അയത്തുള്ള അലി ഖമേനിയുടെ അന്ത്യസംസ്കാരം: മൂന്ന് ദിവസം നീളുന്ന ചടങ്ങുകൾക്ക് ഇറാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

അയത്തുള്ള അലി ഖമേനി Image Credit : AFP/Handout
തെഹ്റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ അന്ത്യസംസ്കാര ചടങ്ങുകൾ മൂന്ന് ദിവസങ്ങളിലായി നടക്കുമെന്ന് റിപ്പോർട്ടുകൾ. തെഹ്റാൻ, ഖോം, മഷാദ് എന്നീ മൂന്ന് നഗരങ്ങളിലായാണ് വിടവാങ്ങൽ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവനരുന്ന സൂചനകൾ.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധസാഹചര്യങ്ങളെ തുടർന്നാണ് ചടങ്ങുകൾ നീണ്ടുപോയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം തലസ്ഥാനമായ തെഹ്റാനിൽ മാത്രം 1.5 കോടി മുതൽ 2 കോടി വരെ ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി തെഹ്റാൻ ഡെപ്യൂട്ടി മേയർ അറിയിച്ചു.
തെഹ്റാൻ, ഖോം, മഷാദ് എന്നീ നഗരങ്ങളിൽ പൊതുദർശനവും പ്രാർത്ഥനകളും നടക്കും. തലസ്ഥാനമായ ടെഹ്റാനിലെ വിലാപയാത്ര കുറഞ്ഞത് 24 മണിക്കൂർ നീണ്ടുനിൽക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖമേനിയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ഇതിനെത്തുടർന്ന് മേഖലയിൽ വൻ യുദ്ധപ്രതിസന്ധി ഉടലെടുത്തിരുന്നു. പിന്നീട് ഏപ്രിൽ ആദ്യവാരം പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് താല്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതിനുശേഷമാണ് ഇപ്പോൾ ഔദ്യോഗിക അന്ത്യസംസ്കാര ചടങ്ങുകളിലേക്ക് രാജ്യം കടക്കുന്നത്.










0 comments