ഏലക്കാവില താഴേയ്ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2025, 03:33 AM | 1 min read

കട്ടപ്പന: ഉൽപാദനക്കുറവിനിടയിലും ഏലക്കാവില കുത്തനെ ഇടിഞ്ഞു. ഒരുമാസത്തിനിടെ 700 രൂപയിലേറെ കുറഞ്ഞ് ശരാശരി 2400- 2500 ലെത്തി. അതേസമയം സ്‌പൈസസ് ബോർഡിന്റെ ഇ ലേലത്തിൽ ഏലക്കാ റീപൂളിങ് നടത്തി വില കുത്തനെ ഇടിക്കുന്നതായാണ് ആക്ഷേപം. 
 കർഷകരുടെ ഉൽപ്പന്നം വിലക്കുറച്ച് വാങ്ങിയെടുക്കാനുള്ള ഗൂഢനീക്കമാണിതെന്നും ആരോപണമുണ്ട്. വ്യാഴാഴ്ച നടന്ന ക്ലൈമറ്റ് നാച്ചുറൽ സ്‌പൈസസ് ഏജൻസിയുടെ ലേലത്തിൽ 2558.13 രൂപയാണ് ശരാശരി വില. 64 ലോട്ടുകളിലായി എത്തിയ 12,160 കിലോ ഏലക്കയിൽ 11,860 കിലോയും വിറ്റുപോയി. 2858 രൂപയാണ് ഉയർന്നവില. കൊച്ചി എസ്‌ഐജിസിസിയുടെ ലേലത്തിൽ 2598.49 രൂപ ശരാശരി വിലയും 2893 രൂപ ഉയർന്ന വിലയുമാണ്. 129 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 29,767 കിലോയിൽ 28,399 കിലോയും വിറ്റുപോയി. മൂന്നുമാസത്തിലേറെ 3000 നും 2900നുമിടയിൽ വില തുടരുന്നതിനിടെ പെട്ടെന്നുണ്ടായ ഇടിവ് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യയിൽനിന്ന് കൂടുതൽ കയറ്റുമതിയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ആഘോഷത്തോടനുബന്ധിച്ച് ഏലക്കയുടെ ആവശ്യം വർധിക്കുമ്പോൾ വില വീണ്ടും ഉയരുമെന്നായിരുന്നു പ്രതീക്ഷ. ഉൽപാദനക്കുറവിനിടെ ഉണ്ടായ വിലയിടിവ് കാർഷിക മേഖലയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. കഴിഞ്ഞവർഷത്തെ വരൾച്ചയിൽ ജില്ലയിലെ 60 ശതമാനത്തോളം ഏലംകൃഷിയാണ് നശിച്ചത്. 100 കോടിയിലേറെയാണ് നഷ്ടം. 16,220 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികൾ കരിഞ്ഞുണങ്ങി നശിച്ചിരുന്നു. കൂടാതെ, ഇത്തവണ തുടർച്ചയായി വേനൽമഴ ലഭിച്ചെങ്കിൽ കഴിഞ്ഞവർഷത്തേക്കാൾ കൃഷിനാശമുണ്ടാകുമെന്ന് കർഷകർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home