ഹോക്കി താരം എം എം സോമയ്യയുടെ മോഷ്‌ടിക്കപ്പെട്ട അന്താരാഷ്‌ട്ര മെഡലുകൾ തിരിച്ചുകിട്ടി

ബംഗളൂരു: മുൻ ഹോക്കി താരം എം എം സോമയ്യയുടെ മോഷണം പോയ ഒളിമ്പിക്‌സ് സ്വർണമടക്കമുള്ള മെഡലുകൾ തിരിച്ചുകിട്ടി. ന്യൂ തിപ്പസാന്ദ്രയിലെ വീട്ടിൽ നിന്ന് ഒക്‌ടോബർ 28 നാണ് മെഡലുകൾ മോഷണം പോയത്. സോമയ്യയും കുടുംബവും കുടഗിൽ പോയ അവസരത്തിലായിരുന്നു മോഷണം. സംഭവത്തിൽ രണ്ടു പേർ ഇന്ദിരാനഗർ പൊലീസിന്റെ പിടിയിലായി.
1980 ലെ മോസ്‌കോ ഒളിമ്പിക്‌സിൽ ലഭിച്ച സ്വർണ മെഡൽ, 1982 ഏഷ്യൻ ഗെയിംസിലെ വെള്ളി, 1986 ഏഷ്യൻ ഗെയിംസിലെ വെങ്കലം 1982 ചാമ്പ്യൻസ് ട്രോഫിയിലെ വെങ്കലം അടക്കമുള്ള മെഡലുകൾ തിരിച്ചുകിട്ടി.
നവംബർ ഒമ്പതിന് രാമനഗരയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ സോമയ്യയുടെ വീട്ടിലെ മോഷണം ഏറ്റുപറഞ്ഞു. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണ്. മെഡലുകളും മോഷ്‌ടിച്ച മറ്റു സാധനങ്ങളും പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്.








0 comments