സൂര്യകാന്തി ലാഭകരമായി കൃഷി ചെയ്യാം

രവീന്ദ്രൻ തൊടീക്കളം
Published on Sep 07, 2025, 09:18 AM | 1 min read
ആസ്റ്ററാസീറേ സസ്യ കുടുംബത്തിൽപ്പെട്ട സൂര്യകാന്തി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ലാഭകരമായ ഒരു വിളയാണ്. ഉഷ്ണമേഖല പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ പറ്റിയ ഈ വിളയ്‌ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. താപനില 20 മുതൽ 30 ഡിഗ്രി സെൽഷ്യസ്‌വരെയാണ് ചെടി വളർച്ചയ്‌ക്കും ഉൽപ്പാദനത്തിനും ഉത്തമം. എല്ലാതരത്തിലുള്ള മണ്ണിലും കൃഷി ചെയ്യാമെങ്കിലും നീർവാർച്ചയുള്ള ചെങ്കൽ മണ്ണിലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്. കേരളത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്താണ് കൃഷി ചെയ്യുന്നത്. ആർസിഎച്ച്2, കെബിഎസ്‌എച്ച്- 44, എൻഎസ്‌ടിഎച്ച് 36 എന്നീ സങ്കരയിനങ്ങൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളവ് തരും.
കൃഷി രീതി
വിത്തുകൾ എട്ട് മണിക്കൂർ കുമിൾനാശിനി ലായനിയിലോ ചുണ്ണാമ്പ് വെള്ളത്തിലോ മുക്കി വച്ച് മുളപ്പിച്ചു വിതയ്‌ക്കുന്നതാണ് നല്ലത്. കൃഷിയിടം നന്നായി ഉഴുതുമറിച്ച് നിരപ്പാക്കിയ ശേഷം ഏക്കർ ഒന്നിന്ന് അടി വളമായി നാല് ടൺ ജൈവ വളവും രാസവളങ്ങളായി യൂറിയ ഇരുപത് കിലോഗ്രാം, രാജ് ഫോസ് 120 കിലോഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 27 കിലോഗ്രാം എന്ന തോതിൽ ചേർത്ത് കൊടുക്കണം. ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തണം. മൂന്ന് മീറ്റർ വരെ ഉയരത്തിൽ ചെടി വളരും. രോഗങ്ങൾക്കും കീടങ്ങൾക്കും എതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കണം പൂവ് വരാറാകുമ്പോൾ മേൽവളമായി പതിനഞ്ച് കിലോ യൂറിയ ചേർത്ത് കൊടുക്കണം.
55– 60 ദിവസത്തിനകം വിളവെടുപ്പിന് പാകമാകും. പൂങ്കല വലുതും, പത്തു മുതൽ മുപ്പത് സെന്റീമീറ്റർ വരെ വ്യാസമുള്ളതും, നൂറുകണക്കിന് ചെറിയ ട്യൂബുലാർ പൂക്കൾ അടങ്ങിയതുമായിരിക്കും. രാവിലെ എല്ലാ പൂക്കളും കിഴക്കോട്ട് സൂര്യന് അഭിമുഖമായിരിക്കും. പുറം ഭാഗം മഞ്ഞയിൽനിന്ന് തവിട്ടുനിറമാകുമ്പോൾ വിളവെടുക്കാം. ശരാശരി വിളവ് ഏക്കർ ഒന്നിന് ആറ് ടൺ വരെ പൂക്കൾ ലഭിക്കും. ഭക്ഷ്യ എണ്ണ ഉണ്ടാക്കുന്നതിനാണ് സൂര്യകാന്തി വ്യാവസായികമായി ഉപയോഗിക്കുന്നത്.









0 comments