പാർലമെന്റിൽ നെതന്യാഹുവിന്റെ വിദ്വേഷ പ്രസംഗം; പാർടികൾ തമ്മിൽ നിശ്ചയിച്ച ചര്‍ച്ചയിൽ നിന്ന് പിൻമാറി ഐസൻകോട്ട് പക്ഷം

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രേയൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പാര്‍ടിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി ഗാദി ഐസൻകോട്ടിന്റെ യാഷര്‍ പാർടി. തെരഞ്ഞെടുപ്പിന് ശേഷം ഇതര പാര്‍ടികളുമായി തുടരുന്ന സൗഹൃദ ചര്‍ച്ചയാണ് റദ്ദാക്കിയത്. എല്ലാ പാര്‍ടികളുടമായും ചര്‍ച്ച നടത്തുക എന്ന ഐസൻകോട്ടിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചര്‍ച്ചകൾ നിശ്ചയിച്ചിരുന്നത്.
സ്ഥാനം ഒഴിയാനിരിക്കുന്ന പ്രധാനമന്ത്രി 26-ാമത് നെസെറ്റിന്റെ ആദ്യ ദിവസത്തെ തന്നെ കളങ്കപ്പെടുത്തിയതായി പിന്നീട് ആരോപിച്ചു. സത്യപ്രതിജ്ഞാ ചങ്ങിനെ തന്നെയും അപമാനിച്ചതായും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ലിക്വിഡ് പാര്‍ടിയുമായി യാഷര്‍ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി എന്നാണ് അറിയിപ്പ്.
രാജ്യത്ത് ഭിന്നിപ്പ് വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു നെതന്യാഹുവിന്റെ പതിവ് പ്രസംഗം. രാജ്യത്തെ 20 ശതമാനം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കുന്ന അറബ് പാര്‍ടികളെ ലക്ഷ്യം വെച്ചായിരുന്നു വാക്കുകൾ. ദേശീയ ഐക്യ സർക്കാരിന് ആഹ്വാനം ചെയ്ത നെതന്യാഹു അറബ് പാർട്ടികളിലെ അംഗങ്ങൾ ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്നവരാണെന്ന് വിശേഷിപ്പിച്ചു. അവര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമാണെന്നും പറഞ്ഞു. ഇത് പ്രസംഗ സമയത്ത് തന്നെ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. നഫ്താലി ബെന്നറ്റും നെതന്യാഹുവിന്റെ ഭാര്യയും പ്രഥമ വനിതയുമായ സാറ നെതന്യാഹുവും തമ്മിൽ ഇതു സംബന്ധിച്ച് വാഗ്വാദം ഉണ്ടായി. ഇത് എക്സിലൂടെ തത്സമയം പുറത്തെത്തുകയും ചെയ്തു.
ഐക്യം ഇസ്രായേലിന് പ്രധാനപ്പെട്ട ഒരു മൂല്യമാണെന്നും അത് രാജ്യത്തിനറെ സുരക്ഷയുടെ ഘടകമാണെന്നും യാഷര്‍ പാര്‍ടി ഇതിനോട് പ്രതികരിച്ചു. നെതന്യാഹുവിന് രാജ്യത്തിന്റെ ഐക്യമല്ല സ്വന്തം നിലനിൽപാണ് പ്രധാനം എന്നും വിശേഷിപ്പിച്ചു.
അധികാരമൊഴിയുന്ന പ്രധാനമന്ത്രിയുടെ ഭ്രാന്തവും ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതും ലജ്ജാകരവുമായ പ്രസംഗം ഞാൻ ഇരുന്ന് കേട്ടു. 26-ാമത് നെസെറ്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങെന്ന ഔദ്യോഗിക അവസരത്തെ അദ്ദേഹം ചൂഷണം ചെയ്യുകയാണ് ചെയ്തത്' ഐസൻകോട്ട് പിന്നീട് എക്‌സിൽ കുറിച്ചു.
Related News
സർക്കാർ രൂപീകരണത്തിന് ഇസ്രയേൽ പ്രസിഡന്റ് തിരഞ്ഞെടുത്ത ഐസൻകോട്ട് പക്ഷ സഖ്യത്തിന് 28 ദിവസമാണ് ഭൂരിപക്ഷം തെളിയിക്കാൻ അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ നെതന്യാഹുവിന്റെ വിശ്വസ്തൻ തങ്ങളെ സമീപിച്ചിരുന്നതായി അറബ് പാർട്ടികളിലൊന്നായ റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് വെളിപ്പെടുത്തി. ഹമാസ് നേതാവ് യഹ്യ സിൻവാറിന് നെതന്യാഹുവുമായി ബന്ധമുണ്ടെന്ന ആരോപണവും അബ്ബാസ് നേരത്തെ ഉയർത്തിയിരുന്നു. നെതന്യാഹു ഒരിക്കൽ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും നുണ പരിശോധനയ്ക്ക് താൻ തയ്യാറാണെന്നും വരെ അബ്ബാസ് വെളിപ്പെടുത്തി. ഇവ തീര്‍ത്ത വിവാദങ്ങൾക്ക് ഇടയിലാണ് യാഷർ പാർടിയുടെ ചർച്ചയിൽ നിന്നുള്ള പിൻമാറ്റവും ഉണ്ടായിരിക്കുന്നത്.








0 comments