ആഭരണങ്ങൾ തിരിച്ചുകിട്ടുമോ?; ലുവ്‌റെ മോഷ്‌ടാക്കളെക്കുറിച്ച് തുമ്പില്ല

france museum robbery investigation PHOTO: AFP
പാരിസ്: ഫ്രഞ്ച് തലസ്ഥാനത്തെ വിഖ്യാതമായ ലുവ്‌റെ മ്യൂസിയത്തിൽ പട്ടാപ്പകൽ കവർച്ച നടത്തിയവരെക്കുറിച്ച് തുമ്പൊന്നും കിട്ടിയില്ല. കവർച്ചക്കാർ വിപുലമായ സംവിധാനങ്ങളുള്ള ക്രിമിനൽ സംഘത്തിന്റെ ഉത്തരവ് ആസൂത്രിതമായി നടപ്പാക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. നാലു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. മോഷ്‌ടാക്കൾ രക്ഷപ്പെട്ട വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് 60 അംഗ സംഘത്തിന്റെ അന്വേഷണം.
ഞായറാഴ്ച പ്രാദേശികസമയം രാവിലെ 9.30നും 9.40നും ഇടയിലാണ് മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെ കവർച്ച നടന്നത്. വാഹനത്തിൽ ഘടിപ്പിച്ച മെക്കാനിക്കൽ ലിഫ്റ്റ് ഉപയോഗിച്ചാണ് സീൻ നദിക്ക് സമീപമുള്ള ബാൽക്കണി വഴി അപ്പോളോ ഗാലറിയിലേക്ക് നാലു മോഷ്‌ടാക്കൾ കടന്നത്. രണ്ടുപേർ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ഗ്ലാസ് പാളി മുറിച്ച് മ്യൂസിയത്തിലേക്ക് പ്രവേശിച്ചു. ഗാർഡുമാരെ ഭീഷണിപ്പെടുത്തി പരിസരം ഒഴിപ്പിച്ചശേഷം ചില്ലുപെട്ടികളിൽനിന്ന് അമൂല്യവസ്തുക്കൾ കവർന്നു. മുഖംമൂടി ധരിച്ച കൊള്ളക്കാർ ശാന്തരായി പ്രവേശിച്ച് ആഭരണങ്ങൾ അടങ്ങിയ പേടകങ്ങൾ തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഞൊടിയിടയിൽ രണ്ട് സ്കൂട്ടറുകളിൽ രക്ഷപ്പെട്ടു.
നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങൾ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ രാജകുടുംബത്തിന്റെ രത്നകിരീടം, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ എട്ടു അമൂല്യവസ്തുക്കൾ നഷ്ടമായെന്ന് സാംസ്കാരിക മന്ത്രാലയം സ്ഥിരീകരിച്ചു. യൂജീനിന്റെ കിരീടം ഉൾപ്പെടെ രണ്ട് വസ്തുക്കൾ മോഷ്‌ടാക്കൾ ഉപേക്ഷിച്ചനിലയിൽ സംഭവസ്ഥലത്തിന് സമീപം കണ്ടെത്തി. കള്ളന്മാർ അമൂല്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കില്ലെന്നും പൊട്ടിച്ചോ ഉരുക്കിയോ വിൽക്കാനാണ് സാധ്യതയെന്നും വിദഗ്‌ദ്ധർ പറയുന്നു.
മോഷണം ഫ്രാൻസിൽ വലിയ രാഷ്ട്രീയ കോളിളക്കത്തിനും വഴിവച്ചു. ഫ്രാൻസിന്റെ ചരിത്രത്തിനെതിരായ ആക്രമണം എന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു. സഹിക്കാൻ കഴിയാത്ത അപമാനമാണിതെന്ന് നാഷണൽ റാലി നേതാവ് ജോർദാൻ ബാർഡെല്ല പറഞ്ഞു. ഫ്രഞ്ച് ആത്മാവിനേറ്റ മുറിണിതെന്ന് ഫ്രണ്ട് നാഷണലിലെ മരീൻ ലെ പെൻ വിശേഷിപ്പിച്ചു.










0 comments