വാഴക്കുല വിളവെടുക്കുമ്പോൾ

എസ് പി വിഷ്ണു
Published on Aug 29, 2025, 12:00 AM | 2 min read
കേരളത്തിൽ ഏറ്റവും കൂടുതൽ വാഴക്കുലകൾ വിളവെടുക്കുന്നതും വിറ്റഴിക്കുന്നതുമായ സമയമാണ് ഓണക്കാലം. വാഴക്കുല വിളവെടുപ്പിലും അതിനുശേഷം കുലകൾ കൈകാര്യം ചെയ്യുന്നതിലുമുള്ള അശ്രദ്ധമൂലം 20– 25 ശതമാനംവരെ നഷ്ടം കർഷകർക്ക് ഉണ്ടാകാറുണ്ട്. കായ്കൾ മൂപ്പെത്തുന്നത് മുതൽ വിപണിയിൽ എത്തിക്കുന്നത് വരെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയൊരു അളവിൽ നഷ്ടം ഒഴിവാക്കാനാകും. വിളവെടുക്കുമ്പോൾ ഇതിനായി കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി:
ഏറെ ശ്രദ്ധയോടെ
വിളവെടുക്കാൻ ഏറ്റവും പറ്റിയ സമയം അതിരാവിലെയാണ്. ഒറ്റ വെട്ടിനു തന്നെ കുല മുറിച്ചെടുക്കണം.
പ്രാദേശിക വിപണനത്തിനുള്ള കുലകൾ നന്നായി മൂപ്പെത്തിയ ശേഷം വെട്ടിയാൽ മതിയാകും. കായയുടെ കോണുകൾ അപ്രത്യക്ഷമാവുകയും ഒന്നോ രണ്ടോ കായകൾ പഴുത്തു തുടങ്ങുകയും ചെയ്യുന്ന സമയത്ത് കുലകൾ മുറിച്ചെടുക്കാം. കേടുവന്നതും കുറച്ചു നിറവ്യത്യാസം ഉള്ളതുമായ കായകൾ മുറിച്ചു മാറ്റണം, അല്ലെങ്കിൽ മറ്റുള്ള കായകളിലും അത് ബാധിച്ചേക്കാം.
കുലയിലും കായകളിലും പറ്റിയിരിക്കുന്ന മണ്ണും കരിയിലകളും മാറ്റി വൃത്തിയാക്കണം.
കായയുടെ ചൂട് കുറയ്ക്കുന്നതിനായി തണലിൽ വയ്ക്കുകയോ തണുത്ത വെള്ളത്തിൽ മുക്കുകയോ ചെയ്യാം. മുറിച്ചെടുത്ത ശേഷം കുലകൾ ചാരി വയ്ക്കുന്നത് കറ കായയിൽ പറ്റാതെ താഴേക്ക് വാർന്നു പോകുവാൻ സഹായിക്കും.
ദീർഘദൂര വിപണി
ദീർഘദൂര വിപണികളിലേക്ക് എത്തിക്കുവാൻ കുലകൾ ഒന്ന് രണ്ട് ആഴ്ചയ്‌ക്കുള്ളിൽ പഴുക്കുന്ന പാകത്തിന് (85–-90%) വിളവെടുക്കണം. കായയുടെ കോണുകൾ ഈ സമയം നികന്ന് തുടങ്ങുന്നതായി കാണാം. വിളവെടുക്കുന്ന കുലത്തണ്ടിന് കുറച്ച് നീളം കൂടുതലുണ്ടായിരിക്കണം. തണ്ടിന്റെ അഗ്രഭാഗത്ത് ചീയൽ ആരംഭിച്ചാൽ വിപണനം ചെയ്യുന്ന സമയത്ത് ആഗ്രം വെട്ടിക്കളഞ്ഞു വൃത്തിയായി കുല വിൽക്കാനാകും.
മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സന്ദർഭത്തിൽ മൂന്നാഴ്ചകൊണ്ട് പഴുക്കുന്ന പാകത്തിന് (75 -– 80 %) വിളവെടുക്കണം. ഈ ഘട്ടത്തിൽ കായയുടെ കോണുകൾ വളരെ വ്യക്തമായിരിക്കും.
പ്രീമിയം വില കിട്ടാൻ ഗ്രേഡിങ്
കുലകളുടെയും കായകളുടെയും ഭൗതിക ഗുണങ്ങളെ അടിസ്ഥാനമാക്കി ഗ്രേഡിങ് നടത്തി വിപണനം ചെയ്യുന്നത് കുലകൾക്ക് മികച്ച വില ലഭിക്കുവാൻ സഹായിക്കും.
ഗ്രേഡ് 1:- ഏറ്റവും വലിയ കുലകൾ, വലിപ്പം കൂടിയതും ഒരേ വലിപ്പമുള്ളതുമായ കായകൾ, കായകളുടെ പുറത്ത് പാടുകളും ചീയലും ഇല്ലാത്തവ.
ഗ്രേഡ് 2:- ഒന്നാം ഗ്രേഡിനേക്കാൾ വലിപ്പം കുറഞ്ഞ കുലകൾ. കായ്കൾ തമ്മിൽ വലിപ്പത്തിൽ അൽപ്പം വ്യത്യാസമുണ്ടാകാം.
ഗ്രേഡ് 3:- ചെറിയ കുലകൾ, കായകളുടെ വലിപ്പവും കുറവായിരിക്കും.
അധിക ലാഭത്തിന് മൂല്യവർധന
ഉൽപ്പന്നം അധികമാകുമ്പോൾ കർഷകർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്‌ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്നത്. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണവും അതുവഴിയുള്ള വൈവിധ്യവൽക്കരണവുമാണ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരം. ചിപ്‌സും, ഏത്തക്കായ പൊടിക്കും, കായ വരട്ടിക്കും പുറമേ ജാം കാൻഡി, ഫ്രൂട്ട് ബാർ, ഡീ ഹൈഡ്രേറ്റഡ് ഫ്രൂട്ട്, ബനാന വൈൻ തുടങ്ങിയ സംരംഭങ്ങൾക്കും സ്വദേശത്തും വിദേശത്തും വലിയ സാധ്യതകളുണ്ട്. സംസ്ഥാന സർക്കാർ ഈ മേഖലയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
(കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)









0 comments