ഇസ്രയേലി വംശഹത്യ പ്രമേയമാക്കിയ 'നാസ' തരംഗമായി; സംവിധായകരുടെ പൗരത്വം റദ്ദാക്കുമെന്ന് ഭീഷണി

വെനീസ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ 'നാസ' (NAZA)യുടെ സംവിധായകര്‍ക്ക് ഇസ്രയേൽ സാംസ്കാരിക മന്ത്രിയുടെ ഭീഷണി. ഡോക്യുമെന്ററി സംവിധായകരായ യുവൽ എബ്രഹാം, റെയ്ച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കണമെന്ന് മന്ത്രി മിഖി സോഹർ ആവശ്യപ്പെട്ടു.
പലസ്തീനിലും ഗാസയിലുമായി ഇസ്രയേൽ നടത്തുന്ന ക്രൂരമായ വംശഹത്യയുടെ നേര്‍ചിത്രമാണ് നാസ പുറത്തു കൊണ്ടുവന്നത്. ലോകം മുഴുവൻ ചലച്ചിത്ര പ്രേമികൾക്ക് ഇടയിൽ ഈ ചിത്രം ചര്‍ച്ചയായി. ഇസ്രയേൽ ക്രൂരതകൾ അത് നിര്‍വ്വഹിച്ചവരുടെ വാക്കുകളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. വെനീസ് മേളയിൽ കാണികൾ 25 മിനിറ്റ് നേരം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ഇതോടെയാണ് നിലതെറ്റിയ മന്ത്രിയുടെ ഭീഷണി.
ഓസ്കര്‍ പുരസ്കാരം നേടിയ 'നോ അദർ ലാൻഡ്' (No Other Land) എന്ന ചിത്രത്തിന് ശേഷം യുവൽ എബ്രഹാമും റെയ്ച്ചൽ സോറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ്. വെനീസ് ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്യുമെന്ററി ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. പ്രമേയത്തിന്റെ പ്രാധാന്യവും ലോകത്തെ ഞെട്ടിക്കുന്ന നേര്‍ക്കുനേര്‍ വിവരങ്ങളുമാണ് വെനീസ് ജൂറിയെ സ്പര്‍ശിച്ചത്.
ഗാസ യുദ്ധത്തിൽ ഫലസ്തീൻ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെയും സൈനിക സംവിധാനങ്ങളുടെയും വിവരങ്ങളാണ് 80 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന "നെസെക് അഗാവി" (Nezek Agavi) എന്നതിന്റെ മിലിട്ടറി ചുരുക്കെഴുത്താണ് NAZA. ഗാസയിലെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരുടെ എണ്ണത്തെയാണ് സൈന്യം ഈ വാക്കു കൊണ്ട് സൂചിപ്പിക്കുന്നത്.
അതീവ രഹസ്യമായി ചിത്രീകരിച്ച സിനിമ
ടെൽഅവീവിലെ കെട്ടിടങ്ങളുടെ മുകളിൽ വെച്ച് അതീവ രഹസ്യമായി രാത്രിയിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഇസ്രയേലി മിലിട്ടറി ഉദ്യോഗസ്ഥര്‍, സൈനികര്‍, വിസിൽ ബ്ലോവര്‍മാര്‍ എന്നിവരുൾപ്പെടെ 24 ഓളം പേരുടെ അഭിമുഖങ്ങൾ ഇതിലുണ്ട്. ഇസ്രായേലി ദിനപത്രമായ 'ഹാറെറ്റ്സ്' തങ്ങളുടെ എഡിറ്റോറിയലിൽ ഈ ചിത്രത്തെ പ്രശംസിച്ചു. ഗാസയിലെ യുദ്ധമുറകളിലെ കറുത്ത പാടുകൾ തിരിച്ചറിയാൻ ഇസ്രായേലികളെ നിർബന്ധിതരാക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകർ ചെയ്യുന്നതെന്ന് കുറിച്ചു.
അതേ സമയം വംശ വെറിയൻ ഭരണകൂടത്തെ ഇത് നിലതെറ്റിച്ചു. നീചം എന്നാണ് സാംസ്കാരിക മന്ത്രി പ്രതികരിച്ചത്. രാജ്യത്തെ ദേശീയ സുരക്ഷാ മന്ത്രി ഇത്മാർ ബെൻ-ഗ്വിർ നിങ്ങൾക്ക് ഹമാസിന്റെ അരികിലേക്ക് പോകാം എന്ന് സംവിധായകരോട് പറഞ്ഞു. ഇരുവരെയും ഇസ്രയേലിന്റെ ചരിത്രത്തിലെ കറുത്ത പുള്ളികൾ എന്ന് വിശേഷിപ്പിച്ചു.
ഇസ്രയേലിലെ ഇടതുപക്ഷ ഹദഷ് പാര്‍ടി നേതാവ് യൂസഫ് ജബാറീൻ സംവിധായകരെ അഭിനന്ദിച്ചു. ക്രൂര യാഥാര്‍ത്ഥ്യങ്ങൾ ലോകത്തെ കാണിച്ചതിൽ സംവിധായകരെ പ്രശംസിച്ചു.
Yuval Abraham and Rachel Szor
ഇരുവരുടെയും മുൻ ചിത്രം 'നോ അദർ ലാൻഡ്' (2024) വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളെ കുറിച്ചായിരുന്നു. ഓസ്കര്‍ പുരസ്കാരം നേടിയപ്പോഴും ഈ ചിത്രം വംശവെറിയൻ നിലപാടുകാരിൽ നിന്ന് വലിയ വിമര്‍ശനങ്ങൾ നേരിട്ടു.
നാസ സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കും. ഫ്രഞ്ച് വിതരണക്കാരായ MK2 ഫിലിംസിനാണ് ചിത്രത്തിന്റെ ആഗോള വിതരണാവകാശം.










0 comments