സായയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്; ഭർതൃപീഡനം സൂചിപ്പിക്കുന്ന സന്ദേശങ്ങൾ

സായാ ഷാജി
പത്തനാപുരം: പത്തനാപുരത്ത് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായാ ഷാജി (26)യുടെ വാട്സാപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ചാറ്റ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് അഫ്സലിനും വീട്ടുകാർക്കും പങ്കുണ്ടെന്നും സായയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംർ 24നാണ് സുഹൃത്തുമായി സായ ചാറ്റ് ചെയ്യുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് സായ വാട്സപ്പിൽ പറയുന്നുണ്ട്. ആരാണ് പ്രശ്നമെന്നും, ഭർത്താവ് അഫ്സലാണോ പ്രശ്നമെന്നും സുഹൃത്ത് ചോദിച്ചു. എല്ലാവരും എന്നായിരുന്നു സായയുടെ മറുപടി. സുഹൃത്ത് വീഡിയോകോളിൽ വിളിച്ചെങ്കിലും സായ ഫോണെടുത്തില്ല. ഒരുതവണ മാത്രം കാണാവുന്ന തരത്തിൽ ഒരു ഫോട്ടോയും സായ അയച്ചിരുന്നു.
ഒക്ടോബർ 31നാണ് സായയെ അഫ്സലിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ഇരവിപുരം പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്ന് സായയുടെ മാതാപിതാക്കൾ പറഞ്ഞു. സായയുടെ ഡയറിയും ലാപ്ടോപ്പും ഭർതൃവീട്ടുകാർ നശിപ്പിച്ചു.
കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും കുടുംബം കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ഭർതൃവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് മൊഴിയെടുത്തത് 11 ദിവസത്തിന് ശേഷമാണ്. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സായയുടെ വാപ്പ ഷാജിയും ഉമ്മ റിഹാനയും ദേശാഭിമാനിയോട് പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷാജി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.








0 comments