ഇന്ത്യാവിരുദ്ധത കത്തിച്ച് പ്രക്ഷോഭകർ, ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ധാക്ക: ബംഗ്ലാദേശിൽ ജൂലൈ പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാവായിരുന്ന ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ 30 വയസ്സുള്ള ദിപു ചന്ദ്ര ദാസ് എന്ന യുവാവ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ആൾക്കൂട്ട ആക്രമണത്തിലാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന യുവാവിന്റെ മരണം എന്നാണ് റിപ്പോർടുകൾ.
ഇതോടെ കഴിഞ്ഞ ദിവസം രാജ്യത്ത് ഉയർന്നു വന്ന സംഘർഷങ്ങളിൽ വർഗ്ഗീയ ശക്തികളുടെ ഇടപെടലും കടന്നു കയറ്റവും റിപ്പോർട് ചെയ്യപ്പെട്ടു. ഇസ്ലാം മതത്തെ അപമാനിച്ചുവെന്ന് ആരോപിച്ചുള്ള പ്രചാരണത്തിന് പിന്നാലെയാണ് മൈമെൻസിങ് ജില്ലയിലെ ഭാലുക ഉപസിലയിൽ യുവാവ് കൊല്ലപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ കൊലപാതകത്തെ ശക്തമായി അപലപിച്ചു. പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞു.
"ഈ നിർണായക സമയത്ത്, അക്രമം, പ്രകോപനം, വിദ്വേഷം എന്നിവ നിരസിച്ചും ചെറുത്ത് നിൽപ് ഉയർത്തിയും ഹാദിയെ ബഹുമാനിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു," എന്ന് സർക്കാർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
വസ്ത്ര ഫാക്ടറി തൊഴിലാളിയായിരുന്നു ദിപു ചന്ദ്ര ദാസ്. അദ്ദേഹം ജോലി ചെയ്തിരുന്ന സ്‌ക്വയർ മാസ്റ്റർബാരി പ്രദേശത്തെ പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലും ആക്രമണ വാർത്തകൾ അതിവേഗം പടർന്നു. ഇത് സംഘർഷാവസ്ഥ രൂക്ഷമാക്കുന്നതിന് കാരണമായി. ധാക്ക-മൈമെൻസിങ് ഹൈവേയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ഡെയ്‌ലി സ്റ്റാർ, പ്രോതോം അലോ തുടങ്ങിയ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ ഇന്ത്യ വിരുദ്ധ അക്രമികൾ ലക്ഷ്യം വെച്ചു. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയും നിരവധി സാംസ്കാരിക കേന്ദ്രങ്ങളും പ്രതിഷേധക്കാർ ലക്ഷ്യമാക്കി. ഹാദിയുടെ ഘാതകർ ഇന്ത്യയിലേക്ക് പലായനം ചെയ്തുവെന്നും ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള ബന്ധം ആരോപിച്ചാണ് മാധ്യമങ്ങളുടെ നേർക്ക് ആക്രമണം അഴിച്ചു വിട്ടത് എന്നാണ് റിപ്പോർടുകൾ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയ്ക്ക് കീഴ്പ്പെട്ടിരുന്നതായി പ്രചരിപ്പിച്ച് ആക്രമണങ്ങൾക്ക് തീ പകർന്നു.
ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകനായിരുന്നു ഹാദി.
കഴിഞ്ഞ വർഷം ഹസീനയെ പുറത്താക്കിയതിനുശേഷം രൂപീകരിച്ച ഇങ്ക്വിലാബ് മോഞ്ചോ ഗ്രൂപ്പ് ഹസീനയെയും ഇന്ത്യയെയും അപലപിച്ച് തെരുവ് പ്രതിഷേധങ്ങളും പ്രചാരണങ്ങളും തുടരുകയാണ്.
ബംഗ്ലാദേശിൽ ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇതിനിടയിലാണ് തീവ്ര വിദ്യാർത്ഥി സംഘടനയായ ഇങ്ക്വിലാബ് മഞ്ചയുടെ വക്താവും 2024 ജൂലൈയിലെ പ്രക്ഷോഭത്തിലെ പ്രധാന വ്യക്തിയുമായ ഷെരീഫ് ഉസ്മാൻ ഹാദിക്ക് ഡിസംബർ 12 ന് അജ്ഞാതരുടെ വെടിയേൽക്കുന്നത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു.










0 comments