വാട്ടമില്ലെങ്കിൽ നേട്ടം

brinjal
avatar
വീണാറാണി ആർ

Published on Feb 23, 2025, 03:28 AM | 1 min read


രണ്ടു വർഷംവരെ വിളവു തരുന്ന പച്ചക്കറിയാണ് വഴുതന. കാർബോഹൈഡ്രേറ്റും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ധാരാളം. അടുക്കള കൃഷിയായും പുരപ്പുറ കൃഷിയായുമൊക്കെ വിളയിക്കാം. കേരളത്തിലെ കാലാവസ്ഥ മികച്ച വിളവിന്‌ അനുയോജ്യം. വിത്തുപാകി തൈകൾ പറിച്ചുനട്ടാണ് വഴുതന കൃഷി ചെയ്യുന്നത്. 10 സെന്റ്‌ സ്ഥലത്ത് വഴുതന കൃഷിചെയ്യാൻ 15 ഗ്രാം വിത്ത് മതിയാകും. മണ്ണും മണലും ചാണകപൊടിയും സമം ചേർത്ത് പാകി മുളപ്പിച്ചെടുക്കാം.


വൈകുന്നേരമാണ് തൈകൾ പറിച്ചുനടാൻ പറ്റിയ സമയം. മഴക്കാലത്ത് വാരങ്ങളിലും വേനൽക്കാലത്ത് ചാലുകളിലും തൈകൾ നടാം. തൈകൾ തമ്മിൽ രണ്ടടി അകലം നൽകണം. അടിവളമായി കാലി വളമോ കമ്പോസ്റ്റോ 10 സെന്റിന് ഒരു ടൺ എന്ന തോതിൽ ചേർക്കാം. ചാണകവും മറ്റ്‌ ജൈവവളവും നല്ലത്‌. മണ്ണ് കൂന കൂട്ടുന്നതിനും പുതയിടുന്നതിനും നനച്ചുകൊടുക്കുന്നതിനും കൂടി ശ്രദ്ധിച്ചാൽ നട്ട് 2 മാസത്തിനകം വഴുതന വിളവെടുക്കാം.


വഴുതന കൃഷിയിലെ പ്രധാന പ്രശ്നമാണ് വാട്ടരോഗം. ഇതിനെ ചെറുക്കാൻ കഴിവുള്ള ഇനങ്ങളാണ്‌ സൂര്യയും ഹരിതയും നീലിമയും. തണ്ടും കായും തുരന്നു നശിപ്പിക്കുന്ന പുഴുക്കളുടെ ഉപദ്രവംമൂലം ഇലകളും ഇളംതണ്ടുകളും വാടുകയും ഉണങ്ങി നശിക്കുകയും ചെയ്യും. തണ്ടുതുരപ്പൻ പുഴുക്കളെ പ്രതിരോധിക്കാൻ വേപ്പിൻകുരുസത്ത് തളിച്ചുകൊടുക്കാം. മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗമാണ് കായചീയൽ. രോഗം ബാധിച്ച കായ്കൾ പറിച്ചെടുത്ത് നശിപ്പിച്ചെടുത്തശേഷം മാങ്കോസെബ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കണം. വിളവെടുത്തശേഷം നന്നായി കൊമ്പു കോതി വളം ചെയ്യണം.



deshabhimani section

Related News

View More
0 comments
Sort by

Home