തണ്ണിമത്തന്റെ രഹസ്യങ്ങൾ

ഡോ. ടി പ്രദീപ്‌കുമാർ
Published on Feb 23, 2025, 03:29 AM | 3 min read
കടുത്ത വേനൽചൂടിൽ തണ്ണിമത്തൻ രുചിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. ആഫ്രിക്കയിൽ ജന്മംകൊണ്ടതാണെങ്കിലും ലോകമെമ്പാടും കൃഷി ചെയ്യുന്ന വിളയാണിത്. ഉൽപ്പാദനത്തിൽ ചൈനയാണ് മുന്നിട്ടുനിൽക്കുന്നതെങ്കിലും ഇന്ത്യയും തൊട്ടുപുറകിലുണ്ട്. ഗുണമേന്മയുള്ള തണ്ണിമത്തൻ ഇനങ്ങൾ തുർക്കിയിൽനിന്നും ഇറാനിൽനിന്നുമാണ് ഇന്ത്യയിൽ പ്രചരിച്ചത്. എഴുപതുകളിൽ അമേരിക്കയിൽനിന്ന് വന്ന ഷുഗർ ബേബി ഇന്നും താരമാണ്.
ജാപ്പനീസ് സാങ്കേതികവിദ്യ വഴി കുരുവില്ലാത്ത ഇനങ്ങൾ തണ്ണിമത്തനിൽ ജന്മമെടുത്തു. കൂടുതൽ മധുരവും കുരുവുമില്ലാത്ത ഇനങ്ങൾ വികസിത രാജ്യങ്ങളിൽ ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം ഇനങ്ങൾ ഇനിയും പ്രചരിച്ചിട്ടില്ല. രുചിയും ഗുണവും കൂടുതലുള്ള കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകൾക്ക് വിദേശ രാജ്യങ്ങളിൽ മോഹവില ലഭിക്കുന്നുണ്ട്. ലഭ്യതക്കുറവുമൂലം ഇവയുടെ വിത്തുകൾക്ക് വിപണിയിൽ വൻ വിലയാണുള്ളത്. പൊതുമേഖലയിൽ ഇന്ന് ഇന്ത്യയിൽ വെള്ളാനിക്കര കേരള കാർഷിക സർവകലാശാലാ പച്ചക്കറി ശാസ്ത്രവിഭാഗത്തിൽനിന്ന് മാത്രമാണ് കുരുവില്ലാത്ത തണ്ണിമത്തൻ ഇനങ്ങളുടെ വിത്ത് വിതരണം ചെയ്യുന്നത്. മഞ്ഞക്കാമ്പുള്ള കുരുവില്ലാത്ത സ്വർണയുടെയും ചുവന്നകാമ്പുള്ള കുരുവില്ലാത്ത ഇനമായ ശോണിമയുടെയും വിത്തുകൾ ഇവിടെനിന്ന് 10 വർഷമായി വിതരണം ചെയ്യുന്നുണ്ട്.
പരീക്ഷണം
തണ്ണിമത്തന്റെ വിത്തുകൾ ആഫ്രിക്കയിലും ചൈനയിലും വറുത്ത് കഴിക്കുന്നുണ്ടെങ്കിലും കുരുവില്ലാത്ത ഇനങ്ങളോടുള്ള പ്രിയം കൂടിയിരിക്കുകയാണ്. ജനിതകമാറ്റം (Transgenic) വരുത്താതെ തന്നെ ട്രിപ്ളോയ്ഡ് സാങ്കേതികവിദ്യ വഴി തണ്ണിമത്തനിൽ കുരുവില്ലാത്ത ഇനങ്ങൾ വികസിപ്പിക്കാനാവും. ജപ്പാൻ ശാസ്ത്രജ്ഞനായ കിഹാര കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ കേരള കാർഷിക സർവകലാശാലയിൽ ഫലവത്തായി പ്രയോഗത്തിൽ വരുത്തിയിരിക്കുകയാണ്. സാധാരണ തണ്ണിമത്തൻ ചെടിയിൽ 22 ക്രോമസോമുകളാണുള്ളത്. കുരുവില്ലാത്ത തണ്ണിമത്തൻ ഇനങ്ങൾ ഉണ്ടാക്കുന്നതിന്റെ ആദ്യപടിയായി ഈ 22 ക്രോമസോമുകളെ ഇരട്ടിപ്പിച്ച് 44 ക്രോമസോമുകളുള്ള ടെട്രാപ്ലോയ്ഡ് ചെടികളെ വികസിപ്പിക്കുന്നു. ഇതിനായി വിത്തിലോ തൈകളിലോ കോൾചിസിൻ അല്ലെങ്കിൽ ഡൈനൈട്രോ അനിലിൻ തുടങ്ങിയ രാസവസ്തുക്കൾ വളരെ നേർപ്പിച്ച അളവിൽ പുരട്ടുന്നു. ഇവ കോശവിഭജനത്തിൽ ഇടപെടുകയും കോശങ്ങളുടെ ഇടയിൽ നടക്കുന്ന കൃത്യമായ ക്രോമസോമുകളുടെ പങ്കുവയ്ക്കൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
തൽഫലമായി രൂപപ്പെടുന്ന കോശങ്ങളിൽ പല എണ്ണത്തിലുള്ള ക്രോമസോമുകൾ ഉണ്ടാകും. ഇവയിൽനിന്ന് കൃത്യമായി ക്രോമസോമുകൾ ഇരട്ടിച്ച കോശങ്ങൾ കണ്ടെത്തുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. 44 ക്രോമസോമുകളുള്ള ചെടികളിൽ വിരിയുന്ന പെൺപൂക്കളിൽ സാധാരണ ഇനങ്ങളുടെ പൂമ്പൊടി വിതറിയാൽ ബീജസങ്കലനം നടന്ന് 33 ക്രോമസോമുകളുള്ള വിത്തുകൾ ഉണ്ടാകും. ഇത്തരം ട്രിപ്ളോയ്ഡ് വിത്തുകൾ മുളച്ചുണ്ടാകുന്ന ചെടികളിൽ പെൺപൂക്കളും ആൺപൂക്കളും വിടരുമെങ്കിലും ക്രോമസോമുകളുടെ കൃത്യമായ വിഭജനം നടക്കാത്തതിനാൽ ഈ പൂക്കൾ വന്ധ്യമായിരിക്കും. ആൺപൂക്കളിൽ പൂമ്പൊടിയോ പെൺപൂക്കളിൽ വിത്തായി പരിണമിക്കുന്ന അണ്ഡമോ (ovule) ഉണ്ടാകില്ല. എന്നാൽ പെൺപൂക്കളിൽ സാധാരണ ഇനങ്ങളിൽനിന്നുള്ള പൂമ്പൊടി പതിച്ചാൽ, അണ്ഡാശയം വികസിക്കുകയും കായ ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന ഫലങ്ങളിൽ വിത്തുണ്ടാകില്ല.
വിത്ത് മുളപ്പിക്കാൻ
പല വികസിത രാജ്യങ്ങളിലും ഗ്രോത്ത് ഹോർമോണുകൾ ഉപയോഗിച്ച് അണ്ഡാശയത്തിൽ ചില മാറ്റങ്ങളുണ്ടാക്കി ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. ട്രിപ്ളോയ്ഡ് സാങ്കേതികവിദ്യ വഴി ഉണ്ടാക്കുന്ന വിത്തുകൾ കർഷകർക്ക് നൽകുമ്പോൾ ഹൈബ്രിഡ് വിത്തുകളോടൊപ്പം പരാഗണം ഉറപ്പാക്കാനുള്ള സാധാരണവിത്തുകളും നൽകേണ്ടതാണ്. കേരള കാർഷിക സർവകലാശാലയിൽനിന്ന് സ്വർണയും ശോണിമയും നൽകുമ്പോൾ സാധാരണ ഇനമായ ഷുഗർബേബിയും നൽകുന്നുണ്ട്. നാലുവരി ഹൈബ്രിഡ് വിത്തുകൾ നടുമ്പോൾ ഒരുവരി സാധാരണ ഇനവും നടണം. കട്ടിയുള്ള പുറന്തോടുള്ളതിനാൽ വിത്തുമുളക്കാൻ താമസിക്കും. ചെറുചൂടു വെള്ളത്തിൽ (50 ഡിഗ്രിസെൽഷ്യസ്) ഒരുമണിക്കൂർ മുക്കിവച്ചാൽ വിത്തിന്റെ അങ്കുരണശേഷി വർധിക്കും. ചൂട് വെള്ളത്തിൽ ഇട്ടതിനുശേഷം 12 മണിക്കൂർ സ്യുഡോമോണാസ് ലായനിയിൽ വിത്ത് കിഴികെട്ടിവച്ചാൽ ഫലം കൂടും. പൂവിരിയുമ്പോൾ പരാഗണം ഉറപ്പാക്കാൻ തേനീച്ചക്കൂട് കൃഷിയിടത്തിൽ സ്ഥാപിക്കുന്നതും നല്ലതാണ്. തേനീച്ചയുടെ കുറവുണ്ടെങ്കിൽ നേരിട്ട് പരാഗണം നടത്തിയാൽ മാത്രമേ കായ വികസിക്കുകയുള്ളൂ. പരാഗണം നടന്ന് 30 ദിവസത്തിനുള്ളിൽ കായ വിളവെടുക്കാൻ പാകമാകും.
ഗുണങ്ങളേറെ
കുരുവില്ലാത്ത തണ്ണിമത്തന് ഗുണമേന്മ കൂടുതലാണ്. സിട്രുലിൻ എന്ന അമിനോ അമ്ലം സാധാരണ ഇനങ്ങളേക്കാൾ ഒന്നരമടങ്ങ് കൂടുതൽ മഞ്ഞക്കാമ്പുള്ള സ്വർണയിലുണ്ട്. രക്തചക്രമണം ഉദ്ദീപിപ്പിക്കുന്ന സിട്രുലിൻ, ശ്വസനശക്തിയെയും ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കായികതാരങ്ങൾക്ക് ശുപാർശചെയ്യുന്ന ഫലമാണ് തണ്ണിമത്തൻ.
കോവിഡുസമയത്ത് സിട്രുലിന്റെ രോഗപ്രതിരോധശേഷിയെക്കുറിച്ച് ഏറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. തക്കാളിയിൽ മാത്രമുള്ളതെന്ന് കരുതിയിരുന്ന ലൈകോപ്പിൻ എന്ന വർണം തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളിൽ ലൈകോപ്പിൻ അംശം കൂടുതലാണ്. കട്ടിയുള്ള പുറന്തോടുകൂടിയ ട്രിപ്ളോയ്ഡ് ഹൈബ്രിഡുകായകൾ കൂടുതൽകാലം കേടാകാതെ സൂക്ഷിക്കാനാവും. കുരുവിന്റെ അഭാവവും കാമ്പിന്റെ മധുരിമയും ഇവയെ വിപണിയിൽ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ചുവന്ന കാമ്പുള്ള ശോണിമക്കും മഞ്ഞകാമ്പുള്ള സ്വർണക്കുമൊപ്പം ഓറഞ്ച് കാമ്പുള്ള പുതിയ ഹൈബ്രിഡും കൂടി വെള്ളാനിക്കരയിൽ ഉള്ള പച്ചക്കറി ശാസ്ത്രവിഭാഗം വികസിപ്പിച്ചിട്ടുണ്ട്. കാർഷിക സർവകലാശാല വികസിപ്പിച്ച ടെട്രാപ്ലോയ്ഡ് ഇനമാണ് ഈ ഹൈബ്രിഡിലും മാതൃസസ്യമായി ഉപയോഗിച്ചിരിക്കുന്നത്. ഒരൊറ്റ മാതൃസസ്യം ഉപയോഗിച്ച് 3 വർണങ്ങളിൽ ട്രിപ്ളോയ്ഡ് ഹൈബ്രിഡുകൾ ഉണ്ടാക്കുകയെന്ന അപൂർവ നേട്ടമാണ് കാർഷിക സർവകലാശാല കൈവരിച്ചിരിക്കുന്നത്. ഗവേഷണ വിദ്യാർഥിനിയായ അൻസബയുടെ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് ഈ ഓറഞ്ച്ഹൈബ്രിഡ് വികസിപ്പിച്ചത്. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ തുടരുകയാണ്.
(കേരള കാർഷിക സർവകലാശാല വെജിറ്റബിൾ സയൻസ് വിഭാഗം തലവനാണ് ലേഖകൻ)









0 comments