Deshabhimani

ഞാൻ മത്സരിച്ചിരുന്നെങ്കിൽ തോൽക്കില്ലായിരുന്നു; പരാജയം പാ‍ർടിക്കുമേൽ ചുമത്തി ട്രംപ്

trump shadow
വെബ് ഡെസ്ക്

Published on Nov 04, 2026, 11:12 AM | 3 min read

വാഷിങ്ടൺ: യു എസ് കോൺഗ്രസിൽ ഇരുസഭകളിലും ജനവിധി എതിരാവുകയും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കയും ചെയ്തതോടെ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. സര്‍വേകൾ പ്രവചിച്ചതിലും വലിയ തിരിച്ചടിയാണ് ട്രംപ് പ്രതനിധീകരിക്കുന്ന റിപ്പബ്ലിക്കൻ പാര്‍ടി ഏറ്റുവാങ്ങിയത്.


താൻ സ്ഥാനാര്‍ഥി പട്ടകിയിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാര്‍ടി വൻ ഭൂരിപക്ഷത്തോടെയ ജയിക്കുമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് പ്രതികരണം.


"ഞാൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നു," എന്നാണ് വാക്കുകൾ.


trump


അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് നേരിട്ട് മത്സരിക്കുന്നില്ല. രണ്ടു വര്‍ഷം കൂടുമ്പോൾ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ നിശ്ചിത ശതമാനം സീറ്റുകളിലേക്കും നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പാണിത്. ഇരു സഭയിലും പിന്തുണയ്ക്കുന്നവരുടെ ഭൂരിപക്ഷം ഇല്ലാതായി എന്ന വെല്ലുവിളിയാണ് ട്രംപിന് മുന്നിലുള്ളത്. സര്‍വേകൾ അപായ സൂചന നൽകിയപ്പോൾ ഇനി ഞാൻ മിസ്റ്റര്‍ വീറ്റോ പ്രസിഡന്റാവും എന്നായിരുന്നു പ്രതികരണം. ഭൂരിപക്ഷം നഷ്ടപ്പെട്ടാലും പ്രസി‍ഡന്റിന്റെ വീറ്റോ പവര്‍ ഉപയോഗിച്ച് അധികാരത്തിലെ മേൽക്കൈ തുടരുമെന്ന ഭീഷണിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ തന്നെ ഇസ്രയേലിന് വൻ സഹായധന പ്രഖ്യാപനവും ട്രംപ് നടത്തി.



കാത്തിരിക്കുന്നത് ചെറുതല്ല



ഈ തെരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ രണ്ടാം ഭരണകാലത്തെ വലുതായി ബാധിക്കും. പ്രതിനിധിസഭകളിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുന്നതോടെ ട്രംപിന്റെ തീരുമാനങ്ങളെ പരിശോധിക്കാനും ട്രംപിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം പ്രഖാപിക്കാനും കഴിയും. ഡെമോക്രാറ്റുകൾക്ക് വലിയ അധികാരങ്ങൾ ലഭിക്കും. ബാൾറൂം നിര്‍മാണ വിവാദം ഉൾപ്പെടെ ട്രംപിനെതിരെ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.


ട്രംപ് പ്രാചരണത്തിനിറങ്ങിയ

മിക്കവരും തോറ്റു


അവകാശവാദം അതുവഴി പ്രചരിക്കുന്നെങ്കിലും ഡൊണൾഡ് ട്രംപ് പ്രചാരണത്തിന് ഇറങ്ങിയ മിക്കവരും തോറ്റതായാണ് ഇതുവരെയുള്ള റിപ്പോർടുകൾ പറയുന്നത്. വൻ തുക ചെലവഴിച്ചാണ് ട്രംപ് രംഗത്തിറങ്ങിയത്. അമേരിക്കയിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2024-ൽ ട്രംപിനെ പിന്തുണച്ച സംസ്ഥാനങ്ങളിൽ പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിതെറ്റി. ഇവിടെയെല്ലാം പ്രചാരണം ട്രംപ് മുന്നിൽ നിന്നു നയിച്ചു വിജയം അവകാശപ്പെടുകയും ചെയ്തു.


യു എസ് മാധ്യമങ്ങൾ സര്‍വേ വിവരങ്ങൾ പോലും ട്രംപ് ഭരണ കൂടത്തിന്റെ പ്രതികാരം ഭയന്ന് ഭാഗികമായാണ് പുറത്തു വിട്ടത്. സര്‍ക്കാര്‍ അനുകൂല നിലപാടുകൾ തുടരുകയും ചെയ്തു. ഇത് ഡെമോക്രാറ്റുകൾക്ക് തെരഞ്ഞെടുപ്പ് രംഗത്ത് ‍ദൃശ്യത കുറച്ചു. എങ്കിലും ജനവിധി അവയെ മറികടന്ന് പ്രതിപക്ഷത്തായി.


സെനറ്റും പ്രതസിനിധി സഭയും പോയി


ഡെമോക്രാറ്റിക് പാർട്ടി രാജ്യത്തുടനീളം വലിയ മുന്നേറ്റമാണ് നടത്തിയത്. നോർത്ത് കരോലിന, സൗത്ത് കരോലിന, ടെക്സാസ്, ഒഹിയോ എന്നിവിടങ്ങളിലെ സെനറ്റ് സീറ്റുകൾ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാരിൽ നിന്ന് പിടിച്ചെടുത്തു. ജോർജിയ, ന്യൂ ഹാംഷയർ എന്നിവിടങ്ങളിലെ സീറ്റുകൾ നിലനിർത്താനും അവർക്ക് കഴിഞ്ഞു. 1932നു ശേഷം ആദ്യമായാണ് കൻസസ് സ്റ്റേറ്റിൽനിന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.

സെനറ്റ്


  • ഒഹായോയിൽ മുൻ ഡെമോക്രാറ്റിക് സെനറ്റർ ഷെറോഡ് ബ്രൗൺ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ ഹസ്റ്റഡിനെ പരാജയപ്പെടുത്തി.

    • ടെക്സാസിൽ ജെയിംസ് തലാരിക്കോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ തോൽപ്പിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ ടെക്സാസിൽ നിന്ന് ജയിക്കുന്ന ആദ്യ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാണ് തലാരിക്കോ.

    • സൗത്ത് കരോലിനയിൽ ഡോ. ആനി ആൻഡ്രൂസ്, ദാർലിൻ ഗ്രഹാമിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് സൗത്ത് കരോലിനയിൽ നിന്ന് ഒരു ഡെമോക്രാറ്റ് സെനറ്റിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ സെനറ്റർ കൂടിയാണ് ആനി.

    • നോർത്ത് കരോലിനയിൽ മുൻ ഗവർണർ റോയ് കൂപ്പർ, ട്രംപിന്റെ പ്രിയ സ്ഥാനാർത്ഥിയായ മൈക്കൽ വാറ്റ്‌ലിയെ തോൽപ്പിച്ചു.

      ജനപ്രതിനിധിസഭ

      ജന പ്രതിനിധി സഭയിലും ഇതേ ചിത്രമാണ്. ന്യൂ ജേഴ്‌സിയിലെ ടോം കീൻ ജൂനിയർ, പെൻസിൽവാനിയയിലെ റയാൻ മക്കെൻസി, സ്കോട്ട് പെറി, റോബ് ബ്രെസ്‌നഹാൻ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ ജനപ്രതിനിധികളെ പരാജയപ്പെടുത്തി ഡെമോക്രാറ്റുകൾ ആറ് പ്രമുഖ സീറ്റുകൾ പിടിച്ചെടുത്തു.

      നോർത്ത് കരോലിനയിലും കെന്റക്കിയിലും വിജയം നേടിയതോടെ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചു.

      ഗവർണർ തെരഞ്ഞെടുപ്പുകൾ

    • ഒഹിയോയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്ടൺ, ട്രംപ് പിന്തുണച്ച വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തി 2006-ന് ശേഷമുള്ള ആദ്യ ഡെമോക്രാറ്റിക് ഗവർണറായി.

    • ജോർജിയയിൽ കീഷാ ലാൻസ് ബോട്ടംസ് വിജയിച്ച്, അമേരിക്കൻ ചരിത്രത്തിൽ ഗവർണറാകുന്ന ആദ്യ കറുത്തവർഗ്ഗക്കാരിയായ വനിതയായി മാറി.


സാമ്പത്തിക പ്രതിസന്ധിയും
ഭരണവിരുദ്ധ തരംഗവും

എപി (AP) വോട്ടർ പോൾ പ്രകാരം ജനങ്ങളുടെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്.

  • 75 ശതമാനത്തോളം വോട്ടർമാർ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് വിലയിരുത്തി.

  • 80 ശതമാനം പേരും പണപ്പെരുപ്പം തങ്ങളുടെ കുടുംബങ്ങളെ സാരമായി ബാധിച്ചതായി വ്യക്തമാക്കി.

  • ഉയർന്ന ജീവിതച്ചെലവും അഴിമതിയുമാണ് പ്രധാന വോട്ട് ഘടകമായതെന്ന് പകുതിയോളം വോട്ടർമാർ പറഞ്ഞു.

  • 60 ശതമാനം വോട്ടർമാരും ട്രംപ് രാജ്യത്തിന്റെ താല്പര്യങ്ങളേക്കാൾ സ്വന്തം താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home