്തിൽ കണ്ട പെണ്ണ് തുടങ്ങി നൂറിലേറെ കവിതകളിലൂടെ വിശപ്പ്, ദാരിദ്ര്യം, പീഡനം, സാമൂഹിക അനീതി, മനുഷ്യന്റെ ഉയിർത്തെഴുന്നേൽപ്പ് എന്നിവയ്ക്ക് അദ്ദേഹം കാവ്യഭാഷ നൽകി.
അദ്ദേഹത്തെ ‘വിപ്ലവകവി’ എന്ന് വിശേഷിപ്പിച്ചത് ഇ എം എസായിരുന്നു. ചെന്നിത്തലയിൽ ജനിച്ച് ചന്തിരൂരിലെ അധ്യാപകജീവിതത്തിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിയ കൃഷ്ണൻകുട്ടി, കവിതയെ സൗന്ദര്യത്തിന്റെ ആവിഷ്കാരം മാത്രമാക്കിയില്ല; അത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആയുധമാക്കി.
അദ്ദേഹത്തിന്റെ പ്രകാശിത കവിതകൾക്കൊപ്പം അപ്രകാശിത രചനകളും ഉൾപ്പെടുത്തി ‘ആത്മഗാഥ’ എന്ന പേരിൽ പുതിയ സമാഹാരം ഞായറാഴ്ച പ്രകാശനം ചെയ്യുകയാണ്. ഒരു കവിയുടെ സർഗജീവിതം വീണ്ടെടുക്കുന്നതിനൊപ്പം മലയാളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകകൂടിയാണ് ഈ പുസ്തകം.
അരനൂറ്റാണ്ടിനുശേഷവും കൃഷ്ണൻകുട്ടിയുടെ കവിതകൾ നമ്മോട് സംസാരിക്കുന്നു. കാരണം അവ ഒരു കാലത്തിന്റെ പ്രതിഷേധമായിരുന്നില്ല; എല്ലാ കാലത്തും അനീതിക്കെതിരെ ഉയരേണ്ട മനുഷ്യശബ്ദമായിരുന്നു. ജയിലറകൾക്കപ്പുറത്തേക്ക് വളർന്ന ആ കവിതയുടെ വിപ്ലവജ്വാല ഇന്നും കെടാതെ നിൽക്കുന്നു.








0 comments