വിശപ്പിന്റെ ഫലം

mulberry
avatar
രവീന്ദ്രൻ തൊടീക്കളം

Published on Jan 11, 2025, 10:59 PM | 1 min read


ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന ഫലവർഗമാണ് നോനി അഥവാ ഇന്ത്യൻ മൾബറി. ക്ഷാമകാലത്തെ ഭക്ഷണമെന്ന നിലയിൽ വിശപ്പിന്റെ ഫലമെന്ന പേരിലും അറിയപ്പെടുന്നു. സുരാംഗി, ഹുർദി, ബർതൊണ്ടി തുടങ്ങി വിവിധ പേരുകളിലറിയപ്പെടുന്നുണ്ട്‌. റൂബിയേസി സസ്യകുടുംബത്തിൽപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രീയനാമം മെറിൻഡ സിട്രി ഫോളിയ. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയോ ഓസ്ട്രേലിയയോ ആണെന്നാണ് അനുമാനം. ധാരാളം ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, കരോട്ടിൻ, ബയോട്ടിൻ, കാൽസ്യം, മനീഷ്യം പെക്ടിൻ, ലിനോയിക് ആസിഡ്, മാംസ്യം തുടങ്ങിയവ ഈ ഫലത്തിൽ അടങ്ങിയിരിക്കുന്നു.


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ജാർഖണ്ഡിലാണ്. കേരളത്തിലും വളരും. നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം വേണം കൃഷിക്കായി കണ്ടെത്തേണ്ടത്. വിത്ത് മുളപ്പിച്ചോ തണ്ട് മുളപ്പിച്ചോ നടീൽ വസ്തു എടുക്കാം. തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായും നടാം. നന്നായി പരിചരിച്ചാൽ മൂന്നാം വർഷംമുതൽ കായ്ച്ചു തുടങ്ങും. അഞ്ചാം വർഷത്തോടെ നല്ല വിളവ് ലഭിച്ചുതുടങ്ങും. മുപ്പതടിവരെ ഉയരത്തിൽ ചെടി വളരും.


ഉരുളക്കിഴങ്ങിന്റെ വലുപ്പത്തിലും കടചക്കയുടെ ആകൃതിയിലുമുള്ള പഴം വർഷം മുഴുവൻ ലഭിക്കുമെങ്കിലും വേനൽക്കാലത്താണ് കൂടുതൽ ഫലങ്ങൾ ലഭിക്കുക. ആദ്യം പച്ച പിന്നെ മഞ്ഞ, പാകമായാൽ വെള്ള എന്നീ നിറങ്ങളിലുള്ള ഫലങ്ങളിൽ ധാരാളം വിത്തുകൾ കാണാം. പാകമായ പഴങ്ങൾക്ക് മീനിന്റെ മണമാണ്. പഴുക്കാത്ത നോനി കായ കറിവച്ച് കഴിക്കാം. പച്ച കായകൾക്ക് കയ്പ് രസമാണ്. പഴുത്ത നോനി പഴം, വിത്തുസഹിതം ഉപ്പ് ചേർത്ത് കഴിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home